Saturday, October 06, 2018

വ്യക്തിയുടെ വശത്തുനിന്നുകാണുന്ന ജൈവമായ ബോധമാണ് ആത്മാവ്. സമൂഹപക്ഷത്തു നിന്നുകാണുന്ന പരമാര്‍ത്ഥമാണ് ബ്രഹ്മം. വൃഷ്ടിയിലും സമഷ്ടിയിലും രണ്ടല്ല; രണ്ടും ഒന്നുതന്നെ. ശിഷ്യന്‍ ഗുരുവിനോട് ചോദിച്ചു. ആത്മാവിന്റെനിറമെന്ത്?ആത്മാവ് എങ്ങനെയിരിക്കും? ഗുരുവിന്റെ മറുപടി: 'യഥാ അയം ഇന്ദ്രഗോപഃ'അതാവട്ടെ ഇന്ദ്രഗോപം- ഇന്ദുഗോപം- പോലെ. ലേശം ചുവപ്പും വെളുപ്പും നിറമുള്ള പുഴുപോലെ. (ഈ പുഴുവിന്റെ പരിണാമമാണ് മിന്നാമിനുങ്ങ്). ഗുരു തുടര്‍ന്നു. 'അയമാത്മാ ബ്രഹ്മഃ' അതായത്, ഈ ആത്മാവ് ബ്രഹ്മമാകുന്നു. ആത്മാവ് സമം ബ്രഹ്മം. ഗുരു വീണ്ടും പറഞ്ഞു: 'സോയമാത്മാ ചതുഷ്പാദ്' ഈ ആത്മാവിന് നാലുപാദങ്ങള്‍, കാലുകളുണ്ട്. നാലംശങ്ങള്‍ അഥവാ നാലു ഭാവങ്ങള്‍. ഗുരു ഒരുപമയുമുപയോഗിച്ചു. പശുവിന്റെ നാലുകാലുപോലല്ല. നമുക്കിങ്ങനെ പറയാം. ഒരു രൂപയുടെ നാലുഭാഗം പോലെ. നാലുപാദങ്ങള്‍ക്കും പേരുകള്‍ നല്‍കി ഗുരു വിശദീകരിച്ചു. വിശ്വന്‍ (വൈശ്വാനരന്‍) ജാഗരിദസ്ഥാനഃ - ജാഗ്രദവസ്ഥ ബഹിഃപ്രജ്ഞ - പുറംലോകം സപ്താംഗ - ഏഴ് അവയവങ്ങള്‍ ഏകോനവിംശതിമുഖഃ - 19 മുഖങ്ങള്‍. പത്തൊമ്പത് മുഖങ്ങളോടെ ഏഴവയവങ്ങളുമായി ജാഗ്രദവസ്ഥയില്‍ ബാഹ്യലോകവുമായി ഇടപെടുന്ന, ആത്മാവിന്റെ പ്രഥമപാദത്തിന് വിശ്വന്‍ എന്നു പേര് (ജ്ഞാനേന്ദ്രിയങ്ങള്‍ 5, കര്‍മ്മേന്ദ്രിയങ്ങള്‍ 5, പ്രാണാദിവായുക്കള്‍ 5, മനസ്സ്, ചിത്തം, ബുദ്ധി, അഹങ്കാരം= 19) സ്ഥൂലവിഷയങ്ങളെ അനുഭവിക്കുന്നവന്‍ (സ്ഥൂലഭൂക്) വിശ്വന്‍. തൈജസന്‍ സ്വപ്നസ്ഥാനഃ - സ്വപ്നസ്ഥിതന്‍ അന്തഃപ്രജ്ഞഃ - ഉള്ളില്‍ പ്രജ്ഞയുള്ളവന്‍ പ്രവിവിക്ത ഭൂക് - സൂക്ഷ്മവിഷയങ്ങളെ അനുഭവിക്കുന്നവന്‍ ഏകോനവിംശതിമുഖഃ- 19 മുഖങ്ങള്‍. പത്തൊമ്പത് മുഖങ്ങളോടെ ഉള്ളില്‍ പ്രജ്ഞയുള്ളവനായി, സ്വപ്നസ്ഥിതനായി സൂക്ഷ്മ വിഷയങ്ങളെ അനുഭവിക്കുന്ന ദ്വിതീയപാദത്തിന് തൈജസന്‍ എന്നു പറയുന്നു. പ്രാജ്ഞന്‍ ഉറങ്ങിയവന്‍ കാമമില്ലാത്തവന്‍ ആനന്ദഭുക്ക് ചേതോമുഖന്‍ ചേതോമുഖനായി, കാമമില്ലാതെ, സുഷുപ്തിയില്‍ ആനന്ദമനുഭവിക്കുന്ന തൃതീയപാദം പ്രാജ്ഞന്‍. തുരീയന്‍ ജ്ഞാനം തനിയെ ഉണ്ടാകുന്നവന്‍ ചതുര്‍പാദമായ തുരീയന്‍. കാല്‍ (1/4)അര (1/2)യിലും അരമുക്കാലിലും (3/4) മുക്കാല്‍ മുഴുവനിലും (ല) ലയിച്ച് ഒന്നാക്കുന്നതുപോലെ വിശ്വന്‍ തൈജസനിലും തൈജസന്‍ പ്രാജ്ഞനിലും പ്രാജ്ഞന്‍ തുരീയനിലും ലയിച്ച് പൂര്‍ണ്ണത നേടുന്നു. ജീവന്റെ ശരീരം മാത്രമാണ് സൃഷ്ടിക്കപ്പെടുന്നത്. ജീവന്‍ പരമാത്മതത്വം തന്നെയാകുന്നു. ഉണ്ടായതൊക്കെ നശിക്കും. നശിക്കുന്നവയൊക്കെ ഉണ്ടായതുമാണ്. ഉണ്ടാവുന്നതിനും നശിക്കുന്നതിനും അടിസ്ഥാനമായ ഉണ്മ ഉണ്ടാവുന്നില്ല, നശിക്കുന്നുമില്ല. നിത്യമാണത്. ഈ ഏകമായ ഉണ്മയില്‍ എല്ലാ ഉണ്ടാകലുകളും നശിക്കലുകളുമടങ്ങിയിരിക്കുന്നു. ' അക്ഷരം ഇതിപരമാത്മാ' എന്ന് ഭഗവദ്ഗീത. ഇന്ദ്രിയ മനോബുദ്ധികള്‍ക്കും പ്രമാണ പ്രമേയ വ്യവഹാരങ്ങള്‍ക്കുമതീതമാണ് ബ്രഹ്മം. ഭാരതത്തിന് ബ്രഹ്മാവര്‍ത്തം എന്ന പേര് പണ്ടുണ്ടായിരുന്നു. ബ്രഹ്മത്തിന്റെ നീര്‍ച്ചുഴി എന്നര്‍ത്ഥം. ഈശ്വരന്‍, ജീവന്‍, പ്രകൃതി, കാലം, കര്‍മ്മം ഈ അഞ്ചെണ്ണമാണ് ഭാരതീയദര്‍ശനത്തിന്റെ മൂലശിലകള്‍. ഈ അഞ്ചില്‍ കര്‍മ്മം മാത്രം നശ്വരം. ബാക്കി നാല് അനശ്വരതകളിലാണ് സനാതനധര്‍മ്മത്തിലെ ആത്മസങ്കല്‍പം.

No comments: