അതു ഞാനല്ല, ഇതു ഞാനല്ല എന്നു നിഷേധിച്ച് ഒടുവില്‍ തള്ളുവാന്‍ തരമില്ലാതെ തനിയേ ശേഷിക്കുന്ന 'അറിവാ'കുന്നു ഞാന്‍. 'സച്ചിദാനന്ദ'മാണ് അറിവിന്റെ സ്വരൂപം. ദൃശ്യമായ ജഗത്തില്ലാതാകുമ്പോള് ദൃക്കായ സ്വരൂപദര്‍ശനമുണ്ടാകും. ജഗത്തുണ്ടെന്നു തോന്നുമ്പോള്‍ സ്വരൂപദര്ശനമുണ്ടാവില്ല.
രജ്ജുവും സര്‍പ്പവും പോലെയാണ് ദൃക്കും ദൃശ്യവും. കല്പിതമായ സര്‍പ്പജ്ഞാനം പോകാതെ തദധിഷ്ഠാനമായ രജ്ജുജ്ഞാനം ഉണ്ടാകില്ല. കല്പിതമായ ജഗല്‍ഭ്രാന്തി നശിച്ചല്ലാതെ അധിഷ്ഠാനമായ സ്വരൂപദര്‍ശനം ഉണ്ടാകില്ല.
സകലജ്ഞാനത്തിനും സകല കര്‍മത്തിനും മൂലമായ മനസ്സ് അടങ്ങിയാല്‍ ജഗത്ത് മറയും. ആത്മസ്വരൂപത്തിലുള്ള ഒരു അതിശയ ശക്തിയാണ് മനസ്സ്. സകല വിചാരങ്ങളേയും അത് സങ്കല്പിക്കുന്നു. വിചാരങ്ങളെല്ലാം നീക്കി നോക്കിയാല്‍ മനസ്സെന്നു പ്രത്യേകിച്ചൊരു പദാര്‍ഥമില്ല. അതു കൊണ്ട് മനസ്സിന്റെ സ്വരൂപം വിചാരം തന്നെ.
സങ്കല്പമാത്രങ്ങളല്ലാതെ ജഗത്തെന്നു വേറെ ഒരു പദാര്‍ഥമില്ല. ഉറക്കത്തില്‍ വിചാരങ്ങളില്ല, ജഗത്തുമില്ല. ജാഗ്രല്‍സ്വപ്നങ്ങളില്‍ വിചാരങ്ങളും ജഗത്തുമുണ്ട്. എട്ടുകാലി തന്നില്‍ നിന്നുണ്ടായ നൂല്‍നൂറ്റ് വീണ്ടും അത് തന്നില്‍ പ്രതിസംഹരിക്കുന്നതു പോലെ മനസ്സും തന്നില്‍നിന്നും പ്രപഞ്ചത്തെ തോന്നിപ്പിച്ച് വീണ്ടും തന്നില്‍ത്തന്നെ ഒതുക്കുന്നു. മനസ്സ് ആത്മസ്വരൂപത്തില്‍ നിന്ന് പുറത്തു വരുമ്പോഴാണ് ജഗത്ത് ഭാസിക്കുന്നത്. അതുകൊണ്ട് ജഗല്‍ഭ്രമമുള്ളപ്പോള്‍ സ്വരൂപജ്ഞാനമുണ്ടാവില്ല. സ്വരൂപം പ്രകാശിക്കുമ്പോള്‍ ജഗല്‍പ്രകാശവുമില്ല.
remna maharshi
No comments:
Post a Comment