ബ്രാഹ്മണോസ്യ മുഖമാസീദ് ബാഹുരാജന്യഃകൃതഃ ഊരൂ തദസ്യ യദ്വൈശ്യഃ പദ്ഭ്യാങ്ങ് ശൂദ്രോളഅജായത. യജുര്‍വേദം 31-ാം അധ്യായം പതിനൊന്നാം മന്ത്രമാണിത്. ബ്രാഹ്മണന്‍ ഈശ്വരന്റെ മുഖത്തു നിന്നും ക്ഷത്രിയന്‍ ബാഹുക്കളില്‍ നിന്നും വൈശ്യന്‍ ഊരുക്കളില്‍ നിന്നും ശൂദ്രന്‍ പാദങ്ങളില്‍ നിന്നും ഉണ്ടായി. മുഖം കയ്യാവുകയോ കയ്യ് മുഖമാവുകയോ ഇല്ല. അവ്വണ്ണം ബ്രാഹ്മണര്‍ ക്ഷത്രിയാദികളാവുകയോ ക്ഷത്രിയാദികള്‍ ബ്രാഹ്മണരാവുകയോ ചെയ്യുകയില്ല. അതിനാല്‍ ഒരു വര്‍ണത്തില്‍ ജനിച്ച ഒരാള്‍ക്ക് മറ്റൊരു വര്‍ണം സ്വീകരിക്കാന്‍ ഒരിക്കലും കഴിയില്ല എന്ന് ഈ മന്ത്രത്തെ ഉദ്ധരിച്ച് ചിലര്‍ വ്യാഖ്യാനിക്കാറുണ്ട്. അത് ശരിയല്ല. ഈ മന്ത്രത്തിന്റെ ശരിയായ അര്‍ഥം പറയാം. ഇവിടെ പുരുഷന്‍ അഥവാ നിരാകാരനും സര്‍വവ്യാപിയുമായ പരമാത്മാവിനെപ്പറ്റിയാണ് പറയുന്നത്. നിരാകാരനായ പരമാത്മാവിന് മുഖവും മറ്റവയവങ്ങളും ഉണ്ടാവാന്‍ തരമില്ല. ഉണ്ടെങ്കില്‍ അവന്‍ സര്‍വവ്യാപിയല്ല. സര്‍വവ്യാപിയല്ലെങ്കില്‍ സര്‍വശക്തന്‍, ജഗത്തിന്റെ സൃഷ്ടിസ്ഥിതി സംഹാരകര്‍ത്താവ്, ജീവാത്മാക്കളുടെ പുണ്യപാപങ്ങള്‍ അറിഞ്ഞ് ഫലവ്യവസ്ഥകള്‍ ചെയ്യുന്നവന്‍, സര്‍വജ്ഞന്‍, ജനനമരണമില്ലാത്തവന്‍ മുതലായ വിശേഷണങ്ങള്‍ക്ക് അര്‍ഹനുമല്ല. അതിനാല്‍ ഈ മന്ത്രത്തിന്റെ അര്‍ത്ഥം ഇപ്രകാരമാണ്- (അസ്യ) സര്‍വവ്യാപിയായിരിക്കുന്ന പരമാത്മാവിന്റെ സൃഷ്ടിയില്‍ (മുഖമ്) മുഖമെന്നപോലെ എല്ലാറ്റിലും മുഖ്യന്‍-ഉത്തമന്‍-ആയിരിക്കുന്നവന്‍ (ബ്രാഹ്മണഃ) ബ്രാഹ്മണനും (ബാഹൂ) "ബാഹുര്‌വൈ ബലം; ബാഹുര്‌വൈ വീര്യം" ബലം വീര്യം എന്നിവയുടെ നാമാന്തരമാണ് ബാഹു എന്നു ശതപഥബ്രാഹ്മണത്തിലുള്ളതിനാല്‍ ബലവീര്യങ്ങള്‍ അധികമുള്ളവന്‍ (രാജന്യഃ) ക്ഷത്രിയനും (ഊരു) അരക്കെട്ടിന്റെ ചുവട്ടിലും മുട്ടിന്റെ മുകളിലുമായിട്ടുള്ള ഊരുവിന്റെ ബലംകൊണ്ട് എല്ലായിടത്തും സഞ്ചരിക്കുന്നവന്‍ (വൈശ്യഃ) വൈശ്യനും (പദ്ഭ്യാം) ശരീരത്തിന്റെ താഴത്തെ അവയവമായ പാദം പോലെ മൂഢത മുതലായ അധമഗുണങ്ങളോടു കൂടിയവന്‍ (ശൂദ്രഃ) ശൂദ്രനും ആകുന്നു. ശതപഥബ്രാഹ്മണം മുതലായ മറ്റു ഗ്രന്ഥങ്ങളിലും ഈ മന്ത്രത്തിന്റെ അര്‍ഥം ഇപ്രകാരം തന്നെയാണ് വ്യാഖ്യാനിച്ചിട്ടുള്ളത്. ബ്രാഹ്മണര്‍ മുഖ്യരായതുകൊണ്ട് മുഖത്തില്‍ നിന്നുണ്ടായി എന്നു പറയുന്നത് സംഗതമാണ്. മുഖം എല്ലാ അവയവങ്ങളിലും ശ്രേഷ്ഠമാണ്. അതുപോലെ പൂര്‍ണമായ വൈദുഷ്യം, ഉത്തമമായ ഗുണകര്‍മസ്വഭാവങ്ങള്‍ എന്നിവ നിമിത്തം മനുഷ്യവര്‍ഗത്തില്‍ ശ്രേഷ്ഠരെ ബ്രാഹ്മണര്‍ എന്നു പറയുന്നു എന്നര്‍ഥം. നിരാകാരനായ ഈശ്വരന് മുഖം മുതലായ അവയവങ്ങള്‍ ഇല്ല. അപ്പോള്‍ അവയില്‍ നിന്നു ജനിക്കുകയെന്നു പറയുന്നത് വന്ധ്യാപുത്രന്റെ വിവാഹമെന്നവണ്ണം അസംഭവ്യമാണ്. ബ്രാഹ്മണാദികള്‍ മുഖം മുതലായ അവയവങ്ങളില്‍ നിന്നാണു ജനിച്ചതെങ്കില്‍ ഉപാദാനകാരണത്തിന്റെ ആകൃതി അവര്‍ക്കു ലഭിക്കേണ്ടതായിരുന്നു. വൃത്താകാരമായ മുഖത്തില്‍ നിന്നുണ്ടായ ബ്രാഹ്മണരുടെ ശരീരവും വൃത്താകാരമായിരിക്കേണ്ടതാണ്. ക്ഷത്രിയരുടെ ശരീരം ബാഹുക്കളെപ്പോലെയും വൈശ്യരുടെ ശരീരം ഊരുക്കളെപ്പോലെയും ശൂദ്രരുടെ ശരീരം പാദങ്ങളെപ്പോലെയും ആയിരിക്കേണ്ടതാണ്. എന്നാല്‍ കാര്യം അങ്ങനെയല്ല. കൂടാതെ "ഈശ്വരമുഖത്തു നിന്നുണ്ടായവര്‍ക്ക് ബ്രാഹ്മണസംജ്ഞ ഉണ്ടായിരുന്നു. എന്നാല്‍ നിങ്ങളും മറ്റുള്ളവരെ പോലെ ഗര്‍ഭാശയത്തില്‍ നിന്നുണ്ടായവരാകയാല്‍ നിങ്ങള്‍ക്ക് ആ സംജ്ഞ ലഭിക്കില്ല. മുഖത്തുനിന്നുണ്ടാകാതെ ബ്രാഹ്മണരാണ് തങ്ങളെന്ന് വൃഥാ അഭിമാനിക്കുന്നവരാണ് എന്ന് നിങ്ങളോട് ആരാനും പറഞ്ഞേക്കാം. നിങ്ങള്‍ പറഞ്ഞ അര്‍ഥമല്ല ഞാന്‍ പറഞ്ഞ മന്ത്രാര്‍ഥമാണ് സത്യം. അന്യത്ര പറയുന്നു.- ശൂദ്രോ ബ്രാഹ്മണതാമേതി ബ്രാഹ്മണശ്ചൈതി ശൂദ്രതാമ്. ക്ഷത്രിയാജ്ജാതമേവം തു വിദ്യാദ്വൈശ്യാത്തഥൈവ ച (മനു. 10.65) ശൂദ്രകുലത്തില്‍ ജനിച്ചവന് ബ്രാഹ്മണന്‍ ക്ഷത്രിയന്‍ വൈശ്യന്‍ എന്നിവരുടെ ഗുണകര്‍മസ്വഭാവങ്ങളുണ്ടെങ്കില്‍ അവന്‍ ബ്രാഹ്മണനോ ക്ഷത്രിയനോ വൈശ്യനോ ആകുന്നു. അതുപോലെ ബ്രാഹ്മണന്റെയോ ക്ഷത്രിയന്റെയോ വൈശ്യന്റെയോ കുലത്തില്‍ പിറന്ന ഒരുവന്റെ ഗുണകര്‍മസ്വഭാവങ്ങള്‍ ശൂദ്രന്റെ ആണെങ്കില്‍ അവര്‍ ശൂദ്രനാകുന്നു. ക്ഷത്രിയന്റെയോ വൈശ്യന്റെയോ കുലത്തില്‍ പിറന്നവര്‍ക്ക് ബ്രാഹ്മണന്റെയോ ശൂദ്രന്റെയോ ഗുണകര്‍മസ്വഭാവങ്ങളുണ്ടെങ്കില്‍ അവര്‍ ബ്രാഹ്മണരോ ശൂദ്രരോ ആകുന്നു. നാലു ജാതികളിലേതില്‍ ജനിച്ചാലും ഗുണകര്‍മങ്ങള്‍ക്കനുസരിച്ച് സ്ത്രീപുരുഷന്മാരുടെ വര്‍ണം നിര്‍ണയിക്കണമെന്നര്‍ഥം. മഹര്‍ഷി ദയാനന്ദസരസ്വതി
No comments:
Post a Comment