മക്കളേ, ഈശ്വരമാഹാത്മ്യം വര്‍ണിക്കുന്ന സ്തുതികളും കീര്‍ത്തനങ്ങളും ആലപി
ക്കുക എന്നത് ഭക്തിമാര്‍ഗ്ഗത്തിലെ ഒരു പ്രധാന സാധനയാണല്ലോ. ഇതിനര്‍ത്ഥം, ഭഗവാന്‍ സ്തുതിക്കു വശംവദനാകുന്നു എന്നല്ലേ, എന്നു ചിലര്‍ ചോദിക്കാറുണ്ട്. ഭഗവാന്‍ സ്തുതിയില്‍ മയങ്ങുന്ന ആളല്ല. അവിടുന്നു സമചിത്തനാണ്. സ്തുതിയും നിന്ദയും അവിടുത്തേയ്ക്ക് ഒരുപോലെയാണ്. ചെളി വാരിയെറിയുന്നവരേയും അനുഗ്രഹിക്കുന്ന സ്വഭാവമാണ്് അവിടുത്തേയ്ക്കുള്ളത്. അതാണു സമചിത്തത.
പുരാണങ്ങളില്‍ ദേവന്മാരുടെ സ്തുതികേട്ട് ഭഗവാന്‍ പ്രസന്നനായി എന്നൊക്കെ വര്‍ണിച്ചിട്ടുണ്ട് എന്നതു ശരിതന്നെ. പക്ഷെ, അതിന്റെ താല്പര്യം ഭഗവാന്‍ സ്തുതി ആഗ്രഹിക്കുന്നു എന്നല്ല. ദേവന്മാരുടെ അഹങ്കാരത്തിന്റെയും അശ്രദ്ധയുടെയും ഫലമായി ആപത്തു വന്നുചേര്‍ന്നപ്പോള്‍, അവര്‍ വൈകുണ്ഠത്തിലെത്തി മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. ദേവന്മാര്‍ അല്പമൊന്നു വിഷമിക്കുന്നതിനു വേണ്ടി അവര്‍ എത്തി കുറെ സമയം കഴിഞ്ഞിട്ടും ഭഗവാന്‍ കണ്ണു തുറന്നില്ല. അവര്‍ പലവട്ടം വിളിച്ചിട്ടും ഭഗവാന്‍ അറിഞ്ഞ ഭാവം കാണിച്ചില്ല. അവസാനം അവര്‍ ഹൃദയംനൊന്തു പ്രാര്‍ത്ഥിച്ചു. അപ്പോള്‍ മാത്രമാണ് ഭഗവാന്‍ കണ്ണു തുറന്നത്. ഉള്ളുരുകിയുള്ള പ്രാര്‍ത്ഥനയുടെ ഫലമായി ദേവന്മാര്‍ക്ക് ഭഗവാന്റെ രൂപം ഉള്ളിലും പുറത്തും ദര്‍ശിക്കുവാന്‍ കഴിഞ്ഞു. ഭക്തരുടെ നിഷ്‌ക്കളങ്കമായ മനസ്സുകണ്ടാണു ഭഗവാന്‍ പ്രസന്നനായത്. അല്ലാതെ ആ സ്തുതികള്‍ കാരണം ഭഗവാന്‍ പ്രീതനായതല്ല. കാര്യസാദ്ധ്യത്തിനുവേണ്ടി മാത്രമുള്ള സ്തുതികൊണ്ടു ഭഗവാനെ പ്രീതിപ്പെടുത്താന്‍ കഴിയില്ല.
ഈശ്വരനെ വെറുതെ സ്തുതിക്കുന്നവരെക്കാള്‍ ആ തത്വം അറിഞ്ഞു ധര്‍മ്മാനുസൃതം ജീവിക്കുന്നവരാണ് ഈശ്വരകൃപയ്ക്ക് അര്‍ഹരാകുന്നത്. അവര്‍ക്കേ ജീവിതത്തില്‍ നേട്ടമുള്ളൂ. ഒരു മുതലാളിക്കു രണ്ടു സേവകരുണ്ടായിരുന്നു. ഒരാള്‍ 'മുതലാളി, മുതലാളി' എന്നു വിളിച്ചുകൊണ്ട് എപ്പോഴും പിറകെ നടക്കും. എപ്പോഴും മുതലാളിയുടെ ഗുണഗണങ്ങള്‍ വാഴ്ത്തും. പക്ഷേ യാതൊരു ജോലിയും ചെയ്യില്ല. എന്നാല്‍ രണ്ടാമനാകട്ടെ, മുതലാളിയുടെ സമീപത്തേയ്ക്കു വരാറേയില്ല. മുതലാളി ഏല്പിച്ച ജോലികള്‍ ചെയ്തുതീര്‍ക്കുന്നതിലാണു ശ്രദ്ധ മുഴുവന്‍. ഊണും ഉറക്കവും ഉപേക്ഷിച്ചു മുതലാളിക്കുവേണ്ടി ജോലിചെയ്യും. മുതലാളിക്ക് ആരോടായിരിക്കും സ്‌നേഹം? രണ്ടാമനോടായിരിക്കും. 'ഈശ്വരാ, ഈശ്വരാ' എന്നു വിളിച്ചുകൊണ്ടിരിക്കുന്നതിനെക്കാള്‍, ധര്‍മ്മം അനുസരിച്ചു ജീവിക്കുന്നവര്‍ക്കാണു ഈശ്വരകൃപ ലഭിക്കുന്നത്. തപസ്സും നിഷ്‌കാമസേവനവും ചെയ്യുന്നവരോടാണ് ഈശ്വരനു കൂടുതല്‍ പ്രീതി. ഇതിനര്‍ത്ഥം ഈശ്വരനെ സ്തുതിക്കേണ്ട എന്നല്ല. ധര്‍മ്മാനുസൃതം ജീവിച്ചുകൊണ്ട് ഈശ്വരനെ വിളിച്ചാലേ ഫലമുള്ളൂ. അല്ലെങ്കില്‍ പ്രാര്‍ത്ഥനയുടെ ഫലമായി നമ്മളിലുണ്ടാകുന്ന നല്ല സംസ്‌കാരത്തെ, നമ്മുടെ തെറ്റായ കര്‍മ്മങ്ങള്‍ നശിപ്പിച്ചുകളയും. ഒരു വശത്തു പഞ്ചസാര സൃഷ്ടിച്ച്, മറുവശത്ത് ഉറുമ്പുകളെയും സൃഷ്ടിക്കുന്നതുപോലെയാണിത്. പഞ്ചസാര മുഴുവന്‍ ഉറുമ്പുകള്‍ തിന്നുതീര്‍ക്കും.
ബസ്തുതിയുടെയും പ്രാര്‍ഥനയുടെയും ലക്ഷ്യം നാലു കൈയും കിരീടവുമായി ആകാശത്തിനപ്പുറം സ്വര്‍ഗ്ഗത്തിലിരിക്കുന്ന ഏതെങ്കിലും ഈശ്വരനെ പ്രീതിപ്പെടുത്തുക എന്നുള്ളതല്ല. എല്ലായിടവും നിറഞ്ഞുനില്ക്കുന്ന ഈശ്വരന്‍ നമ്മുടെ ഹൃദയത്തിലും വസിക്കുന്നു. ആ അവബോധത്തിലേക്ക് നമ്മെ ഉണര്‍ത്തുവാനുള്ള ഒരു ഉപാധിയാണു സ്തുതിയും പ്രാര്‍ത്ഥനയും. സ്‌തോത്രങ്ങളെല്ലാം തന്നെ ഈശ്വരസ്വരൂപത്തെയും മാഹാത്മ്യത്തെയും വര്‍ണ്ണിക്കുന്നവയാണ്. സ്‌നേഹം, കാരുണ്യം, ക്ഷമ തുടങ്ങിയ സദ്ഗുണങ്ങളുടെ മൂര്‍ത്തിയാണ് ഈശ്വരന്‍. സ്‌തോത്രങ്ങള്‍ ഏകാഗ്രതയോടെ ഭക്തിപൂര്‍വ്വം ചൊല്ലുമ്പോള്‍ സ്‌നേഹം, ക്ഷമ, കാരുണ്യം തുടങ്ങിയ അവിടുത്തെ കല്ല്യാണഗുണങ്ങള്‍ നമ്മളിലും ഉണരും. ഭഗവാനെ സ്തുതിക്കുന്നതിലൂടെ നമ്മളറിയാതെ തന്നെ നമ്മള്‍ വിശാലതയിലേയ്ക്കുയരുന്നു. നമ്മുടെ മനസ്സ് ഈച്ചയുടെ സംസ്‌കാരത്തില്‍നിന്നും ഈശ്വരീയമായ സംസ്‌കാരത്തിലേയ്ക്ക് ഉയരുന്നു.
അഴുക്കു വസ്തുക്കളില്‍ പോയിരിക്കാനാണല്ലോ ഈച്ചയ്ക്കിഷ്ടം. അതുപോലെ പൊതുവേ മനുഷ്യമനസ്സിന് രാഗദ്വേഷങ്ങളിലും മറ്റുള്ളവരുടെ കുറവുകള്‍ കാണുന്നതിലും ഒക്കെയാണ് താല്പര്യം. അങ്ങനെയുള്ള മനസ്സിനെ ഈശ്വര സ്മരണയിലും ഉദാത്തമായ ചിന്തകളിലും നി
ര്‍ത്തുവാന്‍ ശ്രമിക്കണം. അങ്ങനെയായാല്‍ ക്രമേണ ആ നല്ല സംസ്‌കാരം നമ്മളില്‍ വളരും, മനസ്സ് ശുദ്ധമായിത്തീരും. അപ്പോള്‍ സ്വാഭാവികമായിത്തന്നെ ഈശ്വരഭക്തി മനസ്സില്‍ നിറയും. അതാണു യഥാര്‍ത്ഥ സത്സംഗം.
amma
No comments:
Post a Comment