Wednesday, January 02, 2019

കാലമിന്നു കലിയുഗമല്ലയോ?
ഭാരതമിപ്രദേശവുമല്ലയോ?
നമ്മളെല്ലാം നരന്മാരുമല്ലയോ?
ചെമ്മേ നന്നായ് നിരൂപിപ്പിനെല്ലാരും
ഹരിനാമങ്ങളില്ലാതെ പോകയോ?
നരകങ്ങളില്‍ പേടി കുറകയോ?
നാവുകൂടാതെ ജന്മമതാകയോ?
നമുക്കിന്നി വിനാശമില്ലായ്കയോ?
കഷ്ടം, കഷ്ടം! നിരൂപണം കൂടാതെ
ചുട്ടുതിന്നുന്നു ജന്മം പഴുതേ നാം!
നമുക്ക് കിട്ടിയ ഈ മഹാജന്മം പാഴാക്കിക്കളയരുതെന്ന് കവി ഉപദേശിക്കുന്നു. ഈ പുണ്യഭൂമിയില്‍ കലിയുഗത്തില്‍ ജനിച്ച നമ്മെപ്പോലെ ഭാഗ്യവാന്മാര്‍ ആരുണ്ട്? നല്ലപോലെ ആലോചിക്കൂ. നമ്മള്‍ മനുഷ്യരല്ലേ? നമുക്ക് ജപിക്കാന്‍ മോക്ഷപ്രദായകനായ വിഷ്ണുവിന്റെ തിരുനാമങ്ങളില്ലേ? നമുക്ക് നരകത്തെക്കുറിച്ചുള്ള പേടിയും കുറഞ്ഞുതുടങ്ങിയോ? അതോ, നാമം ജപി
ക്കാനുള്ള നാവില്ലാതായോ? ഒരിക്കലും മരണമുണ്ടാവില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടോ? കഷ്ടമെന്നല്ലാതെന്തു പറയാന്‍! ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കാതെ, ശ്രേഷ്ഠമായ ഈ മനുഷ്യജന്മത്തെ പാഴാക്കിക്കളയുകയാണല്ലോ പലരും ചെയ്യുന്നത് എന്ന് ഹൃദയ വ്യഥയോടെ കവി വിലപിക്കുകയാണ്.
ദേവന്മാര്‍പോലും കൊതിക്കുന്ന ഈ മനുഷ്യജന്മം നിഷ്ഫലമാക്കിക്കളയരുത്. സാധാരണഗതിയില്‍, തപസ്സ്, യജ്ഞം, പൂജാദികര്‍മ്മങ്ങള്‍ എന്നിവകൊണ്ട് മാത്രമേ മോക്ഷപ്രാപ്തിയുണ്ടാവൂ. എന്നാല്‍ കലികാല ഭാരതത്തില്‍, കേവലം നാമസങ്കീര്‍ത്തനംകൊണ്ട് അത് സാധ്യമാവുന്നു. എന്നിട്ടും അതില്‍ ശ്രദ്ധിക്കാതെ, ഭൗതികസുഖങ്ങളില്‍ മാത്രം മുഴുകി ജീവിക്കുന്നവരെ, പരിഹാസത്തിലൂടെയും വിമര്‍ശനത്തിലൂടെയും നേര്‍വഴിയിലേയ്ക്ക് നയിക്കാന്‍ ശ്രമിക്കുകയാണ് പൂന്താനം, ഈ വരികളിലൂടെ.

No comments: