Thursday, June 21, 2018

ശ്രീ ശങ്കര ഭഗവദ്പാദർ രചിച്ച ‘ക്ഷമാപണതോത്രം’ ഉപദേശ ഗ്രന്ഥമല്ലെന്നതിനാൽ വിശേഷ പരിഗണന അർഹിക്കുന്നു. ഒരു ശിവ ഭക്തൻ  ജീവിതത്തിലുടനീളം തനിക്ക് ശിവ ഭജനം സാധിച്ചില്ലെന്ന സങ്കടം ഏറ്റുപറയുന്ന പ്രകാരമാണ് കൃതി വിരചിതമായിരിക്കുന്നത്. ഗർഭസ്ഥ ശിശുവായിരിക്കുമ്പോൾ തുടങ്ങി ശിവ ഭജനത്തിന് തടസ്സങ്ങളേ ഉണ്ടായിട്ടുള്ളൂ. ശിവ ഭജനം ചെയ്യാതെ പോയത് അക്ഷന്തവ്യ അപരാധമല്ലെന്ന മട്ടിൽ പരമേശ്വരനോട് ക്ഷമായാചനം ചെയ്യുകയാണ് ഭക്തൻ. ആചാര്യസ്വാമികൾ അത്തരമൊരു അപരാധം ചെയ്തിട്ടില്ല എന്ന കാര്യം ശ്രീ ശങ്കര ചരിതമറിയുന്നവർക്കറിയാം. ആസ്വാദകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ആചാര്യ കാരുണ്യം ഈ കൃതിയിൽ പ്രകാശിതമായിരിക്കുന്നു. പഠിതാക്കൾക്ക് ആത്മപരിശോധന നടത്തി വ്യർത്ഥമാക്കിക്കളയുന്ന ജീവിതത്തെ നിയന്ത്രിച്ച് സാർത്ഥകവും, സഫലവും ആക്കാൻ പ്രേരണ വളർത്തുന്നതാണ് ക്ഷമാപണസ്തോത്രം.
പ്രസ്തുത സ്തോത്ര കൃതിയിലെ ഒരു ശ്ലോകം പുതുവത്സരം പ്രമാണിച്ച് മനന വിധേയമാക്കാൻ ഏവരേയും ക്ഷണിക്കുന്നു.
ഇത് ഒരു പ്രാർത്ഥനാ ശ്ലോകമാണ്‌.
“ആയുർനശ്യതി പശ്യതാം പ്രതിദിനം യാതി ക്ഷയം യൗവനം
പ്രത്യായാന്തി ഗതാഃ പുനർന ദിവസാഃ കാലോ ജഗദ്ഭക്ഷകഃ |
ലക്ഷ്മീസ്തോയതരങ്ഗഭങ്ഗചപലാ വിദ്യുച്ചലം ജീവിതം
തസ്മാത്ത്വാം (മാം)ശരണാഗതം ശരണദ ത്വം രക്ഷ രക്ഷാധുനാ || “
(ക്ഷമാപണസ്തോത്രം -13)
പ്രതിദിനം ആയുഃ നശ്യതി പശ്യതാം:- ദിവസം പ്രതി ആയുസ്സു കുറയുന്നതു കണ്ടാലും.
# ഭയാനകമായ വസ്തുത. പിറന്നാൾ വാർഷിക ദിനങ്ങളിൽ ഈ ഭയത്തിന്റെ നിഴലിനെ അതിക്രമിക്കാൻ നാം ജന്മദിനങ്ങൾ ആഘോഷിക്കുന്നു. പക്ഷേ  ആയുർദൈർഘ്യം കുറയുകയാണെന്ന വസ്തുതക്ക് അതുകൊണ്ട് മാറ്റമൊന്നും വരുന്നില്ല.
യൗവ്വനം പ്രതിദിനം ക്ഷയം യാതി :-
യൗവ്വനാവസ്ഥക്കും ദിവസം പ്രതി ക്ഷയം ഉണ്ടാവുന്നുണ്ട്.
# ഇത് മറച്ചുവെക്കാൻ എന്തൊക്കെ സൗകര്യങ്ങൾ കണ്ടെത്തിയിട്ടെന്ത് …. അതൊന്നും രക്ഷോപായങ്ങളാവുന്നില്ല.
ഗതാഃ ദിവസാഃ ന പ്രത്യായാന്തി:-
പോയ്പ്പോയ ദിവസങ്ങൾ ഒരിക്കലും തിരിച്ചു വരുന്നില്ല.
# ഇക്കാര്യം അർഹിക്കുന്ന ഗൗരവത്തോടെ നാം പരിഗണിക്കുന്നുണ്ടോ എന്നത് സംശയമാണ്. ദിവസങ്ങളുടെ ആഗമനത്തെ പ്രയോജനപ്പെടുത്താൻ പലപ്പോഴും നാം മനസ്സിരുത്തുന്നില്ല. വന്ന ഇന്നുകൾ ഇന്നലകളായി പോയി മറയുന്നു.
കാലോ ജഗദ്ഭക്ഷകഃ :-
കാലം ജഗത്തിന്റെ ഭക്ഷകനാകുന്നു.
# കാലത്തിന് നൽകിയ ഒരു ഗംഭീര നിർവ്വചനമായി ഈ പ്രയോഗത്തെ ഗണിക്കാം. ‘കാലഃ ക്രീഡതി ഗച്ഛ ത്യായുഃ ‘ (ഭജഗോവിന്ദം – കാലം കളിക്കുന്നു. ആയുസ്സു പോയ്പ്പോകുന്നു ) എന്ന് ശങ്കരാചാര്യർ മറ്റൊരിടത്ത്  ശ്രദ്ധയിൽപ്പെടുത്തുന്നുണ്ട്.
ജഗത്തിനെ നിരന്തരം ആഹരിച്ചുകൊണ്ടിരിക്കുന്ന കാലത്തെ അതിന് അനുവദിക്കാനും,  ആസ്വദിക്കാനും, പ്രയോജനപ്പെടുത്താനും നമുക്ക് വ്യക്തമായ പദ്ധതി വേണം. [If you fail in planning, you are planning to fail- Poojya Gurudev Chinmayanandaji Maharaj]
ലക്ഷ്മീഃ തോയ തരംഗ ഭംഗ ചപലാ:-
ലക്ഷ്മീദേവി നീർപ്പോള പോലെ ചപലയാകുന്നു.
# ഐശ്വര്യ ധനസമൃദ്ധി വിഷയങ്ങളെ ലക്ഷ്മീ ദേവി പ്രതിനിധാനം ചെയ്യുന്നു. അവയിൽ അതിരറ്റ് അഭിമാനിച്ചാൽ  പിന്നീട് ഒരു പക്ഷേഏറെ നിരാശപ്പെടേണ്ടതായി വരും. “ഹരതി നിമേഷാത് കാലഃ സർവ്വം”   (ഭജഗോവിന്ദം -കാലം നിമിഷ നേരം കൊണ്ട് എല്ലാം അപഹരിച്ചേക്കും.) ഇത്
അനുഭവങ്ങൾ നൽകുന്ന പാഠമാകുന്നു.
ജീവിതം വിദ്യുച്ചലം:-
മിന്നൽപ്പിണർ പോലെ ജീവിതം അസ്ഥിരമാകുന്നു.
# ഇതും ലോകാനുഭവങ്ങൾ നിരന്തരം നമ്മെ ഓർമ്മിപ്പിക്കുന്ന കാര്യമാണ്. താത്വിക ദൃഷ്ട്യാ മരണം ഭയക്കേണ്ട വസ്തുതയല്ല. എന്നാൽ ലഭിച്ച ജീവിതത്തിന്റെ മഹത്വമറിയാതെ അത് തുലച്ചു കളയാൻ ഉദ്യമിക്കുന്നത് അന്യായമത്രേ. പകരം നിരന്തരം സർഗ്ഗാ വിഷ്ക്കാരങ്ങൾ കൊണ്ട് ജീവിതത്തെ ശോഭനമാക്കണം. അതിന്റെ നിർവൃതി ഏവർക്കും പ്രയോജനം നൽകും.
ഹേ ശരണദ, തസ്മാത് ശരണാഗതം മാം ത്വം അധുനാ രക്ഷ രക്ഷ:-
ഹേ ശരണം പ്രദാനം ചെയ്യുന്ന പ്രഭോ, അതു കൊണ്ട് അവിടുത്തെ ശരണം പ്രാപിച്ച എന്നെ ഇന്നുതന്നെ രക്ഷിച്ചാലും.
# ഇത് പ്രതിദിന പ്രാർത്ഥനയാക്കാൻ നമുക്കു കഴിയട്ടെ. അവിടുത്തെ അനുഗ്രഹത്തിനു പാത്രീഭൂതരാകാനുള്ള സാധനാ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കിയിട്ടുള്ളത് പ്രയോഗത്തിൽ വരുത്താൻ ആലസ്യമന്യേ സാധിക്കട്ടെ.
* പ്രപഞ്ച കല്യാണത്തിനനുസൃതമായി സ്വധർമ്മനിർവ്വഹണം
*അന്തർയാമി പ്രഭുവിനെ, വരദാനമായി ലഭിച്ച സർഗ്ഗശേഷിയുപയോഗിച്ച് ആവിഷ്ക്കരിക്കൽ (ആവിഷക്കാര ആരാധന)
*പരമേശ്വര മഹത്വം (ഭഗവാന്റെ സർവ്വജ്ഞത്വം, സർവ്വവ്യാപിത്വം, സർവ്വാന്തര്യാമിത്വം, സർവ്വ ശക്തിത്വം, സർവ്വകല്യാണ ഗുണസമ്പന്നത്വം, സർവ്വാതീതത്വം ) ബഹുപ്രകാരം അറിയാനുള്ള സത്സംഗത്തിലേർപ്പെടൽ
*തത്വസാരം ഗ്രഹിച്ചതിനനുസരിച്ച് മനന ധ്യാനത്തിന് ഉത്സാഹിക്കൽ –
 ഇതൊക്കെ പുതു സംവത്സരത്തിൽ തൃപ്തികരമായി നിർവ്വഹിക്കാൻ ഏവർക്കും സാധിക്കട്ടെ
പ്രേമാദരപൂർവ്വം
സ്വാമി അദ്ധ്യാത്മാനന്ദ

No comments: