Saturday, March 09, 2019

വേദാന്തം സകലമനുഷ്യരേയും ഉപദേശിക്കുന്നതിങ്ങനെയാണ്:
നീ ഈ അനന്തമായ വിശ്വാത്മാവുതന്നെ. അതിനാല്‍ എല്ലാ ആത്മാക്കളും നിന്റെ ആത്മാവുതന്നെ. കാണപ്പെടുന്ന എല്ലാ ശരീരങ്ങളും നിന്റെ ശരീരംതന്നെ. ആരെയെങ്കിലും പീഡിപ്പിക്കുന്നതു നിന്നെത്തന്നെ പീഡിപ്പിക്കുകയത്രേ. ആരെയെങ്കിലും സ്നേഹിക്കുമ്പോള്‍ നിന്നെത്തന്നെയാണ് സ്നേഹിക്കുന്നത്. ഒരു വിദ്വേഷവീചി വെളിയിലേക്കു വിടുമ്പോള്‍, അതു മറ്റാരെയെല്ലാം ഉപദ്രവിച്ചാലും ശരി, നിന്നെയും ഉപദ്രവിക്കും. സ്നേഹമാണ് നിന്നില്‍ നിന്നു പുറപ്പെടുന്നതെങ്കില്‍, അതും നിന്നിലേക്കു തിരിച്ചുവരും. എന്തെന്നാല്‍, ഞാന്‍ ഈ ജഗത്താണ്. ജഗത്ത് എന്റെ ശരീരമാണ്. ഞാന്‍ അനന്തമായ ബ്രഹ്മംതന്നെ. അപ്പോള്‍ ഞാനതിനെപ്പറ്റി ബോധവാനല്ലെന്നുമാത്രം. എന്നാല്‍, ഞാന്‍ ആനന്ത്യത്തിന്റെ ബോധം കൈവരുവാന്‍ ആയാസപ്പെടുകയാണ്, അതു സിദ്ധിക്കുന്നതോടെ ഞാന്‍ പൂര്‍ണ്ണതയടയുകയും ചെയ്യും.
മതചിന്തകളില്‍ ഇപ്പോഴുള്ള അനന്തവൈവിധ്യം നാം അനുവദിക്കേണ്ടതാണെന്നും എല്ലാവരേയും ഒരേ അഭിപ്രായക്കാരാക്കാന്‍ ശ്രമിക്കുന്നത് ആശാസ്യമല്ലെന്നും ലക്ഷ്യം ഒന്നായിരിക്കുന്നതു മതിയാകുമെന്നുമുള്ളതു വേദാന്തത്തിന്റെ മറ്റൊരാശയവിശേഷമത്രേ. വേദാന്തി, തന്റെ കാവ്യമയമായ ഭാഷയില്‍ പറയുന്നതാണിത്: ‘അനേകം നദികള്‍ പല പര്‍വ്വതങ്ങളില്‍നിന്നുദ്ഭവിച്ച്, നേരെയോ വളഞ്ഞോ ഒഴുകി, ഒടുവില്‍ സമുദ്രത്തില്‍ ചെന്നുചേരുംപോലെ, ഈ വിഭിന്നമതങ്ങളും മതവിശ്വാസങ്ങളുമെല്ലാം വിവിധങ്ങളായ വീക്ഷണകോടികളില്‍നിന്നുളവായി ഋജുവോ വക്രമോ ആയ ഗതിയവലംബിച്ച് അവസാനം അങ്ങയില്‍ത്തന്നെ വന്നെത്തുന്നു.’
ഈ ആശയത്തിന്റെ ഒരു പ്രകാശനമെന്ന നിലയില്‍, ലോകത്തിലെ ആദ്യത്തെ മിഷനറിമതമായ ബുദ്ധമതത്തില്‍, അതിപുരാതനമായ ഈ തത്ത്വശാസ്ത്രത്തിന്റെ പ്രത്യക്ഷമായ പ്രഭാവവും പ്രചോദനവും കാണുന്നു. അതിനുപുറമേ, അലക്സാണ്ഡ്രിയക്കാര്‍, ഗ്നോസ്റ്റിക്കുകള്‍, മധ്യമകാലങ്ങളിലെ യൂറോപ്യന്‍ തത്ത്വശാസ്ത്രജ്ഞന്മാര്‍ എന്നിവരിലൂടെ അതു ക്രിസ്തുമതത്തെ പരോക്ഷമായി പ്രചോദിപ്പിച്ചതായും നമുക്കറിയാം. പിന്നീടതു ജര്‍മ്മന്‍കാരുടെ ചിന്താഗതിയില്‍ പ്രഭാവം ചെലുത്തി, തദ്ദ്വാരാ തത്ത്വശാസ്ത്രജ്ഞന്റെയും മനശ്ശാസ്ത്രത്തിന്റെയും മണ്ഡലങ്ങളില്‍ ഏതാണ്ടൊരു വിപ്ളവംതന്നെ വരുത്തിയിട്ടുണ്ട്. എന്നാല്‍ അത് ഈ പ്രഭാവമെല്ലാം ലോകത്തിന്റെമേല്‍ പ്രയോഗിച്ചതു മിക്കവാറും പരോക്ഷമായിട്ടാണ്. രാത്രിയിലെ ഹിമകണങ്ങളുടെ പൊഴിയല്‍ സമസ്തസസ്യങ്ങള്‍ക്കും ജീവശക്തി നല്‍കുംപോെലയാണ്, ദിവ്യമായ ഈ ആദ്ധ്യാത്മികദര്‍ശനം മനുഷ്യമംഗളത്തിനായി ലോകമെങ്ങും പ്രചരിച്ചത്. ഈ മതത്തിന്റെ പ്രചാരണത്തിനായി പട്ടാളങ്ങള്‍ മാര്‍ച്ചു ചെയ്തിട്ടില്ല. ലോകത്തിലെ വലിയ മിഷനറിമതങ്ങളിലൊന്നായ ബുദ്ധമതത്തെസ്സംബന്ധിച്ചുള്ള അശോചക്രവര്‍ത്തിയുടെ ശിലാലിഖിതങ്ങള്‍-അലക്സാണ്ഡ്രിയ, പേഴ്സ്യ, ചൈന മുതലായി അന്നത്തെ നാഗരികഭൂപ്രദേശങ്ങളിലേയ്ക്കെല്ലാം മിഷനറിമാരെ അയച്ചിരുന്നതയി രേഖപ്പെടുത്തുന്ന ലിഖിതങ്ങള്‍-ഇന്നും അവശേഷിക്കുന്നു. ക്രിസ്തുവിനു മൂന്നു നൂറ്റാണ്ടുമുമ്പ് മറ്റു മതങ്ങളെ ദുഷിച്ചു സംസാരിക്കരുതെന്ന നിര്‍ദ്ദേശം ആ മിഷനറിമാര്‍ക്ക് നല്‍കപ്പെട്ടു: ‘എല്ലാ മതങ്ങളുടേയും, അവ എവിടെയുള്ളതായാലും ശരി, അടിസ്ഥാനം ഒന്നുതന്നെ. നിങ്ങള്‍ കഴിവുള്ളിടത്തോളം അവരെ സഹായിക്കുക. നിങ്ങള്‍ക്കു കഴിയുന്നതെല്ലാം അവരെ പഠിപ്പിക്കുക. എന്നാല്‍, അവരെ ദ്രോഹിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.’
അങ്ങനെ, ഭാരതത്തില്‍ ഹിന്ദുക്കളുടെ പക്കല്‍നിന്നു മതപീഡനമെന്നതുണ്ടായിട്ടില്ല. എന്നല്ല, ലോകത്തിലെ എല്ലാ മതങ്ങളോടും അവര്‍ അത്ഭുതാവഹമായ ആദരവും കാണിച്ചു. സ്വദേശത്തുനിന്നു ബഹിഷ്കൃതരായ ഏതാനും യഹൂദന്മാര്‍ക്ക് അവര്‍ അഭയം നല്‍കി. തല്‍ഫലമായി ഇന്നും മലബാറില്‍ ആ ജൂതന്മാര്‍ ജീവിക്കുന്നു. മറ്റൊരു കാലഘട്ടത്തില്‍, പേഴ്സ്യക്കാര്‍ മിക്കവാറും നാമാവശേഷമാക്കപ്പെട്ടപ്പോള്‍, അവരുടെ കൂട്ടത്തില്‍ ശേഷിച്ചവര്‍ക്ക് ഹിന്ദുക്കള്‍ സ്വാഗതം നല്‍കി. ബോംബെ സംസ്ഥാനത്തിലെ പാഴ്സി സമുദായമായി ഇന്നും നിലനില്‍ക്കുന്ന അവരുടെ സന്താനങ്ങള്‍ ഞങ്ങളുടെ ഒരംശമായി ഇന്നും നിലനില്‍ക്കുന്ന അവരുടെ സന്താനങ്ങള്‍, ഞങ്ങളുടെ ഒരംശമായി ഞങ്ങളാല്‍ സ്നേഹിക്കപ്പെട്ടുകഴിയുന്നു. ക്രിസ്തുശിഷ്യനായ സെന്റ് തോമസ്സിന്റെ കൂടെ വന്നവരെന്നഭിമാനിക്കുന്ന ക്രിസ്ത്യാനികളുണ്ടായിരുന്നു. ഭാരതത്തില്‍ പാര്‍പ്പാക്കി സ്വമതം പിന്തുടര്‍ന്നു കൊള്ളാന്‍ അവരും അനുവദിക്കപ്പെട്ടു. അവരൊരു സംഘം വേറിട്ട് ഇന്നും ഭാരതത്തില്‍ പാര്‍ത്തുവരുന്നു. ഈ സഹിഷ്ണുതാമനോഭാവം ഇപ്പോഴും നിലനില്‍ക്കുന്നു. അവിടെ അതു നശിക്കില്ല. നശിക്കുക സാദ്ധ്യമല്ല.
വേദാന്തത്തിനു പഠിപ്പിക്കാനുള്ള മഹത്തായ പാഠങ്ങളിലെന്നാണിത്. ബോധപൂര്‍വ്വമോ അല്ലാതെയോ നാമെല്ലാവരും ഒരേ ലക്ഷ്യം പ്രാപിക്കാന്‍ യത്നിച്ചുവരികയാണെന്ന് അറിഞ്ഞിരിക്കെ, നാമെന്തിന് അക്ഷമ കാണിക്കുന്നു? ഒരുവന്റെ ഗതി മറ്റൊരുവനെ അപേക്ഷിച്ച് അല്പം മന്ദമാണെങ്കില്‍, നാം അതില്‍ അക്ഷമരാകേണ്ട, അയളെ ശപിക്കുകയോ ശകാരിക്കുകയോ ചെയ്യേണ്ട. നമ്മുടെ ബുദ്ധി തെളിയുകയും ഹൃദയം നിര്‍മ്മലമാവുകയും ചെയ്യുമ്പോള്‍, ഏകരൂപമായ ഈശ്വരശക്തിയുടെ പ്രവര്‍ത്തനം, ഓരോ ഹൃദയത്തിലും ഒരേ ഈശ്വരചൈതന്യത്തിന്റെ വികാസം, പ്രകടമായിക്കൊള്ളും. അപ്പോഴെ നമുക്കു മനുഷ്യസഹോദര്യത്തിലെത്തിയതായി അവകാശപ്പെടാവൂ.
മനുഷ്യന്‍ പരമോത്കൃഷ്ടാവസ്ഥയിലെത്തുമ്പോള്‍, പുരുഷന്‍, സ്ത്രീ, ജാതി, മതം, നിറം, കുലം ഇത്യാദി ഭേദഭാവനകളെയെല്ലാം അതിക്രമിച്ച് അവയൊന്നും കാണാത്തവനായി, എല്ലാ മനുഷ്യരിലേയും യഥാര്‍ത്ഥപുരുഷനായ ഈശ്വരത്വത്തെ കണ്ടെത്തുമ്പോള്‍ മാത്രമേ അയാള്‍ സാര്‍വ്വജനീനമായ സാഹോദര്യത്തിലെത്തിയതായി പറഞ്ഞുകൂടൂ-അത്തരമൊരുവനെ മാത്രമേ വേദാന്തിയെന്നു പറയാനും പാടുള്ളൂ.
ഇവയാണ് വേദാന്തത്തിന്റെ ചരിത്രപരമായ ചില പ്രായോഗികഫലങ്ങള്‍.
swami vivekanandan 

No comments: