Sunday, September 22, 2019

വേദവിജ്ഞാനം

                 ഭാഗം -2 -

                 (തുടർച്ച)

ഗായത്രി ഛന്ദസ്സിൽ ഒരുവരിയിൽ 8 അക്ഷരങ്ങൽ വീതംആകെ 24 അക്ഷരങ്ങൾ ആകുന്നു. എന്നാൽ വേദമന്ത്രം ആയി അറിയപ്പെടുന്ന മന്ത്രത്തിനു 23 അക്ഷരങ്ങൾ മാത്രം ഉള്ളതിനാൽ ഇത് നിശ്രാദ
ഗായത്രി ആകുന്നു.

ഛന്ദഃശാസ്ത്രം

അക്ഷരങ്ങളെ സംഗീതാത്മകമായി നിയന്ത്രിക്കേണ്ട നിയമങ്ങൾ, അവയുടെ ലക്ഷണങ്ങൾ തുടങ്ങിയവയെപ്പറ്റിയുള്ള പഠനമാണ് ഛന്ദഃശാസ്ത്രം അഥവാ വൃത്തശാസ്ത്രം. ഛന്ദസ്സ് എന്നുമാത്രമായും ഛന്ദഃശാസ്ത്രത്തെ വിവക്ഷിക്കാറുണ്ട്. അക്ഷരം, വർണം, മാത്ര തുടങ്ങിയവയെ പദ്യരൂപത്തിൽ സന്നിവേശിപ്പിക്കുന്നതിനുള്ള നിബന്ധനകൾ ഉൾക്കൊള്ളുന്നതാണ് ഛന്ദഃശാസ്ത്രം. പദ്യങ്ങളുടെ ഓരോ വരിയിലും എത്ര അക്ഷരം വരണം എന്ന് സൂചിപ്പിക്കുന്ന 'ഛന്ദസ്സു'കളാണ്ണ് ഛന്ദഃശാസ്ത്രത്തിലെ മുഖ്യപ്രതിപാദ്യം. ഓരോ ഛന്ദസ്സുകളിലും പദ്യമെഴുതാൻ സഹായിക്കുന്ന വൃത്തങ്ങളെപ്പറ്റിയും വളരെ നീണ്ട വരികളുള്ള ദണ്ഡകങ്ങളെപ്പറ്റിയും ഛന്ദഃശാസ്ത്രം പ്രതിപാദിക്കുന്നു.

വേദാംഗങ്ങൾ എന്നറിയപ്പെടുന്ന ആറുശാസ്ത്രങ്ങളിൽ ഒന്നാണ് ഛന്ദഃശാസ്ത്രം. പ്രാചീന ഭാരതീയസാഹിത്യത്തിൽ ഛന്ദഃശാസ്ത്രത്തിന് വളരെയേറെ പ്രാധാനം കല്പിക്കപ്പെട്ടിരുന്നു.

അക്ഷരം
ഛന്ദഃശാസ്ത്രപ്രകാരം ലിഖിതഭാഷയുടെ അടിസ്ഥാനം അക്ഷരമാണ്. സ്വരങ്ങളെയും 'സ്വരം‌ചേർന്നവ്യഞ്ജങ്ങളെ'യുമാണ് അക്ഷരങ്ങളായി കണക്കാക്കുന്നത്. 'കേവലവ്യഞ്ജന'ങ്ങളും 'ചില്ലു'കളും അക്ഷരങ്ങളല്ല.

അതായത്, ഛന്ദഃശാസ്ത്രപ്രകാരം -

അ, ആ, ഇ, ഈ തുടങ്ങിയ സ്വരങ്ങളെല്ലാം അക്ഷരങ്ങളാണ്.

ക്, ഖ്, ഗ്, ഖ്, തുടങ്ങിയ കേവലവ്യഞ്ജനങ്ങൾ അക്ഷരങ്ങളല്ല.

എന്നാൽ കേവലവ്യഞ്ജനങ്ങൾ സ്വരങ്ങളോട് ചേർന്ന് ഉച്ചാരണക്ഷമമാകുമ്പോൾ അവയും അക്ഷരങ്ങളാകുന്നു. ക, കാ, കി, കീ .., ഖ, ഖാ, ഖീ.., ഹ, ഹാ, ഹി, ഹീ.. തുടങ്ങിയവയെല്ല്ലാം അക്ഷരങ്ങളാണ്.

ചില്ലുകൾ പൂർണാർഥത്തിൽ അക്ഷരങ്ങൾ അല്ല. അവയെ അക്ഷരങ്ങളുടെ അംശമായി മാത്രം കണക്കാക്കണം.

മാത്ര

അക്ഷരങ്ങൾ ഉച്ചരിക്കാനെടുക്കുന്ന സമയത്തിന്റെ ഏകകത്തിനെ ഛന്ദഃശാസ്ത്രത്തിൽ മാത്ര എന്ന് പറയുന്നു. ഒരു ഹ്രസ്വാക്ഷരം ഉച്ചരിക്കുന്നതിനെടുക്കുന്ന സാധാരണ സമയമാണ് ഒരു മാത്ര.

ലഘുവക്ഷരങ്ങളും ഗുരുവക്ഷരങ്ങളും

മാത്രയെ അടിസ്ഥാനമാക്കി അക്ഷരങ്ങളെ ലഘ്വക്ഷരങ്ങൾ എന്നും ഗുർവക്ഷരങ്ങൾ എന്നും രണ്ടായി തിരിക്കുന്നു. ഒരു മാത്രയുള്ള അക്ഷരം ലഘു. രണ്ടുമാത്രയുള്ള അക്ഷരം ഗുരു.

എല്ലാ ദീർഘാക്ഷരങ്ങളും ഗുരുവാണ്. ഹ്രസ്വാക്ഷരങ്ങൾ സാധാരണയായി ലഘുവായിരിക്കും. എന്നാൽ ഹ്രസ്വാക്ഷരത്തിനു പുറകേ കൂട്ടക്ഷരമോ, അനുസ്വാരമോ, ശക്തിയായി ഉച്ചരിക്കുന്ന ചില്ലോ (ൺ, ൻ, ഇത്യാദി) വന്നാൽ ആ ലഘു ഗുരുവാകും.

സൂചകചിഹ്നങ്ങൾ

ഒരു അക്ഷരം ലഘുവാണെന്ന് കാണിക്കാൻ ആ അക്ഷരത്തിനുമുകളിലായി വക്രരേഖ (υ) ഉപയോഗിക്കുന്നു. അക്ഷരം ഗുരുവാണെന്ന് കാണിക്കണമെങ്കിൽ അക്ഷരത്തിനു മുകളിലായി തിരശ്ചീനമായ ഋജുരേഖ (–) ഉപയോഗിക്കുന്നു.

ഗണങ്ങൾ

ഛന്ദഃശാസ്ത്രത്തിലെ നിയമങ്ങൾ അനുസരിച്ച് പദ്യങ്ങളിലെ അക്ഷരങ്ങളെയോ മാത്രകളെയാ കൂട്ടങ്ങളായി തിരിക്കുന്നതിൽ ഒരു കൂട്ടത്തിന്നു പറയുന്ന പേരാണ് ഗണം. അക്ഷരങ്ങളെ അടിസ്ഥാനമാക്കിയും മാത്രകളെ അടിസ്ഥാനമാക്കിയും ഗണങ്ങൾ തിരിക്കാറുണ്ട്.

അക്ഷരങ്ങളെ അടിസ്ഥാനമാക്കി ഗണം തിരിക്കേണ്ട സന്ദർഭങ്ങളിൽ മൂന്നക്ഷരം കൂടുന്നത് ഒരു ഗണം എന്നാണ് നിയമം. ഗുരുലഘുക്കളുടെ സ്ഥാനമനുസരിച്ച് എട്ടുതരം ഗണങ്ങളുണ്ട്. 'യ'ഗണം, 'ര'ഗണം, 'ത'ഗണം, 'ഭ'ഗണം, 'ജ'ഗണം, 'സ'ഗണം, 'മ'ഗണം, 'ന'ഗണം എന്നിവയാണവ.

മാത്രകളുടെ അടിസ്ഥാനത്തിൽ ഗണകല്പന ചെയ്യേണ്ടയിടങ്ങളിൽ നാലുമാത്രകൾ ചേരുന്നതാണ് ഒരു ഗണം. മാത്രാഗണങ്ങൾക്ക് പ്രത്യേകം പേരുകൾ ഇല്ല.

ഗണനാമങ്ങൾ

ഗണനാമം - യ'ഗണം
ലക്ഷണം - ആദ്യക്ഷരം ലഘു-ശേഷിക്കുന്നവ ഗുരു
ഉദാഹരണം - വിനോദം‌‌
ചിഹ്നനം - υ – –

ഗണനാമം - ര'ഗണം
ലക്ഷണം - മധ്യാക്ഷരം ലഘു-ശേഷിക്കുന്നവ ഗുരു
ഉദാഹരണം - ശ്യാമളാ
ചിഹ്നനം - – υ –

ഗണനാമം - ത'ഗണം
ലക്ഷണം - അന്ത്യക്ഷരം ലഘു-ശേഷിക്കുന്നവ ഗുരു
ഉദാഹരണം - മാലാഖ
ചിഹ്നനം - – – υ

ഗണനാമം - ഭ'ഗണം
ലക്ഷണം - ആദ്യക്ഷരം ഗുരു-ശേഷിക്കുന്നവ ലഘു
ഉദാഹരണം - കാലടി
ചിഹ്നനം - – υ υ

ഗണനാമം - ജ'ഗണം
ലക്ഷണം - മധ്യാക്ഷരം ഗുരു-ശേഷിക്കുന്നവ ലഘു
ഉദാഹരണം - മഹർ‌ഷി
ചിഹ്നനം - υ – υ

ഗണനാമം - സ'ഗണം
ലക്ഷണം - അന്ത്യക്ഷരം ഗുരു-ശേഷിക്കുന്നവ ലഘു
ഉദാഹരണം - വികടൻ
ചിഹ്നനം - υ υ –

ഗണനാമം - മ'ഗണം
ലക്ഷണം - സർ‌വഗുരു
ഉദാഹരണം - ആനന്ദം
ചിഹ്നനം - – – –

ഗണനാമം - ന'ഗണം
ലക്ഷണം - സർ‌വലഘു
ഉദാഹരണം - ജനത
ചിഹ്നനം - υ υ υ

പഠനസൂത്രങ്ങൾ
ഗണങ്ങളുടെ പേരുകൾ ഓർത്തുവയ്ക്കാനുള്ള പഠനസൂത്രം:

യരത-ഭജസ-മന

ഗണങ്ങളുടെ പേരുകളും അവയിലെ ലഘു-ഗുരുക്കളുടെ സ്ഥാനങ്ങളും ഓർത്തുവയ്ക്കാനുള്ള പഠനസൂത്രം:

സംസ്കൃതത്തിൽ:

ആദിമധ്യാവസാനേഷു
യ,ര,താ യാന്തി ലാഘവം
ഭ,ജ,സാ ഗൗരവം യാന്തി
മനൗ തു ഗുരുലാഘവം

മലയാളത്തിൽ:

ആദിമധ്യാന്തവർണങ്ങൾ -
ലഘുക്കൾ യ,ര,ത,ങ്ങളിൽ
ഗുരുക്കൾ ഭ,ജ,സ,ങ്ങൾക്ക്
മ,ന,ങ്ങൾ ഗ,ല,മാത്രവും.

ഗണങ്ങളെ ഓർത്തുവയ്ക്കാൻ മറ്റൊരു സൂത്രം:

നൃപതി ജയിയ്ക്ക യശസ്വീ ഭാസുര
താരുണ്യ രാഗവാൻ സതതം
മാലെന്യേ എന്നു മുറയ്ക്കെട്ടു ദൃഷ്ടാന്തം

മാത്രയെ അടിസ്ഥാനമാക്കിയുള്ള ഗണങ്ങൾ

മാത്രകളുടെ അടിസ്ഥാനത്തിൽ ഗണകല്പന ചെയ്യേണ്ടയിടങ്ങളിൽ നാലുമാത്രകൾ ചേരുന്നതാണ് ഒരു ഗണം. ലഘുവിന് ഒരു മാത്ര, ഗുരുവിന് രണ്ടു മാത്ര. അങ്ങനെ നാലുമാത്രയായി അഞ്ചുവിധം ഗണം വരും.

1, നാല് ലഘു (‌‌υ ‌‌υ ‌‌υ ‌‌υ)
2, രണ്ട് ഗുരു (‌‌– –)
3, ആദ്യക്ഷരം ഗുരു, ബാക്കി രണ്ടും ലഘു (‌‌– υ υ)
4, ആദ്യത്തേയും ഒടുവിലത്തേയും ലഘു; മധ്യത്തിൽ ഗുരു (‌‌υ – υ)
5, ആദ്യത്തേതും രണ്ടാമത്തേതും ലഘു; അടുത്തത് ഗുരു (‌‌υ υ –)

ഈ ഗണങ്ങൾക്ക് പ്രത്യേകിച്ച് പേരുകൾ ഇല്ല. ആദ്യത്തേതിനെ നഗണവും ലഘുവും ചേർന്നത് എന്നും രണ്ടാമത്തേതിനെ ഗുരുദ്വയം എന്നും പറഞ്ഞുവരുന്നു. ശേഷിച്ചവ യഥാക്രമം ഭ, ജ, സ എന്ന ഗണങ്ങൾ തന്നെ. എന്നാൽ ചില ഛന്ദഃശാസ്ത്രജ്ഞർ ഇവയ്ക്ക് പേരുനൽകി ഉപയോഗിക്കാറുണ്ട്. സർവലഘു അഥവാ പനിമതി (υ ‌‌υ ‌‌υ ‌‌υ), സർ‌വഗുരു അഥവാ മാനം (‌‌– –), ആദിഗുരു അഥവാ കാമിനി (‌‌– υ υ), മധ്യഗുരു അഥവാ വധൂടി (‌‌υ – υ), അന്ത്യഗുരു അഥവാ വിജയം (‌‌υ υ –) എന്നിങ്ങനെയാണ് മാത്രാഗണങ്ങൾക്ക് നൽകുന്ന പേരുകൾ.

വൃത്തം
ഛന്ദശ്ശാസ്ത്രമനുസരിച്ച്, അക്ഷരങ്ങളെയോ മാത്രകളെയോ അടിസ്ഥാനമാക്കി പദ്യം നിർമ്മിക്കുന്ന തോതാണ് വൃത്തം. പദ്യസാഹിത്യത്തിൽ, അക്ഷരപദാദികൾ അനുവാചകർക്ക് ആസ്വാദ്യത പകരത്തക്കവിധം ക്രമീകരിക്കുന്ന രീതികളിൽ ഒന്നാണ്‌ വൃത്തം. ഭാഷാവൃത്തം, സംസ്കൃതവൃത്തം എന്നിങ്ങനെ വൃത്തങ്ങൾ രണ്ടുതരത്തിലുണ്ട്.

"പദ്യം വാർക്കുന്ന തോതല്ലോ വൃത്തമെന്നിഹ ചൊൽ‌വത്"

ഒരു പാദത്തിൽ ഒരക്ഷരം മുതൽ 26 അക്ഷരങ്ങൾ വരെയുള്ള ഛന്ദസ്സുകൾ സംസ്കൃതത്തിലുണ്ടെങ്കിലും, ഒരു വരിയിൽ 8 അക്ഷരം മുതൽ 21 അക്ഷരം വരെ വരുന്നവിധത്തിലുള്ള ഛന്ദസ്സുകളിലെ പ്രധാനവൃത്തങ്ങൾ മാത്രമേ കവികൾ സാധാരണയായി ഉപയോഗിക്കുന്നുള്ളൂ.

"വൃത്തം" എന്ന പേരിൽ തന്നെ ഒരു വൃത്തമുണ്ട്.

വർണവൃത്തങ്ങളും മാത്രാവൃത്തങ്ങളും
ഗണം തിരിക്കേണ്ട രീതി അനുസരിച്ച് "വർണവൃത്തങ്ങൾ" (അക്ഷരവൃത്തങ്ങൾ) എന്നും "മാത്രാവൃത്തങ്ങൾ" രണ്ടുതരത്തിലുള്ള വൃത്തങ്ങളുണ്ട്. വർണവൃത്തങ്ങളിൽ 'മൂന്നക്ഷരം ഒരു ഗണം' എന്ന രീതിയിലും മാത്രാവൃത്തങ്ങളിൽ 'നാലുമാത്ര ഒരു ഗണം' എന്ന രീതിയിലുമാണ് ഗണങ്ങൾ. ഇന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി, രതോദ്ധത, സ്വാഗത, വംശസ്ഥം ദ്രുതവിളംബിതം തുടങ്ങിയവ അക്ഷരവൃത്തങ്ങളും ആര്യ, ഗീതി, ഉദ്ഗീതി, ആര്യാഗീതി, വൈതാളീയം തുടങ്ങിയവ മാത്രാവൃത്തങ്ങളുമാണ്.

പദ്യത്തിന്റെ വൃത്തം കണ്ടെത്തുന്ന വിധം
ഒരു പദ്യത്തിന്റെ വൃത്തം കണ്ടുപിടിക്കുന്നതിന് പദ്യത്തിലെ അക്ഷരങ്ങളെ ആദ്യമായി മൂന്നക്ഷരങ്ങൾവീതം വരുന്ന ഗണങ്ങളായി തിരിക്കണം. അനന്തരം ഗണത്തിലെ ഓരോ അക്ഷരവും ഗുരുവാണോ-ലഘുവാണോ എന്ന് കണ്ടെത്തി അക്ഷരത്തിന്റെ മുകളിൽ ചിഹ്നങ്ങളുടെ സഹായത്തോടെ അടയാളപ്പെടുത്തണം. ഗണങ്ങളുടെ പേര് നിർണയിച്ച് അതിന്റെ ആദ്യക്ഷരം ഓരോ ഗണത്തിന്റെയും മുകളിലായി എഴുതണം. പിന്നീട് വൃത്തലക്ഷണപ്രകാരം വൃത്തം നിർണയിക്കാം.

പുഷ്പിതാഗ്ര :- നനരയ വിഷമത്തിലും സമത്തിൽ പുനരിഹ നംജജരംഗ പുഷ്പിതാഗ്ര - വൃത്തമഞ്ജരി [ഒന്നും മൂന്നും വരികളിൽ (വിഷമപാദം) നനരയ എന്നീ നാല് ഗണങ്ങളും രണ്ടും നാലും വരികളിൽ (സമപാദം) നജജര എന്നിങ്ങനെ നാലു ഗണങ്ങളും ഒരു ഗുരുവും ചേരുന്ന വൃത്തമാണ് പുഷ്പിതാഗ്ര.]

മഞ്ജരി :- ശ്ലഥകാകളി വൃത്തത്തിൽ രണ്ടാം‌ പാദത്തിലന്ത്യമായ്, രണ്ടക്ഷരം കുറഞ്ഞീടി- ലതു മഞ്ജരിയായിടും [കാകളിയുടെ ഗണവ്യവസ്ഥയെ കൃത്യമായി പാലിക്കാത്ത വകഭേദത്തിൽ രണ്ടാം പാദത്തിൽനിന്ന് രണ്ടക്ഷരം കുറഞ്ഞുവരുന്ന വൃത്തമാണ് മഞ്ജരി.]

കാകളി :- മാത്രയഞ്ചക്ഷരം മൂന്നിൽ വരുന്നൊരു ഗണങ്ങളെ എട്ടുചേർത്തുള്ളീരടിക്കു ചൊല്ലാം കാകളിയെന്നുപേർ
കാകളി വകഭേദങ്ങൾ - കളകാഞ്ചി, മണികാഞ്ചി, മിശ്രകാകളി, ഊനകാകളി, ദ്രുതകാകളി, മഞ്‌ജരി തുടങ്ങിയ വൃത്തങ്ങൾ കാകളിയുടെ വകഭേദങ്ങളാണ്‌. ഗണത്തിന്‌ മൂന്നക്ഷരത്തിൽ, അധികം വരുന്ന കാകളികളാണ് അധികാകളികൾ. കളകാഞ്ചി, മണികാഞ്ചി, അതിസമ്മത, മിശ്രകാകളി, കലേന്ദുവദന, സ്‌തിമിത, അതിസ്‌തിമിത എന്നിവ അധികകാകളികളാണ്. ഊനത വരുന്ന കാകളികളാണ് ഊനകാകളികൾ . ഊനകാകളി, ദ്രുതകാകളി, കല്യാണി, സമ്പുടിതം എന്നിവയാണവ. ഗണത്തിനു മൂന്നക്ഷരമെങ്കിലും ആറാറുമാത്ര വരുന്ന കാകളികളാണ് ശ്ലഥകാകളികൾ. ഏതെങ്കിലും ഗണത്തിന്‌ ആറുമാത്രയ്‌ക്കു വേണ്ടത്ര വർണം തികയാത്ത കാകളികളാണ് ഊനശ്ലഥകാകളികൾ . മഞ്‌ ജരി, സർപ്പിണി, ഉപസർപ്പിണി, സമാസമം എന്നിവ ഊനശ്ലഥകാകളികൾ.

കളകാഞ്ചി :- കാകളിയിലാദ്യ പദാ ദൗ രണ്ടോ മൂന്നോ ഗണങ്ങളെ അയ്യഞ്ചു ലഘുവാക്കീടിലുളവാം കളകാഞ്ചിയെന്നു പേർ [ആദ്യത്തെ വരിയിലുള്ള രണ്ടോ മൂന്നോ ഗണങ്ങളെ അയ്യഞ്ച് ലഘുക്കൾ ആക്കിയാൽ കളകാഞ്ചി എന്ന വൃത്തമാകും. ഇപ്രകാരം ലഘുവാക്കുമാറ്റമ്പോൾ ഒരു ഗണത്തിൽ അഞ്ച് മാത്രയും അഞ്ചക്ഷരവും ഉണ്ടാകും.]

അന്നനട :- ലഘുപൂർവ്വം ഗുരു പരമീമട്ടിൽ ദ്വ്യക്ഷരം ഗണം, ആറെണ്ണം മധ്യയതിയാലർദ്ധിതം, മുറി രണ്ടിലും, ആരംഭേ നിയമം നിത്യ, മിതന്നനടയെന്ന ശീൽ. [രണ്ടക്ഷരം വീതമുളള ആറു ഗണം ഒരു വരിയിൽ എന്ന ക്രമത്തിൽ ഇരുപത്തിനാല് അക്ഷരങ്ങൾ കൊണ്ടു വിന്യസിക്കുന്ന ഒരു ഭാഷാവൃത്തമാണ്. ലഘു, ഗുരു,എന്നീ ക്രമത്തിൽ മൂന്നു മാത്രയാണ് ഓരോ ഗണത്തിനും. മൂന്നാം ഗണം കഴിയുന്വോൾ യതി വേണമെന്നും രണ്ടു മുറിയുടെയും ആദ്യഗണത്തിൽ മുൻലഘു, പിൻഗുരു എന്ന നിയമം അവശ്യം ദീക്ഷിച്ചിരിക്കണമെന്നുമാണ് വ്യവ്യസ്ഥ. മഹാഭാരതം കിളിപ്പാട്ടിലെ കർണ്ണപർവ്വം രചിച്ചിരിക്കുന്നത് ഈ വൃത്തത്തിലാണ്.]

നതോന്നത :- ഗണം ദ്വ്യക്ഷരമെട്ടെണ്ണമൊന്നാംപാദത്തിൽ, മ‍റ്റതിൽ ഗണമാറരനിൽക്കേണം രണ്ടുമെട്ടാമതക്ഷരേ, ഗുരുതന്നെയെഴുത്തെല്ലാ- മിശ്ശീലിൻ പേർ നതോന്നതാ. [ഈ വൃത്തം പ്രധാനമായും വഞ്ചിപ്പാട്ടിലാണ് ഉപയോഗിക്കുന്നത്]

വസന്തതിലകം :- ചൊല്ലാം വസന്ത തിലകം തഭജം ജഗംഗം [ത ഭ ജ ജ എന്നീ ഗണങ്ങൾക്കു ശേഷം രണ്ട് ഗുരുക്കൾ കൂടി വന്നാൽ വസന്തതിലക വൃത്തമാകും. ഗഗല ഗലല ലഗല ലഗല ഗഗ. എന്നിങ്ങനെ അക്ഷരക്രമം. പാദത്തിൽ പതിനാലക്ഷരമുള്ള ശക്വരി ഛന്ദസ്സിൽ ഉൾപ്പെടുന്ന ഒരു വൃത്തമാണ്‌ വസന്തതിലകം ഈ വൃത്തം സിംഹോന്നതാ, ഉദ്ധർഷിണി, സിംഹോദ്ധതാ, വസന്തതിലകാ എന്നീ പേരുകളിലും അറിയപ്പെടുന്നു. ഇതൊരു സംസ്കൃത വൃത്തമാണ്. കുമാരനാശാന്റെ 'വീണപൂവ്', ഈ വൃത്തത്തിലാണ്.

വിയോഗിനി :- വിഷമേ സസജം ഗവുംസമേ സഭരം ലം ഗുരുവും വിയോഗിനി. [ഒന്നും മൂന്നും വരികളിൽ (വിഷമപാദം) സസജ എന്നീ മൂന്ന് ഗണങ്ങളും ഒരു ഗുരുവും, രണ്ടും നാലും വരികളിൽ (സമപാദം) സഭര എന്നിങ്ങനെ മൂന്നു ഗണങ്ങളും ഒരു ലഘുവും, ഒരു ഗുരുവും ചേരുന്ന വൃത്തമാണ് വിയോഗിനി.]

കേക :- മൂന്നും രണ്ടും രണ്ടും മൂന്നും രണ്ടും രണ്ടെന്നെഴുത്തുകൾ; പതിന്നാലിന്നാറുഗണം പാദം രണ്ടിലുമൊന്നുപോൽ. ഗുരുവൊന്നെങ്കിലും വേണം മാറാതോരോ ഗണത്തിലും; നടുക്കു യതി; പാദാദിപ്പൊരുത്തമിതു കേകയാം. [ 3,2,2,3,2,2 എന്ന് കേരളപാണിനി ഗണവ്യവസ്ഥ നൽകിയിരിക്കുന്നു. ഇവ്വിധം പതിന്നാലക്ഷരങ്ങളിൽ ആറു ഗണങ്ങൾ ഈരടിയുടെ ഓരോ

ഈരടിയുടെ ഓരോ വരിയിലും. എല്ലാ ഗണത്തിലും ഒരു ഗുരുവക്ഷരമെങ്കിലും വേണം. ഏഴക്ഷരം കഴിഞ്ഞ് യതി. പാദങ്ങൾ തുല്യമാത്രകളിൽ തുടങ്ങണം.]

ദണ്ഡകങ്ങൾ
➖➖➖➖➖➖➖➖➖
ദണ്ഡകം (ഛന്ദഃശാസ്ത്രം)

ഛന്ദഃശാസ്ത്രം അനുസരിച്ച്, ഇരുപത്തിയാറിൽ കൂടുതൽ അക്ഷരങ്ങൾ ഒരു വരിയിൽ വരുന്നതരം പദ്യങ്ങൾ നിർമ്മിക്കാനുള്ള തോതുകളാണ് ദണ്ഡകങ്ങൾ. "ദണ്ഡ് പോലെ നീണ്ടുപോകുന്നത് " എന്ന അർഥത്തിലാണ് ദണ്ഡകം എന്ന പേര്. പതിപാദം 26ൽ കുറവ് അക്ഷരങ്ങൾ വരുന്നവയെ ഛന്ദസ്സ് എന്നാണ് പറയുന്നത്. ഛന്ദോബദ്ധമായി പദ്യം ചമക്കുന്നതിനുള്ള തോതുകളെ വൃത്തങ്ങൾ എന്ന് പറയുന്നു. 27 അക്ഷരം മുതൽ 999 വരെ അക്ഷരപാദമുള്ള ദണ്ഡകങ്ങളുണ്ട്. 'ചണ്ഡവൃഷ്ടിപ്രയാതം', 'പ്രതിചക്രം' തുടങ്ങിയ ദണ്ഡകങ്ങൾ പ്രതിപാദം 27 അക്ഷരം വരുന്നവയാണ്. ഉദാ:-

"ക്ഷോണീന്ദ്രപുത്രിയുടെ വാണീം നിശമ്യ പുനരേണീ വിലോചന നടുങ്ങീ, മിഴിയിണ കലങ്ങീ, വിവശതയിൽ മുങ്ങീ, പലതടവുമതിനു പുനരവളൊടു പറഞ്ഞളവു പരുഷമൊഴി കേട്ടുടനടങ്ങീ; - (കീചകവധം) കഥകളിയിൽ ദണ്ഡകം കൂടുതലായി കാണാം

ഇരുപത്തിനല് അക്ഷരങ്ങളാൽ വിശ്വത്തിന്റെ രഹസ്യമായി കുടികൊള്ളുന്ന ഗായത്രിയുടെ ഓരോ അക്ഷരങ്ങളെയും പ്രതിനിധീകരിക്കുന്ന ഇരുപത്തിനാല് അവതാരങ്ങളും, ശക്തികളും, ഋഷികളും, ഛന്ദസുകളും, തത്വങ്ങളും, നിറങ്ങളും ഏതൊക്കെയാണെന്ന് മഹർഷി നാരയണൻ, നാരദമഹർഷിയോട് വിശദീകരിച്ചിട്ടുണ്ട്.

                    (കടപ്പാട്)

                     (തുടരും)

          പി.എം.എൻ.നമ്പൂതിരി .

No comments: