Tuesday, January 01, 2019

ഋഗ്വേദത്തിലെ ഐതരേയ ആരണ്യകത്തിലാണ് ഐതരേയ ഉപനിഷത്ത് വരുന്നത്. രണ്ടാം ആരണ്യകത്തിലെ നാല്, അഞ്ച്, ആറ് അദ്ധ്യായങ്ങളാണ് ഐതരേയ ഉപനിഷത്ത്. മഹീദാസ ഐതരേയര്‍ ആണ് ഈ ഉപനിഷത്തിന്റെ ദ്രഷ്ടാവ് എന്ന് കരുതപ്പെടുന്നു. 'പ്രജ്ഞാനം ബ്രഹ്മ' എന്ന മഹാവാക്യം ഈ ഉപനിഷത്തിലാണ്.
നാലാം അദ്ധ്യായത്തിലെ മൂന്നു ഖണ്ഡങ്ങളും അഞ്ചിലും ആറിലുമായി ഓരോന്നും ഉള്‍പ്പടെ അഞ്ചു ഭാഗങ്ങളായാണ് ഉപനിഷത്ത്.  ജീവാത്മ-പരമാത്മ ഐക്യത്തെ പ്രതിപാദിക്കുന്ന ഇതില്‍ അദ്ധ്യാരോപം, അപവാദം എന്നിങ്ങനെയാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നത്. ആത്മാവില്‍ പ്രപഞ്ച ദര്‍ശനം അദ്ധ്യാരോപം, പ്രപഞ്ച നിരാസം കൊണ്ട് ഏകത്വ ദര്‍ശനം അപവാദം. സത്യത്തില്‍ അസത്യത്തെ ആരോപിക്കുന്നതാണ് അദ്ധ്യാരോപം. അസത്യമായ ആരോപത്തെ നിഷേധിക്കുന്നത്ത് അപവാദം.
'ആത്മ വാ ഇദമെക എവാഗ്ര ആസീത്'എന്നു ആരംഭിക്കുന്ന ഉപനിഷത്ത് മൂന്നാം ഖണ്ഡം പന്ത്രണ്ടാം മന്ത്രം വരെ വിവിധ ലോകങ്ങളും ദേവതകളും അടങ്ങിയ പ്രപഞ്ചത്തെ വിവരിക്കുന്നു. പിന്നെ ഈ വൈവിധ്യം ഒന്നിന്റെ തന്നെ വികാസമാണെന്ന് പറഞ്ഞു ഏകത്വ ദര്‍ശനം നടത്തുന്നു. ഇങ്ങനെ അദ്ധ്യാരോപവും അപവാദവും കൊണ്ട് ആത്മ ദര്‍ശനം സാധ്യമാക്കുന്നു.
ഒന്നാം അദ്ധ്യായത്തില്‍ മൂന്ന് ഭാഗങ്ങളിലായി ഇരുപത്തിമൂന്നു മന്ത്രങ്ങള്‍ ഉണ്ട്. വൈവിധ്യമാര്‍ന്ന പ്രപഞ്ചത്തിനെ ആത്മാവ് തന്റെ മായാശക്തി കൊണ്ടു പ്രകാശിപ്പിക്കുന്നുവെന്ന് ഇവിടെ പറയുന്നു. വിവിധ ലോകങ്ങള്‍ വിരാട് പുരുഷന്‍,  ഇന്ദ്രിയങ്ങള്‍, അധിഷ്ഠാനം, അധിദേവതകള്‍,പഞ്ചഭൂതങ്ങള്‍ വൃഷ്ടി ശരീരങ്ങള്‍ അവയ്ക്കുള്ള അന്നം എന്നിവയെ ക്രമത്തില്‍ സൃഷ്ടിച്ച് ജീവനായി ആത്മാവ് തന്നെ അവയില്‍ പ്രവേശിക്കുന്നു. ഉപാധി(അസത്യം) കളോട് ചേരുമ്പോള്‍ ഭ്രമിക്കുമെങ്കിലും വിവേകം കൊണ്ടു ആത്മജ്ഞാനം നേടുന്നതിനെ കൂടി ഇവിടെ പറയുന്നു.
അടുത്തതില്‍ ആറു മന്ത്രങ്ങളടങ്ങിയ ഒരു ഖണ്ഡം മാത്രമാണ് ഉള്ളത്. ജീവന്‍ മനുഷ്യ ശരീരത്തില്‍ പുനര്‍ജ്ജനിക്കുന്നതിനെ പറയുന്നു. പിതൃ ശരീരം, മാതൃ ശരീരം, സ്വന്തം ശരീരം എന്നിങ്ങനെ ക്രമത്തില്‍ സഞ്ചരിക്കുന്ന ജീവന്‍ പിന്നെ പരിപാകം വന്നു മുക്തി പ്രാപിക്കുന്നതിനെ വാമദേവ ഋഷിയുടെ കഥയിലൂടെ വിശദമാക്കുന്നു.
മൂന്നാമത്തെതില്‍ നാല് മന്ത്രങ്ങളേയുള്ളൂ. ഉപധികളോടു ചേര്‍ന്നുള്ള ചൈതന്യത്തെയാണോ വികാരമോ ഉപാധിയോ ഇല്ലാത്ത ജ്ഞാനശക്തിയെയാണോ സത്യാത്മാവായി ഉപാസിക്കേണ്ടതെന്നു സാധകര്‍ വിചാരം ചെയ്യുന്നു. മനസ്സ്, ബുദ്ധി, ഇന്ദ്രിയങ്ങള്‍ എന്നിവയ്ക്ക് പുറകിലുള്ള സച്ചിദാനന്ദ സ്വരൂപമായ പ്രജ്ഞാനമാണ് ആത്മാവെന്നു അവര്‍ സാക്ഷാത്കരിക്കുന്നു. ഉപാധിയോട് ചേര്‍ന്നിരിക്കുമ്പോള്‍ ത്വം പദമായ പ്രജ്ഞാനവും അല്ലാത്തപ്പോള്‍ തത്പദമായ ബ്രഹ്മത്തെയും കുറിച്ച് ഏകത്വത്തെ കാണിക്കുന്നു. പ്രജ്ഞാനം ബ്രഹ്മ എന്ന മഹാവാക്യത്തിലൂടെ ഏകത്വ സാക്ഷാത്കാരവും അമൃതത്വ പ്രാപ്തിയും പറഞ്ഞാണ് ഉപനിഷത്ത് സമാപിക്കുന്നത്.
ഐതരേയം എന്ന വാക്ക ്'ഇതര' എന്നതില്‍ നിന്നാണ് ഉണ്ടായതെന്ന് കരുതുന്നു. ബ്രാഹ്മണനു ഇതര സ്ത്രീയില്‍ ജനിച്ച മഹീദാസന് വെളിപ്പെട്ടതിനാലാണ് ഉപനിഷത്തിനു ഈ പേര് വന്നതത്രെ. മഹീദാസന്‍ എന്നാല്‍ ഭൂമിയുടെ ദാസന്‍ എന്നര്‍ത്ഥം. മണ്ണില്‍ പണിയെടുക്കുന്നവര്‍ എന്നോ മണ്‍ പാത്രം ഉണ്ടാക്കുന്നവരെന്നോ പറയാം. അവരുടെ ഇടയില്‍ നിന്നുമുയര്‍ന്ന ആത്മജ്ഞാനിയുടെ ദര്‍ശനമാണ് ഐതരേയം. ഈ കാണുന്ന അസത്യപ്രപഞ്ചത്തില്‍ നിന്നും ഇതരമായതാണ് ബ്രഹ്മമെന്നു നാം തിരിച്ചറിയണം. ബ്രഹ്മം തന്നെയാണ് പ്രപഞ്ചമായി മാറിയതെന്ന് പറഞ്ഞു തുടങ്ങി, പ്രപഞ്ചത്തിലെ ഓരോന്നിലും കുടികൊള്ളുന്ന പ്രജ്ഞാനമായി അതിനെ അറിഞ്ഞു ഏകത്വം കൈവരിക്കാന്‍ ഉപനിഷത്ത് ആഹ്വാനം ചെയ്യുന്നു. 

No comments: