Thursday, March 21, 2019

തൂലികാചിത്രം 11
പിറ്റേ ദിവസം നാരദൻ ഭഗവാനോട് പറഞ്ഞു: "കൃഷ്ണ , എനിക്ക് ദ്വാരക വിട്ട് പോകാൻ തോന്നുന്നില്ല. ബന്ധങ്ങളേയും ബന്ധനങ്ങളേയും പൊട്ടിച്ച് ആരെ പ്രാപിക്കാൻ എല്ലാ മുമുക്ഷുക്കളും ആഗ്രഹിക്കുന്നുവോ ആ ഭഗവാൻ തന്നെ കൺമുന്നിൽ നില്ക്കുമ്പോൾ ഇനി ഞാനെcങ്ങാട്ടു പോകും?"
കൃഷ്ണൻ പുഞ്ചിരി തൂകി പറഞ്ഞു: "മഹർഷേ, അങ്ങക്ക് മതിയാകുന്നതുവരെ പാർക്കാം. ഏത് പത്നീഗൃഹവും സന്ദർശിക്കാം. പക്ഷെ താമസിയാതെ ദ്വാരക കടലിൽ മുങ്ങും, യാദവന്മാർ നശിക്കും. ഞാൻ സ്വധാമത്തിലേക്ക് മടങ്ങും. അതിനു മുമ്പ് കാണേണ്ട ദൃശ്യങ്ങൾ ഒക്കെ കണ്ടോളൂ.
നാരദൻ പിന്നേയും നടന്നു. സൂര്യപുത്രിയായ കാളിന്ദിയുടെ മന്ദിരത്തിലെത്തി. തത്സമയം കാളിന്ദിയും കൃഷ്ണനും സൂര്യഭഗവാന്റെ ഏഴ് വെള്ളക്കുതിരകൾ വലിക്കുന്ന മനോഹരമായ സ്വർണ്ണത്തേരിൽ വന്നിറങ്ങി. ഭഗവാൻ ഭാര്യാഗൃഹത്തിൽ അഥവാ സൂര്യലോകത്തിൽ പോയതായിരുന്നുവത്രെ. സൂര്യ സാരഥിയായ അരുണൻ രഥത്തിലിരുന്ന് നാരദനെ വന്ദിച്ചു. പാവം അരുണന് അരക്ക് താഴെ വളർച്ചയില്ലല്ലോ? നാരദമുനി അരുണനെ അനുഗ്രഹിച്ചു. അരുണൻ എല്ലാവരോടും യാത്ര പറഞ്ഞ് പോയി.
ഭഗവാൻ നാരദമുനിയെ കാൽ കഴുകിച്ച് അകത്തക്കാനയിച്ചു. ആസനവും നൽകി , ദാഹം തീർക്കാൻ ഇളനീർ നൽകി. മഹർഷി വിശ്രമിക്കുമ്പോൾ ഭഗവാൻ പത്നിയെ സഹായിക്കാൻ അടുക്കളയിൽ കയറി. നാലഞ്ചു ദിവസം ഇല്ലാതിരുന്നതിനാൽ എല്ലാ ദിക്കിലും പൊടിയുണ്ട്. കാളിന്ദി മുറിയെല്ലാം അടിച്ചു തുടക്കുമ്പോൾ ഭഗവാൻ പച്ചക്കറികൾ കഴുകി, മുറിച്ചു. നാളികേരം പൊളിച്ച് ചിരകി വെച്ചു.. എന്തൊരു കൈ വേഗതയാണ് ഭഗവാന് ! അതൊക്കെ ശരിയാക്കി നാരദമുനിയോട് എന്ത് കറിയാണ് ഏറ്റവും ഇഷ്ടം എന്ന് ആരാഞ്ഞു. "മഹർഷേ, ഇന്ന് ഞാനാണ് പാചകം ചെയ്യുന്നത്. അങ്ങക്കിഷ്ടമുള്ളത് ചമയ്ക്കാം. മടി കൂടാതെ പറയൂ."
നാരദമുനി പറഞ്ഞു: " കൃഷ്ണ എനിക്ക് ഏറ്റവം പ്രിയം രാമയ്യൻ കറിയും, തൈരും, കായ പുരട്ടിയ ഉപ്പേരിയും, കയ്പക്ക കൊണ്ടാട്ടനും ആണ് . അതൊന്നും വേണമെന്നില്ല. കൃഷ്ണന്റെ കൈ കൊണ്ട് എന്തു നൽകിയാലും അത് എനിക്ക് പ്രിയം തന്നെ "
നാരദമുനി അർഥം വെച്ച്, ഒരു തമാശ കൂടി കൂട്ടിച്ചേർത്തു: "ഒരു കഷ്ണം ചീര ഭഗവാൻ ഭക്ഷിച്ചാലും എനിക്ക് പരിപൂർണ തൃപ്തിയാകും. ദുർവ്വാസാവിന്റേയും അസംഖ്യം ശിഷ്യന്മാരുടേയും വിശപ്പ് മാറ്റാൻ അത്ര മാത്രം മതിയായിരുന്നുവല്ലോ?"
കൃഷ്ണൻ നമ്മളെപ്പോലെ പൊട്ടിച്ചിരിച്ച്, (കൃഷ്ണൻ പൊട്ടിച്ചിരിക്കുന്നതും കരയുന്നതും ഒക്കെ വളരെ വളരെ ദുർലഭമാണ്. ഇന്ന് നാരദമുനിക്കും നമുക്കും ആ പൊട്ടിച്ചിരി കാണാനും കേൾക്കാനും ഭാഗ്യം ഉണ്ടായി! കൃഷ്ണ , മായക്കണ്ണ, ഈ ചിരി ശിഷ്ടന്മാർക്ക് ഹൃദയാകർഷകവും ദുഷ്ടന്മാർക്ക് ഹൃദയഭേദകവും ആക്കുന്ന മായ അതിശയം തന്നെ) അരുളിച്ചെയ്തു: "മഹർഷേ, ഇന്ന് എന്റെ കൈ കൊണ്ട് പാചകം ചെയ്തത് മഹർഷിക്ക് നൽകണമെന്നാണെന്റെ ഇച്ഛ. ഈ ഭക്ഷണം, നമ്മുടെ ഈ സംഭാഷണം ശ്രവിക്കുകയോ സ്മരിക്കുകയാ ചെയ്യുന്നവരുടെയൊക്കെ സംസാരവിശപ്പ് അടക്കട്ടെ! "
നമുക്ക് വാഴക്കുന്നത്തിനോടൊപ്പം പാടാം ..
ഏവമായ് വിദ്വേഷം വിട്ടു വിളങ്ങുന്ന
ദൈവത്തെക്കാണുമോ വേറെ നന്നായ്!
നാരദന് പ്രിയമേറിയ വിഭവങ്ങൾ എല്ലാം കൃഷ്ണനും പ്രിയം നിറഞ്ഞവ തന്നെ. എല്ലാം വേഗം ഉണ്ടാക്കി. കാളിന്ദി പാത്രങ്ങൾ കഴുകി, എല്ലാം ഒരുക്കി.
നാരദന് വിളമ്പിക്കൊടുത്ത് കൃഷ്ണനും കാളിന്ദിയും ഇരുന്നു. ഊണ് കഴിഞ്ഞ് കാളിന്ദി സൂര്യ cലാകത്തിൽ നിന്നും കൊണ്ടുവന്ന അതിവിശിഷ്ടമായ മധുര പലഹാരവും നൽകി.
ഭഗവാൻ എത നല്ല ആതിഥേയൻ ആണെന്ന് നാരദൻ ഓർത്തു. എല്ലാ ഉപചാരങ്ങളും ഔപചാരികമായല്ലാതെ ചെയ്യുന്നു. ഭൂcലാകത്തിലെ എല്ലാ ജനങ്ങൾക്കും ഒരു മാതൃകാ ഗൃഹസ്ഥൻ എങ്ങനെയായിരിക്കണമെന്ന് ജീവിച്ച് കാണിച്ചു കൊടുക്കുന്ന ഈശ്വരൻ വേറെയുണ്ടോ?
നാരദൻ യാത്ര പറയുന്നതിനു മുമ്പ് പലവുരു നമിച്ചു. ഞാനും ഓടിപ്പോയി ആ പാദപത്മങ്ങളെ കെട്ടിപ്പിടിച്ച് നമസ്ക്കരിച്ചു. കണ്ണീർ ധാരധാരയായി ഒഴുകി. ആ മാനസ ചോരൻ എന്റെ മനം കവർന്ന് ഓടിയൊളിച്ചു. അങ്ങനെ മനസ്സ് നഷ്ടപ്പെട്ടപ്പോൾ, എനിക്ക് സർവവും ലഭിച്ചതായി തോന്നി. നഷ്ടപ്പെടാൻ ഒന്നുമില്ലാതാക്കിത്തീർക്കുന്ന ഭഗവാനുമായുള്ള കച്ചവടം എപ്പാഴും ലാഭക്കച്ചവടം!.
savithri puram

No comments: