Tuesday, June 12, 2018

ക്തന്റെ വാക്കുകളെ സത്യമാക്കല്‍ തന്റെ ചുമതലയായാണ് ഭഗവാന്‍ ശ്രീഹരി കണക്കാക്കുന്നത്. ഭഗവത് ഭക്തന്മാരെന്ന് സനത്കുമാരാദികളെക്കുറിച്ച് വ്യക്തമായി അറിയുന്ന ജയവിജയന്മാര്‍ എന്തിനാണ് അവരെ തടഞ്ഞത്? ദ്വാരപാലകന്മാര്‍ അവരുടെ കര്‍മത്തിന്റെ ഭാഗമായാണ് തങ്ങളെ തടഞ്ഞതെന്നു കരുതി അവരോടു ക്ഷമിക്കാന്‍ സനത്കുമാരാദികള്‍ക്ക് തോന്നാത്തതെന്തേ? എന്തിനാണ് അവരെ ശപിച്ചത്? ആ ശാപത്തിന്റെ ദൈര്‍ഘ്യം കുറച്ച് ജയവിജയന്മാര്‍ നേരത്തെതന്നെ വൈകുണ്ഠത്തില്‍ തിരിച്ചെത്തണമെന്ന് ഭഗവാന്‍ സനത്കുമാരാദികളോട് അപേക്ഷിക്കാന്‍ എന്തേ കാരണം? ഈ ഋഷിമാരുടെ ശാപം തന്റെ താല്‍പര്യപ്രകാരമാണെന്ന് ഭഗവാന്‍ പറഞ്ഞതെന്ത്? ഋഷിമാരുടെ ശാപം അതേപടി ഇല്ലാതാക്കാന്‍ ഭഗവാന് ശക്തിയില്ലാഞ്ഞിട്ടാണോ?
ഈവക ചോദ്യങ്ങളുടെയെല്ലാം ഉത്തരം ഭഗവാന്റെ ഭക്തവാല്‍സല്യം എന്ന മറുപടിയില്‍ ഉള്‍ക്കൊള്ളുന്നു. ഭക്തന്റെ വാക്കുകളെ സത്യമാക്കാനുള്ള ലക്ഷ്യമാണ് ഇതിനെല്ലാം പിന്നില്‍.
ഇനി ഭൂമിയിലേക്ക് ഒന്നു തിരിഞ്ഞുനോക്കാം. കശ്യപമഹര്‍ഷി ബ്രഹ്മാവിന്റെ വാക്കുകളെ അനുസരിച്ച് സൃഷ്ടികര്‍മ്മം ചെയ്യുന്നു. അനേകം ഭാര്യമാരും കശ്യപമഹര്‍ഷിക്കുണ്ട്.
പക്ഷെ കശ്യപപത്‌നിയായി ദിതിക്ക് അസമയത്ത് ഒരു മോഹം. തന്റെ ചേച്ചിയായ അദിതിക്ക് സന്താനങ്ങളുമുണ്ടായി. അവര്‍ക്ക് അഭിവൃദ്ധിയുമുണ്ടായി. എന്നാല്‍ തനിക്ക് ഒരു സന്താനമുണ്ടാകാനായിട്ട് കശ്യപമഹര്‍ഷി ഇതുവരെ അനുഗ്രഹിച്ചിട്ടില്ല. അതിനുള്ള അവസരം കശ്യപമഹര്‍ഷി ഉണ്ടാക്കിയില്ല. എന്റെ കാര്യത്തില്‍ വന്നപ്പോള്‍ ബ്രഹ്മാവിന്റെ നിര്‍ദ്ദേശമെല്ലാം കശ്യപമഹര്‍ഷി മറന്നുവോ? എനിക്കുമില്ലേ ആഗ്രഹങ്ങള്‍.
കശ്യപമഹര്‍ഷി തന്റെ ആശ്രമത്തില്‍ സന്ധ്യാവന്ദനത്തിനുള്ള ഒരുക്കത്തിലായിരുന്നു. ദിതി പുറേകകൂടി. തന്റെ ആവശ്യം ഉന്നയിച്ചു. തനിക്ക് സന്താനം വേണം.
അതിപ്പോള്‍ പെട്ടെന്നെങ്ങിനെയാ. അതിനൊക്കെയൊരു സമയോം കാലോമൊക്കെയില്ലേ എന്നായി കശ്യപമഹര്‍ഷി.
എന്നാല്‍ ദിതി ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ആഗ്രഹം കാമചേഷ്ടകളിലേക്കു കടന്നു. സന്ധ്യാവന്ദനത്തിന്റെ സമയമായതിനാല്‍ ഇപ്പോള്‍ വേണ്ടെന്നു മഹര്‍ഷി പലവട്ടം പറഞ്ഞുനോക്കി. ദിതി സമ്മതിക്കുന്നില്ല.
അസമയത്തുള്ള ചേഷ്ടകള്‍ ശ്രീപരമേശ്വരന്റെ അനിഷ്ടത്തിനിടയാക്കുമെന്ന് മഹര്‍ഷി വ്യക്തമാക്കി. ശ്രീപരമേശ്വരനും ശിവഭൂതങ്ങളും കൂടി ആശ്രമത്തില്‍ വരുന്ന സമയമാണ്. ശിവകോപത്തിനു പാത്രമായേക്കാവുന്ന ഒരു കര്‍മവും ഉണ്ടാകരുതെന്നൊക്കെ മഹര്‍ഷി വ്യക്തമായി പറഞ്ഞുകൊടുത്തു. എന്നിട്ടും ദിതി സമ്മതിക്കുന്നില്ലെന്നു കണ്ടപ്പോള്‍ എല്ലാം ഭഗവാന്റെ ലീല എന്നു ചിന്തിച്ച് ദിതിക്കു വഴങ്ങിക്കൊടുത്തു. അതിനു കാരണമാകുംവിധത്തില്‍ ദിതി കശ്യപമഹര്‍ഷിയുടെ ഉടുവസ്ത്രം പിടിച്ചുവലിച്ചു. ദിതിയുടെ ചേച്ചിയുടെ ഭര്‍ത്താവായ ശ്രീപരമേശ്വരനും ഭൂതഗണങ്ങളും വരുന്ന സമയമെന്നറിഞ്ഞിട്ടും ദിതി ചെയ്ത അപരാധത്തിന് വഴങ്ങിക്കൊടുക്കാനേ ഋഷിക്കു കഴിഞ്ഞുള്ളൂ.
വേദവിധി ലംഘിച്ച് ചെയ്ത അപരാധത്തിന് വേദവിധി പ്രകാരംതന്നെയുള്ള പ്രായശ്ചിത്തവും കശ്യപഋഷി ചെയ്തു. ഉടന്‍ കുളിച്ചുവന്ന് പ്രാണായാമം ചെയ്ത് ബ്രഹ്മജ്യോതിയെ ധ്യാനംചെയ്തു. ജപത്തിനുശേഷം കശ്യപഋഷി ദിതിയോട് വ്യക്തമാക്കി- ത്രിസന്ധ്യക്ക് ചെയ്യരുതാത്ത കര്‍മം മനഃശുദ്ധിയില്ലാതെ, എന്റെ ഉപദേശത്തേയും ധിക്കരിച്ച് ചെയ്യാന്‍ കാരണക്കാരിയായതിനാല്‍ നിനക്കിപ്പോളുണ്ടാകുന്ന ഗര്‍ഭത്തിലെ രണ്ടു സന്താനങ്ങളും ജനദ്രോഹികളായി മാറും. അവര്‍ മഹാത്മാക്കളോടു കോപിക്കും. സ്ത്രീകളെ ബലാല്‍ക്കാരം ചെയ്യും. നിര്‍ദോഷികളെ ഉപദ്രവിക്കും.
''തദാ വിശ്വേശ്വരഃ ക്രുദ്ധോ ഭഗവാംലോകഭാവനഃ
ഹനിഷ്യത്യവതീര്യാസൗ യഥാദ്രീന്‍ ശതപര്‍വധൃക്''-
ഒടുവില്‍ വിശ്വേശ്വരനായ ഭഗവാന്‍ ലോകപരിപാ
ലനത്തിനായി അവതാരമെടുത്തുവന്ന് അവരെ വധിക്കും. വജ്രി അദ്രികളുടെ ചിറകരിഞ്ഞതുപോലെ. എങ്കിലും നീ നിഷിദ്ധകര്‍മത്തിനുശേഷം ശ്രീപരമേശ്വരനെ സ്മരിച്ചതിനാല്‍ ആ ഭവന്റെ അനുഗ്രഹത്താല്‍ നിന്റെ പേരക്കുട്ടികളില്‍ ഒരാള്‍ സല്‍സമ്മതനായി ഭഗവാന്റെ യശസ്സിനെ പാടിനടക്കുന്നവനായി, അന്തക്കരണശുദ്ധി വരുത്തി വംശശുദ്ധിക്ക് കാരണമാകും.
''സ വൈ മഹാഭാഗവതോ മഹാത്മാ
മഹാനുഭാവോ മഹതാം മഹിഷ്ഠഃ
പ്രവൃദ്ധ ഭക്ത്യാഹ്യനുഭാവിതാശയേ
നിവേശ്യ വൈകുണ്ഠമിമം വിഹാസ്യതി''-
അവന്‍ മഹാത്മാവായ മഹാഭാഗവതനായി, മഹാന്മാരോടുള്ള അനുഭാവംകൊണ്ട് മഹത്തുക്കളില്‍ മഹാനായി, അധികഭക്തിയാല്‍ അന്തക്കരണ ശുദ്ധിവന്നവനായി വൈകുണ്ഠത്തില്‍ പോയി വസിക്കും.
ഭഗവാന് ഏറ്റവും ഇഷ്ടനായിത്തീര്‍ന്ന് ലോകം അവനെ ഭഗവന്നാമത്തിനോടു ചേര്‍ന്ന് പ്രകീര്‍ത്തിക്കും. അവന്‍, ആ മഹാത്മാവ് ''അന്തര്‍ബഹിശ്ചാമലമബ്ജനേത്രം'',- ഉള്ളിലും പുറത്തും ആ പങ്കജാക്ഷനെത്തന്നെ ദര്‍ശിക്കുന്നവനായി സര്‍വഭൂതങ്ങളോടും സ്‌നേഹപൂര്‍വം പെരുമാറുന്നവനായി സജ്ജനങ്ങളുടെ ഇഷ്ടനായി ഭവിക്കും.
ഭഗവാന്‍ മഹാവിഷ്ണുവിന് കശ്യപമഹര്‍ഷിയുടെ വാക്കുകളെല്ലാം സത്യമാക്കേണ്ടതുണ്ട്. ദിതിക്ക് രാക്ഷസീയഭാവങ്ങളുള്ള രണ്ട് പുത്രന്മാരേയും നല്‍കണം. സദ്ഗുണസമ്പന്നനായ ഒരു പേരക്കുട്ടിയേയും നല്‍കണം. ഇതുപോലെ ഇവിടെ പുറകേ വരുന്ന ഭക്തന്മാരുടെ വാക്കുകളും സത്യമാക്കിത്തീര്‍ക്കാന്‍ ഭഗവാന്‍ മാര്‍ഗമുണ്ടാക്കണം.
എ.പി. ജയശങ്കര്‍

No comments: