Thursday, January 03, 2019

*ശ്രീമദ് ഭാഗവതം 20*

ഈ ഭക്തന്മാരുടെ കഥ നമുക്ക് അനുകരണീയമാണ്. ഭഗവാന്റെ കഥ അനുകരണീയമല്ല. കേവലം വന്ദനീയമാണ്. അപ്പോ ഭക്തന്മാരുടെ കഥയും ഭഗവാന്റെ കഥയും കൂടെ ചേർന്നതാണ് ഭാഗവതം. ഭഗവത: ഇദം ഭാഗവതാനാം ഇദം. അങ്ങനെ രണ്ടും കൂടെ ചേർന്ന് പറയാ. അതല്ലാതെ വേറെ ഒന്നും മിണ്ടിപോകരുത്. വേറെ എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അപ്പോ തന്നെ ആളുകൾക്ക് ബുദ്ധി വേറെ വേറെ എന്ന് വന്നു പോകും. ദ്വൈതബുദ്ധി വന്നു പോകും.

 കൊടുങ്കാറ്റിൽ പെട്ട തോണി സമുദ്രത്തിൽ ഒരു പിടി കിട്ടാതെ അലയുന്നതുപോലെ ചിത്തം അലഞ്ഞുകൊണ്ടിരിക്കണു. അതുകൊണ്ട് ഭഗവദ് തത്വം അല്ലാതെ വേറൊന്നും മിണ്ടി പോകരുത് ന്ന് നാരദമഹർഷി. അതുകൊണ്ട് ഭാഗവതം കേൾക്കൂ. ഭാഗവതം പറയൂ. എല്ലാവരും ഭാഗവതം കേൾക്കട്ടെ. ന്നിട്ട് അങ്ങേക്ക് തൃപ്തി വരുന്നുണ്ടോ ന്ന് നോക്ക്വാ. കൃഷ്ണകഥ പറയൂ പ്രഹ്ലാദചരിത്രം പറയൂ. ധ്രുവചരിത്രം പറയൂ. ഗോപികാഭക്തിയെ കാണിക്കൂ. ഉദ്ധവർക്ക് ഭഗവാൻ ഉപദേശിച്ചത് പറയൂ. മഹാത്മാക്കളുടെ, സാധുസാധുസമാഗമത്തിനെ കുറിച്ച് പറയൂ. ഇതൊക്കെ വർണ്ണിച്ചിട്ട് അത് ഫലിക്കണ്ടോ ന്ന് പറയൂ.

അങ്ങനെ ശ്രീ നാരദർ ഭാഗവത ദീക്ഷ വ്യാസഭഗവാന് കൊടുത്തു. ഭാഗവത ദീക്ഷ കൊടുത്ത് നാരദമഹർഷി തന്റെ പൂർവ്വ ചരിത്രം വ്യാസരോട് പറഞ്ഞു. ഹേ വ്യാസരേ ഞാൻ പൂർവ്വജന്മത്തിൽ ഒരു ദാസിയുടെ മകനായിട്ട് ജനിച്ചു. ആ ഗ്രാമത്തിൽ കുറേ സന്യാസികളൊക്കെ വന്നപ്പോൾ ദാസിയായ എന്റെ അമ്മ കുട്ടി ആയിരുന്ന എന്നെ അവിടെ കൊണ്ടാക്കി. ആ സന്യാസികളുടെ കൂടെ ഞാൻ അടങ്ങി ഒതുങ്ങി കഴിയും.നാരദർ പറഞ്ഞു.

തേ മയ്യപേതാഖിലചാപലേഽർഭകേ
ദാന്തേഽധൃതക്രീഡനകേഽനുവർത്തിനീ

ഒരു ചാപല്യവും ഇല്ലായിരുന്നത്രേ ഈ കുട്ടിക്ക്. കുട്ടി അടങ്ങി ഈ സാധുക്കളെ കണ്ടു കൊണ്ടിരുന്നു. വാസന ആണേ.

ദാന്തേ.
അടക്കം.

കളിപ്പാട്ടം ഒക്കെ അടുത്ത് കൊണ്ട് വെച്ചാലോ
അധൃതക്രീഡന കേ ഒരു ക്രീഡനവും ഇല്ല്യ.

പിന്നെയോ അനുവർത്തിനീ എന്തോ
ഒരാകർഷണം. ഇരുമ്പ് കാന്തത്താൽ ആകർഷിക്കപ്പെടുന്നപോലെ ഈ കൊച്ചു കുട്ടി ഈ സാധുക്കൾ കുളിക്കാൻ പോകുമ്പോൾ പുറകേ പോകും. അവര് ജപിക്കുമ്പോ അവിടെ ഇരിക്കും. അവര് ധ്യാനിക്കുന്നത് കണ്ടു കൊണ്ടിരിക്കും. സത്സംഗത്തിൽ പറയണതൊക്കെ കേട്ടു കൊണ്ടിരിക്കും.

ചക്രു: കൃപാം യദ്യപി തുല്യ ദർശനാ:
അവര് തുല്യദർശികളാണ്. എന്നിട്ടും അവരുടെ ഉള്ളിലുള്ള ആ ചിത്ശക്തി, കൃപ ഈ കുട്ടിയുടെ മേലേക്ക് അങ്ങട് വീണു.

എന്താ ഈ കുട്ടീടെ യോഗ്യത.
ശുശ്രൂഷമാണേ മുനയോഽല്പഭാഷിണി.

ചെറിയ കുട്ടി. ശുശ്രൂഷ ചെയ്യുംത്രേ. മുഖ്യമായ ശുശ്രൂഷ എന്താ ശ്രോതും ഇച്ഛ ആണ് ശുശ്രൂഷ. കേൾക്കാനുള്ള പക്വത ആണ് ശുശ്രൂഷ. അതിന് മേലെ ഇവർക്ക് വേണ്ട ചെറിയ ചെറിയ കാര്യങ്ങളൊക്കെ പുഷ്പം പറിച്ച് കൊടുക്കയോ ഒക്കെ ഈ കുട്ടി ചെയ്തിട്ടുണ്ടാവും.

അല്പഭാഷിണി
അല്പഭാഷി ആയിട്ടിരുന്നു.

അങ്ങനെ ഒരു ദിവസം
ഉച്ചിഷ്ടലേപാനനുമോദിതോ ദ്വിജൈ:
സകൃത് സ്മ ഭുഞ്ജേ തദപാസ്തകില്ബിഷ:

ഈ സാധുക്കൾ അവർക്കെന്താ ശാപ്പാട് . ഭിക്ഷാടനം കഴിച്ച് അതില് ഏതോ ഒരു മഹാത്മാവ് ഈ കൊച്ചു കുട്ടിയെ അടുത്ത് വിളിച്ച് ആ ലേപത്തിനെ  (അടി കുഴമ്പ് ) എടുത്ത് ഈ കുട്ടിയുടെ വായിലേക്ക് അങ്ങട് ഇട്ടു കൊടുത്തു അത്രേ. അത് ഇട്ടു കൊടുത്തപ്പോഴേക്കും

തദപാസ്തകില്ബിഷ
കുട്ടിയുടെ ഉള്ളിലുള്ള കളങ്കം ഒക്കെ പോയി. ചിത്തം ശുദ്ധമായി.

തത്രാന്വഹം കൃഷ്ണകഥാ: പ്രഗായതാ-
മനുഗ്രഹേണ ഽശൃണവം മനോഹരാ:

അവര് ആ സാധുക്കൾ ഭഗവദ് കഥ പറഞ്ഞു കൊണ്ടിരിക്കുന്നു. കുട്ടി കേട്ടു കൊണ്ടേ ഇരുന്നു.

താ: ശ്രദ്ധയാ മേ ഽനുപദം വിശൃണ്വത:
പ്രിയശ്രവസ്യ അംഗ മമാഭവദ്രുചി:

വ്യാസനെ അംഗ എന്നാണ് വിളിക്കണത്. തന്റെ ഗുരുവിനെ കുറിച്ചും തനിക്ക് സത്സംഗത്തിൽ കിട്ടിയ അറിവുകളെ കുറിച്ചും പറയുമ്പോൾ കേൾക്കണ ആളിനോട് ഒരു പ്രിയം. അവര് രുചിയോട് കേൾക്കുന്നത് കാണുമ്പോൾ അവരോട് ഒരു പ്രിയം. ഹേ അംഗാ. ഹേ വ്യാസരേ എനിക്ക് കിട്ടിയ അനുഗ്രഹത്തിനെ ഞാൻ എങ്ങനെ പറയും  പ്രിയശ്രവസ്യ. ഭഗവാന് ഇവിടെ നാരദനായിട്ട് ഒരു പേര് ഉണ്ടാക്കി. പ്രിയശ്രവൻ. കേൾക്കുന്തോറും പ്രിയം തോന്നുന്നവൻ എന്നർത്ഥം. പ്രിയശ്രവനായ ആ ഭഗവാനോട് എനിക്ക് രുചി ഉണ്ടായി.

അംഗ മമാ ഭഗവദ് രുചി:
തസ്മിം തദാ ലബ്ധരുചേർമ്മഹാമുനേ
പ്രിയശ്രവസ്യ അസ്ഖലിതാ: മതിർമ്മമാ

പതുക്കെ പതുക്കെ ബുദ്ധി ചലിക്കാതെ ഭഗവദ് സ്വരൂപത്തിൽ നിന്നു അത്രേ. ഇതാണ് സത്സംഗത്തിന്റെ ഫലം. സത്സംഗത്തില് കേട്ടു കഴിയുമ്പോൾ പതുക്കെ പതുക്കെ രുചി ഉണ്ടാവണു. പിന്നീട് ബുദ്ധി അതിനെ തന്നെ സ്മരിച്ചു കൊണ്ടേ ഇരിക്കും. ഇവിടെ ഏർപ്പെടുന്ന അനുഭൂതിയെ സ്മരിച്ച് ചലിക്കാതെ അസ്ഖലിതാ: മതിർമ്മമാ. ഒരു ദിവസം അനുഭവം ണ്ടായി. കുട്ടി ഇങ്ങനെ കേട്ടു കേട്ട് ഒരു ദിവസം ഏകാന്തത്തിൽ ഇരിക്കുമ്പോ മുമ്പിലുള്ള പ്രപഞ്ചം മറഞ്ഞു പോയി. ശരീരം മറഞ്ഞു പോയി.

യയാഹമേതത് സദസത് സ്വമായയാ
പശ്യേ മയി ബ്രഹ്മണി കല്പിതം പരേ
ഞാൻ ആകുന്ന ബ്രഹ്മത്തിൽ ചരവും അചരവും ആയ ഈ പ്രപഞ്ചം മുഴുവൻ കല്പിതമാണെന്നും ഞാൻ വാസ്തവമായ പൂർണ വസ്തു ആണെന്നും ഉള്ള അനുഭവം ഈ കുട്ടിക്ക് ഉണ്ടായി. 

ചിലതൊക്കെ പഴം ഉണ്ടായ ശേഷം പൂക്കും ന്ന് പറയും രാമകൃഷ്ണദേവൻ . സാധാരണ പൂത്തിട്ടാണ് കായ് ണ്ടാവുക. ചിലതൊക്കെ കായ് ണ്ടായിട്ട് പൂക്കും അത്രേ. അതുപോലെ അനുഭൂതി ണ്ടായ ശേഷം ഉപദേശം. ഇവിടെ കുട്ടിക്ക് അനുഭൂതി ണ്ടായി. ആചാര്യൻ അടുത്ത് വിളിച്ചു പറഞ്ഞു.
ജ്ഞാനം ഗുഹ്യതമം യത്തത് സാക്ഷാദ് ഭഗവതോദിതം
ജ്ഞാനോപദേശം ചെയ്തു.

സാധുക്കൾ കുട്ടിക്ക് കൊടുക്കേണ്ടതു കൊടുത്ത് അവരുടെ പാട്ടിനു പോയി. കുട്ടി കുറച്ച് ദിവസം കൂടി അവിടെ താമസിച്ചു. അപ്പോ അമ്മ മരിച്ചു പോയി. അമ്മ മരിച്ചപ്പോ കരഞ്ഞു. അതും ഭഗവാന്റെ ഇച്ഛ. അതും ഭഗവാന്റെ അനുഗ്രഹം. ഒരു ബന്ധം ണ്ടായിരുന്നു. അതും പോയി. സ്വതന്ത്രമായി. മാതാ നാസ്തി പിതാ നാസ്തി നാസ്തി നാസ്തി ബന്ധു: സഹോദര: അർത്ഥം നാസ്തി ഗൃഹം നാസ്തി തസ്മാദ് ജാഗ്രത ജാഗ്രത. സ്വതന്തമായി അങ്ങനെ സഞ്ചരിച്ചു. എവിടെയോ കാട്ടില് ഏകാന്തത്തിൽ ഇരുന്നു. കുറച്ച് നേരം അങ്ങട് കണ്ണടച്ചതും ഭഗവാന്റെ ആ ദിവ്യരൂപം മുമ്പില് വന്നു ഭാവസമാധി ണ്ടായി ശംഖചക്രഗദാപാണി ആയി ഭഗവാനെ കണ്ടു.  പ്രേമമാകുന്ന ആ സമുദ്രം തിരയടിച്ച് തിരയടിച്ച് ശരീരം മറഞ്ഞു പോയി. മനസ്സ് മറഞ്ഞു പോയി. പ്രപഞ്ചം മറഞ്ഞു പോയി. പക്ഷെ കുറച്ച് കഴിഞ്ഞതും വീണ്ടും മനസ്സിന്റെ ലോകത്തിലേക്ക് വന്നു. കരഞ്ഞു. എനിക്ക് ആ അനുഭൂതി പോയല്ലോ ന്ന് പറഞ്ഞു കരഞ്ഞപ്പോ ഒരു അശരീരി വാണി കേട്ടു. കരയരുത്. ഈ ജന്മത്തിൽ അങ്ങേക്ക് എന്റെ പൂർണ്ണദർശനം ണ്ടാവില്ല്യ .നാമസങ്കീർത്തനം ചെയ്തു കൊണ്ട് ജീവിക്കാ. അടുത്ത ജന്മം അങ്ങ് പൂർണനായി ജനിക്കും. നാമസങ്കീർത്തനം ചെയ്തു കൊണ്ട് ഭഗവദ് ദിവ്യരൂപം ധ്യാനിച്ചു കൊണ്ട് ഭാവാവിഷ്ടനായി നടന്നു അത്രെ. ആ നാരദമഹർഷി തന്റെ പൂർവ്വ കഥ പറഞ്ഞു. അടുത്ത ജന്മത്തിൽ നാരദനായി ജനിച്ചു. ദേവർഷി ആയി ജനിച്ചു. ഈ കഥ പറഞ്ഞു കൊടുത്ത് വ്യാസാശ്രമത്തിൽ നിന്ന് ഇറങ്ങി പോവുമ്പോ സൂത മഹാമുനി മനസ്സ് കൊണ്ട് പറഞ്ഞു. ഈ ദേവർഷി എത്ര ധന്യനാണ്. ഇങ്ങനെ നാമസങ്കീർത്തനം ചെയ്തു കൊണ്ട് സഞ്ചരിക്കുന്നുവല്ലോ. ഞാനും ഈ നാരദരെ പോലെ ആവണം.
അങ്ങനെ നാരദർ വ്യാസന് ഭാഗവത ദീക്ഷ കൊടുത്തു തിരിച്ചു പോയി.
ശ്രീനൊച്ചൂർജി
 *തുടരും. ..*

No comments: