Wednesday, October 24, 2018

പ്രാണായാമം

Wednesday 24 October 2018 2:50 am IST
കനീയസി ഭവേത് സ്വേദ:
കമ്പോ ഭവതി മധ്യമേ
ഉത്തമേ സ്ഥാനമാപ്‌നോതി
തതോ വായും നിബന്ധയേത് - 2 - 12
ആദ്യഘട്ടത്തില്‍ വിയര്‍പ്പും മധ്യമ ഘട്ടത്തില്‍ വിറയലും ഉത്തമത്തില്‍ സ്ഥാന പ്രാപതിയും ഉണ്ടാകും. അതു കൊണ്ട് വായുവിനെ ബന്ധിക്കണം.
ഇവിടെ കനീയസ്, മധ്യമം, ഉത്തമം ഇങ്ങനെ മൂന്നു ഘട്ടം പറഞ്ഞിരിക്കുന്നു. ആദ്യത്തെ ഘട്ടം വിജയിച്ചു എന്ന് വിയര്‍പ്പുണ്ടാകുമ്പോളറിയാം. കമ്പനമുണ്ടാകുമ്പോള്‍ മധ്യമഘട്ടം എത്തിയെന്നറിയാം. ഉത്തമമാകുമ്പോള്‍ സ്ഥാനം അതായത് ബ്രഹ്മരന്ധ്രത്തില്‍ എത്തി എന്നറിയാം. സ്ഥാനം എന്നാല്‍ ഉറച്ച അവസ്ഥയില്‍ എന്നും വ്യാഖ്യാനിക്കാറുണ്ട്.
'യോഗ ചിന്താമണി' പ്രാണായാമത്തെ പ്രത്യാഹാരം - ധാരണാ - ധ്യാനം -സമാധി എന്നിവയുടെ ആധാരമായി പറയുന്നുണ്ട്. 
' പ്രാണായാമ ഏവ അഭ്യാസക്രമേണ വര്‍ധമാന: പ്രത്യാഹാര ധാരണാ ധ്യാന സമാധി ശബ്ദൈരുച്യതേ'' എന്ന്. സ്‌കന്ദപുരാണത്തില്‍ 12 പ്രാണായാമം ഒരു പ്രത്യാഹാരം; 12 പ്രത്യാഹാരം (12ഃ 12 = 144 പ്രാണായാമം ) ഒരു ധാരണാ; 12 ധാരണ (144ഃ 12 = 1728) ഒരു ധ്യാനം;12 ധ്യാനം (1728 ഃ 12 = 20736 )ഒരു സമാധി എന്നൊരു കണക്കും പറയുന്നു.
ധാരണയ്ക്ക് 5 നാഴിക (2 മണിക്കൂര്‍) പ്രാണായാമം ചെയ്യണം. ധ്യാനത്തിന് 60 നാഴിക (24 മണിക്കൂര്‍) സമാധിക്ക് 12 ദിവസവും. ഇതാണ് മറ്റൊരു കണക്ക്.
ലിംഗപുരാണത്തില്‍ 12 മാത്രയ്ക്ക് ഒരു ഉദ്ഘാതം എന്നു പേരു കൊടുത്തിരിക്കുന്നു. ഇതാണ് പ്രാഥമികം അഥവാ നീചം. രണ്ട് ഉദ്ഘാതം ( 24 മാത്ര) മധ്യമം. മൂന്ന് ഉദ്ഘാതം (36 മാത്ര) ഉത്തമം.
മടുപ്പില്ലാതെ അഭ്യസിക്കണം. എണ്ണം പിടിച്ചു വേണം ചെയ്യാന്‍ എന്നും ഇതില്‍ നിന്ന് അറിയണം. അഭ്യാസത്തിന്റെ ഫലം ലക്ഷണത്തിലൂടെ അറിയാമെന്നും.
ജലേന ശ്രമജാതേന
ഗാത്രമര്‍ദ്ദനമാചരേത്
ദൃഢതാ ലഘുതാ ചൈവ
തേന ഗാത്രസ്യ ജായതേ - 2 -13
പ്രാണായാമശ്രമത്തില്‍ നിന്നുണ്ടായ വിയര്‍പ്പ് ദേഹത്തില്‍ തേച്ചുപിടിപ്പിക്കണം. അതു കൊണ്ട് ശരീരത്തിന് ദൃഢതയും ലാഘവവും ഉണ്ടാവും.
സാധാരണ ജോലി ചെയ്യുമ്പോള്‍ വിയര്‍പ്പുണ്ടാകും. അത് ശുദ്ധമല്ല. മലമാണ്. ദുര്‍മണമുണ്ടാകും. അതു കഴുകിക്കളയണം. കുളിക്കണം. എന്നാല്‍ പ്രാണായാമത്തില്‍ നിന്നുണ്ടാകുന്ന സ്വേദം അശുദ്ധമല്ല, മലമല്ല. അതില്‍ ധാത്വംശമുണ്ട്. അത് ശരീരത്തില്‍ തടവി പിടിപ്പിക്കുമ്പോള്‍ ശരീരത്തിലേക്കു തന്നെ ചേരും.
'യദാ സഞ്ജായതേ സ്വേദോ മര്‍ദനം കാരയേത് സുധീ:' എന്ന് ശിവസംഹിത. വിയര്‍പ്പുണ്ടാകുമ്പോള്‍ ശരീരത്തില്‍ തേച്ചുപിടിപ്പിക്കണം.' അന്യഥാ ധാതുനഷ്ട: ഭവതി' ഇല്ലെങ്കില്‍ ധാതു നഷ്ടം ഉണ്ടാകും. മര്‍ദ്ദനം ചെയ്താല്‍ ധാതു പുഷ്ടി യുണ്ടാകുമെന്നും വന്നു. ത്വക്ക് (രസമെന്നും പാഠം), രക്തം, മാംസം, മേദസ്, അസ്ഥി, മജ്ജ,ശുക്ലം എന്നിവയാണ് ധാതുക്കള്‍.
അഭ്യാസകാലേ പ്രഥമേ
ശസ്തം ക്ഷീരാജ്യഭോജനം
തതോഭ്യാസേ ദൃഢീഭൂതേ
ന താദൃങ് നിയമ ഗ്രഹ: - 2 - 14
അഭ്യാസത്തിന്റെ ആദ്യഘട്ടത്തില്‍ പാലും നെയ്യും ചേര്‍ത്ത ഭക്ഷണമാണ് പഥ്യം. എന്നാല്‍ അഭ്യാസം ഉറച്ചാല്‍ അത്തരം നിയമങ്ങള്‍ ബാധകമല്ല.
ഏതായാലും യോഗിക്ക് ഗോരസം ചേര്‍ന്ന ഭക്ഷണം പഥ്യം തന്നെയാണ്. അതു കൊഴുപ്പു വര്‍ധിപ്പിക്കുമെന്നെല്ലാമുള്ള വാദങ്ങള്‍ നിറയേയുണ്ട്. എന്നാല്‍ മഹാഭാഗവതത്തില്‍ യോഗേശ്വരനായ ശ്രീകൃഷ്ണന്റെ കുട്ടിക്കാലം വിവരിക്കുമ്പോള്‍ അതില്‍ പശുവും പാലും വെണ്ണയും നെയ്യും നിറഞ്ഞു നില്ക്കുന്നതു കാണാം. നെയ്യ് അകത്തുചെന്നാല്‍ കൊഴുപ്പല്ലെന്നു മാത്രമല്ല ദഹനത്തിനു സഹായിക്കുമെന്നും വൈദ്യശാസ്ത്രം പറയുന്നുണ്ട്. 'ഘൃതം ക്ഷീരം ച മൃഷ്ടാന്നം' എന്ന് ശിവസംഹിത.
യഥാ സിംഹോ ഗജോ വ്യാഘ്‌റോ
ഭവേദ് വശ്യഃ ശനൈ: ശനൈഃ
തഥൈവ സേവിതോ വായു-
രന്യഥാ ഹന്തി സാധകം. - 2 - 15
സിംഹം, ആന, പുലി എന്നിവ സാവധാനത്തിലേ മെരുങ്ങൂ. അതുപോലെയാണ് പ്രാണന്‍. ധൃതി കൂട്ടിയാല്‍ സാധകനെ നശിപ്പിക്കും.
സിംഹവും ആനയും പുലിയും കാട്ടുമൃഗങ്ങളാണ്. ഹിംസ്ര ജന്തുക്കളാണ്. മനുഷ്യന്‍ അതിന്റെ മുന്നില്‍ പെട്ടാല്‍ കൊന്നുകളയും. എന്നാല്‍ സര്‍ക്കസ് കൂടാരത്തില്‍ ചെന്നു നോക്കുക. പശുവിനെക്കാളും അനുസരണയുള്ളവര്‍ . എത്രയോ കാലത്തെ ക്ഷമയോടെയുള്ള, നിരന്തരമായ, തന്ത്രപരമായ പരിശീലനം കൊണ്ടാണ് ഈ മാറ്റം സംഭവിച്ചത്. പ്രാണനും അതുപോലെയാണ്. ദേഹം മുഴുവന്‍ അതു മദിച്ചു നടക്കും. നമ്മുടെ വരുതിയില്‍ നില്ക്കില്ല. ഉറങ്ങാന്‍ കിടന്നാല്‍ ഉറക്കം വരില്ല. ഉണര്‍ന്നിരിക്കണം എന്നു തോന്നിയാല്‍ ഉറക്കം തൂങ്ങും. എന്നാല്‍ ക്രമികമായ, സുരക്ഷിതമായ, പരീക്ഷിച്ചറിഞ്ഞ മാര്‍ഗത്തിലൂടെ അഭ്യസിച്ചാല്‍ അതിനെ വശത്താക്കാം. പ്രാണന്റെ പ്രകടീകരണമാണ് ശ്വാസം. അതിനെ ശ്രദ്ധയോടെ നിയന്ത്രിച്ചാല്‍ പ്രാണനെ പിടിക്കാം എന്ന് നമ്മുടെ പൂര്‍വികര്‍ പരീക്ഷിച്ചു മനസ്സിലാക്കി യിട്ടുണ്ട്. അനുഭവമുള്ള ഗുരുക്കന്മാരുണ്ട്. ആ മാര്‍ഗത്തിലൂടെ മുന്നോട്ടു പോയാല്‍ കാട്ടുമൃഗം വീട്ടുമൃഗമാവും. ധൃതികൂട്ടിയാല്‍, പെട്ടെന്ന് ഫലം കിട്ടാന്‍ അക്ഷമനായാല്‍ തിരിച്ചടിയുണ്ടാകും. അതു മാരകവുമാവും.
പ്രാണായാമേന യുക്തേന
സര്‍വരോഗക്ഷയോ ഭവേത്
അയുക്താഭ്യാസ യോഗേന
സര്‍വ രോഗ സമുദ്ഭവ: - 2 - 16
ശരിയായ പ്രാണായാമം രോഗനാശകമാണ്. എന്നാല്‍ വിഷമമായാല്‍ സര്‍വ രോഗങ്ങളും വന്നു ചേരും.
പ്രാണായാമം വളരെ സൂക്ഷിച്ചേ ചെയ്യാവൂ
എന്ന ഒരു മുന്നറിയിപ്പാണിവിടെ നല്കുന്നത്. ആഹാരത്തിലുള്ള ശ്രദ്ധ, ക്രിയകളിലൂടെ ദേഹശുദ്ധി, യമനിയമാദികളിലൂടെ സദാചാര നിഷ്ഠ ജീവിതം, ആസനങ്ങളിലൂടെ വഴക്കവും ആരോഗ്യവുമുള്ള ശരീരം ഇതൊക്കെയുണ്ടെങ്കിലേ പ്രാണായാമം വിജയിക്കൂ. അപ്പോള്‍ രൂഢമായ രോഗങ്ങള്‍ പോലും അകലും. ശരീരം പ്രകാശിക്കും.എന്നാല്‍ ഇതൊന്നുമില്ലാതെ താന്തോന്നിത്തമായി കഠിനമായ പ്രാണായാമക്രമങ്ങള്‍ പരീക്ഷിച്ചാല്‍ വിപരീത ഫലമാണുണ്ടാവുക.

No comments: