Thursday, January 17, 2019

സര്‍വജ്ഞാനസാരമായ ഏകാഗ്രത കൂടാതെ ഒന്നും ചെയ്യാനാവില്ല. സാധാരണയായി മനുഷ്യന്‍ വിചാരശക്തിയുടെ തൊണ്ണൂറു ശതമാനം വെറുതെകളയുകയാണ്. അതുകൊണ്ട് അവന്‍ എപ്പോഴും തെറ്റുവരുത്തുന്നു. അഭ്യസ്തമനുഷ്യനോ മനസ്സോ ഒരിക്കലും തെറ്റുചെയ്യുന്നില്ല. മനസ്സിനെ ഏകാഗ്രമാക്കി അതിലേക്കുതന്നെ തിരിച്ചയച്ചാല്‍ നമ്മിലുള്ളതെല്ലാം നമ്മുടെ ഭൃത്യരാകും. നമ്മുടെ നാഥന്മാരാവില്ല. ഗ്രീക്കുകാര്‍ അവരുടെ ഏകാഗ്രത ബാഹ്യപ്രപഞ്ചത്തില്‍ പ്രയോഗിച്ചു. ഫലം കലയിലും സാഹിത്യത്തിലും മറ്റുമുള്ള സംസിദ്ധിയായിരുന്നു.
ഹിന്ദു അന്തര്‍ലോകത്തില്‍ ഏകാഗ്രമാക്കി, ആത്മാവിലുള്ള അദൃഷ്ടലോകങ്ങളില്‍ യോഗശാസ്ത്രത്തെ വികസിപ്പിക്കയും ചെയ്തു. ഇന്ദ്രിയങ്ങള്‍, ഇച്ഛ, മനസ്സ് ഇവയുടെമേലുള്ള നിയന്ത്രണമാണ് യോഗം. ഇതു പഠിച്ചാലുള്ള പ്രയോജനം നാം നിയന്ത്രിതരാകുന്നതിനുപകരം നിയന്ത്രിക്കാന്‍ പഠിക്കുമെന്നതാണ്. മനസ്സിന് പല തലങ്ങളുണ്ട്. നമ്മുടെ യഥാര്‍ഥലക്ഷ്യം നമ്മുടെ സത്തയുടേതായ ഈ തലങ്ങളെല്ലാം മുറിച്ചുകടന്ന് ഈശ്വരനെ കണ്ടെത്തലാണ്.
യോഗത്തിന്റെ അന്തവും ലക്ഷ്യവും ഈശ്വരസാക്ഷാല്‍കാരമാണ്. ഇതിനു നാം ആപേക്ഷികജ്ഞാനത്തെ അതിക്രമിക്കണം. ഇന്ദ്രിയലോകത്തെ അതിക്രമിക്കണം. ലോകം ഇന്ദ്രിയങ്ങളിലേക്കാണ് ഉണര്‍ന്നിരിക്കുന്നത്, ഈശ്വരസന്താനങ്ങളാകട്ടെ ആ തലത്തില്‍ ഉറക്കമാണ്. ലോകം ശാശ്വതതലത്തില്‍ ഉറക്കമാണ്. ഈശ്വരസന്താനങ്ങള്‍ അവിടെ ഉണര്‍ന്നിരിക്കയുമാണ്. ഇവരാണ് ഈശ്വരപുത്രന്മാര്‍. ഇന്ദ്രിയസംയമത്തിന് ഒറ്റ വഴിയേ ഉള്ളൂ. ജഗത്തിലെ ഏക പരമാര്‍ഥമായുള്ളവനെ ദര്‍ശിക്കുക. അപ്പോള്‍ മാത്രമേ നമുക്ക്  ഇന്ദ്രിയങ്ങളെ യഥാര്‍ഥമായി കീഴടക്കാനാവൂ.
ഏറെയേറെ ചുരുങ്ങിയ അതിര്‍ത്തികളില്‍ മനസ്സിനെ നിരോധിക്കയാണ് ഏകാഗ്രത. അങ്ങനെ മനസ്സിനെ നിരോധിക്കാന്‍ എട്ടു വഴിയുണ്ട്. ആദ്യത്തേതു യമം, ബാഹ്യവിവര്‍ജനംകൊണ്ടു മനസ്സിനെ നിരോധിക്കുക. സര്‍വസദാചാരവും ഇതിലടങ്ങി. തിന്മയൊന്നും ചെയ്യരുത്. ഒരു ജീവിയെയും ദ്രോഹിക്കരുത്. പന്തീരാണ്ട് ഒന്നിനെയും ഹിംസിക്കാതിരുന്നാല്‍ സിംഹങ്ങളും വ്യാഘ്രങ്ങളുംപോലും നിങ്ങളുടെ മുമ്പില്‍ വണങ്ങിപ്പോകും. സത്യനിഷ്ഠ ശീലിക്കുക.
മനസാ വാചാ കര്‍മണാ പന്ത്രണ്ടു കൊല്ലത്തെ സമ്പൂര്‍ണ സത്യനിഷ്ഠയുള്ളവന്‍ എന്തിച്ഛിക്കുന്നുവോ അതു കൈവരുന്നു. മനോവാക്കര്‍മങ്ങളില്‍ സുചരിതനാകുക, ചാരിത്ര്യമാണ് മതങ്ങളുടെയെല്ലാം ചുവട്. വ്യക്തിപരമായ പരിശുദ്ധി കൂടിയേ ഒക്കൂ. അടുത്തതു നിയമം. മനസ്സിനെ ഒരിടത്തേക്കും അലയാന്‍ വിടാതിരിക്കൂ. പിന്നെ ആസനം, ഇരിപ്പ്. എണ്‍പത്തിനാല് ആസനങ്ങളുണ്ട്. ഉത്തമം അവനവന്ന് ഏറ്റവും സ്വാഭാവികമായതാണ്. അതായത് ഏറ്റവും സുഖത്തോടെ ഏറ്റവും സ്വാഭാവികമായതാണ്. അതായത് ഏറ്റവും സുഖത്തോടെ ഏറ്റവും കൂടുതല്‍ നേരം നിലനി
ര്‍ത്താവുന്നത്. ഇതിനുശേഷം പ്രാണായാമമാണ്. ശ്വാസനിയന്ത്രണം. പിന്നെ പ്രത്യാഹാരം. വിഷയങ്ങളില്‍നിന്ന് ഇന്ദ്രിയങ്ങളെ ഉള്‍വലിക്കുക. അടുത്തതു ധാരണ, ഏകാഗ്രത, അനന്തരം ധ്യാനം അഥവാ ഏകതാനമായ ഭാവനം. (ഇതു യോഗദര്‍ശനത്തിന്റെ കാമ്പാണ്) അവസാനമായി സമാധി, ബോധാതീതം. ശരീരവും മനസ്സും എത്ര ശുദ്ധമാകുന്നുവോ അത്ര വേഗമാണ് ഉദ്ദിഷ്ടഫല പ്രാപ്തി. 
നിങ്ങള്‍ തികച്ചും ശുദ്ധമായിരിക്കണം. ദുര്‍വിഷയങ്ങളെ ചിന്തിക്കരുത്. അത്തരം ചിന്തകള്‍ നിങ്ങളെ തീര്‍ച്ചയായും വലിച്ചുതാഴ്ത്തും. തികച്ചും ശുദ്ധനായിരിക്കയും വിശ്വാസപൂര്‍വം അഭ്യസിക്കയും ചെയ്യാമെങ്കില്‍, ഒടുവില്‍, നിങ്ങളുടെ മനസ്സിനെ അനന്തശക്തിയുള്ള ഒരു ഗവേഷണ ദീപമാക്കാന്‍ കഴിയും. അതിന്റെ വ്യാപ്തിക്കതിര്‍ത്തിയില്ല.
പക്ഷേ സന്തതാഭ്യാസവും പ്രപഞ്ചവൈരാഗ്യവും വേണം. ഒരുവന്‍ ബോധാതീതാവസ്ഥയെ പ്രാപിക്കുമ്പോള്‍, ശരീരബോധം മുഴുവന്‍ അലിഞ്ഞുപോകുന്നു. അപ്പോഴേ അവന്‍ മുക്തനും അമൃതനുമാകുന്നുള്ളൂ. അബോധവും ബോധാതീതവും പുറംകാഴ്ചയ്‌ക്കൊക്കെ ഒരുപോലെയാണ്. പക്ഷേ, അവ തമ്മില്‍ മണ്‍കട്ടയ്ക്കും പൊന്‍കട്ടയ്ക്കുമുള്ള അന്തരമുണ്ട്. ഈശ്വരന്ന് സര്‍വാത്മസമര്‍പ്പണം ചെയ്തവന്‍ ബോധാതീതതലത്തെ പ്രാപിച്ചിരിക്കുന്നു.

No comments: