Sunday, June 03, 2018

ഇന്ദ്രന്റെ വജ്രായുധമേറ്റ് വീരനായ മഹാബലിപോലും മൃതപ്രായനായിത്തീര്‍ന്നുപോയി. മരിക്കാതെ അവശേഷിച്ച ചില അസുരന്മാര്‍, മുറിവേറ്റു മരിക്കുകയും അവശതയില്‍പെടുകയും ചെയ്ത ദാനവന്മാരുടെ ശരീരമെടുത്ത് വളരെയധികം കഷ്ടപ്പെട്ട് അസ്താചലത്തില്‍ കൊണ്ടുപോയി ശുക്രാചാര്യനെ ഏല്‍പ്പിച്ചു സങ്കടനിവാരണമുണ്ടാക്കാന്‍ അഭ്യര്‍ത്ഥിച്ചു. ആചാര്യന്‍ മഹാബലി തുടങ്ങിയ എല്ലാ അസുരന്മാരേയും പെട്ടെന്നുതന്നെ സഞ്ജീവനിവിദ്യകൊണ്ട് ജീവിപ്പിച്ച് സ്വസ്ഥാനങ്ങളിലേക്ക് അയച്ചു. മഹാബലി മുമ്പുതന്നെ ബ്രാഹ്മണരില്‍ വലിയ ഭക്തനായിരുന്നു. എന്നാല്‍ ശുക്രാചാര്യന്‍ മൃത്യുവക്ത്രത്തില്‍നിന്ന് തന്നെ രക്ഷിച്ചതിനുശേഷം ഗുരുസേവയിലും ബ്രാഹ്മണസേവയിലും അദ്ദേഹം പൂര്‍വ്വാധികം ശ്രദ്ധാലുവായിത്തീര്‍ന്നു. മഹാബലിയുടെ നിഷ്‌കപടമായ ഗുരുഭക്തി നിമിത്തം ശുക്രാചാര്യര്‍ക്ക് അദ്ദേഹത്തിന്റെപേരില്‍ അമിതമായ വാത്സല്യം ഉണ്ടായി. മഹാബലിയെക്കൊണ്ടു ശുക്രാചാര്യന്‍ 'വിശ്വജിത്ത്' എന്നു പറയപ്പെടുന്ന യജ്ഞം നടത്തിച്ച് അഗ്നിദേവനെ പ്രസാദിപ്പിക്കുകകൂടി ചെയ്തു. സന്തുഷ്ടനായിത്തീര്‍ന്ന അഗ്നിദേവന്‍ മഹാബലിചക്രവര്‍ത്തിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ട് കുതിരയെ പൂട്ടിയ ഒരു തേരും ദിവ്യമായ വില്ലും അക്ഷയമായ ആവനാഴിയും അഭേദ്യമായ കവചനവും പ്രദാനം ചെയ്ത് അദ്ദേഹത്തെ അനുഗ്രഹിക്കാന്‍ മടിച്ചില്ല. അനന്തരം ശുക്രാചാര്യന്റെ നിര്‍ദ്ദേശമനുസരിച്ച് മഹാബലി ചക്രവര്‍ത്തി അഗ്നി നല്‍കിയ രഥത്തില്‍ കയറി സ്വര്‍ഗത്തില്‍ ചെന്ന് ഇന്ദ്രാദിദേവന്മാരെ വീണ്ടും നിഷ്പ്രയാസം തോല്‍പ്പിച്ചു ത്രൈലോക്യാധിപതിയായി ദേവലോകത്തുവാണു. പക്ഷേ നൂറ് അശ്വമേധം പൂര്‍ത്തിയാക്കാതെ ദേവേന്ദ്രനാകാന്‍ ആര്‍ക്കും സാദ്ധ്യമല്ല. അതിനാല്‍ മഹാബലിയെ ഇന്ദ്രനാക്കുന്നതിനുവേണ്ടി അദ്ദേഹത്തെക്കൊണ്ട് നൂറ് അശ്വമേധം കൂടി നടത്തിക്കുവാന്‍ ശുക്രാചാര്യന്‍ തീരുമാനിച്ച് അതിനുള്ള കോപ്പുകള്‍ കൂട്ടുവാന്‍ ഏര്‍പ്പാടു ചെയ്തു. അതനുസരിച്ച് ആചാര്യന്റെ ഉപദേശവും അനുഗ്രഹവുംകൊണ്ട് മഹാബലിക്കു അശ്വമേധം തൊണ്ണൂറ്റൊന്‍പതും പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞു 

No comments: