Friday, September 06, 2019

അപരോക്ഷാനുഭൂതി - 72

     ദേഹത്തെ ആത്മാവെന്ന് തെറ്റിദ്ധരിക്കുന്നത് ഭ്രമാനുഭവങ്ങളെ സത്യമെന്നു തെറ്റിദ്ധരിക്കുന്നതു പോലെയാണെന്നൊന്നുകൂടി ഉറപ്പിക്കുന്നു.

    സർപ്പത്വേനയഥാരജ്ജൂ
    രജതത്വേനശുക്തികാ
    വിനിർണീതാവിമൂഢേന 
    ദേഹത്വേന തഥാത്മതാ     (70) 

    എപ്രകാരമാണോ കയറ് സർപ്പമായി തീരുമാനിക്കപ്പെടുന്നത്, ചിപ്പി വെള്ളിയായി തീരുമാനിക്കപ്പെടുന്നത് അപ്രകാരം അജ്ഞാനിയാൽ ബോധം ദേഹമായി തീരുമാനിക്കപ്പെടുന്നു. 

ദേഹത്വേന തഥാത്മതാ

      ബോധം ദേഹമായി തീരുമാനിക്കപ്പെടുന്നു. ആരാൽ? ബോധത്തെ അറിയാത്ത അജ്ഞാനിയാൽ. ദേഹമെന്ന  ഭ്രമാനുഭവത്തിന്റെ അധിഷ്ഠാനമാണ് ബോധം. അധിഷ്ഠാന വസ്തു ഉള്ളതുപോലെ  അറിയപ്പെടാത്തിടത്തോളം മറ്റെന്തെങ്കിലുമൊക്കെയായി തെറ്റിദ്ധരിക്കപ്പെടുമെന്നു തീർച്ച. ഏതു പോലെ? കയറു സർപ്പമായും, ചിപ്പി വെള്ളിയായുമൊക്കെ തെറ്റിദ്ധരിക്കപ്പെടുന്നതുപോലെ. സർപ്പം എന്ന ഭ്രമാനുഭവത്തിനധിഷ്ഠാനമാണു കയറ്. വെള്ളിയെന്ന ഭ്രമത്തിനധിഷ്ഠാനമാണു ചിപ്പി. രണ്ടിടത്തും അധിഷ്ഠാനത്തെ അറിയാത്തതുകൊണ്ടാണ് യഥാക്രമം സർപ്പമെന്നും വെള്ളിയെന്നും ധരിക്കാനിടയാകുന്നത്.   അതുപോലെ ദേഹ ഭ്രമത്തിനധിഷ്ഠാനമാണു ബോധം. എങ്ങനെ അറിയാം? അകത്തു നിന്നോ പുറത്തു നിന്നോ ബോധത്തോടു ചേർന്നല്ലാതെ ദേഹം ഉള്ളതായിത്തീരുന്നില്ല എന്നുള്ളതുകൊണ്ടറിയാം. അപ്പോൾ ബോധത്തെ ഉള്ളതുപോലെ അറിയാത്ത അജ്ഞനാണ് ആത്മാവിനെ ദേഹമായി തെറ്റിദ്ധരിക്കുന്നത്. ഈ അജ്ഞത മാറാൻ ഒരൊറ്റ ഉപായമേയുള്ളൂ അധിഷ്ഠാനത്തെ ഉള്ളതുപോലെ അറിയുക എന്ന ഉപായം. കയറിനെ കയറായി അറിഞ്ഞാൽ സർപ്പ ഭ്രമം മാറും. ചിപ്പിയെ ചിപ്പിയായി അറിഞ്ഞാൽ രജതഭ്രമം  മാറും. അതുപോലെ ആത്മാവിനെ മറമാറ്റി ശുദ്ധബോധമായി അറിയുമെങ്കിൽ ദേഹഭ്രമം മാറും. ഒരു സത്യാന്വേഷി അതിനായി യത്നിക്കേണ്ടതാണ്.

ഓം. വ്യാഖ്യാതാ പ്രൊഫസർ
ശ്രീ ബാലകൃഷ്ണൻ സാർ 
അവർകൾ.
തുടരും.
[02/09, 07:14] +91 94953 02037: വിവേകചൂഡാമണി-13

    വിദ്വത്വം-- അത്തരത്തിലുള്ള, പൂർണ്ണ വികാസം പ്രാപിച്ച 'മനുഷ്യ- മനുഷ്യൻ' അചഞ്ചലമായ ഏകാഗ്രത വളർത്തിക്കഴിഞ്ഞാൽ, ഉപനിഷത്ത് പഠനത്തിന് യോഗ്യനായിത്തീരുന്നു.  അപ്പോൾ മാത്രമേ, സ്വാദ്ധ്യായം (ശാസ്ത്രപഠനം) ഫലവത്തായിത്തീരുകയുള്ളൂ. അനുഷ്ഠിക്കുന്ന സാധനകളുടെ ഉദ്ദേശ്യത്തെക്കുറിച്ചും, പ്രയോജനത്തെക്കുറിച്ചും ശരിയായ ബോധമില്ലെങ്കിൽ, അവ കേവലം ചടങ്ങുകൾ മാത്രമായിത്തീരും; 
സാധനാനുഷ്ഠാനത്തിൽ ഉന്മേഷമോ ഉത്സാഹമോ 
സ്ഥായിയായി നിലനിൽക്കുകയില്ല. അതിനാൽ ശാസ്ത്രപഠനം ആവശ്യമാണെന്ന് ഇവിടെ സൂചിപ്പിക്കുന്നു. ലക്ഷ്യത്തെ ചൂണ്ടിക്കാണിക്കുകയും, അതിലേക്കുള്ള മാർഗ്ഗത്തെ പ്രഖ്യാപിക്കുകയും, ലക്ഷ്യത്തേയും മാർഗ്ഗത്തേയും കുറിച്ച് യുക്തിപൂർവ്വകമായി പ്രതിപാദിക്കുകയും ചെയ്യുന്ന വിജ്ഞാനഗ്രന്ഥങ്ങളത്രേ ഉപനിഷത്തുകൾ. 

     'മനുഷ്യ-മനുഷ്യൻ' നിഷ്കാമ കർമ്മാനുഷ്ഠാനത്തിലൂടെ ഏകാഗ്രത നേടി, ചെയ്യുന്നതായാൽ, ആത്മാനാത്മ വിവേചനം ചെയ്യുന്നതിന് (സത്യത്തെയും മിഥ്യയേയും അഥവാ, പുരുഷനേയും പ്രകൃതിയേയും വേർതിരിച്ചറിയുന്നതിന്ന്) സമർത്ഥനായി ഭവിക്കും. താമസംവിനാ താൻ ആത്മാവാണെന്നും ആത്മാവായ താൻ തന്നെയാണ് സർവ്വത്തിനും ആധാരമായിരിക്കുന്ന ബ്രഹ്മമെന്നും അറിയാറാകും. അതോടെ, ജീവ ബ്രഹ്മൈക്യമാകുന്ന ഈശ്വരാനുഭൂതിയിൽ അയാൾ സുപ്രതിഷ്ഠനായിത്തീരുന്നു.

     ആത്മവികാസത്തിന്റേതായ ഈ ഘട്ടങ്ങളെ ചിത്രീകരിക്കുന്നതിലൂടെ ഡാർവിന്റെ അപൂർണ്ണമായപരിണാമ സിദ്ധാന്തത്തിന്റെ ഒരേകദേശരൂപം ശ്രീശങ്കരൻ നമുക്ക് നൽകുന്നു. ശരിയായ ജീവിതം നയിച്ച്, സ്വപ്രയത്നത്താൽ ആത്മോന്നതിക്ക് വഴിതെളിയിച്ച്, ബോധപൂർവ്വം മുന്നോട്ടു നീങ്ങി, സർവ്വേശ്വര സന്നിധിയിലെത്തി, തന്റെ ഭിന്ന വ്യക്തിത്വത്തെ ഈശ്വരനിൽ ലയിപ്പിച്ച് ശിവനായി തീരുന്നതുവരെയുള്ള ആദ്ധ്യാത്മിക ജീവിത യാത്രയുടെ എല്ലാ ഘട്ടങ്ങളെയും ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. മർത്ത്യൻ, തന്റെ എല്ലാ കെട്ടുപാടുകളിൽ നിന്നും പരിപൂർണ്ണ മോചനം നേടുന്ന ഈ അന്തിമലക്ഷ്യമായ ശിവസായൂജ്യം തന്നെയാണ് മുക്തി.

ഓം. സ്വാമി ചിന്മയാനന്ദ.
തുടരും.

No comments: