” വന്ദേ ശംഭുമുമാപതിo സുരഗുരും, വന്ദേ ജഗത് കാരണം
വന്ദേ പന്നഗ ഭൂഷണം മൃഗധരം, വന്ദേ പശു നാം പതിം
വന്ദേ സൂര്യ ശശാങ്ക വഹ്നി നയനം, വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്ത ജനാശ്രയം ചവരദം, വന്ദേ ശിവം ശങ്കരം”
വന്ദേ പന്നഗ ഭൂഷണം മൃഗധരം, വന്ദേ പശു നാം പതിം
വന്ദേ സൂര്യ ശശാങ്ക വഹ്നി നയനം, വന്ദേ മുകുന്ദ പ്രിയം
വന്ദേ ഭക്ത ജനാശ്രയം ചവരദം, വന്ദേ ശിവം ശങ്കരം”
പതിനെട്ട് പുരാണങ്ങളിൽ ശ്രേഷ്ഠവും നാലാം സ്ഥാനം അലങ്കരിക്കുന്നതുമായ ദിവ്യ ഗ്രന്ഥമാണ് മഹാശിവപുരാണം. സമകാലീന സാമുഹ്യ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം നിർദ്ദേശിച്ച് ധർമ്മ- അർത്ഥ- കാമ മോക്ഷമാകുന്ന പുരുഷാർത്ഥങ്ങൾ സാധിതമാക്കി, മനുഷ്യ മനസുകളിൽ ഈശ്വര ഭക്തിയും, വിശ്വ പ്രേമവും, ആത്മബോധവും വളർത്തി, ആദ്ധ്യാത്മിക പുരോഗതിക്ക് വഴി ഒരുക്കുന്ന അറിവിന്റെ സാഗരമാണ് ശിവപുരാണം. വായുദേവനാൽ പ്രചാരം സിദ്ധിച്ചതിനാൽ ഈ മഹാഗ്രന്ഥം വായുപുരാണം എന്ന പേരിലും അറിയപ്പെടുന്നു.
മഹത്തായ ഈ പുരാണം സംക്ഷേപിച്ചത് വ്യാസമഹർഷിയാണ്. വിദ്വേശ്വരം, രുദ്രം, ശതരുദ്രം, കോടിരുദ്രം, ഉമ, കൈലാസം, വായവീയം എന്നിങ്ങനെ ഈ ഗ്രന്ഥത്തെ ഏഴ് സംഹിതകളാക്കി തിരിച്ചിരിക്കുന്നു. ശിവ ഭഗവാൻ ഉപദേശിച്ചതുകൊണ്ടും ശിവ മാഹാത്മ്യത്തെ വർണ്ണിക്കുന്നതു കൊണ്ടും ശിവപുരാണം എന്ന് നാമകരണം ചെയ്തു.
പഞ്ച രൂപസ്വരൂപനാണ് മഹാശിവൻ. ഈശാനം, തത്പുരുഷം, അഘോരം, വാമദേവം, തദ്വോജാതം എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന ഭഗവാന്റെ ത്രിശൂലം സത്വ, രജ, തമോ, ഗുണ സ്വരുപ മാണ്. ഇത് ധരിക്കുന്നതു കൊണ്ട് ശിവൻ ‘ശൂലി ‘ എന്ന പേരിൽ അറിയപ്പെടുന്നു. ശിവൻ സംസാരമാകുന്ന ശ്മശാനത്തിൽ സദാ വസിക്കുന്നു. അദ്ദേഹത്തിന്റെ വിഭൂതി ലേപനം ഐശ്വര ദായകമായതിനാൽ ഭഗവാൻ ഭൂതി “ഭൂഷണനായി”, ധർമ്മ പ്രതികമായ കാളയെ വാഹനമാക്കിയതിനാൽ ശിവൻ ” വൃഷഭവാഹനനായി”. ക്രോധാദി ദോഷങ്ങളുടെ പ്രതികമായ സർപ്പങ്ങളെ ജഗത് പിതാവ് ആഭരണമാക്കി അവയുടെ ക്രോധാദി ദോഷങ്ങളെ അടക്കി “സർപ്പഭൂഷകനായി”.
നാനാതരം കർമ്മ പ്രതീകമാണ് ഭഗവാന്റെ ജടകൾ. ഇവ ധരിക്കയാൽ പരമേശ്വരൻ ‘ ജടാധാരനായി ‘. സത്വ, രജ, തമോ ഗുണങ്ങളുടെ വികാരഭാവമായ സ്ഥൂല, സുക്ഷ്മ കാരണ ശരീരങ്ങളായ ത്രിപുരൻമാരെ ജ്ഞാന നേത്രത്താൽ നശിപ്പിക്കയാൽ ശിവൻ ” ത്രിപുരാന്തകനായി”. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ അഞ്ച് ശക്തികളും ശിവനിൽ സമ്മേളിക്കുന്നതു കൊണ്ടും ജീവന്മാരെ നിയന്ത്രിക്കുന്നതുകൊണ്ടും ശിവൻ ‘ പതി’ എന്നും അറിയപ്പെടുന്നു.
പതിയുടെ ഇച്ഛയാലാണ് ജീവന്മാർക്ക് സുഖത്തിനും ദു:ഖത്തിനും ആശ്രയമായ ഈ ശരീരം ഇന്ദ്രിയങ്ങളോടുകൂടി ലഭ്യമായത്. ഇങ്ങനെ ജ്ഞാനശക്തിക്ക് ആശ്രയമായതിനാൽ ശിവൻ “മഹേശ്വരനായി”. മൂന്ന് ലോകത്തിനും പിതാവാകയാൽ ” ത്രയംബകൻ” എന്നും, സംസാര ഭയത്തിൽ നിന്നും രക്ഷിക്കയാൽ ” പശുപതി ” എന്നും കീർത്തിപ്പെടുന്നു. ലോകത്തിലെ സർവ്വ സൃഷ്ടികളുടേയും ഈശ്വരൻ എന്ന നിലയിൽ ശിവൻ ” ഭൂതേശനായി”.
ശിവപുരാണം മുക്തിയുടേയും ജ്ഞാനത്തിന്റെയും ശാസ്ത്രമാണ്. ലോകശാന്തിയും വിശ്വസാഹോദര്യവും നിലനിർത്തുവാൻ ധർമ്മനിഷ്ഠമായ സമൂഹത്തിനേ സാധ്യമാകൂ. മനുഷ്യ മനസുകളിൽ ഈശ്വരഭക്തിയും, ധർമ്മബോധവും, വിശ്വ പ്രേമവും വളർത്തുകയാണ് ശിവപുരാണ ത്തിന്റെ ലക്ഷ്യം
No comments:
Post a Comment