Monday, October 22, 2018

കൃഷ്ണ ജനന തത്വം
***പഠനാർഹമായ അറിവ്***
*******************************
കംസന്റെ കാരാഗൃഹത്തില്‍ വസുദേവരുടേയും ദേവകിയുടേയും പുത്രനായി കൃഷ്‌ണന്‍ ജനിച്ചു. വസു എന്നാല്‍ പ്രാണന്‍ അഥവ ശ്വാസം എന്നര്‍ത്ഥം. ദേവകീ എന്നാല്‍ ശരീരം എന്ന്‌ അര്‍ത്ഥം. കംസന്‍ എന്നത്‌ അഹം എന്ന ഭാവത്തെ സൂചിപ്പിക്കുന്നു. ഞാനെന്ന ഭാവത്തെ സൂചിപ്പിക്കുന്നത്‌ അഹം തത്വം. ശരീരമാകുന്ന ദേവകീയുടെ സഹോദര ഭാവമാണ്‌ അഹം തത്വം. അഹം എന്നത്‌ പ്രണനേയും, ശരീരത്തേയും അതിന്റെ തടവിലാക്കുന്നു. പ്രാണനില്‍ നിന്ന്‌ ജനിക്കുന്നത്‌ ആനന്ദമാണ്‌.
ഈ ഒരു ചെറിയ ശരീരത്തില്‍ ഇരുന്നു കൊണ്ട്‌ നിങ്ങള്‍ക്ക്‌ അനന്തമായ ആകാശ തത്വം അനുഭവിക്കുവാന്‍ കഴിയും. കൃഷ്‌ണന്റേയും ശിവന്റേയും നീല നിറം നൈര്‍മ്മല്യത്തിന്റേയും, പ്രകാശത്തിന്റേയും, പ്രസന്നതയുടേയും ഭാവത്തെ സൂചിപ്പിക്കുന്നു. ബാഹ്യ ശരീരത്തെ കുറിച്ച്‌ അല്ല ഇവിടെ പ്രതിപാദിക്കുന്നത്‌. അനന്തതയെ കുറിച്ചാണ്‌ നീല നിറത്തെ സൂചിപ്പിക്കുന്നത്‌. ആനന്ദമാണ്‌ ആത്മാവ്‌. ആത്മാവിന്‌ ജനന മരണങ്ങളില്ല. മനസ്സും ശരീരവും പ്രാണനും കൂടി ചേര്‍ന്നപ്പോള്‍ കൃഷ്‌ണന്‍ ജനിച്ചു.
കൃഷ്‌ണന്‍ ജനിച്ചത്‌ അര്‍ദ്ധ രാത്രി 12 മണിക്കാണ്‌. അപ്പോള്‍ അംഗ രക്ഷകരും, കാവല്‍ക്കാരും ഗാഢ നിദ്രയിലായിരുന്നു. കാവല്‍ക്കാര്‍ പഞ്ചേന്ദ്രീയങ്ങള്‍ ആണ്‌. പഞ്ചേന്ദ്രീയങ്ങള്‍ അടക്കി ഉള്ളിലേക്ക്‌ തിരിഞ്ഞാല്‍ യഥാര്‍ത്ഥ തത്വം മനസ്സിലാക്കാം.
ആനന്ദം ജനിച്ചുവെങ്കിലും അത്‌ ഉള്‍കൊള്ളുവാന്‍ സത്യത്തില്‍ കഴിയുന്നില്ല. അതുകൊണ്ട്‌ യശോദയുടെ അടുക്കല്‍ കൊണ്ടുപോയി. വസുദേവന്‍ ഗോകുലം എന്ന പട്ടണത്തിലേക്ക്‌ കൊണ്ടു പോയി. അര്‍ദ്ധ രാത്രി തന്നെ വസുദേവര്‍ കുഞ്ഞിനെ കൂട്ടി കൊണ്ടു പോയില്ലായെങ്കില്‍ കംസന്‍ എന്ന അഹം അതിനെ കൊല്ലുമായിരുന്നു. ഞാന്‍ എന്ന ഭാവത്തിന്‌ ആനന്ദം എന്ന വസ്‌തുത ഒരു തടസ്സമാണ്‌.
ഇവിടെ ആനന്ദമാകുന്ന കഞ്ഞിനെ പ്രേമമാകുന്ന യമുനാ നദി കടന്ന്‌ കൊണ്ടു പോകുന്നു. യോഗ ധ്യാനാദികള്‍ കൊണ്ട്‌ നമുക്ക്‌ അനന്തത സൃഷ്‌ടിക്കുവാന്‍ കഴിയുന്നു. യോഗം കൊണ്ടു മാത്രം അനന്തത കൈവരിക്കുവാന്‍ കഴിയുകയുമില്ല. ഭക്തിയും, പ്രേമവും കൂടി വേണം ആനന്ദമാകുന്ന കുഞ്ഞിനെ വളര്‍ത്തി കൊണ്ടു വരുവാന്‍. നിഷ്‌കളങ്കമായ പ്രേമത്തിനു മാത്രമേ കുഞ്ഞിനു നിലനിര്‍ത്തുവാന്‍ കഴിയൂ.
വസുദേവര്‍ കുട്ടിയെ ഒരു കുട്ടയിലാക്കി തന്റെ തലയിലേറ്റി കൊണ്ടു പോകുകയായിരുന്നു. കാവല്‍ക്കാര്‍ പരിപൂര്‍ണ്ണമായും ഉറക്കത്തിലായിരുന്നതു മൂലം പ്രാണന്‌ ആനന്ദം പുറത്തെ അന്തരീക്ഷം മഴുവന്‍ വ്യാപിപ്പിക്കുവാന്‍ കഴിഞ്ഞു.
വസുദേവര്‍ക്കാകട്ടെ യമുനാ നദി മുറിച്ചുകടക്കേണ്ടതുണ്ട്‌. യമുനാ നദി പൊതുവെ ശാന്തയാണ്‌. യമുനാ നദി അതിനു ആവശ്യമുള്ളതിനെ മാത്രമേ സ്വീകരിക്കാറുള്ളൂ. എന്നാല്‍ ഗംഗാ നദിക്ക്‌ ഒര സ്വഭാവമുണ്ട്‌. അതില്‍ പെടുന്ന സകലതിനേയും വലിച്ചു കൊണ്ടു പോകുന്നു. ഒരു തരം രൗദ്ര ഭാവമുണ്ട്‌ ഈ നദിക്ക്‌. മഴ പെയ്യുന്നുണ്ടായിരുന്നു. നിറഞ്ഞു കവിഞ്ഞു ഒഴുകുന്ന യമുന നദി. വസുദേവര്‍ വളരെ ധൈര്യത്തോടു കൂടി യമുന നദി മുറിച്ചു കടക്കുവാന്‍ തുടങ്ങി. നദീ ജലം ഉയര്‍ന്നു വന്ന്‌ വസുദേവരുടെ തൊണ്ട വരെ എത്തി. പിന്നേയും നദി ജലം ഉയര്‍ന്ന്‌ മൂക്ക്‌ വരെ എത്തി. വസുദേവര്‍ മുങ്ങാറായി. തത്സമയം കുട്ടയില്‍ കിടന്നിരുന്ന കുട്ടി തന്റെ കുഞ്ഞിക്കാല്‍ പുറത്തേക്കിട്ടു. കുഞ്ഞിക്കാല്‍ ജലത്തില്‍ സ്‌പര്‍ശിച്ച മാത്രയില്‍ വെള്ളം താഴുവാന്‍ തുടങ്ങി. യമുനാ നദിയും ഭഗവാന്റെ കാല്‍ തൊട്ടു വന്ദിക്കുവാന്‍ ആഗ്രഹിച്ചിരുന്നു. നദീ ജലം പിന്‍വാങ്ങി.
ഭഗവാന്‍ നിങ്ങളുടെ ശിരസ്സില്‍ കുടി കൊള്ളുമ്പോള്‍ നിങ്ങള്‍ക്ക്‌ വിഷമം വരുമ്പോള്‍ അവ നിങ്ങളുടെ മൂക്കിന്റെ അറ്റം വരെ മാത്രമേ വരികയുള്ളു. ഒരിക്കലും ദൈവം നിങ്ങളെ മുക്കി കൊല്ലുകയില്ല.
Sathi Niraj ജി

No comments: