Sunday, March 03, 2019

 മാഘമാസത്തില്‍ വരും കൃഷ്ണയാം ചതുര്‍ദശി''യാണ് ഭാരതീയര്‍ ശിവരാത്രിയായി ആഘോഷിക്കുന്നത്. ഉണര്‍വിന്റെ ഈ ആഘോഷാനുഷ്ഠാനങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ടത് ഇത്തരം ആദ്ധ്യാത്മികാഘോഷങ്ങളുടെയും വ്രതചര്യകളുടെയും നാള്‍വഴി കുറിച്ച നമ്മുടെ ആചാര്യ പരമ്പരയാണ്. ഭക്തിക്കൊപ്പം തന്നെ ഭൗതികജീവിതചര്യകളുടെ പ്രായോഗിക പഠനവും, വ്യക്തിവികസനത്തിന്റെ ബഹുമുഖതത്വചിന്തകളും സമന്വയിപ്പിച്ച് ഭാരതത്തിന്റെ ആചരണ വിസ്മയങ്ങള്‍ ഒരുക്കിയ ആ മനീഷകളെ പ്രണമിക്കാം.
ഈശ്വര കേന്ദ്രീകൃതമായ ജീവിതശൈലിയുടെ ഭൗതികപ്രസക്തി വായിച്ചെടുക്കുമ്പോഴാണ്, മതവും ശാസ്ത്രവും രണ്ടല്ലാതെ കണ്ട ഭാരതസംസ്‌കാരത്തിന്റെ ജീവിതക്കാഴ്ചയുടെ സമ്പൂര്‍ണത വ്യക്തമാകുന്നത്. മാഘമാസ കൃഷ്ണപക്ഷ ചതുര്‍ദ്ദശി പിതൃബലിക്കായി നിശ്ചയിക്കപ്പെട്ട അമാവാസിയുടെ (കറുത്തരാവിന്റെ?!) മുന്‍ദിനമാണ്. ''മാ അഘം'' എന്ന് മാഘത്തെ പിരിച്ചെഴുതാമെങ്കില്‍, ''അഘം (പാപം) അരുത്'' എന്നൊരു സന്ദേശം മാഘമാസത്തോടു ചേര്‍ത്തുവക്കാം. പാപം വിഷമാണ്; ഇരുളാണ്; തിന്മയാണ്. തിന്മക്ക് വിരാമമിട്ടുകൊണ്ട് വിഷഹാരിയും പാപമോചകനുമായ മംഗളരൂപിയെ (ശിവനെ) സ്മരിക്കാന്‍ ശിവരാത്രി നിര്‍ദ്ദേശിക്കുന്നു.
പരേതാത്മാക്കളെ ഓര്‍മിപ്പിച്ച്, മരണത്തിലേക്ക് നടന്നടുക്കുന്നവരാണ് നമ്മളെന്ന മനഃശാസ്ത്ര ബോധവും ചുടലയിലെ ഭസ്മമാണ് ശിവന്റെ വിഭൂതിയെന്നും ഇതോടൊപ്പം വായിക്കാം. ശിവന്‍ എന്ന വാക്കിന് മംഗളം എന്നര്‍ത്ഥം നന്മയും ക്ഷേമവും അനശ്വരതയുമാണ് ശിവത്വത്തിന്റെ കാതല്‍. ഭൗതികജീവിതത്തിന്റെ താളവും താളപ്പിഴകളും താണ്ടി, പുണ്യപാപ സമ്മിശ്രമായ ജീവിതത്തിന്റെ ഫിനിഷിങ് പോയിന്റില്‍ ഭൗതിക ശരീരം കത്തിചാമ്പലാവുമ്പോള്‍ ആ ചുടലഭസ്മം ശിവശരീരത്തിലാണ് ചേരുന്നത്. ചുടലയിലാണ് ജീവിതത്തിന്റെ സത്യം സ്ഥിതി ചെയ്യുന്നത്.
മനുഷ്യജന്മത്തിന്റെ ആത്യന്തിക യാഥാര്‍ത്ഥ്യം, ചുടലയില്‍ ഭൗതികതയെ കളഞ്ഞ്, അനശ്വരമായ ആത്മാവിന്റെ ജൈത്രയാത്രക്ക് വഴിയൊരുക്കലാണ്. സത്യവാദിയായ ഹരിശ്ചന്ദ്ര രാജാവ്, തന്റെ സത്യത്തെ രുചിച്ചറിഞ്ഞത് ശ്മശാന ഭൂമിയില്‍ നിന്നാണ്! മരണം നേരിലേക്ക് നയിക്കുകയാണ്; മായാവലകളുടെ പുതപ്പു ഭേദിച്ച് അമരത്വം സ്ഥിരീകരിക്കുകയുമാണ്. അവിടെ സത്യം ജനിക്കുന്നു; ജയിക്കുകയും ചെയ്യുന്നു. നാശമില്ലായ്മയാണ് ശിവന്‍. അതുകൊണ്ടാണ് മംഗളകാരകനായതും.
ജീവിതത്തിന്റെ പകലില്‍നിന്ന് മരണത്തിന്റെ കറുത്ത രാത്രിയിലൂടെ ജീവന്‍ അനശ്വരതയെ പുല്‍കുന്നു. ഇതോര്‍മിപ്പിക്കാന്‍ ശിവരാത്രിക്കു കഴിയണം. ഈശ്വരോപാസനയിലൂടെ നിര്‍ഭാഗ്യങ്ങളുടെ കൃഷ്ണപക്ഷത്തില്‍ നിന്ന് ദൈവാനുഗ്രഹത്തിന്റെ കുളിര്‍നിലാവിലേക്ക് കടക്കാന്‍ കഴിയുമ്പോള്‍ കാളരാത്രികള്‍ ശിവരാത്രികളായി മാറും. തമസ്സില്‍ നിന്ന് ജ്യോതിസ്സിലേക്ക്, വിഷത്തില്‍നിന്ന് അമൃതിലേക്കുള്ള യാത്രയാണ് ശിവരാത്രിപ്പൊരുള്‍.
അമൃതമഥനത്തിന്റെ പൗരാണിക കഥയുമായി ചേര്‍ത്തുവച്ചാണ് ശിവരാത്രിയെ സ്മരിക്കാറ് പതിവ്. കാലമാകുന്ന സര്‍പ്പച്ചരടുപയോഗിച്ച് ത്രിഗുണാത്മകതയെ മഥിച്ച് പ്രപഞ്ചോല്‍പ്പത്തിക്ക് വഴിതുറന്ന പ്രക്രിയയായി സമുദ്രമഥനത്തെ സമീപിക്കാം. പ്രപഞ്ചത്തിന്റെ സുതാര്യതയിലെത്തുമ്പോള്‍ തമോഗുണത്തിന്റെ കാളകൂടവിഷമാണ്, ഉല്‍പ്പത്തിയുടെ കൂടപ്പിറപ്പായ നാശത്തിന്റെ പ്രതീകമായി പൊന്തിവരുന്നത്. അമൃതിന്റെ അറിവിന് മുന്‍പായി അജ്ഞതയുടെ വിഷസ്പര്‍ശം! സംഹാരമൂര്‍ത്തിയായ ശിവനു മാത്രമേ ആ കൊടിയ വിഷത്തെ ഇല്ലായ്മ ചെയ്യാനാവൂ.
ലോകരക്ഷക്കായി, സ്വന്തം അസ്തിത്വം മാറ്റിവച്ച് ആ വിഷം കുടിക്കാന്‍ ശിവന്‍ തയ്യാറാവുന്നു. ഒരു ഭാര്യയുടെ ഉത്കണ്ഠയോടെ പാര്‍വതി ഭര്‍ത്താവിന്റെ രക്ഷക്കുവേണ്ടി കണ്ഠം മുറുക്കിപ്പിടിക്കുന്നു. ലോകത്തിന്റെ നിലനില്‍പ്പായ വിഷ്ണുവാകട്ടെ, വിഷം പുറത്തേക്ക് തൂവാതിരിക്കാന്‍ ശിവന്റെ വായയും പൊത്തുന്നു. സ്വാഭാവികമായും ആ വിഷം ശിവകണ്ഠത്തില്‍ ഘനീഭവിച്ച് അദ്ദേഹം നീലകണ്ഠനാവുന്നു. ഒരുകാര്യം ഉറപ്പാണ്. ശിവന് വെളുത്ത ശരീരമായതിനാലാണ് കറുത്ത കഴുത്ത് വ്യക്തമായത്! ആ വിഷപാനവും അതിലൂടെയുള്ള ലോകരക്ഷയും നടന്ന ആ രാത്രിയുടെ ഓര്‍മയിലാണ് ഭാരതത്തിലെ ഭക്തര്‍ ശിവരാത്രി ആഘോഷിക്കുന്നത്.
വ്യക്തിയുടെ അസ്തിത്വത്തേക്കാള്‍ വലുത് ലോകത്തിന്റെ നിലനില്‍പ്പാണ് എന്ന തിരിച്ചറിവാണ് ശിവന്‍ നല്‍കുന്നത്. ത്യാഗവും സ്‌നേഹവും സേവനവുമാണ് വ്യക്തിത്വത്തിന്റെ അളവുകോല്‍. ''അന്യജീവനുതകി സ്വജീവിതം ധന്യമാക്കു''ന്നവര്‍ ഈശ്വരീയതയിലേക്കുയര്‍ത്തപ്പെടുന്നു. ധര്‍മബോധത്തിന്റെ നിറവാണ് നാശത്തില്‍നിന്ന് സമൂഹത്തെ അമൃതത്വത്തിലേക്ക് എത്തിക്കുന്നത്. ധര്‍മം എന്ന് അര്‍ത്ഥമുള്ള വൃഷം തന്നെയാണല്ലോ ശിവന്റെ മുന്നിലിരിക്കുന്ന വാഹനം. അറിവിന്റെ ബ്രഹ്മപദത്തിലേക്ക് സമൂഹത്തെ നയിച്ചുകൊണ്ട് ബ്രഹ്മാനന്ദത്തിന്റെ മംഗളം പകരാനാണ് ശിവന്‍ നിലകൊള്ളുന്നത്.
ജീവിതവഴിയിലെ പ്രലോഭനങ്ങളും കന്മഷങ്ങളും നിര്‍വീര്യമാകുമ്പൊഴേ അമൃതിന്റെ പ്രകാശവെട്ടത്തിലേക്ക് നമുക്കെത്താനാവൂ. ആ വെളിച്ചത്തിന്റെ സൂര്യോദയം പ്രതീക്ഷിച്ചാണ് ശിവരാത്രി, ഭക്തി സാന്ദ്രമാക്കുന്നത്. മൂല്യബോധവും വ്യക്തിത്വവികാസവും ലക്ഷ്യമാക്കിക്കൊണ്ട് സ്വാര്‍ത്ഥതയില്‍നിന്ന് ത്യാഗത്തിലേക്ക്, വ്യക്തിയില്‍നിന്ന് സമൂഹത്തിലേക്ക്, ആചരണപ്പടവുകള്‍ കയറാനുള്ള വഴിയാണ് ശിവരാത്രി.
വിഷം തീണ്ടുന്നവര്‍ക്ക് അത്താഴപ്പട്ടിണിയും ഉറക്കമൊഴിക്കലും ചികിത്സാവിധിയാണ്. കാളകൂടം തൊണ്ടയില്‍ തടഞ്ഞ ഭഗവാന്റെ നിര്‍ബന്ധിത ഉപവാസവും നിര്‍ന്നിദ്രാവസ്ഥയും ഭക്തര്‍ ഏറ്റെടുക്കുകയാണ്. ശിവരാത്രി ശിവനോടൊപ്പം ഉറക്കമിളച്ച് ഉപവസിച്ച് നാമജപം നടത്തിക്കൊണ്ട് ശിവനെ ഉറക്കാതിരിക്കുകയാണ് നാം. ശിവനുറങ്ങിയാല്‍ പിന്നെ മംഗളമില്ല, അറിവില്ല, അമൃതമില്ല. ശിവത്വം ഭൂമിയില്‍ നിലനിര്‍ത്താനുള്ള അശ്രാന്തപരിശ്രമത്തിന്റെ മാനവപ്രയത്‌നങ്ങളാണ് ആചരണത്തിന്റെ ആധാരം.
ഭക്തിയുടെ ശാസ്ത്രീയതയ്‌ക്കൊപ്പം ഭൗതികജീവിതത്തിന്റെ പ്രായോഗിക പാഠങ്ങളും ചികിത്സാവിധികളുമടക്കം ചേര്‍ത്തുവച്ച് ആചാരാനുഷ്ഠാനങ്ങളും കഥാസന്ദര്‍ഭങ്ങളും കൊരുത്തു ചേര്‍ത്തിരിക്കുകയാണ്. ഭാരതത്തിന്റെ സംസ്‌കാരത്തില്‍ ആധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിച്ച ഋഷിപരമ്പരയുടെ ബുദ്ധികൂര്‍മതയും സൂക്ഷ്മതയും അഭിനന്ദിക്കാതെ വയ്യ. ശിവപൂജക്കെടുക്കുന്ന എരുക്ക്, തുമ്പ, കൂവളത്തില എന്നിവയൊക്കെ വിഷഹാരികളായ അധിക ജലാംശത്തെ വലിച്ചെടുക്കുന്നതുമാണ്.
ശാസ്ത്രവും ഭക്തിയും സമ്മേളിപ്പിച്ചുകൊണ്ട് ജീവിതത്തിന്റെ സമസ്തമേഖലകളെയും സമ്പുഷ്ടമാക്കുന്ന ഭാരതീയ സംസ്‌കാരം ലോകത്തിന്റെ തന്നെ വിസ്മയമാവുന്നത് ഇങ്ങനെയാണ്. കൃഷ്ണ ചതുര്‍ദ്ദശി പിതൃബലിയുടെ ഓര്‍മപ്പെടുത്തലാണ്. ശരീരനാശത്തിന്റെ ചുടലയില്‍ ചുവടുവെക്കുന്ന ശിവന്‍ ആസന്ന മരണത്തെയും, മരിച്ചുപോയ പൂര്‍വികരെയും ഓര്‍മിപ്പിക്കുന്നു. മരണമെന്ന അസാധ്യവിസ്മയത്തിലൂടെ, മുന്‍പേ പോയവരോടുള്ള കടപ്പാടു വീട്ടാന്‍ നാം ബദ്ധശ്രദ്ധരാവുന്നു. പിറകോട്ടുള്ള കണ്ണാടിയില്‍ നോക്കാതെ മുന്നോട്ട് വണ്ടിയോടിക്കാനാവില്ലല്ലൊ. ജന്മവും ജീവിതവും നല്‍കിയ പൂര്‍വികരോടുള്ള ക്രിയാഭാഗശേഷിപ്പ് പിതൃബലിയായി നാം സമര്‍പ്പിക്കുന്നു. അതുകൊണ്ടുതന്നെ പിതൃഋണം വീട്ടാനുള്ള തര്‍പ്പണദിനത്തിന്റെ പൂര്‍വസന്ധ്യയായി ശിവരാത്രി തുടങ്ങുകയാണ്.
 വിഷത്തില്‍നിന്ന് അമൃതിലേക്കെന്നപോലെ മരിച്ചവരുടെ ആത്മാവിന്റെ സദ്ഗതിക്കായി, പുലരുമ്പോല്‍ ബലിയിടാനൊരുങ്ങുന്നു. മരണവും ജീവിതവും നന്മയും തിന്മയും ഇഹവും പരവുമൊക്കെ സ്മരിപ്പിച്ച് മനശ്ശാസ്ത്രപരമായ ഔന്നത്യത്തിലേക്കും വ്യക്തിത്വവികാസത്തിലേക്കും മനുഷ്യനെ നയിക്കാനുള്ള ഒരു ശാസ്ത്രീയ പദ്ധതിയായി 'ശിവരാത്രി' ഉയരുകയും ചെയ്യുന്നു.
janmabhumi

No comments: