Tuesday, January 01, 2019

ഐതരേയോപനിഷത്ത് 17
എല്ലാറ്റിനേയും നയിക്കുന്നതും നിലനിര്‍ത്തുന്നതും പ്രജ്ഞാനമെന്ന ബോധമാണ്. എല്ലാറ്റിന്റേയും ആധാരവും ആശ്രയവുമാണത്. ഓരോരുത്തരും അവരുടെ കാര്യങ്ങളെ ചെയ്യുന്നത് ഈ പ്രജ്ഞാനത്തിന്റെ ആശ്രയത്താലാണ്. ഇപ്രകാരം ആദ്ധ്യാത്മികവും ആധിഭൗതികവും ആധിദൈവികവുമായി പലവിധത്തില്‍ പ്രകാശിക്കുന്ന പ്രജ്ഞാനം തന്നെയാണ് ബ്രഹ്മം. ഉപാധികളൊന്നുമില്ലാത്ത അവസ്ഥയില്‍ ആ ബോധസ്വരൂപന്‍ നിരഞ്ജനവും നിര്‍മ്മലവും നിഷ്‌ക്രയവും ശാന്തവും ഏറ്റവും അദ്വയവും തുടങ്ങിയ വിശേഷണമുള്ള ബ്രഹ്മമെന്ന് അറിയപ്പെടുന്നു.
തത്പദത്തിന്റെ ലക്ഷ്യാര്‍ത്ഥമായി നിര്‍ണയം ചെയ്ത ബ്രഹ്മം പ്രജ്ഞയാകുന്ന ഉപാധിയോട് ചേരുമ്പോള്‍ സര്‍വജ്ഞനായ ഈശ്വരന്‍ ആകുന്നു. എല്ലാറ്റിന്റെയും ഉള്ളിലിരുന്ന് നിയന്താവാകുന്നതിനാല്‍ 'അന്തര്യാമി' എന്നും സമഷ്ടി ബുദ്ധിയെ താനെന്നഭിമാനിക്കുമ്പോല്‍ 'ഹിരണ്യഗര്‍ഭന്‍' എന്നും ആദ്യ ശരീരമെടുക്കുമ്പോള്‍ പ്രഥമജനായി വിരാട്, പ്രജാപതി എന്നുമൊക്കെ ഈ ബ്രഹ്മം തന്നെയാണ് അറിയപ്പെടുന്നത്. അഗ്നി മുതലായ ഉപാധികളോട് ചേര്‍ന്നിരിക്കുമ്പോള്‍ ദേവതകളായും മനുഷ്യന്‍ തുടങ്ങിയ ശരീരങ്ങളില്‍ ആ പേരിലും ആകുന്നത് ബ്രഹ്മം തന്നെയാണ്. ബ്രഹ്മാവ് മുതല്‍ ഏറ്റവും ചെറിയ അണുവരെ വിവിധ ഉപാധികളെകൊണ്ടെല്ലാം വേറെ വേറെയായി അറിയുന്നത് ഏകമായ ബ്രഹ്മമാണ്.
തത്, ത്വം പദങ്ങളുടെ ഏകത്വത്തെ കാണിക്കാനാണ് മഹാവാക്യമായ 'പ്രജ്ഞാനം ബ്രഹ്മ' പറഞ്ഞിരിക്കുന്നത്. 'പ്രജ്ഞാനം' ത്വം പദത്തേയും 'ബ്രഹ്മ' തത് പദത്തേയും കുറിക്കുന്നു. പ്രജ്ഞാനമാണ് ബ്രഹ്മം എന്ന് അറിയണം. അല്ലെങ്കില്‍ ആ ബ്രഹ്മം തന്നെയാണ് ബോധം അഥവാ പ്രജ്ഞാനമായിത്തീരുന്നത് എന്ന് മനസ്സിലാക്കണം.
ഇതേ ബ്രഹ്മത്തെ തന്നെയാണ് താര്‍ക്കികന്മാര്‍ പലതരത്തില്‍ പറയുന്നത് അഗ്നിയെന്നും പ്രജാപതിയെന്നും ഇന്ദ്രനെന്നും പ്രാണനെന്നും ശാശ്വതമായ ബ്രഹ്മമെന്നും ഇപ്രകാരം പറയുന്നുവെന്ന് സ്മൃതിയിലുണ്ട്. സ്വര്‍ണം തന്നെ വിവിധങ്ങളായ സ്വര്‍ണാഭരണങ്ങളായി മാറി. വള, കമ്മല്‍, മാല, മൂക്കുത്തി, മോതിരം എന്നിങ്ങനെ അറിയപ്പെടുന്നത്. അതുപോലെ സമുദ്രജലം തന്നെയാണ് തിരമാലയും നുരയും കുമിളയുമൊക്കെയായിത്തീര്‍ന്നത്. എല്ലാറ്റിലും നിറഞ്ഞുനില്‍ക്കുന്ന ആധാരമായ പൊതുഘടകം ഏകമായ ബ്രഹ്മം തന്നെ. അത് പ്രജ്ഞനമായി ബോധമായി ഒരുപോലെ സകലതിനേയും പ്രകാശിപ്പിക്കുന്നു.
സ ഏതേന പ്രജ്ഞേനാത്മനാസ്മാല്ലോകാ
ദുക്രമ്യ അമുഷ്മിന്‍
സ്വര്‍ഗ്ഗേ ലോകേ സര്‍വ്വാന്‍ കാമാനാപ്ത്വാമൃതഃ സമഭവത്
ബ്രഹ്മത്തെ അറിഞ്ഞയാള്‍ ഈ പ്രജ്ഞാനരൂപമായ ആത്മാവുകൊണ്ട് ഈ ലോകത്തുനിന്ന് ഉത്ക്രമിച്ച് എല്ലാ ആഗ്രഹങ്ങളേയും നേടി സ്വസ്വരൂപമാകുന്ന ലോകത്തില്‍ അമൃതത്വത്തെ നേടി.
മന്ത്രത്തിലെ 'സഃ' എന്നതുകൊണ്ട് വാമദേവ ഋഷിയേയോ ആത്മസാക്ഷാത്കാരം നേടിയ ഒരാളേയോ ആണ് ഉദ്ദേശിക്കുന്നത്. പ്രജ്ഞാനമാകുന്ന ആത്മസ്വരൂപത്തെ സാക്ഷാത്കരിച്ചാല്‍ പിന്നെ ദേഹത്തില്‍ ആത്മബുദ്ധി ഉണ്ടാകുകയില്ല. ദേഹാനുഭാവം വെടിയുന്നതിനെയാണ് 'അസ്മാത് ലോകാത് പ്രേത്യ' എന്നതുകൊണ്ട് അര്‍ത്ഥമാക്കിയത്. ലോക എന്നതിന് ദേഹം എന്ന് അര്‍ത്ഥമുണ്ട്. കര്‍മ്മഫലത്തിന്റെ അനുഭവത്തിനുള്ള ഉപകരണമെന്നും ദേഹത്തിനെ പറയാം. ആത്മജ്ഞാനം നേടുന്നയാള്‍ ദേഹാത്മഭാവത്തെവിട്ട് സ്വസ്വരൂപമായ ആത്മാവില്‍ സ്ഥിരമായി നിലകൊള്ളുന്നു. മരണമില്ലാത്തവനായിത്തീരുന്നു. അയാളുടെ എല്ലാ കാമനകളും പൂര്‍ത്തീകരിക്കുന്നു. ആത്മസ്വരൂപത്തെ കൈവരിച്ചയാള്‍ക്ക് എല്ലാം നേടാനാവും. ജനനമരണങ്ങളൊന്നും അവിടെയില്ല. തന്റെ യഥാര്‍ത്ഥ സ്വരൂപമായി മാറുന്നു.
'ഓം വാങ്‌മേ മനസി പ്രതിഷ്ഠിതാ.... എന്ന ശാന്തി മന്ത്രം തന്നെയാണ് ഐതരേയോപനിഷത്തിന്റെ അവസാന ഭാഗത്തും ശാന്തിമന്ത്രമായി ചേര്‍ത്തിരിക്കുന്നത്. പ്രജ്ഞാനമായിരിക്കുന്ന ബ്രഹ്മം നമ്മേയും ആചാര്യനെയും ഒരുപോലെ കാത്തുരക്ഷിക്കട്ടെ. വേദാന്തവിചാരംകൊണ്ട് അഹോരാത്രങ്ങളെ ഉപപയോഗപ്രദമാക്കാന്‍ സാധിക്കട്ടെ.
ഐതരേയ ഉപനിഷത്ത് അവസാനിച്ചു.janmabhumi

No comments: