ഈ ലോകത്ത് ആദ്യമായി കാക്കകൾ ഉണ്ടായതിനേക്കുറിച്ചൊരു കഥയുണ്ട്.*
*കശ്യപപുത്രിയായ കാകിയിൽ നിന്നാണ് കാക്കകൾ ഉണ്ടായത് എന്നാണ് അഗ്നിപുരാണത്തിൽ പറയുന്നത്.*
*എന്നാൽ, കാക്കകളുടെ ഉത്ഭവത്തേക്കുറിച്ചുള്ള മറ്റൊരു കഥയാണ് ഇന്നത്തേത്.*
മധുരയിലെ രാജാവായിരുന്നു *ദശാർഹൻ.*
ലോകം അറിയപ്പെടുന്ന പാപിയായിരുന്നു ദശാർഹൻ.
അതായത്, കലികാലത്തിലുള്ള ആൾക്കാരൊക്കെ, 'ഇത് എന്റെ ഹോബിയാണ്" എന്ന് പറയുന്നതുപോലെയായിരുന്നു ദശാർഹന് പാപംചെയ്യൽ.
കാലത്തെണീറ്റ് കട്ടൻകാപ്പി കുടിയ്ക്കുമ്പൊ ആലോചിയ്ക്കും; ഇന്ന് ആരുടെ മെക്കട്ട് കേറും എന്ന്!
ആരെയും കിട്ടിയില്ലെങ്കിൽ, നറുക്കിട്ടെങ്കിലും ഒരാളെ ഉപദ്രവിയ്ക്കാൻ തെരഞ്ഞെടുക്കും.
അതും നടന്നില്ലെങ്കിൽ വരിവെച്ചുപോകുന്ന ഉറുമ്പുകളെ ഒന്ന് ചവുട്ടിവിടുകയെങ്കിലും ചെയ്യും ദശാർഹൻ!
അങ്ങനെ ഒരുനാൾ ദശാർഹൻ വിവാഹം കഴിച്ചു.
കാശി രാജാവിന്റെ മകളായ *കലാവതി* യേയായിരുന്നു ദശാർഹൻ വിവാഹം ചെയ്തത്.
കലാവതി, ഭർത്താവിന്റെ നേരെ വിപരീതസ്വഭാവമായിരുന്നു.
ഏതുനേരവും *നമ:ശിവായ* ജപിച്ച്, പുണ്യപ്രവൃത്തികൾ മാത്രം ചെയ്തുജീവിയ്ക്കുന്ന ഒരു വ്യക്തി.
ഒരാൾ പാപത്തിന്റെ അങ്ങേ അറ്റമാണെങ്കിൽ, മറ്റേയാൾ പുണ്യത്തിന്റെ ഇങ്ങേ അറ്റം!
കല്യാണം കഴിഞ്ഞ്, പ്രണയത്തോടെ ഭാര്യയുടെ കയ്യിൽ പിടിച്ചതും; ദശാർഹൻ,
പൊള്ളിപ്പിടഞ്ഞ് ചാടിമാറി.
'ഇവൾ കാശിരാജാവിന്റെ പുത്രിയല്ലേ!?
ഇനി, അഗ്നിദേവന്റെ പുത്രിയെങ്ങാനുമാണോ!?'
'എന്തൊരു ചൂടാണിവളടെ കയ്യിന്!
ഉടുത്ത വസ്ത്രമൊന്നും കത്തിപ്പോകാത്തതെന്താണാവോ!?'
രാജാവ്, ഭാര്യയെ ഭയാശങ്കകളോടെ നോക്കി.
എന്താ സംഭവം!
കലാവതി വിഷമത്തോടെ പറഞ്ഞു.
"രാജാവേ, അങ്ങ് ചെയ്തുകൂട്ടിയ പാപങ്ങൾ കാരണമാണ് എന്നെ തൊട്ടതും അങ്ങേയ്ക്ക് പൊള്ളിയത്."
'ഏത് പാപം?' എന്നൊന്നും ചോദിയ്ക്കേണ്ടതില്ല. പാപം മാത്രമല്ലേ ചെയ്തിട്ടുള്ളൂ.
രാജാവ് കുറ്റബോധത്താൽ തലതാഴ്ത്തി.
കല്യാണം കഴിഞ്ഞ ആദ്യനാളിൽത്തന്നെ നാണംകെട്ടല്ലോ!
അല്ല; കലാവതി പറഞ്ഞതിലും കാര്യമുണ്ട്.
പുണ്യവും പാപവും ആദ്യമായി കണ്ടുമുട്ടിയതല്ലേ.
പാപത്തിന് പൊള്ളിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
താൻ ചെയ്തുകൂട്ടിയ പാപത്താൽ കത്തിപ്പിടിച്ച് പൊട്ടിത്തെറിയ്ക്കാഞ്ഞത് ഭാഗ്യം!
ദശാർഹൻ പറഞ്ഞു.
"ശരിയാണ്. ഞാൻ കൊടുംപാപിയാണ്.
ഞാൻ ദേവിയ്ക്ക് പറ്റിയ ഭർത്താവല്ല."
ആദ്യമായി ദശാർഹന്റെ കണ്ണുകൾ നനഞ്ഞു.
ഇതുകണ്ട് കലാവതിയ്ക്ക് വിഷമമായി.
"ജനിയ്ക്കുമ്പോൾ നമ്മളാരും പാപിയോ പുണ്യവാനോ ആയല്ലല്ലോ ജനിയ്ക്കുന്നത്.
കർമ്മവാസനകളുടെ ആകർഷണം കൊണ്ട് നമ്മൾ ഓരോന്നും ആയിപ്പോകുന്നതല്ലേ.
എന്നെ താലിചാർത്തിയ അങ്ങ് എന്തായാലും എന്റെ ഭർത്താവുതന്നെയാണ്. ഇനി അങ്ങയുടെ സങ്കടങ്ങൾ എന്റേതുകൂടിയാണ്. നമ്മൾക്ക് ഈ പ്രശ്നത്തിന് വല്ല പരിഹാരവുമുണ്ടോ എന്നന്വേഷിയ്ക്കാം."
കലാവതി രാജാവിനെ ആശ്വസിപ്പിച്ചു.
അങ്ങനെ, അവരിരുവരുംകൂടി *ഗർഗമുനിയെ* ചെന്നുകണ്ട്, നടന്നകാര്യങ്ങൾ മുഴുവൻ പറഞ്ഞു.
"പാപം മാറ്റാനൊക്കെ വഴിയുണ്ട്. പക്ഷേ, ഇനി പാപം ചെയ്യില്ലെന്ന് ഉറപ്പുണ്ടോ?"
മുനി ചോദിച്ചു.
ദശാർഹന്റെ പൊള്ളിയ കൈ ഒന്നു വിങ്ങി.
"ഇല്ല. ഇനി പാപം ചെയ്യുന്ന പ്രശ്നമില്ല."
രാജാവ് മുനിയ്ക്ക് വാക്കുകൊടുത്തു.
"മാത്രമല്ല; ഇനിയുള്ള കാലം സത്കർമ്മങ്ങൾ ചെയ്ത്, ലോകൻമയ്ക്ക് എന്നേക്കൊണ്ടാവുന്നത് ചെയ്യുകയും ചെയ്യും."
അങ്ങനെ ഗർഗമുനി, ദശാർഹനെ മന്ത്രംകൊണ്ട് ശുദ്ധീകരിച്ച്, ആശ്രമത്തിനു മുന്നിലുള്ള നദിയിൽ ഇറക്കിനിർത്തി.
ഉടനെ, രാജാവിന്റെ ശരീരത്തിൽനിന്നും ഇതുവരെ ചെയ്തുകൂട്ടിയ *പാപങ്ങളെല്ലാം കാക്കകളായി പുറത്തേയ്ക്ക് വന്നത്രേ.*
ഇങ്ങനെയാണത്രേ കാക്കകളുടെ ഉത്ഭവം.
പാപത്തിന്റെ സന്തതികളായതിനാൽ ചത്തതും ചീഞ്ഞതും കൊത്തിപ്പെറുക്കി നടക്കേണ്ടിവരുന്നു കാക്കകൾക്ക് എന്നും കഥയിൽ പറയുന്നു.
കാക്കകൾക്ക് ഒരിയ്ക്കൽ അനുഗ്രഹം കിട്ടിയതും ബലിച്ചോറിൽ അവകാശം കിട്ടിയതും മറ്റൊരു ദിവസം പറയാം.
No comments:
Post a Comment