Thursday, March 14, 2019

രാവണന്റെ പിറവി

Monday 11 March 2019 1:05 am IST
ബ്രഹ്മാവിന്റെ പൗത്രനായിരുന്നു വിശ്രവസ്സ്. സുമാലിയുടെ പുത്രിയായിരുന്ന കൈകസിയെയാണ് വിശ്രവസ്സ് പരിണയിച്ചത്. സന്താനലബ്ധിക്കായി ഒരിക്കല്‍ കൈകസി അസമയത്ത് വിശ്രവസ്സിനെ പ്രാപിച്ചു. മഹര്‍ഷിയായ വിശ്രവസ്സ് ആ സൗഭാഗ്യം നല്‍കി അവളെ അനുഗ്രഹിച്ചു. ഓരോ യാമങ്ങളുടെ ഇടവേളകളിലായി  നാലു സന്തതികള്‍ക്ക് കൈകസി ജന്മം നല്‍കി. രാവണന്‍, കുംഭകര്‍ണന്‍,വിഭീഷണന്‍, ശൂര്‍പ്പണഖ എന്നിങ്ങനെ  അവര്‍ക്ക് പേരുനല്‍കി.  ശ്ലേഷ്മാതക വനത്തില്‍ അമ്മയ്‌ക്കൊപ്പമാണ് അവര്‍ കഴിഞ്ഞത്. വിശ്രവസ്സിന്റെ മൂത്ത പുത്രനായ വൈശ്രവണന്‍ ഒരിക്കല്‍ ആകാശയാത്ര ചെയ്യുന്നതു കണ്ട കൈകസി തന്റെ മക്കളുടെ നഷ്ടസൗഭാഗ്യങ്ങളോര്‍ത്ത് സങ്കടപ്പെട്ടു. അമ്മയുടെ സങ്കടം കണ്ട് മകന്‍ രാവണന്‍ കാര്യമെന്തെന്നു തിരക്കിയെത്തി. 
കൈകസി മകനോട് കാര്യങ്ങള്‍ വിശദീകരിച്ചു. 'ആകാശത്ത്   ആ വിമാനത്തില്‍ യാത്ര ചെയ്യുന്നത് നിന്റെ ജ്യേഷ്ഠനായ വൈശ്രവണനാണ്. അച്ഛന്‍ വിശ്രവസ്സിന്റെ ആദ്യ പുത്രന്‍. അവന്‍ എന്തുമാത്രം പ്രതാപിയാണ്!  സ്വര്‍ഗത്തേക്കാള്‍ സമ്പത്തും ഐശ്വര്യവുമുള്ള ലങ്കയുടെ അധിപനാണവന്‍. ബ്രഹ്മോപദേശമനുസരിച്ച് മയാചാര്യന്‍ നിര്‍മിച്ചതാണ് ലങ്ക. രാക്ഷസന്മാര്‍ക്കുള്ള സങ്കേതം. അവിടെയുണ്ടായിരുന്ന രാക്ഷസകുലത്തെ ദേവന്മാരോട് ആഭിമുഖ്യമുള്ള വിഷ്ണു നശിപ്പിച്ചു. അവശേഷിച്ച രാക്ഷസന്മാര്‍ പാതാളത്തിലേക്ക് കടന്നു. നിങ്ങളുടെ അച്ഛനായ വിശ്രവസ്സാണ് വൈശ്രവണനെ ലങ്കയുടെ രാജാവായി വാഴിച്ചത്. യഥാര്‍ഥത്തില്‍ രാക്ഷസവംശജനായ നിനക്ക് അവകാശപ്പെട്ടതാണ് ലങ്ക. അത് നിനക്ക് ലഭിച്ചില്ലല്ലോ എന്നതാണ് എന്റെ ദുഃഖം.' 
 ഇതുകേട്ട രാവണന്‍ അമ്മയെ ആശ്വസിപ്പിച്ചു. നമുക്കു നഷ്ടമായ അവകാശങ്ങളെല്ലാം ഞാന്‍ വീണ്ടെടുത്തു കൊള്ളാമെന്ന് രാവണന്‍ അമ്മയ്ക്ക് വാക്കു നല്‍കി.  ശൈശവം പിന്നിട്ടപ്പോള്‍ രാവണന്‍ അനുജന്‍മാരേയും കൂട്ടി ഗോകര്‍ണത്തെത്തി. അവിടെയിരുന്ന് ബ്രഹ്മദേവനെ തപസ്സു ചെയ്യാന്‍ തുടങ്ങി. തപസ്സ് വര്‍ഷങ്ങള്‍ നീണ്ടിട്ടും ബ്രഹ്മാവ് കനിഞ്ഞില്ല. നിരാശയും കോപവും മൂലം രാവണന്‍ തന്റെ പത്തു തലകളില്‍ ഓരോന്നായി അറുത്തെടുത്ത് ഹോമാഗ്നിയില്‍ എറിയാന്‍ തുടങ്ങി. പത്താമത്തെ തലയും അറുത്തുമാറ്റുമെന്ന ഘട്ടം വന്നപ്പോള്‍ ബ്രഹ്മാവ് പ്രത്യക്ഷനായി. രാവണനോട് വരങ്ങള്‍ ആവശ്യപ്പെടാന്‍ പറഞ്ഞു. മനുഷ്യന്‍ മാത്രമായിരിക്കണം തന്നെ വധിക്കുന്നതെന്നായിരുന്നു രാവണന്‍ ആവശ്യപ്പെട്ട വരം. നിര്‍ദ്ദേവത്വം വേണമെന്നതായിരുന്നു കുംഭകര്‍ണന്റെ ആവശ്യം. പക്ഷേ പറഞ്ഞത് തെറ്റി നിദ്രാവത്വമായി (ഉറക്കം). വിഷ്ണു ഭക്തിയല്ലാതെ വിഭീഷണന് മറ്റൊന്നും വേണ്ടായിരുന്നു. തിരികെയെത്തിയ രാവണന്‍ ആദ്യം ചെയ്തത് ലങ്ക വീണ്ടെടുക്കലായിരുന്നു. ലങ്കാധിപനായി സ്വയം അവരോധിച്ചു. 

No comments: