നാഥസമ്പ്രദായം- ജീവാത്മപരമാത്മാക്കളുടെ ഐക്യബോധമാണ് മുദ്ര. ഏതുകൊണ്ടാണോ ദേവസംഘങ്ങള്‍ മോദിക്കുന്നതും അസുരരാശികള്‍ ദ്രവിക്കുന്നതും അതാണ് സാക്ഷാല്‍ ഭദ്രാര്‍ത്ഥദായിനിയായ മുദ്ര. ഈ മാര്‍ഗത്തില്‍ ദീക്ഷിതരല്ലാത്ത സംസാരരാഗികളെയാണ് പാഷണ്ഡികള്‍ എന്നു പറയുന്നത്. അവധൂതയോഗിയാകട്ടെ നിരാകാരപദത്തിലിരുന്നുകൊണ്ട് എല്ലാ ദര്‍ശനങ്ങളുടെയും സ്വസ്വരൂപത്തെ വെളിവാക്കുന്നു.
എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്ന നിജബോധത്താല്‍ ബൃംഹിതനായ ബ്രഹ്മവിദാണ് ബ്രഹ്മചാരി എന്നറിയപ്പെടുന്നത്. പരാകാശമെന്ന ഗൃഹവും പൂര്‍ണത എന്ന ഗൃഹിണിയുമൊത്ത് കഴിയുന്നവനാണ് ഗൃഹസ്ഥന്‍. സ്വപ്രകാശമയമായ വനത്തില്‍ സദാ അന്ത:പ്രസ്ഥിതനായവനാണ് വാനപ്രസ്ഥന്‍. അല്ലാതെ മൃഗത്തെപ്പോലെ വനത്തില്‍ അലയുന്നവനല്ല. പരമാത്മാവും ജീവാത്മാവും തന്നില്‍ത്തന്നെ സ്ഫുരിക്കുന്നു എന്നതില്‍ ന്യസ്തനായവനാണ് സന്യാസി.
മായാകര്‍മ്മകലാജാലത്തെ അനിശം ദണ്ഡിച്ച് പര്‍വതത്തെപ്പോലെ അചലനായി നിലകൊള്ളുന്നവനാണ് ത്രിദണ്ഡി. ഏകവും നാനാവിധാകാരവും അസ്ഥിരവും സദാ ചഞ്ചലവും ആയ ചിത്തത്തെ ദണ്ഡിച്ചവനാണ് ഏകദണ്ഡി. ശുദ്ധനും
ശാന്തനും നിരാകാരനും പരാനന്ദനും സദോദിതനും ആയ ശിവനെ ആരറിയുന്നുവോ അവനാണ് ശുദ്ധബുദ്ധശൈവന്‍. ദീപ്തങ്ങളായ സ്വേന്ദ്രിയങ്ങളെ സന്താപനം ചെയ്യുന്നവനാണ് താപസന്‍. ഗോമയഭസ്മം പൂശിയവനല്ല.
ക്രിയാജാലമാകുന്ന പശുവിനെ ഹനിച്ച് പൂര്‍ണപതിഭാവം കൈവന്നു പശുഭാവത്തില്‍ നിലകൊള്ളുന്നവനാണ് പാശുപതന്‍. സദാ അചലമായ നിജപീഠത്തില്‍ പരാനന്ദമയമായ ലിംഗത്തെ പൂജിക്കുന്നവനാണ് കാലമുഖന്‍. സര്‍വതത്വങ്ങളേയും വിലയിപ്പിച്ച് സര്‍വദാ സ്ഥിരമാക്കി ധരിക്കുന്ന വീരനാണ് ലിംഗധാരി. അന്തകാദികളായ തത്വങ്ങളെ ത്യജിച്ച് നഗ്നനും ദിഗംബരനുമായി നിര്‍വാണപദലീനനായവനാന് നിര്‍വാണപരന്‍. സ്വസ്വരൂപാത്മകമായ ജ്ഞാനത്തെ പാലിക്കുന്നവനായി അനന്യനായി കഴിയുന്നവനാണ് കാപാലികന്‍.
ആധാരാധേയവര്‍ജിതവും മഹാവ്യാപ്തിപരവും ആയ തത്വമാകുന്ന വ്രതത്തെ ധരിക്കുന്നവനാണ് മഹാവ്രതന്‍. സര്‍വാത്മകമായ പിണ്ഡമാണ് കുലം. സര്‍വതോമുഖമാണ് അകുലം. അവയുടെ ഐക്യപദമാണ് ശക്തി. ആ ശക്തിയെ അറിഞ്ഞവനാണ് ശാക്തേയന്‍. കൗളം എന്നാല്‍ സര്‍വകലാഗ്രാസം. അതു ചെയ്യുന്നത് ശക്തി. ആ ശക്തിയെ അറിയുന്നവനെ ശക്തിജ്ഞാനി എന്നു പറയുന്നു. കുലാകുലതത്വത്തെ അറിയുന്നവന്‍ ക്രമേണ സ്വപ്രകാശമഹാശക്തിപദത്തെ പ്രാപിക്കും. മദമാണു മദ്യം. മതിയാണ് മുദ്ര. മായ മീനവും മനസ്സ് പലവുമാണ്. മൂര്‍ച്ഛനമാണു മൈഥുനം. ഇവയെ അത്തരത്തില്‍ കാണുന്നവനാണ് ശാക്തന്‍. ഈ പ്രപഞ്ചത്തെ വ്യക്തമാക്കുന്ന ശക്തിയെ അറിയുന്നവനാണ് ശാക്തന്‍. കര്‍തൃചിത്പ്രസരത്തിനു ശക്തിയാല്‍ വിശ്രാന്തി ഏകി നിരുത്ഥാനം സാധിക്കുന്നവനാണ് ശാക്തന്‍.
ആദ്യവും അവ്യയവും വിശ്രാന്തിദായകവും ആയ വിഷ്ണുവിന്റെ പരംസാരമായ വ്യാപകത്വത്തെ തന്റെ ദേഹത്തില്‍ അറിയുന്നവനാണ് വൈഷ്ണവന്‍. ഭേദം കൊണ്ട് ഭേദാഭേദഭവോജ്ഝിതനായ ആ ഭാസ്വത്സ്വരൂപത്തെ നിജദേഹത്തില്‍ ഭാനം ചെയ്യിക്കുന്നവനാണ് ഭാഗവതന്‍. സര്‍വദേഹസ്ഥവും സര്‍വ-അസര്‍വമയവും വൈഷ്ണവവുമായ ഭേദം പ്രബുദ്ധമായവനാണ് ഭേദവാദി. പഞ്ചേന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനം നിലക്കലാണ് രാത്രി. ആ രാത്രിയെ അറിയുന്നവനാണ് പാഞ്ചരാത്രികന്‍. ഏതൊരു ജീവനാലാണോ ജീവിക്കുന്നതും ക്ഷണനേരം കൊണ്ടു മുക്തി നേടുന്നതും ആ ജീവനെ അറിയുന്നവനാണ് സദാജീവി (ആജീവകന്‍).
പ്രസന്നരായ പരപുരുഷന്മാരില്‍ പ്രീതിയുള്ളവനും ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചവനും ആരോ അയാളാണ് സാത്വികന്‍. സര്‍വാകാരവും നിരാകാരവും നിര്‍നിമിത്തവും നിരഞ്ജനവും സൂക്ഷ്മവും ആയ ഹംസത്തെ അറിയുന്നവന്‍ ആരോ ആ ആളാണ് സൂക്ഷ്മസാത്വികന്‍. ഏകവും അജവും നിത്യവും അനന്തവും അക്ഷയവും ധ്രുവവും ആയ സത്യത്തെ അറിഞ്ഞു പറയുന്ന ധീരനാണ് സത്യവാദി. യോഗികളുടെ സ്വസ്വഭാവത്താല്‍ ജ്ഞാനജ്ഞേയമയാത്മകമായ കളങ്കം ഉള്ളവന്‍ വ്യാപകനായ പുരുഷോത്തമനാണ്. മുക്തിമാര്‍ഗത്തില്‍ വ്യാപകവും സ്വപ്രകാശകവും ആയ ഇച്ഛയുള്ളവനാണ് സാത്വികന്‍.
ചിത്തവൃത്തികളെ ക്ഷപണം ചെയ്യുന്നവനും രാഗദ്വേഷങ്ങളെ വിലുണ്ഠനം ചെയ്യുന്നവനും ആകാശം പോലെ നഗ്നനും
ആയവനാണ് ക്ഷപണകന്‍. ശക്തി എന്നാല്‍ പ്രകാശത്തെ പ്രസരിപ്പിക്കുന്നതും ശിവനെന്നാല്‍ അതിനെ സങ്കോചിപ്പിക്കുന്നതും ആണ്. അവ തമ്മിലുള്ള യോഗത്തെ സാധിക്കുന്നവനാണ് സിദ്ധയോഗിരാജന്‍. വിശ്വാതീതത്തെയും വിശ്വത്തെയും സംയോഗത്താല്‍ ഒന്നാക്കുന്നവനാണ് സിദ്ധയോഗി. തന്റെ ബഹിര്‍ഗാമികളായ എല്ലാ വൃത്തികളേയും ലയിപ്പിക്കുന്നവനാണ് സിദ്ധസിദ്ധാന്തത്തില്‍ മഹാബലവാനായ സിദ്ധയോഗി.
ഉദാസീനനും സദാ ശാന്തനും സ്വസ്ഥനും ഉള്ളില്‍ സ്വപ്രകാശനും മഹാനന്ദമയനും ധീരനും ആരോ അയാളാണ് സിദ്ധയോഗിരാജന്‍. പരിപൂര്‍ണനും പ്രസന്നാത്മാവും സര്‍വാസര്‍വപദോദിതനും
വിശുദ്ധനും ആനന്ദനിര്‍ഭരനും ആരോ അയാളാണ് സിദ്ധയോഗിരാജന്‍. പരിപൂ
ര്‍ണനും പ്രസന്നാത്മാവും സര്‍വാനന്ദകരനും സുധീമാനും സര്‍വാനുഗ്രഹധീയുമായവനാണ് സിദ്ധയോഗിരാജന്‍. പോയതില്‍ ശോകവും വിഭവത്തില്‍ വാഞ്ഛയും പ്രാപ്തിയില്‍ ഹര്‍ഷവും കാണിക്കാത്തവനും ആനന്ദപൂര്‍ണനും നിജബോധലീനനും ആയ യോഗിയെ കാലപഥം ബാധിക്കുന്നില്ല.
ഇപ്രകാരം സര്‍വസിദ്ധാന്തദര്‍ശനങ്ങളുടെയും പ്രത്യേകം പ്രത്യേകം ഭൂതങ്ങളുടെയും, പരബ്രഹ്മത്തില്‍, സമന്വയപ്പിക്കാനുള്ള ശീലത്തെ ഉപദേശിക്കുന്ന അവധൂതനാണ് സദ്ഗുരു. പ്രത്യേകം പ്രത്യേകം പറയപ്പെട്ട പല തരം ഉപദേശങ്ങളിലൂടെ, സിദ്ധാന്തങ്ങളിലൂടെ അതതിന്റെ സാധകര്‍ എത്തിച്ചേരുന്ന വിശ്രാന്തിയാണ് വിശ്രാന്തി. സ്വയം ലീനനായി നിരുത്ഥാനപദത്തില്‍ സ്ഥിതിചെയ്യുന്നവനാണ് അവധൂതരാജന്‍. അത്തരം സദ്ഗരുവിനെ നിത്യവും വന്ദിക്കുകയും പൂജിക്കുകയും ചെയ്യണം. സിദ്ധമതത്തെ അവലംബിക്കുന്ന ധീരന്‍ ദര്‍ശനഭ്രാന്തി ഉണ്ടാക്കുന്ന ഗുരുക്കന്മാരെ വര്‍ജിക്കണം.
തുടര്‍ന്ന് പരപക്ഷത്തെ നിരസിക്കുന്നു. ബഹുതര്‍ക്കകര്‍ക്കശമതിയായ വേദാന്തി മായാഗ്രസ്തനാണ്. ഭാട്ടന്മാരാകട്ടെ കര്‍മ്മഫലാകുലരാണ്. വൈശേഷികര്‍ ദ്വൈതത്താല്‍ ബുദ്ധിനാശം സംഭവിച്ചവരാണ്. ഭേദരതന്മാരും വിവാദവികലന്മാരുമായ മറ്റുള്ളവരാകട്ടെ സത്യത്തില്‍ വഞ്ചിക്കപ്പെട്ടവരാണ്. അതു കൊണ്ട് ധീരന്മാരായവര്‍ സഹജമാര്‍ഗമായ സിദ്ധമതത്തെ ആണ് സദാ ആശ്രയിക്കേണ്ടത്.
സാംഖ്യന്മാര്‍, വൈഷ്ണവര്‍, വൈദികര്‍, വിധിവാദികള്‍, സന്യാസികള്‍, താപസര്‍, സൗരര്‍, വീരപരര്‍, പ്രപഞ്ചനിരതര്‍, ബൗദ്ധര്‍, ജൈനര്‍, ശ്രാവകര്‍ എന്നിവര്‍ കഷ്ടരതന്മാരും വൃഥാപഥഗതന്മാരും സത്ത്വത്തില്‍ നിന്നും വഞ്ചിതരുമാണ്. അതിനാല്‍ ധീരന്മാരായവര്‍ സഹജമാര്‍ഗമായ സിദ്ധമതത്തെ ആണ് സദാ ആശ്രയിക്കേണ്ടത്.
(തുടരും..)
കെ.കെ.വാമനന്‍
No comments:
Post a Comment