Sunday, June 03, 2018

വേദസാരം .
ങ്ങളുടെ പരിതഃസ്ഥിതികളെ അഭിമുഖീകരിക്കാന്‍ കഴിയാതെ അവയില്‍ നിന്നെല്ലാം ഒളിച്ചോടുക എന്നത് ഇന്ന് നമ്മളില്‍ ഭൂരിഭാഗം ആളുകളുടെയും സഹജഭാവമാണ്. സ്വന്തം കര്‍ത്തവ്യങ്ങളില്‍നിന്നുപോലും ഒന്നു രക്ഷപ്പെട്ടുകിട്ടിയിരുന്നുവെങ്കില്‍ എന്ന് പലരും ആഗ്രഹിക്കുന്നു. ബാലബുദ്ധിയോടെ അതിനായി പലതും ചെയ്തുനോക്കുന്നു. പ്രയത്‌നങ്ങളെല്ലാം കണ്‍മുന്നില്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീഴുന്നതുകണ്ട് സ്വയം ദുഃഖിതനാകുന്നു. പ്രശ്‌നങ്ങളാകട്ടെ, ഒന്നിനു പുറകെ മറ്റൊന്നായി വന്നുകൊണ്ടേ ഇരിക്കുന്നു. വീണ്ടും ഒളിച്ചോട്ടത്തിന് ശ്രമിക്കുന്നു. നോക്കൂ, എത്ര കാലം നമുക്കിങ്ങനെ ഒളിച്ചുനടക്കാന്‍ സാധിക്കും? കൂടിപ്പോയാല്‍ മരണംവരെ. എന്നാല്‍ അതുകൊണ്ട് എല്ലാം തീരുന്നുണ്ടോ? ഇല്ല, വീണ്ടും മറ്റൊരു ശരീരത്തില്‍ മറ്റൊരു പരിതഃസ്ഥിതിയിലേക്ക് ജനിച്ചുവീഴുന്നു. അവിടെയും ഒന്നല്ലെങ്കില്‍ മറ്റൊന്നില്‍ നിന്ന് രക്ഷനേടാന്‍ വീണ്ടും ഈ ഒളിച്ചോട്ടം തുടരുന്നു. അതിന് ഒരവസാനമില്ല, അതുകൊണ്ടുതന്നെ വേദം പറയുന്നു, ജീവിതത്തിന്റെ അര്‍ഥമിരിക്കുന്നത് ഒളിച്ചോട്ടത്തിലല്ല, അഭിമുഖീകരണത്തിലാണ് എന്ന്. പരിതഃസ്ഥിതികളെ വേണ്ടരീതിയില്‍ വിശ്ലേഷണം ചെയ്ത് ധര്‍മ്മം അനുസരിച്ച് പ്രവര്‍ത്തിക്കുന്നതിനാലാണ് എന്ന്. അതിനാദ്യം വേണ്ടത് ഉണര്‍ന്നിരുന്ന് കാര്യങ്ങളെ വീക്ഷിച്ചറിയാനുള്ള മനസ്സാണ്. ഋഗ്വേദത്തിലെ ഒരു മന്ത്രവും അര്‍ഥവും കാണൂ, 

ഓം യോ ജാഗാര തമൃചഃ കാമയന്തേ യോ 
ജാഗാര തമു സാമാനി യന്തി.
യോ ജാഗാര തമയം സോമ ആഹ തവാഹമസ്മി 
സഖ്യേ ന്യോകാഃ. (ഋഗ്വേദം 5.44.14)

(യഃ=) ആരാണോ (ജാഗാരഃ=) ജാഗരൂകനായിരിക്കുന്നത് അഥവാ ഉണര്‍ന്നിരിക്കുന്നത്, (തമ്=) അവനെയാണ് (ഋചഃ=) ഋക്കുകള്‍ (കാമയന്തേ=) ആഗ്രഹിക്കുന്നത്. (യഃ=) ആരാണോ (ജാഗാരഃ=) ഉണര്‍ന്നിരിക്കുന്നത്, (തമ് ഉ=) അവനെത്തന്നെയാണ് (ഋചഃ=) സാമങ്ങള്‍ (യന്തി=) പ്രാപിക്കുന്നതും. (യഃ=) ആരാണോ (ജാഗാരഃ=) ഉണര്‍ന്നിരിക്കുന്നത്, (തമ്=) അവനോട് (അയം സോമഃ=) സര്‍വ്വാനന്ദസ്വരൂപനായ ഭഗവാന്‍ (ആഹ=) ഇപ്രകാരം പറയുന്നു, (അഹം=) ഞാന്‍ (തവ സഖ്യേ=) നിന്റെ മിത്രതയില്‍ (ന്യോകാഃ=) നിവസിക്കുന്നവനാകുന്നു എന്ന്.  
ഋക്കുകളിലുള്ളതത്രയും അറിവുകളാണ്. അറിവൊരിക്കലും അലസനായി ഉറങ്ങുന്നവനെ ആഗ്രഹിക്കുന്നില്ല. കണ്‍തുറന്നു വീക്ഷിക്കുന്നവനെയാണ് ഋക്കുകള്‍ക്കിഷ്ടം. സാമങ്ങളാകുന്ന വിജയാനുഭവങ്ങളും അവനെയാണ് തേടിച്ചെല്ലുന്നത്. അതുകൊണ്ട് തന്റെ ജീവിതത്തില്‍ പരിവര്‍ത്തനം കൊണ്ടുവരണമെന്നാഗ്രഹിക്കുന്നുവെങ്കില്‍ എഴുന്നേല്‍ക്കൂ, കണ്ണുതുറന്നു നോക്കൂ. നിങ്ങള്‍ക്കു മുന്‍പിലുള്ള പ്രതിബന്ധങ്ങള്‍ എന്തെല്ലാമാണ്? ഉന്നതിയിലേക്ക് സഞ്ചരിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തെല്ലാമാണ്? പ്രശ്‌നങ്ങളുടെ അടിവേരിരിക്കുന്നത് പുറത്തല്ല, തന്റെതന്നെ ഉള്ളിലാണെന്ന കാര്യം ആദ്യം മനസ്സിലാക്കൂ. അതുകൊണ്ട് ഉള്ളില്‍ നിന്നു വേണം തുടങ്ങാന്‍. ആധ്യാത്മികമായ ഈ അടിമത്തത്തിനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണ് എന്ന് കണ്ടെത്തൂ. തന്റെ ആന്തരികമായ ശത്രുക്കളെ ഓരോരുത്തരെയും ജാഗരൂകരാകൂ. ജാഗരൂകരാകുന്നതിനനുസരിച്ച് ആ ശത്രുക്കള്‍ ഓടിയൊളിക്കുന്നത് നിങ്ങള്‍ക്കു കാണാം. അടിമത്തം ദൂരെപ്പോയ് മറയുന്നത് കാണാം.
കണ്‍തുറന്നു നോക്കുമ്പോഴാണ് നമുക്ക് മനസ്സിലാവുക. കണ്‍തുറന്നു നോക്കാതിരുന്നതാണ് നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന്. അലസതയോടെ കിടന്നുറങ്ങുന്നവന്‍ ഇടയ്ക്ക് ഒന്നുണര്‍ന്നു പോയാല്‍ സമയം നോക്കി വീണ്ടും കിടന്നുറങ്ങുന്നു. അതുപോലെ ഒളിച്ചോട്ടത്തിനുള്ള വഴി തിരഞ്ഞുകണ്ടെത്താന്‍ മാത്രമാണ് നാം ഇതുവരെ കണ്‍തുറന്നു നോക്കിയിട്ടുള്ളത്. എന്നാല്‍ ഇനി അങ്ങനെയല്ല. സദാ ജാഗരൂകരാകണം. ദ്രഷ്ടാവാകാനാണ് സാംഖ്യദര്‍ശനകാരനായ കപിലമുനി നമ്മോട് ഉപദേശിക്കുന്നത്. സകല ദുഃഖങ്ങള്‍ക്കുമുള്ള പ്രതിവിധി അതാണത്രേ. എപ്പോള്‍ നമ്മുടെ ഉള്ളില്‍ ധര്‍മവിരുദ്ധമായി കാമമോ ക്രോധമോ ഉണ്ടാകുന്നുവോ, അപ്പോള്‍ കണ്‍തുറന്നുനോക്കുക, പുറത്തേക്കല്ല, ഉള്ളിലേക്ക്. എന്റെ ശരീരത്തില്‍ എന്തെന്ത് മാറ്റങ്ങളാണിതുകൊണ്ട് ഉണ്ടാകുന്നത്, എന്റെ പ്രാണന്റെ ഗതിയില്‍ എന്തെല്ലാം മാറ്റങ്ങളാണുണ്ടാകുന്നത്. ഇപ്രകാരം ഉണര്‍ന്നിരിക്കുന്നവന് ക്രോധത്തില്‍ സ്വയം മറക്കാനാവില്ല, കാമത്തില്‍ ആസക്തനാകാനാവില്ല. അവയെല്ലാം ഉറങ്ങുന്നവന്റെ ഭാവങ്ങളാണ്. 
ഉണര്‍ന്നിരിക്കുന്നവന്‍ ധര്‍മത്തെ അറിയുന്നു. ഉണര്‍ന്നിരിക്കുന്നവനേ ധ്യാനവും സാധ്യമാകൂ. അവന്‍  ധ്യാനത്തിലൂടെ പരമാനന്ദസ്വരൂപനായ ഭഗവാനെ പ്രാപിക്കുകയും ചെയ്യും. വേണ്ടസമയത്ത് ധര്‍മം ഉപദേശിക്കാന്‍ ഭഗവാന്‍ ഒരു മിത്രത്തെപ്പോലെ അവനോടൊപ്പമുണ്ടായിരിക്കും. ഉണര്‍ന്നിരിക്കുന്നവനേ ഭഗവാന്റെ ആ ഉപദേശങ്ങള്‍ക്ക് കാതോര്‍ക്കാന്‍ സാധിക്കൂ. ഭഗവാനാല്‍ നയിക്കപ്പെട്ട് ജീവിതത്തിന്റെ പരമമായ ശാന്തിയും ആനന്ദവുമെല്ലാം അവനേ നേടാനാകൂ. അതുകൊണ്ട് സമയം കളയാതെ, ഉറക്കം വിട്ടെഴുന്നേല്‍ക്കൂ, അവന്റെ വാക്കുകള്‍ക്ക് കാതോര്‍ക്കൂ.
janmabhumi

No comments: