Wednesday, September 19, 2018

സ്വയം ചെയ്ത പുണ്യത്തിന്റെ സുഖത്തെയോ സ്വയം ചെയ്ത പാപത്തിന്റെ ദുഃഖത്തെയോ തടയുവാന്‍ ആര്‍ക്കും സാധിക്കില്ല. നാം പലപ്പോഴും നമുക്കുണ്ടാകുന്ന സുഖാനുഭവങ്ങളെയെല്ലാം നേട്ടങ്ങളായി കണ്ട് സ്വന്തം കഴിവായി അഹങ്കരിക്കുന്നു. വന്നു ചേരുന്ന രോഗങ്ങളെയും മറ്റു കഷ്ടതകളെയും അസ്വസ്ഥതകളെയും മാത്രം സ്വന്തം കുഴപ്പംകൊണ്ടാണെന്ന് ചിന്തിക്കാറുമില്ല. അത്തരം അജ്ഞതകൊണ്ടാണ് ഒരാള്‍ മറ്റൊരാള്‍ക്കെതിരെ ക്രീയ ചെയ്യാന്‍ തുടങ്ങുന്നത്! ചിലര്‍ വാക്കുകള്‍കൊണ്ടും ചിലര്‍ മനോവിചാരംകൊണ്ടും ചിലര്‍ ആയുധംകൊണ്ടും ചിലര്‍ മന്ത്രംകൊണ്ടും ചിലര്‍ തന്ത്രങ്ങള്‍കൊണ്ടും ക്രീയചെയ്യുന്നു. ഇവിടെ നമ്മുടെ ശത്രു നാം തന്നെയാണ്, മറ്റൊരാളല്ല എന്നതാണ് സത്യം!
കാരണമെന്താണെന്നോ? മറ്റൊരാളെ നാം ശത്രുസ്ഥാനത്തു കണ്ടു കഴിഞ്ഞാല്‍ ‍‍‍‍‍‍‍‍‍‍‍ഉള്ളില്‍ ഉണ്ടാകുന്ന അസ്വസ്ഥതകൊണ്ട് ആദ്യം സ്വന്തം ശരീരത്തിലെ വാതഗതിതന്നെയാണ് വികലമാകുന്നത്. അങ്ങനെ ശരീരവും മനസ്സും താളംതെറ്റി അസ്വസ്ഥമാകുന്നു. അതായത് നാം ഒരാളെ ശത്രുസ്ഥാനത്ത് കാണുമ്പോള്‍‍‍ ആദ്യം നശിക്കുന്നത് നാം തന്നെയാണ്. അതിനാല്‍ സ്വന്തം മനസ്സിന്‍റെയും ശരീരത്തിന്‍റെയും അസ്വസ്ഥതകളുടെ കാരണത്തെ പുറം ലോകത്തിലല്ല ഒരാള്‍ തിരയേണ്ടത്. സ്വന്തം ഉള്ളത്തില്‍തന്നെയാണ് തിരഞ്ഞുചെല്ലേണ്ടത്. ‍‍‍‍
ഒരിക്കല്‍ വിവേകാനന്ദസ്വാമികള്‍ ശാരദാദേവിയോട് ചോദിക്കുകയുണ്ടായി- "മഹാത്മായ ഒരു ഗുരു ഉണ്ടായിരുന്നിട്ടും കൂടി എനിക്ക് എങ്ങനെയാണ് മറ്റുള്ളവരില്‍ നിന്ന് ദോഷങ്ങള്‍ നേരിടേണ്ടി വരുന്നത്?‍‍‍‍ ''
ശാരദാദേവി മറുപടി പറഞ്ഞത് ഇങ്ങനെയാണ്- "നിങ്ങളുടെ ഗുരു ഒരിക്കലും ശരീരസുഖത്തിനു വേണ്ടിയല്ലല്ലോ ജീവിക്കുന്നത്! അദ്ദേഹം ഒരിക്കല്‍ പോലും സ്വന്തം ശരീരത്തിലുണ്ടാകുന്ന രോഗങ്ങളെ ഇല്ലാതാക്കുവാന്‍ ആത്മശക്തിയെയോ മന്ത്രസിദ്ധിയെയോ വിനിയോഗിക്കുവാന്‍ ശ്രമിച്ചിരുന്നില്ലല്ലോ! എല്ലാം ശരീരംകൊണ്ട് അനുഭവിച്ചുകഴിയുകയാണല്ലോ ഉണ്ടായത്!"
ശരീരത്തോടുള്ള മമതകൊണ്ട് സ്വന്തം ശരീരത്തിലും, മറ്റുള്ളവരോടുള്ള മമതകൊണ്ട് അവരോടും നാം എപ്പോഴും ബന്ധപ്പെട്ടുനിന്ന് തനിക്കുവേണ്ടിയും അവര്‍ക്കു വേണ്ടിും ഓരോരോ ക്രീയകളില്‍ വ്യാപരിക്കുകയാണ്. എന്നിട്ട് ആ ക്രിയകളില്‍ നിന്നുള്ള സുഖദുഃഖങ്ങളെയനുഭവിച്ചു അഹങ്കരിച്ചും പരാതിപറഞ്ഞും കഴിയുന്നു. ഈ കര്‍മ്മബന്ധം മനസ്സിലാകുമ്പോഴാണ് ഒരാള്‍ സ്വന്തം സുഖദുഃഖങ്ങളുടെ കാരണം മറ്റുള്ളവരില്‍ ആരോപിക്കാതെ ശാന്തചിത്തനായി ജീവിക്കുവാന്‍ തുടങ്ങുന്നത്. അതല്ലാതെ നാം എത്രകാലം പുറത്ത് ഒരു ശത്രുവിനെ കണുന്നുവോ, അയാള്‍ക്കെതിരെ എന്തെങ്കിലും ചെയ്ത് സ്വന്തം പ്രശ്നം പരിഹരിക്കുവാന്‍ എത്രകാലം‍ ശ്രമിക്കുന്നുവോ, അത്രയും കാലം അയാളുമായുള്ള കര്‍മ്മബന്ധത്തെയും നാം തുടരുകയാണ്. ഇതില്‍ നിന്ന് രക്ഷനേടുവാന്‍ ഒരേയൊരു വഴിയേയുള്ളു. എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ച് ശാന്തമായി സ്വധര്‍മ്മം അനുഷ്ഠിച്ച് ജീവിക്കുക. അഹങ്കാരമോ വിദ്വേഷമോ കൂടാതെ എല്ലാം ഈശ്വരേച്ഛ എന്നു കരുതി ശാന്തരായി ജീവിക്കുമ്പോള്‍ മറ്റു ക്രീയകളൊന്നുംകൂടാതെതന്നെ 'ആത്മസുഖത്തിനായി ആചരിക്കുന്ന' കാര്യങ്ങള്‍കൊണ്ടുതന്നെ സമൂഹത്തിനും സുഖം അനുഭവപ്പെടുമല്ലോ! ഓം ‍.
KRISHNAKUMAR

No comments: