Thursday, March 14, 2019

ജീവിതത്തിൽ നമുക്ക് അവശ്യം വേണ്ടതായ മൂന്നു കാര്യങ്ങളുണ്ട് -അറിവ്, ആരോഗ്യം, സമ്പത്ത്. സമ്പത്തുണ്ടെങ്കിൽ എല്ലാമായി എന്നു നമ്മൾ ചിന്തിക്കുന്നു. എന്നാൽ, ആരോഗ്യം നഷ്ടപ്പെട്ടാലോ? ആരോഗ്യം ഉള്ളപ്പോൾ അതിന്റെ വില നമ്മൾ അറിയുന്നില്ല. ഇവ രണ്ടിനേക്കാളും പ്രധാനം അറിവാണെന്നു പറയാം. സമ്പത്തും ആരോഗ്യവുമുണ്ടായാലും അറിവില്ലെങ്കിൽ നമ്മൾ അവിവേകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. അത് നമ്മളെ നാശത്തിലേക്കു നയിക്കും. 
ഒരു വാക്കുമതി, മന്ത്രിസ്ഥാനം തന്നെ നഷ്ടമാകാം. 
രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടാം. അനേകായിരം ജനങ്ങൾക്ക് ജീവൻ നഷ്ടപ്പെടാം. അതിനാൽ വിവേകപൂർണമായ അറിവാണ് ഏറ്റവും പ്രധാനം. 

സമ്പത്തും ആരോഗ്യവും നഷ്ടമായാലും 
ജീവിതം എത്രമാത്രം യാതനകൾ നിറഞ്ഞതായിത്തീർന്നാലും 
നമുക്ക് ശരിയായ അറിവുണ്ടെങ്കിൽ ആ പ്രതിസന്ധികളെയെല്ലാം 
സന്തോഷപൂർവം നേരിടാൻ കഴിയും. 
.
ഒരു രാജ്യത്ത് ധർമിഷ്ഠനായ ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം തന്റെ പ്രജകളെ സ്വന്തം മക്കളെന്നപോലെ സ്നേഹിക്കുകയും എല്ലാവരെയും ഒരുപോലെ സംരക്ഷിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ സദ്ഗുണങ്ങൾ കാരണം പ്രജകളെല്ലാം അദ്ദേഹത്തെ അത്യന്തം സ്നേഹിക്കുകയും ഈശ്വരതുല്യം ആരാധിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കീർത്തി സകലദിക്കുകളിലും പരന്നു. ഇതിൽ അസൂയപൂണ്ട അയൽരാജ്യങ്ങളിലെ രാജാക്കന്മാരെല്ലാം ഒത്തുചേർന്ന് അദ്ദേഹത്തെ എങ്ങനെയെങ്കിലും നശിപ്പിക്കാനുള്ള പദ്ധതികൾ ആസൂത്രണംചെയ്തു. അവർ പണം കൊടുത്തും സ്ഥാനമാനങ്ങൾ വാഗ്ദാനംചെയ്തും ആ രാജാവിന്റെ മന്ത്രിയെ പാട്ടിലാക്കി. മന്ത്രിയുടെ സഹായത്തോടെ അവർ ആ രാജ്യത്തെ പെട്ടെന്നൊരു ദിവസം ആക്രമിച്ച് കീഴ്പ്പെടുത്തി രാജാവിനെ തടങ്കലിലിട്ടു. ജയിലിൽ പ്രത്യേക പരിഗണനകളൊന്നും നൽകാതെ അദ്ദേഹത്തിനെ സാധാരണ തടവുപുള്ളികളുടെ കൂട്ടത്തിൽ പാർപ്പിച്ചു. അവിടെയും അദ്ദേഹം യാതൊരു മനഃപ്രയാസവുമില്ലാതെ തികച്ചും സന്തോഷത്തോടെ കഴിഞ്ഞു. ഇതുകണ്ട് ശത്രുരാജാക്കന്മാർക്ക് നിരാശയായി. അവർ അദ്ദേഹത്തോടു ചോദിച്ചു: അധികാരവും സമ്പത്തും നഷ്ടമായിട്ടും തടവിൽ കിടന്നിട്ടും അതൊന്നും നിങ്ങളെ അല്പംപോലും ബാധിക്കാത്തതെന്താണ്? രാജാവ് പറഞ്ഞു: എന്നെ യുദ്ധത്തിൽ തോൽപ്പിക്കാനും തടവിലിടാനും പീഡിപ്പിക്കാനും മാത്രമേ നിങ്ങൾക്കു സാധിക്കൂ. എന്നാൽ, ഞാൻ ദുഃഖിക്കണോ സന്തോഷിക്കണോ എന്നത് എന്റെ സ്വാതന്ത്ര്യമാണ്. കാരണം എല്ലാ ദുഃഖങ്ങളെയും നിസ്സാരമാക്കാൻ സഹായിക്കുന്ന ഉത്തമമായ അറിവ് ഞാൻ നേടിയിരിക്കുന്നു. ഞാൻ ആരെന്നും ലോകത്തിന്റെ സ്വഭാവമെന്തെന്നും എനിക്കറിയാം. അതിലൂടെ എന്റെ മനസ്സിനെ ഞാൻ പൂർണമായും എന്റെ നിയന്ത്രണത്തിലാക്കിയിരുന്നു. അക്കാര്യത്തിൽ നിങ്ങൾക്കൊന്നും ചെയ്യാനാവില്ല.
തന്റെ യഥാർഥ സ്വരൂപം എന്താണെന്നും ഈ ലോകത്തിന്റെ സ്വഭാവം എന്താണെന്നുമുള്ള അറിവാണ് നമ്മൾ ആദ്യമായി നേടേണ്ടത്. ഈ അറിവ് നേടിക്കഴിഞ്ഞാൽ ഏതു സാഹചര്യത്തെയും അതിജീവിക്കാൻ നമുക്കു സാധിക്കും.

No comments: