വേദസമ്മതമായ ക്ര്‌തികള്‍ക്ക്‍ മാത്രമേ ആധികാരിത്വമുള്ളു. വേദസമ്മതമല്ലാത്ത ക്ര്‌തികള്‍ ഭാരതീയ ഋഷീശ്വരന്മാര്‍ രചിയ്ക്കില്ല. ജീവിതായോധനത്തില്‍ ഏത്‍ കര്‍മ്മവും നിറവേറ്റുന്നതിന് ആ കര്‍മ്മവും അത്‍ നിറവേറ്റുന്നതിനുള്ള പദ്ധതികളും പന്ഥാവും എല്ലാം വേദസമ്മതമായിരിയ്ക്കണം. ഓരോ ക്ര്‌തിയും വേദസമ്മതമാണെന്ന്‍ അതില്‍ പ്രഖ്യാപിയ്ക്കുകയും ചെയ്യും. അതേപോലത്തെ ഒരു പ്രഖ്യാപനം ശ്രീമദ്‍ ഭാഗവതത്തില്‍ അതിന്റെ തുടക്കത്തില്‍ത്തന്നെ നമുക്ക്‍ കാണാം.
നിഗമകല്‍പതരോര്‍ഗളിതം ഫലം ശുകമുഖാദ്‍ അമ്ര്‌തദ്രവസംയുതം, പിബത ഭാഗവതം രസമാലയം മുഹുരഹോ രസികാ ഭുവി ഭാവുകാ:
നഗമകല്‍പതരു - നിഗമം എന്നാല്‍ വേദം. നിഗമകല്‍പതരു എന്നാല്‍ വേദമാകുന്ന കല്‍പവ്ര്‌ക്ഷം എന്നര്‍ത്ഥം. ആ കല്‍പവ്ര്‌ക്ഷത്തില്‍ അനേകം പഴുത്ത പഴങ്ങളുണ്ട്‍. അതില്‍ കര്‍മ്മത്തിന്റെ പഴമുണ്ട്‍, അതിന്മേല്‍ ജ്ഞാനത്തിന്റെ പഴങ്ങളുണ്ട്‍, സാംഖ്യത്തിന്റെ പഴങ്ങളുണ്ട്‍, യോഗത്തിന്റെ പഴങ്ങളുണ്ട്‍, ഭക്തിയുടെ പഴങ്ങളുണ്ട്‍, സംഗീതത്തിന്റെ പഴങ്ങളുണ്ട്‍, ആരോഗ്യശാസ്ത്രത്തിന്റെ പഴങ്ങളുണ്ട്‍, നക്ഷത്രശാസ്ത്രത്തിന്റെ പഴങ്ങളുണ്ട്‍, അങ്ങനെ ഓരോരുത്തരുടെയും ആഗ്രഹത്തിനും ആവശ്യത്തിനും വേണ്ടുന്ന പക്വമായ പഴങ്ങള്‍ എല്ലാം ആ വേദമാതാവായ കല്‍പവ്ര്‌ക്ഷത്തില്‍ പഴുത്തുനില്‍ക്കുന്നുണ്ട്‍. അതിന്റെ ചുവട്ടില്‍ നിന്ന്‍ പ്രാര്‍ത്ഥിച്ച്‍ അവരവര്‍ക്ക്‍ വേണ്ടുന്നത്‍ ചോദിച്ച്‍ വാങ്ങി ഓരോരുത്തരും അതിനെ മനനം ചെയ്ത്‍ പലപല ക്ര്‌തികളാക്കി ലോകത്തിന് സമര്‍പ്പിച്ചു.
വേദവ്യാസ പുത്രനായ ശ്രീശുകബ്രഹ്മര്‍ഷിയും ഒരിയ്ക്കല്‍ ആ നിഗമകല്പവ്ര്ക്ഷച്ചുവട്ടിലെത് തി പ്രാര്‍ത്ഥിച്ചു, ഹേ കല്‍പവ്ര്‌ക്ഷമേ എനിയ്ക്ക്‍ എന്താണ് ആവശ്യമെന്ന്‍ എനിയ്ക്കുതന്നെ അറിയില്ല. എന്റെ യോഗ്യതയ്ക്ക്‍ അനുസരിച്ച്‍ ഏത്‍ പഴമാണോ എനിക്ക്‍ യോജിയ്ക്കുന്നത്‍, അത്‍ തന്ന്‍ എന്നെ അനുഗ്രഹിച്ചാലും, എന്ന്‍ ശ്രീശുകന്‍ ആ നിഗമകല്‍പവ്ര്‌ക്ഷത്തോട്‍ പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ആ കല്‍പവ്ര്‌ക്ഷം അമ്ര്‌ത ദ്രവ സംയുക്തമായ, ഭക്തിരസപ്രദാനമായ ഭാഗവതം എന്ന പഴം ശ്രീശുകന്റെ കൈകളിലേക്ക്‍ ഇട്ടുകൊടുത്തു. ആ പഴത്തിനെ ശുകം എന്ന തത്തപ്പക്ഷി തന്റെ കൊക്കുകൊണ്ട്‍ ഒരു കൊത്തുകൊടുത്തു, അതിന്റെ മാധുര്യം ഇരട്ടിച്ചു. തത്ത കൊത്തിയ പഴത്തിന് മാധുര്യം കൂടും. ശ്രീശുകബ്രഹ്മര്‍ഷി അതിനെ തന്നിലേയ്ക്കാക്കി. പഴമായി വീണ ആ പഴുത്ത പഴം ശുകന്‍ കൊത്തിയപ്പോള്‍ അത്‍ ദ്രവരൂപത്തിലായി, രസമായി (ജ്യൂസ്സ്‍ ആയി) ഭാഗവതമെന്ന അമ്ര്‌തത്തിന്റെ -രസമാലയം- രസത്തിന്റെ സങ്കേതമായി, ആ സങ്കേതത്തില്‍നിന്ന്‍ ആ രസാമ്ര്‌തം ഒഴുകാന്‍ തുടങ്ങി. അങ്ങിനെ ശ്രീശുകബ്രഹ്മര്‍ഷിയില്‍നിന്ന്‍ ആ അമ്ര്‌തദ്രവം ഒഴുകി. ആ അമ്ര്‌തരസം പാനം ചെയ്ത്‍ എത്രയോ എത്രയോ ഭാഗ്യവാന്മാര്‍ ഈ ഭൂമിയില്‍ എല്ലാം മറന്ന്‍ അതില്‍ത്തന്നെ രസിച്ചുകൊണ്ട്‍ ഭാവാതീതന്മാരായി -രസികാ ഭുവി ഭാവുകാഹ... ഉന്മത്തരായി വിഹരിക്കുന്നു.
പരമമായ സത്യത്തെ അറിയലാണ് ഭാഗവതത്തിന്റെ ഉദ്ദേശ്യം. പരമമായത്‍ സത്യം മാത്രമാണ് എന്ന്‍ ഉദ്‍ഘോഷിച്ചുകൊണ്ടാണ് ഇതിന്റെ തുടക്കവും ഒടുക്കവും. സത്യം പരം ധീമഹി എന്ന്‍ ആദ്യത്തിലും സത്യം പരം ധീമഹി എന്ന്‍ ഒടുവിലും ഘോഷിയ്ക്കുന്നു. ധാമ്‍നാ സ്വേന സദാ നിരസ്തകുഹകം സത്യം പരം ധീമഹി എന്ന്‍ തുടക്കത്തിലും ശുദ്ധം വിമലം വിശോകമമ്ര്‌തം സത്യം പരം ധീമഹി എന്ന്‍ ഒടുവിലും ഉദ്‍ഘോഷിച്ചുകൊണ്ട്‍ ഭാഗവതം അവസാനിക്കുകയും ചെയ്യുന്നു. ഓ ആയിക്കോട്ടെ, സത്യം എന്ന ഒന്ന്‍ അവിടെ ഉണ്ട്‍, അവിടെ ഉണ്ടായിക്കോട്ടെ, പക്ഷെ എനിയ്ക്കെന്ത്‍ കാര്യം. അതിനെ എങ്ങിനെ അറിയാം. ആ സത്യത്തിനെ അറിയാന്‍ എങ്ങിനെ കഴിയും. എനിക്ക്‍ അറിയാന്‍ പറ്റ്വൊ.. എനിയ്ക്ക്‍ അതിനുള്ള കഴിവുണ്ടോ, ഞാന്‍ അതിനു അധികാരിയാണോ. അതിനെ അറിയാന്‍ എന്റെ ഇപ്പോഴത്തെ അവസ്ഥയില്‍നിന്ന്‍ ഞാന്‍ എന്തെങ്കിലും മാറ്റം വരുത്തണോ. ജീവിത രീതിയില്‍ വല്ല ഭേദങ്ങളും വരുത്തണോ, അതോ ശരീരം മുഴുവനും ഭസ്മവും ധരിച്ച്‍ കാഷായവും ഉടുത്ത്‍ നാട് മുഴുവനും ചുറ്റിയാല്‍ കിട്ടുമോ, അതോ വല്ല കാട്ടിലോ ഗുഹയിലോ ഒക്കെ പോയി ഏകാന്തതയില്‍ ഇരുന്ന്‍ കഠിനമായ തപസ്സ്‍ ചെയ്യണോ. വീടും കുടുംബവും ഒക്കെ ഉപേക്ഷിയ്ക്കണോ. കയ്യിലുള്ളതൊക്കെ ദാനം ചെയ്താല്‍ കിട്ട്വോ.. വല്ല ക്ഷേത്രങ്ങളിലും പോയി അവിടെ എന്തെങ്കിലും സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യണോ, അതോ തീര്‍ത്ഥാടനങ്ങള്‍ നടത്തണോ, വേദങ്ങളും വേദാന്തങ്ങളും ഒക്കെ പഠിച്ചാല്‍ കിട്ടുമോ, അതോ യാഗങ്ങളോ ഹോമങ്ങളോ പൂജാവിധികളോ ഒക്കെ ചെയ്യണോ... എന്ത്‍ ചെയ്താലാണ് ആ പരമമായ സത്യത്തെ അറിയുക. അത്‍ അവിടെ ഉണ്ട്‍ എന്ന്‍ അറിഞ്ഞതുകൊണ്ട്‍ ആയില്ലല്ലോ.. അതിനെ കിട്ടിയാലല്ലേ ത്ര്‌പ്തി ഉണ്ടാവൂ, ശാന്തി ഉണ്ടാവൂ....
ആ പരമമായ സത്യത്തെ അറിയാന്‍ സ്വ-ധര്‍മ്മത്തെ അറിയുക എന്ന്‍ ഒറ്റവാക്കില്‍ ഉത്തരം. ധര്‍മ്മമാണ് ഭാഗവതത്തിലെ പ്രതിപാദ്യ വിഷയം. സ്വ-ധര്‍മ്മത്തെ അറിയുന്നതിലൂടെയാണ് ആ പരമമായ സത്യത്തെ അറിയുന്നത്‍, അതിലൂടെ മാത്രമേ അറിയാന്‍ പറ്റു.
ധര്‍മ്മ: പ്രോജ്‍ഝിത കൈതവോ അത്ര പരമോ നിര്‍മ്മത്സരാണാം സതാം
വേദ്യം വാസ്തവമത്ര വസ്തു ശിവദം താപത്രയോന്മൂലനം
ശ്രീമദ്‍ ഭാഗവതേ മഹാമുനിക്ര്‌തേ അത്ര ക്ര്‌തിഭി: ശുശ്രൂഷുഭിത്‍ തല്‍ക്ഷണാത്‍..
ആ ധര്‍മ്മത്തിന്റെ സ്വരൂപമെന്ത്‍, അത്‍ ധര്‍മ്മമാണോ അധര്‍മ്മമാണോ എന്നൊക്കെ എങ്ങിനെ അറിയാം. ആ ധര്‍മ്മത്തിന്റെ സ്വരൂപം ഇതാ ഇവിടെ നോക്കൂ..
ധര്‍മ്മ: പ്രോജ്‍ഝിത കൈതവോ - പ്രോജ്‍ഝിത കൈതവ ധര്‍മ്മം. കൈതവം എന്നാല്‍ കാപട്യം. പ്രോജ്‍ഝിതകൈതവം എന്നാല്‍ അകൈതവം. കാപട്യമില്ലാത്ത ധര്‍മ്മം. ഭാഗവതത്തില്‍ കാപട്യമില്ല. അതെന്താ ഈ കാപട്യമില്ലാത്ത ധര്‍മ്മം.. കാപട്യമുള്ള ധര്‍മ്മം വേറെ ഉണ്ടോ... നിര്‍മത്സരാണാം സ്വയം വേദ്യം. യാതൊരു വിധ മത്സരങ്ങളും ഇല്ലാതിരിയ്ക്കുക, യാതൊരുവിധ മാത്സര്യഭാവങ്ങളും ഇല്ലാത്തവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ അകൈതവ ധര്‍മ്മത്തില്‍ പെടുന്നു. ആ വിധത്തിലുള്ള ധര്‍മ്മം മൂന്ന്‍ വിധത്തിലുള്ള ദു:ഖങ്ങളെയും നശിപ്പിയ്ക്കുന്നു. താപത്രയോന്മൂലനം.... സകല ദു:ഖങ്ങളെയും നശിപ്പിയ്ക്കുവാന്‍ ഉതകുന്ന ധര്‍മ്മാചരണ തല്‍പരര്‍ക്ക്‍ ആ സത്യം വേദ്യമാകുന്നു. താപത്രയങ്ങള്‍... മൂന്നു വിധത്തിലുള്ള താപങ്ങള്‍-ദു:ഖങ്ങള്‍. ഒന്ന്‍ കര്‍മ്മങ്ങള്‍കൊണ്ട്‍ ശരീരത്തിനു വരുന്ന ദു:ഖങ്ങള്‍, മത്സരാദികള്‍ കൊണ്ട്‍ - കാമക്രോധലോഭമോഹമദമത്സരാദികള്കൊ ണ്ട് മനസ്സിന് ഉണ്ടാവുന്ന ദു:ഖങ്ങള്‍, ബാഹ്യകാരണങ്ങളാല്‍ -അതിശൈത്യം അത്യുഷ്ണം അതിവ്ര്‌ഷ്ടി അനാവ്ര്‌ഷ്ടി ഇടിമിന്നല്‍ ഹിംസ്രജന്തുക്കളാല്‍ ഉണ്ടാകുന്നത്‍, ഭരിക്കുന്നവരില്‍നിന്ന്‍ ഉണ്ടാകുന്നത്‍- ഇത്യാദികളെല്ലാം ബാഹ്യകാരണങ്ങളാലുള്ള ദു:ഖം. ഇത്തരത്തിലുള്ള മൂന്നുവിധം ദു:ഖങ്ങളെയും ഇല്ലാതാക്കുന്ന അവസ്ഥയെ ഉണ്ടാക്കുന്നതാണ് അകൈതവമായ ധര്‍മ്മാചരണം. താപത്രയ ഉന്മൂലനത്തിന് കാരണമാകുന്നത്‍ ഏതോ അത്‍ പ്രോജ്‍ഝിത ധര്‍മ്മം. അങ്ങിനെ ആ ധര്‍മ്മത്തെ അറിയുമ്പോള്‍ - സതാം വേദ്യം വാസ്തവം അത്ര വസ്തു ശിവദം - വാസ്തവമായ വസ്തു - വേദ്യം - അറിയപ്പെടും, വെളിവാകും..
വസ്തുവോ, അതെന്താ അതൊരു വസ്തുവാണോ, ഒരു സാധനമാണോ... സാധനമാണെങ്കില്‍ അത് നശിയ്ക്കില്ലേ... പിന്നെ ഇതൊക്കെ കേട്ടിട്ട്‍ എന്താ കാര്യം... ഏതൊന്ന്‍ ലഭിച്ച്‍ കഴിഞ്ഞാല്‍ താപത്രയങ്ങളെ ഉന്മൂലനം ചെയ്യണമോ, അതൊരു വസ്തുവായി കയ്യില്‍ കിട്ടിയാല്‍ ഒരു ദു:ഖം കൂടി കൂടുകയല്ലേ ചെയ്യുക... ദു:ഖവിനാശം ഉണ്ടാവില്ലല്ലോ.
ആ കിട്ടുന്നത്തിനെ ശുകബ്രഹ്മര്‍ഷി അതൊരു പുരുഷനെന്ന്‍ പറഞ്ഞില്ല, ഒരു സ്ത്രീ എന്ന്‍ പറഞ്ഞില്ല, ദേവനെന്ന്‍ പറഞ്ഞില്ല, ദേവി എന്ന്‍ പറഞ്ഞില്ല, വാസ്തവമായ വസ്തു ശിവദം - ശിവ ദം എന്നാണ് പറഞ്ഞത്‍. ശിവം എന്നാല്‍ മംഗളം. ദം എന്നാല്‍ കിട്ടുന്നത്‍, ലഭ്യമാകുന്നത്‍... വസ്തു എന്നാല്‍ ഉള്ളത്‍ എന്നര്‍ത്ഥം. ഉള്ളത് എന്തോ അത്‍ വസ്തു. എന്ത്‍ ഇല്ലയോ അത്‍ അവസ്തു. കിട്ടുക എന്നാല്‍ എന്തെങ്കിലും സാധനം നാമരൂപമുള്ള ഒരു സാധനം കയ്യില്‍ കിട്ടുക എന്നല്ല, വാസ്തവ വസ്തു ശിവദം - സതാം വേദ്യം - പരമാര്‍ത്ഥമായ സത്യം വെളിവാകുന്നു, എന്നര്‍ത്ഥം. ശിവമാണ് കിട്ടുന്നത്. പരമമായ ശാന്തി, നിര്‍വ്ര്‌തി എന്നൊക്കെ പറയാം. എന്നും എപ്പോഴും എല്ലായിടത്തും വസ്തുവായിരിക്കുന്നത്‍, "ഉള്ളത്" , അത്‍ ശാന്തി ഒന്നുമാത്രമാണ്. ശാന്തിയാണ് സത്യത്തിന്റെ സ്വരൂപം, ശാന്തിയാണ് ഭഗവത്‍ സ്വരൂപം. - ശാന്തോയം ആത്മാ - ശാന്തിയാണ് ആത്മാവിന്റെ സ്വരൂപം.
ഒരു ദു:ഖം വന്ന്‍ പോയാല്‍ ഒരു ശാന്തി ഉണ്ടാവും. ഒരു സുഖം വന്നു പോയാലും ഒരു ശാന്തി ഉണ്ടാവും. ഓരോ ദു:ഖത്തിനു ശേഷവും, ഓരോ സുഖാത്തിനു ശേഷവും ഒരു ശാന്തി നമുക്കുണ്ടാകുന്നു. ആ ശാന്തിയാണ് നമ്മുടെ ശാശ്വതമായ നില. യാതൊരു താപങ്ങളും ഇല്ലാത്ത മണ്ഡലമാണ് ആ ശാന്തിതമായ നില. ഇതാണ് വാസ്തവ വസ്തു അത്ര ശിവദം.
എന്ത്‍ തന്നെ ചെയ്താലും ശരീരത്തിന്റെ ദു:ഖം മാറ്റാന്‍ പറ്റുമോ.. കര്‍മ്മം ചെയ്താല്‍ ദു:ഖം മാറുമോ, കര്‍മ്മം ചെയ്താല്‍ സുഖമാകുമോ. എന്തെങ്കിലും ചെയ്തിട്ട്‍ കിട്ടുന്നതാണോ സുഖവും ദു:ഖവും. എന്തെങ്കിലും ചെയ്തിട്ട്‍ കിട്ടുന്നതാണ് എന്ന്‍ പറഞ്ഞാല്‍ അത്തരക്കാരെ ക്ര്‌പണന്മാര്‍ എന്ന്‍ പറയും. ക്ര് എന്നാല്‍ ചെയ്യുക. പ എന്നാല്‍ പ്രാപിയ്ക്കുക, കിട്ടുക. ചെയ്യുക നേടുക ചെയ്യുക നേടുക ഇത് ക്ര്‌പണത. എന്തിനുവേണ്ടിയിട്ടാണോ ദേഹധാരിയായി ഈ ഭൂമിയില്‍ ജനിച്ചിരിയ്ക്കുന്നത്‍ അതിനെ വിട്ട്‍, അതിനെ അറിയാതെ, മറ്റൊന്ന് ചെയ്യുക, മറ്റൊന്നിനെ ആശ്രയിക്കുക, അതിനെയാണ് ക്ര്‌പണത എന്ന്‍ പറയുക. ക്ര്, പ... ക്ര്, പ... ചെയ്യുക നേടുക, ചെയ്യുക നേടുക.. കാര്‍പ്പണ്യ ദോഷോ ഉപഹതസ്വഭാവ എന്ന്‍ ഗീതയിലും പറയും. ഏതൊന്നിനു വേണ്ടിയിട്ടാണോ ഇവിടെ വന്നത്‍ അത് അറിയാതെ മറ്റെന്തെല്ലാമോ ചെയ്ത്‍ ചെയ്ത്‍ അതുതന്നെ സ്വഭാവമാക്കിത്തീര്‍ക്കുക. ഇതാണ് നമ്മളൊക്കെ ചെയ്യുന്നത്‍.. ക്ര് , പ; ക്ര്, പ.. ചെയ്യുന്നതുകൊണ്ട്‍ കിട്ടില്ല. എന്തെങ്കിലും ചെയ്തിട്ട്‍ നേടിയെടുക്കേണ്ടതല്ല ശാന്തി. ഒരു ദു:ഖം വന്ന്‍ അത്‍ പോയിക്കഴിഞ്ഞാല്‍ അനുഭവപ്പെടുന്ന ശാന്തി, എന്തെങ്കിലും ചെയ്തിട്ട്‍ കിട്ടിയതല്ലല്ലൊ. അതവിടെ ഉണ്ടായിരുന്നു, ഇപ്പോഴും ഉണ്ട്‍, എപ്പോഴും ഉണ്ടാവും. അത്‍ ആത്മാവിന്റെ സ്വരൂപമാണ്. എന്തെങ്കിലും ചെയ്താല്‍ അശാന്തി, ചെയ്യാതിരുന്നാല്‍ ശാന്തി. അപ്പൊ എങ്ങനെ ചെയ്യാതിരിയ്ക്കും, വെറുതെ ഇരിയ്ക്കണമെന്നാണോ പറയുന്നത്‍. അല്ല. ചെയ്യുന്നത്‍ ഞാന്‍ അല്ല ചെയ്യുന്നത്‍ എന്ന്‍ അറിഞ്ഞ്‍ ചെയ്താല്‍ കാര്യം വളരെ എളുപ്പം. എല്ലാവരും ശ്വാസം വലിയ്ക്കുന്നുണ്ടല്ലോ.. അത്‍ ഞാനാണ് ചെയ്യുന്നത്‍ എന്ന്‍ ആര്‍ക്കെങ്കിലും തോന്നുന്നുണ്ടോ,... ഇല്ല. എന്നാല്‍ ഞാന്‍ ശ്വാസം വലിയ്ക്കുന്നു എന്ന ചിലപ്പോഴെങ്കിലും പറയാറുണ്ട്. അതിന്റെ സന്ദര്‍ഭം വരുമ്പോള്‍ മാത്രം. അങ്ങിനെ പറയാന്‍ കാരണം, അതല്ലാതെ മറ്റൊന്നും പറയാന്‍ പറ്റില്ല. അതേപോലെ ഈ ശരീരം എന്തെങ്കിലുമൊക്കെ ചെയ്തോട്ടെ, അത്‍ ആരോ ഈ ശരീരത്തിനെക്കൊണ്ട്‍ ചെയ്യിയ്ക്കുന്നു, അതിന്റെ ഫലം ആരോ അനുഭവിയ്ക്കുന്നു. ഒന്നിനും ഞാന്‍ കര്‍ത്താവല്ല, അതിന്റെ ഫലം അനുഭവിയ്ക്കുന്നതും ഞാനല്ല. അകത്തിരുന്നുകൊണ്ട്‍ ആ ആത്മാവ്‍ എന്തൊക്കെയോ ചെയ്യിക്കുന്നു, ഈ ശരീരം അത്‍ ചെയ്യുന്നു. അവിടെ ഞാനില്ല. ഇതറിഞ്ഞു കഴിഞ്ഞാല്‍ ത്രിവിധ താപങ്ങളില്‍നിന്നും മുക്തമായി, താപത്രയോന്മൂലനം..
സ്വാമി രാമതീര്‍ത്ഥരോട്‍ ഒരു സായിപ്പ്‍ പറഞ്ഞു, സ്വാമീ, ഈശ്വരനെ സ്വന്തം ഉള്ളില്‍ ദര്‍ശിയ്ക്കുക എന്നത്‍ അത്യന്തം കഠിനമാണല്ലൊ, എന്ന്‍. അതിന് രാമതീര്‍ത്ഥര്‍ പറഞ്ഞു, അതെ, ശരിയാണ്, പക്ഷെ വേറെ എവിടെയും നിങ്ങള്‍ക്ക്‍ അതിനെ ദര്‍ശിയ്ക്കാനും പറ്റില്ല.
എത്രയെത്ര ശാസ്ത്ര ഗന്ഥങ്ങളാണ് നമുക്ക്‍ കിട്ടിയിട്ടുള്ളത്‍. ഭിന്ന ഭിന്ന രുചിക്കാരായ ലോകത്തിലെ ഓരോരുത്തര്‍ക്കും ഉചിതമായ ശാസ്ത്രഗ്രന്ഥങ്ങള്‍ നമുക്കുണ്ട്‍. എത്രയോ മഹാത്മാക്കളുടെ ബോധമണ്ഡലത്തില്‍ സ്ഫുരിച്ച ആത്യന്തിക സത്യത്തെ വെളിപ്പെടുത്തുന്ന ശാസ്ത്രങ്ങള്‍ അതിന്റെ അന്ത:സ്സത്തയ്ക്ക്‍ യാതൊരു കോട്ടവും തട്ടാതെ സഹസ്രാബ്ദങ്ങളായി നിലനില്‍ക്കുന്നു. എല്ലാ ശാസ്ത്രഗ്രന്ഥങ്ങളുടെയും സത്ത ത്രിവിധ ദു:ഖത്തെ ഇല്ലായ്മ ചെയ്യുക എന്നതാണ്. ശ്രീമദ്‍ ഭാഗവതം അതീവ ശ്രൈഷ്ഠമുള്ള ഒരു ഗ്രന്ഥമാണ്. അതിലെ സരണികള്‍ ഒരു ഭാഗവതോത്തമനില്‍നിന്ന്‍ ശ്രദ്ധയോടെ ശ്രവിച്ചാല്‍, ശ്രവണമാത്രയില്‍ത്തന്നെ... താപത്രയ ഉന്മൂലനം സംഭവിച്ച്‍ ഭാവാതീതാവസ്ഥയെ പ്രാപിക്കുന്നു. ശുകബ്രഹ്മര്‍ഷിയുടെ മുഖാരവിന്ദത്തില്‍നിന്ന്‍ ദ്രവരൂപത്തില്‍ ഒഴുകിയ ഈ കല്‍പ്പതരുവിന്റെ പഴത്തിന്റെ രസം ജ്യൂസ് ശ്രോത്രങ്ങള്‍കൊണ്ട്‍ പാനം ചെയ്യണം... പിബത ഭാഗവതം രസമാലയം... പിബത എന്നാല്‍ കുടിയ്ക്കൂ എന്നര്‍ത്ഥം.
താപത്രയങ്ങള്‍ അകലുമ്പോള്‍ ജീവിതം ഉന്മത്തമുള്ളതായി തീരുന്നു, ആനന്ദപ്രദമാകുന്നു. അപ്പോള്‍ കാണുന്നതും കേള്‍ക്കുന്നതും എല്ലാം ആനന്ദത്തെ പ്രദാനം ചെയ്യുന്നു. ഭഗവത്‍ സ്വരൂപവും ഭഗവത്‍ നാമങ്ങളും ഭഗവത്‍ കഥകളും ഭഗവത്‍ ലീലകളും എല്ലാം വര്‍ണ്ണിക്കുന്നത്‍ കേള്‍ക്കാന്‍ തന്നെ പുണ്യം ചെയ്യണം. സുക്ര്‌തികള്‍ക്കേ അതിനുള്ള ഭാഗ്യം ഉണ്ടാവു. അതാണ് രസികാ ഭുവി ഭാവുകാഹ എന്ന്‍ പറഞ്ഞിട്ടുള്ളത്‍. അവര്‍ അത്‍ ശ്രവണം ചെയ്തുകൊണ്ട്‍ ഭൂമിയില്‍ ഉന്മത്തരായി സഞ്ചരിക്കുന്നു.
പിബത, പിബത രസമാലയം, ഭാഗവത രസമാലയം, കുടിയ്ക്കൂ, കുടിയ്ക്കൂ, വീണ്ടും വീണ്ടും വീണ്ടും കുടിയ്ക്കൂ.. നേത്രൈ ശ്രോത്രൈശ്ച പീത്വാ പരമരസ സുധാംബോധി പൂരേ രമേരന്‍ - എന്ന്‍ ഭട്ടതിരിപ്പാട്‍ നാരായണീയത്തില്‍ പറയും. രസികാ ഭുവി ഭാവുകാഹ എന്നാണ് പറഞ്ഞിട്ടുള്ളത്‍. ചകോരപ്പക്ഷി ഒരേ ഇരുപ്പില്‍ ഇരുന്ന്‍ ചന്ദ്രനെത്തന്നെ നോക്കിക്കൊണ്ടിരിയ്ക്കുന്നു, ചന്ദ്രനില്‍നിന്ന് ഒഴുകുന്ന ചന്ദ്രികയെ രാത്രി മുഴുവനും പാനം ചെയ്തുകൊണ്ടിരിക്കുന്നു. ചന്ദ്രന്‍ വിലീനമാകുമ്പോള്‍, പകല്‍ മുഴുവനും ചന്ദ്രനെത്തന്നെ സ്മരിച്ചുകൊണ്ടിരിയ്ക്കും. അപ്പോള്‍ വീണ്ടും ചന്ദ്രന്‍ പ്രത്യക്ഷപ്പെടും. ഇത്‍ അനവരതം തുടര്‍ന്നുകൊണ്ടേ ഇരിയ്ക്കുന്നു. ചകോരപ്പക്ഷി ഒരിക്കലും തന്റെ തപസ്സില്‍നിന്ന്‍ പുറകോട്ട്‍ പോകുന്നില്ല, ജീവിതം മുഴുവനും ചന്ദ്രനെ സ്മരിച്ചും ചന്ദ്രികയെ പാനം ചെയ്തും തന്റെ ജീവിതം ഉന്മത്തപൂര്ണ്ണമാക്കിത്തീര്ക് കുന്നു. അതേപോലെ എവിടെയാണ് ഭാഗവത പാരായണം നടക്കുന്നത്‍, എവിടെയാണ് ഭഗവാന്റെ കഥകള്‍ പറയുന്നത്‍, ആരാണ് ഭഗവത്‍ ലീലകള്‍ വര്‍ണ്ണിയ്ക്കുന്നത്‍, എന്നൊക്കെ നോക്കി നടക്കുകയാണ് ഭാവുകരായ ഭഗവത്‍ ഭക്തരെല്ലാം. അവര്‍ക്ക്‍ ജീവിതത്തില്‍ വേറെ എന്ത്‍ വേണം. ഒരേ ഇരുപ്പില്‍ ഏഴ്‍ ദിവസം ശ്രീശുകന്റെ മുഖാരവിന്ദത്തില്‍ നിന്ന്‍ -ഗളിതം ഫലം - ഒഴുകിയ ഭഗവത്‍ രസം പരീക്ഷിത്ത്‍ ശ്രദ്ധയോടെ പാനം ചെയ്തു, ത്രിവിധ താപത്തില്‍നിന്നും മുക്തമായി, ജന്മസായൂജ്യം കൈവരിച്ചു, ശുദ്ധോസി ബുദ്ധോസി നിരഞ്ജനോസി ആയിത്തീര്‍ന്നു.
പരീക്ഷിത്ത്‍ അനുഭവിച്ച ആ നിര്‍വ്ര്‌തി നമുക്കും കൈവന്നിരിയ്ക്കുന്നു. ശ്രദ്ധയോടുകൂടി ഭാഗവതം പാരായണം ചെയ്യുക, ആരെങ്കിലും എവിടെയെങ്കിലും പാരായണം ചെയ്യുന്നുണ്ടെങ്കില്‍ അത്‍ ശ്രദ്ധയോടെ ശ്രവിക്കുക.
vijayan
ReplyForward
|
No comments:
Post a Comment