Friday, January 18, 2019

ദേഹങ്ങൾ ഉണ്ടാകും നശിക്കും, മൺകുടങ്ങളെ പോലെ. എപ്രകാരമാണോ കുടത്തിന്റെ നാശത്താൽ മണ്ണിനു നാശം സംഭവിക്കാത്തത് അതുപോലെ ശരീര നാശം സംഭവിക്കുമ്പോഴും ആത്മാവ് നശിക്കുന്നില്ല. നാം നശിക്കുന്ന  ശരീരമല്ല, നാശരഹിതനായ പരമാത്മാവിന്റെ അംശമായ ജീവാത്മാവാണ്.  ആയതിനാൽ പുത്രന്മാരുടെ മരണത്തിൽ ദുഃഖിയ്ക്കേണ്ട എന്ന് സാരം.

ഇപ്രകാരം ആത്മാവിന്റെ സ്വരൂപത്തെ അറിയാത്തവൻ  ദേഹബുദ്ധിയിൽ ജീവിക്കുന്നു. അതു കാരാണം ഞാൻ-നീ,
എന്റെത്-നിന്റെത് എന്നിങ്ങനെയുള്ള ഭേദബുദ്ധിയുണ്ടാകുന്നു. അതനുസരിച്ച് മനുഷ്യൻ കർമ്മം ചെയ്യുന്നു. കർമ്മഫലാനുസരണം വിവിധ ദേഹങ്ങളെടുത്ത് ജനിച്ചും മരിച്ചും ഈ സംസാര ചക്രത്തിൽ ഉഴറുന്നു.  പുത്രാദികൾ തന്റെതാണെന്നുള്ള  വിചാരമാണ് ഈ സംസാര ബന്ധനത്തിനുള്ള കാരണം.

ഇത്തരത്തിലുള്ള ആത്മജ്ഞാനത്താൽ ചിന്തിക്കുമ്പോൾ ഇവരാരും നിങ്ങളുടെ മക്കളുമല്ല, എന്നാൽ കൊല്ലപ്പെട്ടിട്ടുമില്ല. ആരുടേയും സുഖദുഃഖാദികൾക്ക് മറ്റാരും കാരണമല്ല. സ്വന്തം കർമ്മഫലങ്ങൾ തന്നെയാണ് കാരണം. എല്ലാവരും കർമ്മഫലത്തിന് കടപ്പെട്ടിരിക്കുന്നതിനാൽ ആ കർമ്മഫലങ്ങളെ അനുഭവിക്കുന്നു. ആയതിനാൽ നിങ്ങൾ ഇതിൽ ദുഃഖിക്കരുത്.

 സപ്തമ സ്കന്ധം തുടക്കത്തിൽ ഹിരണ്യകശിപുവും ഇത്തരം ഉപദേശങ്ങൾ അമ്മയ്ക്കും സഹോദര പത്നിക്കും കൊടുക്കുന്നത് കാണാം. ഇതൊന്നും അവർക്ക് ബാധകമല്ല എന്ന് മാത്രം !!

No comments: