Saturday, June 16, 2018

സ്ത്രീകളുടെ യജ്ഞപൂജാ സ്വാതന്ത്ര്യം

ഇന്നും നിലനിന്നുപോരുന്ന പല അന്ധവിശ്വാസങ്ങള്‍ക്കും ദുരാചാരങ്ങള്‍ക്കും കാരണം വേദമന്ത്രങ്ങളുടെ ദുര്‍വ്യാഖ്യാനമാണ്. മനുഷ്യനെ കാണാതെ ചാതുര്‍വര്‍ണ്യം അടിച്ചേല്‍പ്പിച്ച്‌ ശൂദ്രരെ നികൃഷ്ടജീവികളാക്കിയതും വിധവകളെ സതിയെന്ന പേരില്‍ ചുടലാഗ്നിയില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിച്ചതും മറ്റും വേദവാണിയ്ക്കെതിരായിരുന്നു. വേദകാലവും ഉപനിഷദ് കാലവും പുരാണകാലവും പിന്നിട്ടപ്പോള്‍ സമൂഹത്തെ ബോധപൂര്‍വം വിഘടിപ്പിച്ച്‌ ഒരു കൂട്ടര്‍ ഉന്നത വര്‍ഗമായി പ്രഖ്യാപിക്കുകയും ധനസൈന്യ പ്രബലതയാല്‍ അടക്കി ഭരിക്കുകയുമാണുണ്ടായത്. തങ്ങളുടെ അഭീഷ്ടത്തിനനുസരിച്ച്‌ അവര്‍ വേദപ്രമാണങ്ങള്‍ക്ക് ഭാഷ്യം ചമച്ചു.
വേദങ്ങളെ വ്യാഖ്യാനിക്കാനും വിമര്‍ശന ഗ്രന്ഥങ്ങള്‍ എഴുതുവാനും ശ്രമിക്കുന്ന എതൊരു വ്യക്തിക്കും ചില യോഗ്യതകള്‍ കൂടിയേ തീരൂ. വേദാംഗങ്ങളിലുള്ള പരിചയം, ശിക്ഷ, കല്പം, വ്യാകരണം, നിരുക്തം, ഛന്ദസ്സ്, ജ്യോതിഷം, ഈശ്വരന്‍, ജീവാത്മാവ്, പ്രകൃതി, കര്‍മകാണ്ഡം എന്നിവയെക്കുറിക്കുന്ന യോഗം, സാംഖ്യം, വൈശേഷികം, ന്യായം, പൂര്‍വോത്തരമീമാംസകള്‍ എന്നീ ദര്‍ശനങ്ങളിലുള്ള ജ്ഞാനം. ആയുര്‍വേദം, ധനുര്‍വേദം, ഗാന്ധര്‍വ അര്‍ഥ വേദങ്ങളെക്കുറിച്ചുള്ള സാമാന്യ ധാരണ. ഇതിഹാസങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവയ്ക്കു പുറമേ ഭാഷ്യകര്‍ത്താവിന് ഉണ്ടായിരിക്കേണ്ട എതാനും വിശേഷ ഗുണങ്ങള്‍കൂടി ഉണ്ട്. ഉചിതജ്ഞത, നിരുക്ത പരിചയം, ധാതു പ്രത്യയ പദനിഷ്പത്തി എന്നിവയാണത്. ഇത് അറിയാത്ത ഭാഷ്യകാരന്മാരുടെ രചനകള്‍ മൂലഗ്രന്ഥത്തിനോട് നീതി പുലര്‍ത്തുകയില്ല.
നിര്‍ഭാഗ്യവശാല്‍ വേദങ്ങളെ പില്‍ക്കാലം വ്യാഖ്യാനിച്ച പ്രമുഖ വ്യക്തികള്‍ പോലും തങ്ങളുടെ സിദ്ധാന്തങ്ങള്‍ വേദങ്ങളുടെ ചുമലില്‍ വച്ചുകെട്ടുകയായിരുന്നു. ആധുനിക കാലത്തെ വിമര്‍ശകരാവട്ടെ വേദങ്ങള്‍ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. യഥാര്‍ഥ വേദസ്വരൂപം അറിയാതെ അവര്‍ സ്ഥാപിത താല്‍പ്പര്യക്കാര്‍ എഴുതിയ വ്യാഖ്യാനങ്ങളായിരുന്നു മനസിലാക്കിയത്. അതിന്റെ പ്രതിഫലനം ഭയാനകമായിരുന്നു. ഒരു സമൂഹത്തെ എങ്ങനെ ഭൂമിയില്‍ നിന്നേ നിഷ്ക്കാസനം ചെയ്യാം എന്നാലോചിച്ച്‌ തലപുകച്ചിരുന്ന കൊളോണിയല്‍ ശക്തികളുടെ കൈകളിലാണ് നമ്മുടെ ചിന്തകരില്‍ ചെന്ന് അഭയം പ്രാപിച്ചത്.
ഫലമോ - വളച്ചൊടിച്ച, ഋഷികള്‍ സ്വപ്നത്തില്‍ ചിന്തിക്കാത്ത ദുരാശയങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പ്രായം പോകെ, യുക്തിവാദം കൈവിട്ടു ദേവഭാവന ഉണര്‍ന്ന മരണാസന്നമായ നിലയിലാണ് പലര്‍ക്കും തെറ്റുബോധ്യമായത്. എന്നിട്ടും തെറ്റുപറ്റി എന്ന് തുറന്നു പറയാനുള്ള ബൗദ്ധിക സത്യസന്ധത പ്രകടിപ്പിച്ചവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂ. വയോധികാവസ്ഥയില്‍ വേദാനുകൂലമായി, മുമ്ബ് തങ്ങള്‍ പറഞ്ഞിരുന്നതിനു വിരുദ്ധമായി പ്രചരണം നടത്തുവാനുള്ള ആരോഗ്യമോ വാഗ് വൈഭവമോ അവരില്‍ അവശേഷിച്ചിരുന്നില്ല.
വേദമന്ത്രങ്ങളുടെ തെറ്റായ വ്യാഖ്യാനം മൂലം കൂടുതല്‍ ദുരിതമനുഭവിക്കേണ്ടി വന്നത് സ്ത്രീജനങ്ങള്‍ക്കായിരുന്നു. ശ്രുതിവിരുദ്ധമായ സ്മൃതികള്‍ സ്ത്രീകള്‍ക്ക് കണ്ണീരു സമ്മാനിച്ചു. ഇന്നും അതിന് സമൂലമായ മാറ്റം സംഭവിച്ചിട്ടില്ല എന്നത് ശ്രദ്ധാര്‍ഹമാണ്. ആര്‍ഷസംസ്കാരത്തിന്റെ വ്യാപനത്തില്‍ സംഭവിച്ച താളപ്പിഴയാണ് സ്ത്രീപീഡനങ്ങളുടെ വാര്‍ത്തകള്‍ വര്‍ധിക്കുവാന്‍ കാരണമെന്ന് ശ്രദ്ധിച്ചാല്‍ വ്യക്തമാകും.
ആര്‍ഷസംസ്കാരം പ്രചരിച്ചെങ്കില്‍ മാത്രമേ സ്ത്രീ ദേവതയായി പൂജിക്കപ്പെടുകയുള്ളൂ. അഗ്നിയേക്കാള്‍ ഉയര്‍ന്ന പരിശുദ്ധിയാണ് ഭാരതീയര്‍ സ്ത്രീക്കു കല്‍പ്പിച്ചത്.ശക്തി എന്ന ഋഷിയുടെ അഗ്നിസ്തുതിയില്‍ ഇക്കാര്യം പ്രസ്താവ്യമാണ്. നിര്‍ദോഷയായ പതിവ്രതാരത്നത്തെ പോലെ പരിശുദ്ധമാണ് അഗ്നി എന്ന് ഋഷി സ്തുതിക്കുന്നു. പ്രത്യേകം ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, സ്ത്രീ അഗ്നിയെ പോലെ പരിശുദ്ധയാണ് എന്നല്ലാ ആ ഭാരതപുത്രന്‍ പറയുന്നത്. മറിച്ച്‌, സ്ത്രീയെ പോലെ അഗ്നി പരിശുദ്ധമാണ് എന്നാണ്. സ്തുതിയിലെ ആശയഗരിമ പ്രശംസിനീയം തന്നെ. സ്വര്‍ഗത്തെക്കാള്‍ ഉയര്‍ന്ന സ്ഥാനം സ്ത്രീക്കു നല്‍കിയ സംസ്കൃതിയുടെ ചിരന്തന പ്രഖ്യാപനമാണത്. ജനനീ ജന്മഭൂമിശ്ച സ്വര്‍ഗാദപി ഗരീയസി.
dailyhunt

No comments: