നാം ഉറക്കത്തില്‍നിന്നു മടങ്ങിയെത്തുമ്പോള്‍ അതേ പഴയ മനുഷ്യന് – ഉറങ്ങാന്‍ പോയ ആള് – തന്നെ. ഉറങ്ങാന്‍ പോകുന്നതിനുമുമ്പ് ഉണ്ടായിരുന്ന അറിവിന്റെ ആകെത്തുക ഉണര്‍ന്നപ്പോഴും അങ്ങനെതന്നെ: ഒട്ടും കൂടുതലില്ല. ജ്ഞാനപ്രകാശം വീശുന്നില്ല. എന്നാല്‍, സമാധിയിലാണു പോകുന്നതെങ്കില്‍ മൂഢനായി അകത്തു പോയവന് ജ്ഞാനിയായി പുറത്തു വരും.
ഈ വ്യത്യാസത്തിനു കാരണമെന്ത്? ഒരവസ്ഥയില്‍നിന്നു മടങ്ങിവരുമ്പോള്‍ മനുഷ്യന് പോയതുപോലെതന്നെയായിരിക്കുന്നു. മറ്റേ അവസ്ഥയില്‍നിന്നു മടങ്ങിവരുമ്പോള്‍ പ്രബുദ്ധനായിരിക്കുന്നു, ഋഷിയോ ജഗദ്ഗുരുവോ മഹാത്മാവോ ആയിരിക്കുന്നു. അയാളുടെ സ്വഭാവം മുഴുവനും മാറിയിരിക്കുന്നു: ജീവിതം ആകെ മാറി, അയാളില്‍ അറിവു വിളങ്ങുന്നു: ഇതാണു രണ്ടുതരം ഫലങ്ങള്‍. ഫലങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കെ, ഹേതുക്കളും വ്യത്യസ്തങ്ങളായിരിക്കണം. സമാധിയില്‍നിന്നു മടങ്ങുമ്പോള്‍ കിട്ടിക്കാണുന്ന ബോധം അബോധാവസ്ഥയില്നിന്നോ ബോധാവസ്ഥയിലെ യുക്തിവിചാരംകൊണ്ടോ കിട്ടാവുന്നതിനെക്കാള്‍ വളരെ ഉയര്ന്നതായതുകൊണ്ടു സമാധി ബോധാവസ്ഥയെ അതിക്രമിച്ചതായിരിക്കണം: അതുകൊണ്ടത്രേ സമാധിയെ ബോധാതീതാവസ്ഥ എന്നു പറയുന്നത്.
ചുരുക്കത്തില്‍, ഇതാണു സമാധി. അതുകൊണ്ടെന്തു പ്രയോജനം? ഇതാ ഇവിടെയാണ്; യുക്തിവിചാരത്തിന്റെ, അല്ലെങ്കില്‍ മനസ്സിന്റെ സബോധ വ്യാപാരത്തിന്റെ മണ്ഡലം ഇടുങ്ങിയതും പരിമിതവുമാണ്. മനുഷ്യബുദ്ധിക്ക് ഒരു ചെറിയ വട്ടത്തില്‍ കിടന്നു ചുറ്റേണ്ടിയിരിക്കുന്നു. അതിനപ്പുറം കടന്നുകൂടാ. അതിനെ അതിക്രമിക്കാനുള്ള ഓരോ പ്രയത്നവും നിഷ്ഫലം. എങ്കിലും ആ പരിധിക്കപ്പുറത്താണുതാനും മനുഷ്യലോകത്തിന് ഏറ്റവും പ്രിയപ്പെട്ടതു മുഴുവനും. (എനിക്കു) മരിക്കാത്ത ഒരാത്മാവുണ്ടോ? ഈശ്വരനുണ്ടോ? ഈ ജഗത്തിനെ നയിക്കുന്ന ഒരു പരമബുദ്ധിയുണ്ടോ, ഇല്ലയോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളെല്ലാം യുക്തിവിചാരത്തിന്റെ പരിധിയെ കടന്നുനില്ക്കുന്നു. ഈ ചോദ്യങ്ങള്‍ക്കു മറുപടി തരാന്‍ യുക്തി വിചാരത്തിന് ഒരു കാലത്തും സാദ്ധ്യമല്ല. എന്താണു യുക്തി പറയുന്നതെന്നോ; ‘അറിയാന്‍ വയ്യ: ഉണ്ടെന്നോ ഇല്ലെന്നോ ഞാനറിയുന്നില്ല’ എന്നാണ്. എങ്കിലും ഈ ചോദ്യങ്ങള്‍ നമുക്ക് അതിപ്രധാനമാണ്. ഇവയ്ക്കു ശരിയായ സമാധാനം കിട്ടാഞ്ഞാല്‍ മനുഷ്യ ജീവിതം നിഷ്പ്രയോജനമാകും. നമ്മുടെ എല്ലാ സദാചാര സിദ്ധാന്തങ്ങളും എല്ലാ ധര്മ്മഭാവങ്ങളും, എന്നുവേണ്ട മനുഷ്യ പ്രകൃതിയില്‍ നല്ലതും വലിയതുമായതെല്ലാം ഈ പരിധിക്കപ്പുറത്തുനിന്നു സിദ്ധിച്ച സമാധാനങ്ങളുടെ ബലത്തിലാണു നിലകൊള്ളുന്നത്. അതുകൊണ്ട് ഈ ചോദ്യങ്ങള്‍ക്കു തക്ക സമാധാനമുണ്ടാകേണ്ടതു തുലോം പ്രധാനത്രേ.
ഈ ജീവിതം ഒരു കൊച്ചു നാടകം മാത്രമാണെങ്കില്‍, ജഗത്തു പരമാണുക്കളുടെ ഒരു യാദൃച്ഛികസംയോഗം മാത്രമാണെങ്കില്‍, ഞാന്‍ എന്തിനു പരോപകാരം ചെയ്യണം? കാരുണ്യമെന്തിന്? നീതിയും സമസൃഷ്ടിസ്നേഹവുമെന്തിന്? ഈ ലോകത്തില്‍ ഏറ്റവും നല്ല കാര്യം തഞ്ചം കിട്ടുമ്പോള്‍ സഞ്ചി നിറയ്ക്കുകതന്നെ: എനിക്കെന്റെ കാര്യം ഒന്നും ആശിക്കാനില്ലെങ്കില് ഞാന്‍ എന്റെ സഹോദരനെ എന്തിനു സ്നേഹിക്കണം? എന്തുകൊണ്ടവന്റെ കഴുത്തറുത്തുകൂടാ? ഇതിനപ്പുറം ഒന്നുമില്ലെങ്കില്‍, സ്വാതന്ത്ര്യമില്ലെങ്കില്‍, ചത്തു മരവിച്ച ചില നിയമങ്ങളേ ഉള്ളുവെങ്കില്‍ ഇവിടെത്തന്നെ കഴിയുന്നത്ര സുഖിക്കാനേ ഞാന്‍ പരിശ്രമിക്കാവൂ. പ്രയോജനമാണു ധര്‍മ്മാചരണത്തിന്നടിസ്ഥാനം എന്ന് ഈയിടെ ചിലര്‍ പറയുന്നതു കേള്‍ക്കാം. എന്താണീ അടിസ്ഥാനം? ഭൂരിപക്ഷഭൂരിസുഖം; ഏറ്റവുമധികം ആളുകള്‍ക്ക് ഏറ്റവുമധികം സുഖം സമ്പാദിക്കുക. അതു ചെയ്യാന്‍ എനിക്കെന്തു ചുമതല? ഭൂരിപക്ഷത്തിനു ഭൂരിദുഃഖം ഉണ്ടായാല്‍ എന്റെ കാര്യം സാധിക്കാമെങ്കില്‍ ഞാന്‍ എന്തിന് അങ്ങനെ ചെയ്യാതിരിക്കണം? പ്രയോജനവാദികള്‍ ഇതിനെന്തു സമാധാനം പറയും? ഏതു ശരി, ഏതു തെറ്റ് എന്നു നിങ്ങള്‍ എങ്ങനെ നിശ്ചയിക്കും? എന്നെ പ്രേരിപ്പിക്കുന്നതു സുഖേച്ഛ: ഞാന്‍ സുഖം സമ്പാദിക്കുന്നു. അതെന്റെ സ്വഭാവം, അതിനപ്പുറം എനിക്കൊന്നും അറിഞ്ഞുകൂടാ. എനിക്ക് ഈ ആഗ്രഹങ്ങളുണ്ട്: അവ നിറവേറ്റുകയും വേണം. നിങ്ങള്‍ എന്തിന് ആവലാതിപ്പെടുന്നു? മനുഷ്യജീവിതം, ധര്‍മ്മാചരണം, അമൃതമായ ആത്മാവ്, ഈശ്വരന്, സ്നേഹം, അനുകമ്പ, നന്മ ഇവയെപ്പറ്റിയും സര്‍വ്വോപരി നിഃസ്വാര്ത്ഥതയെപ്പറ്റിയുമുള്ള തത്ത്വങ്ങള്‍ എവിടെനിന്നു കിട്ടി?
[വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം II രാജയോഗം. അദ്ധ്യായം 7. പേജ് 220-222]
No comments:
Post a Comment