Monday, October 22, 2018

ആത്മാവിനെ അറിഞ്ഞവരായ ആത്മജ്ഞാനികളുടെ അവസ്ഥയെ വിവരിക്കുന്നു

Tuesday 23 October 2018 2:51 am IST
ആത്മാനം ചേദ്വിജാനീയാദയസ്മീതി പുരുഷ: ...........
ഒരു പുരുഷന്‍ ആത്മാവിനെ  'ഞാന്‍ ഇതാകുന്നു ' എന്നറിയുന്നുവെങ്കില്‍ എന്തിനെ ആഗ്രഹിച്ചിട്ടാണ് ആര്‍ക്ക് വേണ്ടിയാണ് ശരീരവുമായി ബന്ധപ്പെട്ട ദുഃഖങ്ങള്‍ അനുഭവിക്കുന്നത്.
ദേഹാത്മബുദ്ധി ഇല്ലാത്തതിനാല്‍ ശരീരത്തിന്റെ സുഖ ദുഃഖങ്ങള്‍ അയാളെ ബാധിക്കില്ല.
ചൂടോ തണുപ്പോ ഒന്നും അയാള്‍ക്ക് ഏശുന്നില്ല. എങ്ങും നിറഞ്ഞ എല്ലാറ്റിന്റെയും ആത്മാവായ ആ പരമാത്മാവ് തന്നെയാണ് താന്‍ എന്ന് സാക്ഷാത്കരിച്ചയാള്‍ക്ക് തന്നില്‍ നിന്ന് അന്യമായി വേറൊന്നില്ല. അതിനാല്‍ മറ്റൊന്നിനെക്കുറിച്ച് ആഗ്രഹവുമില്ല. തന്നില്‍ നിന്ന് വേറെയായി മറ്റൊരാള്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കും വേണ്ടി ചെയ്യേണ്ടതുമില്ല.
ശാരീരിക ക്ലേശങ്ങള്‍ക്ക് സ്ഥാനവുമില്ല.
 യസ്യാനുവിത്തഃ പ്രതിബുദ്ധ ആത്മാളസ്മിന്‍ സന്ദേഹ്യ........
വളരെയധികം അനര്‍ഥങ്ങളോടു കൂടിയതും വിഷമകരവുമായ ശരീരത്തില്‍ പ്രവേശിച്ച ആത്മാവിനെ ആരാണോ സാക്ഷാത്കരിക്കുകയും - അടുത്തറിയുകയും ചെയ്തത് അയാള്‍ എല്ലാം ചെയ്ത്  കൃതകൃത്യനാണ്.എന്തുകൊണ്ടെന്നാല്‍ അയാള്‍ തന്നെയാണ് എല്ലാം ചെയ്യുന്നത്. എല്ലാം അയാളുടെ ആത്മാവാണ്. അയാള്‍ എല്ലാറ്റിന്റെയും ആത്മാവുമാണ്.
 വിവേകവും വിജ്ഞാനവും നേടുന്നതിന് ഒട്ടനവധി തടസ്സങ്ങളുണ്ടെന്നതിനാലാണ് ശരീരത്തെ വിഷമം ആയത് എന്ന അര്‍ഥത്തില്‍ സന്ദേഹ്യം, ഗഹനം എന്നൊക്കെ പറഞ്ഞത്. ശരീരത്തില്‍ കുടികൊളുന്ന ആത്മാവിനെ ബ്രഹ്മം തന്നെയെന്ന് സാക്ഷാത്കരിച്ചയാള്‍ കൃതകൃത്യനും സര്‍വഭൂതാത്മാവുമാകും. അദ്ദേഹത്തിന് മുന്നു ലോകങ്ങളിലും ചെയ്യേണ്ടതായി ഒന്നുമില്ല.
ഇഹൈവ സന്തോളഥ വിദ്മസ്തദ് വയം............
ഈ ദേഹത്തില്‍ ജീവിച്ചിരിക്കുമ്പോള്‍തന്നെ ഞങ്ങള്‍ ഒരുവിധത്തില്‍ ആ ബ്രഹ്മത്തെ  ആത്മാവായി സാക്ഷാത്കരിച്ചു. ഇല്ലെങ്കില്‍ ഞങ്ങള്‍ അറിവില്ലാത്തവരാകുമായിരുന്നു. അത് വലിയ നഷ്ടവുമാകുമായിരുന്നു. ആരാണോ ആ ബ്രഹ്മത്തെ സാക്ഷാത്കരിക്കുന്നത് അവര്‍ മരണമില്ലാത്തവരായിത്തീരുന്നു.ബ്രഹ്മത്തെ അറിയാത്തവര്‍ ദുഃഖത്തില്‍ പെടുന്നു.
 ജനിക്കുകയും മരിക്കുകയും വീണ്ടും ജനിക്കുകയും....ലക്ഷണമാകുന്ന സംസാരത്തെയാണ് ദുഃഖം എന്ന് ഇവിടെ പറഞ്ഞത്. ആത്മസാക്ഷാത്കാരം ലഭിക്കുന്നവര്‍ക്ക് മാത്രമേ സംസാരത്തില്‍ നിന്ന് മുക്തിയുണ്ടാവുകയുള്ളൂ. അതില്ലാത്തവരുടെ കാര്യം കഷ്ടം തന്നെ. അതിനാല്‍ ആത്മജ്ഞാനത്തെ നേടാന്‍ ഏവരും യത്‌നിക്കണം.
 യദൈതമനു പശ്യത്യാത്മാനം 
ദേവമഞ്ജസാ.......
ഭൂതം, വര്‍ത്തമാനം, ഭാവി എന്നിവയുടെല്ലാം നിയന്താവും  പ്രകാശസ്വരൂപനുമായ ഈ ആത്മാവിനെ ആചാര്യ ഉപദേശമനുസരിച്ച് നേരിട്ട് സാക്ഷാത്കരിക്കുന്നയാള്‍   ആത്മാവില്‍ നിന്ന് ഒന്നും മറയ്ക്കുകയോ ഒന്നിനേയും നിന്ദിക്കുകയോ ചെയ്യുന്നില്ല.
കര്‍മഫലത്തെ നല്‍കുന്നവനെന്നും ദേവന്‍ എന്നതിന് അര്‍ഥമുണ്ട്. ആത്മസാക്ഷാത്കാരം നേടിയയാള്‍ എല്ലാറ്റിന്റെയും ആത്മാവായിത്തീരുന്നതിനാല്‍ അതിനെ മറയ്ക്കാന്‍ മറ്റൊന്നില്ല എന്നറിയണം. എല്ലാം ആത്മാവ് തന്നെയായാല്‍ പിന്നെ ആരെയാണ് നിന്ദിക്കുക.
നമ്മുടെ ശരീരത്തിലെ ഏതെങ്കിലും അവയവത്തെ നിന്ദിക്കാന്‍ നമുക്ക് ആകുമോ. അതെല്ലാം നാം തന്നെയാണല്ലോ. അതുപോലെയാണ് ആത്മജ്ഞാനിക്കും, തന്നില്‍ നിന്ന് വേറെ ഒന്നില്ല.
സ്വാമി അഭയാനന്ദ
ചിന്മയ മിഷന്‍, തിരുവനന്തപുരം

No comments: