Tuesday, January 01, 2019

ശ്രീകൃഷ്ണ ഭഗവാന്റെ ഏറ്റവും പ്രിയപ്പെട്ട രാധാദേവി താമസിക്കുന്ന സ്ഥലമാണ് ബർസാന. ബർസാന എന്നാൽ മഴ എന്നാണ് അർത്ഥം. കൃഷ്ണമേഘം മഴയായി പൊഴിയുന്ന സ്ഥലം. ഏകദേശം എൺപത് വർഷങ്ങൾക്കു മുൻപ് ഉണ്ടായ ഈ സംഭവം പ്രായമായ പലരുടെയും ഓർമ്മകളിൽ ഇന്നും തങ്ങി നിൽക്കുന്നുണ്ട്. ഇന്ന് നമുക്ക് ആ സംഭവം പറയാം.
ബർസാനയിൽ  രാധാദേവിയുടെ അതിമനോഹരമായ ഒരു ക്ഷേത്രം ഉണ്ട്. അതിനടുത്ത് ഒരു കുടിലിൽ
 ഗുലാബ് എന്നുപേരുള്ള ഒരാൾ താമസിച്ചിരുന്നു. അദ്ദേഹത്തിന് സ്വന്തം എന്ന് പറയാൻ ഒരു മകളും ഒരു സാരംഗിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകളുടെ പേരും രാധ എന്നായിരുന്നു. വൃന്ദാവനത്തിൽ അധികം പേരും രാധ എന്നോ രാധയുടെ പര്യായങ്ങളോ രാധയുടെ സഖിമാരുടെ പേരുകളോ ആണ് പെൺമക്കൾക്ക്  പേരിടുന്നത്. ആൺകുട്ടികൾക്ക് കണ്ണന്റെ പേരുകളും. ഇനി സാരംഗി എന്താണ് ന്നറിയാമോ? വടക്കേ ഇന്ത്യയിലെ ഒരു പ്രധാന സംഗീത ഉപകരണമാണ് സാരംഗി.  ഹാർമോണിയവും വയലിനുമെല്ലാം പോലെ പാട്ടിനൊപ്പം ഉപയോഗിക്കുന്ന ഒരു സംഗീതോപകരണം. ഗുലാബിന് എഴുത്തും വായനയും ഒന്നു അറിയില്ല എങ്കിലും നന്നായി സാരംഗി വായിക്കാൻ അറിയാമായിരുന്നു. അദ്ദേഹം എപ്പോഴും  തന്റെ മകളേയും മടിയിലിരുത്തി രാധാറാണിയുടെ മന്ദിരത്തിലിരുന്ന് അതിമനോഹരമായി  സാരംഗി വായിക്കും.  അതോടൊപ്പം മധുരമായി പാടുകയും ചെയ്യും.  അത് കേട്ട് സന്തോഷിച്ച് ആരെങ്കിലും എന്തെങ്കിലും നല്കും. ഇതായിരുന്നു അദ്ദേഹത്തിന്റെ ഉപജീവന മാർഗ്ഗം. ഈ അമ്പലത്തിൽ നിന്നും ലഭിക്കുന്ന പ്രസാദവും, ഭക്തർ നല്കിയിരുന്ന ഈ ദക്ഷിണയും കൊണ്ട് അദ്ദേഹം ജീവിച്ചു പോന്നു. കുഞ്ഞിന് മൂന്നുവയസ്സായപ്പോൾ മുതൽ അവൾ അച്ഛൻ സാരംഗി വായിച്ച് പാടുന്നതിനനുസരിച്ച് ചുവടുകൾ വയ്ക്കാൻ തുടങ്ങി. ഇത് എല്ലാവരിലും കൗതുകം ഉണർത്തി. ക്രമേണ അവൾ എല്ലാം മറന്ന് നൃത്തം വയ്ക്കുന്നത് കണ്ട് എല്ലാവരും അത്ഭുതപ്പെട്ടു. എല്ലാവരുടേയും മനസ്സിനെ ആനന്ദിപ്പിക്കുന്ന ഒരു പ്രത്യേക ആകർഷണം അവളുടെ നൃത്തത്തിന് ഉണ്ടായിരുന്നു. ആ നൃത്തം കണ്ടാൽ എല്ലാവരും മതിമറന്ന് അതിൽ ലയിച്ച് അവളോടോപ്പം നൃത്തം വയ്ക്കും. എല്ലാവരും ഗുലാബിനേയും മകളേയും വളരെയധികം ഇഷ്ടപ്പെട്ടു. കാലം കടന്നു പോയി. രാധ അതി സുന്ദരിയായ ഒരു യുവതിയായി.  ആളുകൾ ഗുലാബിനോട്  " നിന്റെ മകൾ വലുതായല്ലോ? ഇനി അവളെ വിവാഹം കഴിപ്പിച്ചു കൊടുക്കേണ്ടേ?" എന്ന് ചോദിച്ചു തുടങ്ങി.
 രാധ ഗുലാബിന്റെ മാത്രം മകളല്ലായിരുന്നു. എല്ലാ ബർസാനവാസികളുടേയും പ്രിയപ്പെട്ട മകളായിരുന്നു. എല്ലാവരും അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവർ ഗുലാബിനോട് രാധയുടെ വിവാഹ കാര്യം ചോദിച്ചാൽ അദ്ദേഹം പറയും.  "എനിക്കും ആഗ്രഹമില്ലാതെ അല്ല. പക്ഷേ എങ്ങിനെ നടത്തും? അതിനെല്ലാം ധാരാളം പണം വേണം. എന്റെ നിത്യവൃത്തി നടക്കുന്നത് ഇവിടെ നിന്നും ലഭിക്കുന്ന പ്രസാദവും ദക്ഷിണയും കൊണ്ടാണ്. മാത്രമല്ല ആരുമില്ലാത്ത ഒരു അനാഥന്റെ മകളെ ആരാണ് വിവാഹം കഴിക്കാൻ വരുന്നത്.  "
  ഏതാനും ദിവസം കഴിഞ്ഞപ്പോൾ കുറച്ച് ഗോസ്വാമിമാർ അവിടെ എത്തി. ഇടയ്ക്കിടെ വ്രജപരിക്രമ ചെയ്യുന്ന സ്വാമിമാർക്ക് ഗുലാബിനെ നല്ല പരിചയമായിരുന്നു. അവരും രാധയുടെ വിവാഹത്തെ കുറിച്ച് ചോദിച്ചു. അപ്പോഴും അദ്ദേഹം പതിവുപോലെ മറുപടി  പറഞ്ഞു. ഇത് കേട്ട് ഗോസ്വാമി ചോദിച്ചു.
നീ എന്തിനാണ് ധനത്തെക്കുറിച്ച് ചിന്തിക്കുന്നത്?  അതെല്ലാം ശ്രീകൃഷ്ണ ഭഗവാൻ നോക്കിക്കൊള്ളും. നീ ആദ്യം അവൾക്ക് അനുയോജ്യനായ വരനെ വേണം എന്ന് ഭഗവാനോട് പ്രാർത്ഥിക്കൂ"
ഗുലാബ് ആ ഗോസ്വാമിമാരുടെ വാക്കിനെ മാനിച്ച് വളരെ സന്തോഷത്തോടെ മകൾക്ക് അനുയോജ്യനായ വരനെ ലഭിക്കാൻ ശ്രീകൃഷ്ണനോട് പ്രാർത്ഥിച്ചു. ഒരു ദിവസം ബർസാനയിൽ ദർശനത്തിന് വന്ന ഒരു യുവാവ് രാധയെ കണ്ട് ഇഷ്ടപ്പെട്ടു. അയാൾ അച്ഛനമ്മമാരോട് ആഗ്രഹം തുറന്നു പറഞ്ഞു. ബർസാന ഗ്രാമത്തിലെ എല്ലാവരുടേയും വാത്സല്യനിധിയായ രാധയെ പുത്രവധുവായി സ്വീകരിക്കാൻ അവർക്കും സമ്മതമായിരുന്നു.  ശ്രീകൃഷ്ണ ഭഗവാന്റെ കൃപകൊണ്ട് ഗുലാബിനേയും മകളേയും സ്നേഹിക്കുന്ന എല്ലാ സുമസ്സുകളുടേയും സഹായത്തോടെ രാധയുടെ വിവാഹം ഭംഗിയായി നടന്നു. എല്ലാവരും ധാരാളം ധനം നല്കിയതു കൊണ്ട് രാധയുടെ വിവാഹം വളരെയധികം ആർഭാടത്തോടെയാണ് നടത്തിയത്. അതിയായ സന്തോഷത്തോടെ രാധ അവളുടെ ഭർത്തൃഗൃഹത്തിലേക്ക് പോയി. പക്ഷേ തന്റെ മകളെ അത്യധികം സ്നേഹിച്ചിരുന്ന ഗുലാബ് അവൾ പോയതോടെ മകൾ പിരിഞ്ഞ സങ്കടം സഹിക്കാൻ വയ്യാതെ വല്ലാതെ വിഷമിച്ചു. അദ്ദേഹത്തിന്റെ ഏകാശ്രയം ആ മകളായിരുന്നു. അതുകൊണ്ട് തന്നെ രാധ ഇല്ലാത്ത ഗുലാബിന്റെ ജീവിതം പൂർണ്ണമായും ശ്യൂന്യമായതുപോലെ ആയി. രാധയുടെ അഭാവം അദ്ദേഹത്തെ വളരെയധികം വിഷമിപ്പിച്ചു. അദ്ദേഹം നേരേ രാധാമന്ദിരത്തിന്റെ ഗോപുര ദ്വാരത്തിൽ പോയി ഇരുന്ന് കരയാൻ തുടങ്ങി. അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് ജനങ്ങൾ അദ്ദേഹത്തെ പലതും പറഞ്ഞു സമാധാനിപ്പിക്കാൻ വളരെ ശ്രമിച്ചു. പക്ഷേ അദ്ദേഹം അതൊന്നും കേൾക്കുന്നില്ലായിരുന്നു.  മൂന്നുദിവസം രാത്രിയും പകലും മൗനമായി  ജലപാനം പോലുമില്ലാതെ ഉറങ്ങാതെ മകളേ ഓർത്ത് രാധേ രാധേ എന്ന് മന്ത്രിച്ചു കൊണ്ട് അവിടെതന്നെ ഒരേ ഇരിപ്പ് ഇരുന്നു. നാലാമത്തെ ദിവസം രാധേ രാധേ എന്ന് മന്ത്രിച്ചിരുന്ന ഗുലാബിനു ചുറ്റും ജനങ്ങൾ വളരെ വിഷമത്തോടെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ  പെട്ടെന്ന് എല്ലാവരും ഒരു ശബ്ദം കേട്ടു.
" അച്ഛാ ഇതാ ഞാൻ തിരിച്ചു വന്നു. എനിക്ക് അച്ഛന്റെ സാരംഗി കേൾക്കാതിരിക്കാൻ കഴിയുന്നില്ല അച്ഛാ. അച്ഛൻ പാടുന്ന മധുരഗീതങ്ങൾ എന്റെ കാതുകളിൽ അലയടിക്കുന്നു.  പാടൂ അച്ഛാ ഞാൻ എല്ലാം മറന്ന് നൃത്തം വയ്ക്കട്ടെ."
അദ്ദേഹത്തിന് തൻറെ കണ്ണുകളെയും കാതുകളെയും വിശ്വസിക്കാനായില്ല. ഇതാ തന്റെ മകൾ സാക്ഷാൽ രാധാറാണിയെപ്പോലെ അണിഞ്ഞൊരുങ്ങി മുന്നിൽ വന്ന് നില്ക്കുന്നു. ഞാൻ ഉറങ്ങാതെ സ്വപ്നം കാണുകയാണോ? അതോ എന്റെ മനോവിഭ്രാന്തിയോ?
രാധ അദ്ദേഹത്തിന്റെ തോളിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.
എന്താണ് അങ്ങ് ഇങ്ങിനെ നോക്കുന്നത് ?
ഇതാ അച്ഛാ അങ്ങയുടെ സാരംഗി. വേഗം പാടൂ."
രാധയുടെ സ്പർശനം അദ്ദേഹത്തിന് പറഞ്ഞറിയിക്കാൻ കഴിയാത്ത ആനന്ദാനുഭൂതി നല്കി.
 ഗൃഹത്തിൽ വച്ചു പോന്ന സാരംഗിയും കൊണ്ടാണ് മകൾ വന്നിരിക്കുന്നത്. ചുറ്റും കൂടി നിന്നവർക്കെല്ലാം വളരെ സന്തോഷമായി. എല്ലാവരും രാധയോട് പറഞ്ഞു.
 " മകളെ നീ പുണ്യവതിയാണ്. നിന്റെ അച്ഛന്റെ സ്നേഹം മനസ്സിലാക്കി ആശ്വസിപ്പിക്കാൻ ഓടിവന്നല്ലോ? നിനക്ക് സർവ്വ സൗഭാഗ്യവും ഉണ്ടാവും. ഇനിയും നീ ഭർത്തൃ ഗൃഹത്തിലേക്ക് പോകുമ്പോൾ പിതാവിനെ കൂടെ കൊണ്ടു പോകണം. നിന്റെ ഭർത്താവിനോട് ആരുമില്ലാത്ത ഈ സാധുവിന്റെ അവസ്ഥ മനസ്സിലാക്കണം . "
എല്ലാവരേയും നോക്കി പുഞ്ചിരിച്ചുകൊണ്ട് രാധ പറഞ്ഞു
"എന്റെ പതി എല്ലാവരോടും അതീവ കരുണയുള്ളവനാണ്. ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരാനായി എന്നെ ഇങ്ങോട്ട് അയച്ചത് എന്റെ പതി തന്നെയാണ്. തീർച്ചയായും ഞാൻ കൊണ്ടു പോകുകതന്നെ ചെയ്യും."
മകളെ കണ്ട സന്തോഷത്തോടെ ഗുലാബ് സാരംഗി വായിച്ച് പാടാൻ തുടങ്ങി. ഇത്രയും കാലം സാരംഗി വായിച്ചത് തന്റെ ഉപജീവനത്തിനുവേണ്ടിയായിരുന്നു. എന്നാൽ അന്ന് അതിയായ സന്തോഷത്തോടെ രാധക്ക് വേണ്ടിയാണ് സാരംഗി വായിച്ചത്. ഇതുവരെയില്ലാത്ത ഒരു മാസ്മരിക സംഗീതം അതിൽ നിന്നും ഒഴുകി വന്നു. രാധാകൃഷ്ണ പ്രേമം നിറഞ്ഞ അതിമനോഹരമായ ഗാനം അദ്ദേഹം പാടി. ആ ഭജനയിൽ മുഴുകി എല്ലാവരുടേയും മനസ്സ് ഭക്തിരസത്തിൽ അലിഞ്ഞുചേർന്നു. ഇതിന് മുമ്പ് ഒരിക്കലും കണ്ടീട്ടില്ലാത്ത ഭാവത്തിൽ രാധ അത്യത്ഭുതകരമായി നൃത്തം വയ്ക്കുന്നു. എല്ലാവരും ആദ്യം നൃത്തം കണ്ട് കൽത്തൂകളേപ്പോലെ സ്തംഭിച്ചു നിന്നു. ഇതിനു മുൻപ് ഇങ്ങിനെ അത്യാകർഷകമായ നൃത്തം അവർ ഒരിക്കലും കണ്ടീട്ടില്ല. എല്ലാവരുടേയും ഉള്ളിൽ നിറഞ്ഞ ആനന്ദം കണ്ണുനീരായി. രാധയുടെ പാദസരങ്ങളുടെ കിലുക്കം ഗുലാബിന്റെ ആന്തരാത്മാവിലേക്ക് ആഴ്ന്നിറങ്ങി കണ്ണുനീരായി പുറത്തേക്കൊഴുകാൻ തുടങ്ങി. പെട്ടെന്ന് ഗുലാബിന്റ കണ്ണുകൾ ചടുല നൃത്തം വയ്ക്കുന്ന രാധയുടെ പാദങ്ങളിൽ ഉടക്കി. ഈ നൂപുരം...! ഇത് സാക്ഷാൽ രാധാദേവിയുടേതല്ലേ ! പെട്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇത് എന്റെ മകൾ രാധയല്ല സാക്ഷാൽ രാധാറാണി തന്നെയാണ്. രാധാറാണിക്കല്ലാതെ ആർക്കും ഇങ്ങിനെ നൃത്തം വയ്ക്കാൻ സാധിക്കില്ല. അദ്ദേഹത്തിന് കണ്ണുനീരിനാൽ ഒന്നും കാണാൻ കഴിഞ്ഞില്ല. പെട്ടെന്ന് നൃത്തം നിലച്ചു. ഗുലാബ് കണ്ണുകൾ തുടച്ച് നോക്കുമ്പോൾ രാധാറണി മന്ദിരത്തിന്റെ പുറകിലേക്ക് പോകുന്നു. ഭക്തി പരവശനായ അദ്ദേഹം ശ്രീരാധേ ശ്രീരാധേ എന്ന് കരഞ്ഞു വിളിച്ചു കൊണ്ട് പിന്നാലെ ഓടി. രണ്ടു പേരും മന്ദിരത്തിന്റെ പുറകിലേക്ക് മറഞ്ഞു. എന്തു സംഭവിച്ചു എന്ന് അറിയാതെ എല്ലാവരും മന്ദിരത്തിന്റെ പുറകിലേക്ക് ചെന്നു. അവിടെ രാധയോ ഗുലാബോ ആരും ഉണ്ടായിരുന്നില്ല. എല്ലാവരും അത്ഭുത പരവശരായി രാധേ രാധേ എന്ന് വിളിച്ചുകൊണ്ട് രാധേദവിയുടെ സന്നിധിയിൽ എത്തിയപ്പോൾ അതുവരെ ഇല്ലാതിരുന്ന അതിമനോഹരമായ ഒരു റോസാപ്പൂ മാല രാധാദേവിയുടെ കഴുത്തിൽ കിടക്കുന്നു. ആ ചരണങ്ങളിൽ ഗുലാബിന്റെ സാരംഗിയും.
രാധ പറഞ്ഞ വാക്കുകൾ എല്ലാവരുടേയും കാതിൽ മുഴങ്ങി.  "എന്റെ പതി എല്ലാവരോടും അതീവ കരുണയുള്ളവനാണ്. ഇദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരാനായി എന്നെ ഇങ്ങോട്ട് അയച്ചത് എന്റെ പതി തന്നെയാണ്." ശ്രീ കൃഷ്ണഭഗവാന്റെ നിയോഗത്താൽ സാക്ഷാൽ രാധാദേവി തന്നെ വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് പോയതാണ് എന്ന് എല്ലാവർക്കും ബോധ്യമായി. ഇതുപോലെ എത്രയെത്ര സംഭവങ്ങൾ വ്രജവാസികൾക്ക് പറയാനുണ്ട്. പലർക്കും ഇത് കെട്ടുകഥകളാണ് എന്നു തോന്നും. കാരണം നമുക്ക് ഇപ്പോഴും ഭഗവാൻ എവിടേയോ ഇരുന്ന് അനുഗ്രഹിക്കുന്ന ആരോ ആണ്. ഈ ലൗകീകതയെ വെടിഞ്ഞ് ഒരിക്കലും അപ്പുറത്ത് കടന്ന് ഒരു ഭക്തി പാടില്ല എന്ന ഒരതിർവരമ്പ് നമ്മൾ തന്നെ തീർത്തീട്ടുണ്ട്.   പിന്നെ എങ്ങിനെയാണ് ഇതെല്ലാം ഉൾക്കൊള്ളാൻ കഴിയുക. ഭഗവാനോടാണ് ഏറ്റവും കൂടുതൽ ചേർന്നിരിക്കേണ്ടത്. ഇത് ഉൾക്കൊള്ളാൻ പലർക്കും സാധിക്കുന്നില്ല. എല്ലാവർക്കും ശ്രീകൃഷ്ണ പ്രേമഭക്തി ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഈ അക്ഷരപ്പൂക്കൾ എന്റെ കണ്ണന് പ്രേമപുഷ്പാഞ്ജലിയായി സമർപ്പിക്കുന്നു. 
രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ
സുദർശന രഘുനാഥ്
വനമാലി
Sudarsana Raghunath

No comments: