Friday, September 06, 2019



ഒരാൾ വിജയിക്കുന്നത് തന്റെ തന്നെ സ്വാഭാവിക മാർഗ്ഗത്തിൽ കഴിയുന്നത്ര സമ്പൂർണ്ണമായും തീവ്രമായും ജീവിക്കുമ്പോഴാണ്#

നിങ്ങളുടെ പരാജയമാണ് ദൈവമെന്ന നുണയെ വിജയകരമാക്കുന്നത്.
പരാജയം എന്നതുകൊണ്ട് നിങ്ങൾ മനസ്സിലാക്കുന്നതല്ല ഞാൻ അർത്ഥമാക്കുന്നത്.

നിങ്ങൾ അതിസമ്പന്നനായില്ലെങ്കിൽ ഒരു പരാജയമാണെന്ന് നിങ്ങൾ ധരിക്കുന്നു.
വലിയ രാഷ്ട്രീയക്കാരനായില്ലെങ്കിൽ,
പ്രധാനമന്ത്രിയോ പ്രസിഡന്റോ ആയില്ലെങ്കിൽ, ലോകപ്രസിദ്ധനായില്ലെങ്കിൽ ഒരു പരാജയമാണെന്ന് നിങ്ങൾ ധരിക്കുന്നു.
എന്നാൽ അത് പരാജയമല്ല.
അത് കേവലം മാത്സരികമായ,
അഹംബോധാത്മകമായ ജീവിതമാണ്.

ഒരാൾ വിജയിക്കുന്നത് തന്റെ തന്നെ സ്വാഭാവിക മാർഗ്ഗത്തിൽ കഴിയുന്നത്ര സമ്പൂർണ്ണമായും തീവ്രമായും ജീവിക്കുമ്പോഴാണ്.
സമ്പൂർണ്ണമായി ജീവിക്കപ്പെടുന്നതെന്തും ധ്യാനത്തിന് തുല്യമാകുന്നു.
പ്രതിനിമിഷം, തികച്ചും സ്വാഭാവികമായി, തനിക്കനുസൃതമായി ജീവിക്കുന്ന ഒരാൾക്ക് ഖേദിക്കുവാനായി ഒന്നുമില്ല.
അയാൾ പരാജയമല്ല.

അതിനാൽ സന്തോഷവാനായ ആനന്ദവാനായ ഒരാൾക്ക് ദൈവത്തിന്റെ ആവശ്യമില്ല.
നിങ്ങളുടെ ദുഃഖം, സഹജമാകുന്നതിൽ നിങ്ങൾക്ക് വന്ന പരാജയം, അതാണ്‌ ദൈവത്തിന്റെ ജീവിതം വിജയമാക്കുന്നത്.
ദൈവം നിങ്ങളുടെ ശൂന്യത നികത്തുന്നു.
എന്നാൽ സമ്പൂർണ്ണമായി ജീവിക്കുന്ന ഒരാൾക്കും ശൂന്യതയില്ല.

എനിക്ക് ഒരു ദൈവമില്ല.
ഞാൻ താത്വികമായി നിരീശ്വരവാദിയായതുകൊണ്ടല്ല. എനിക്ക് ഒരു ദൈവത്തിന്റെ ആവശ്യമില്ല.
അത്രതന്നെ. ഞാൻ എന്നിൽത്തന്നെ അത്രയും സാക്ഷാത്കരിച്ചിരിക്കുന്നതുകൊണ്ട് എനിക്ക് ഒരു മതത്തിന്റെയും ആവശ്യം ഉണ്ടാകുന്നില്ല.

ഒരോ നിമിഷും അത്രയധികം മനോഹരമാണ്, അത്രയധികം ഹർഷപൂർണ്ണമാണ്.
ദൈവം, സ്വർഗ്ഗം, നരകം, ഇത്തരം വിഡ്ഢിചോദ്യങ്ങളെ ആര് കാര്യമാക്കുന്നു?
ഇതെല്ലാം ഭ്രാന്ത് പിടിച്ച മനുഷ്യരാശിയുടെ ചോദ്യങ്ങളാണ്.

സഹജനായിരിക്കുക. ദൈവം ഒരു വിഷയമേ ആവുകയില്ല, അതുപോലെ തന്നെ സ്വർഗ്ഗമോ, നരകമോ, പുരോഹിതനോ ഒന്നുംതന്നെ വിഷയമാവുകയില്ല.
ഒരോ നിമിഷവും അസ്തിത്വവുമായി നിങ്ങൾ അത്രയധികം സ്വരചേർച്ചയിലായിരിക്കും:

നിങ്ങൾ പുഷ്പങ്ങളെപ്പോലെ പ്രഫുല്ലനം ചെയ്യും, മയൂരങ്ങളെപ്പോലെ നൃത്തം ചെയ്യും, കൊകിലങ്ങളെപ്പോലെ ഗാനമാലപിക്കും.
നിങ്ങളുടെ ജീവിതത്തിന് തികച്ചും വ്യത്യസ്തമായ ഒരു രുചിയുണ്ടാവും.
അതിന് സ്വയം സംതൃപ്തനായ തനതായ അസ്തിത്വവുമായി സ്വയം പൊരുത്തപ്പെട്ടവനായ,
ഒരുവനു മാത്രം ഉണ്ടാവുന്ന ഒരു സുഗന്ധം ഉണ്ടായിരിക്കും.

ജീവിതമെന്ന കല ലളിതമാണ്.
പ്രകൃത്യാനുസാരിയായി വർത്തിക്കുക.
മനുവിനേയോ മോശയേയോ മഹാവീരനേയോ മുഹമ്മദിനേയോ കുറിച്ച് ഗൗനിക്കാതിരിക്കുക. ആരെക്കുറിച്ചും ഒട്ടും ഗൗനിക്കാതിരിക്കുക.
അവർ അവരുടെ ജീവിതം ജീവിച്ചു.
അവർ മറ്റാരെക്കുറിച്ചും ഒരിക്കലും ഗൗനിച്ചിരുന്നില്ല. സ്വന്തം ഉൾക്കാഴ്ച്ചയനുസരിച്ചായിരുന്നു അവർ ജീവിച്ചത്. അതാണ്‌ അവരുടെ മഹത്വം.

എനിക്ക് ഒരു വിജയത്തെക്കുറിച്ചു മാത്രമേ അറിയൂ,
അത് ഇതാണ്: നിങ്ങളുടെ ജീവിതം നിങ്ങളുടേതായിരിക്കണം.

നിങ്ങളുടെ സഹജമായ അതസ്തിത്വം.
എന്നാൽ നിങ്ങളുടെ ആധികാരിക പ്രകൃതത്തിൽ വർത്തിക്കുന്നതിൽ നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ ദൈവമെന്ന നുണ വിജയിക്കുകതന്നെ ചെയ്യും.
അപ്പോൾ നിങ്ങളെ പരിപാലിക്കാൻ മറ്റൊരാളെ നോക്കേണ്ടി വരും. അപ്പോൾ മരണശേഷം എന്തുസംഭവിക്കുമെന്ന് നിങ്ങൾ വേവലാതിപ്പെടുന്നു.
ഒരു പക്ഷേ ദൈവം ഉണ്ടായിരിക്കാം. നിങ്ങളവനെ ആരാധിക്കുന്നില്ലെങ്കിൽ എങ്ങനെയാണവനെ അഭിമുഖീകരിക്കുക?
ആരാധിക്കുന്നതായിരിക്കും നല്ലത്: ദൈവമില്ലെങ്കിൽ കുഴപ്പമില്ലായിരുന്നു. അഥവാ ദൈവമുണ്ടെങ്കിൽ നിങ്ങൾക്ക് പറയാമല്ലോ, " ഞാൻ ആരാധിക്കാറുണ്ടായിരുന്നു." ഈ കൂട്ടർ വെറും കോഴിക്കുഞ്ഞുങ്ങളാണ്. 

നിങ്ങൾ ചെയ്യുന്ന ഏത് പ്രവൃത്തിയിലും ആധികാരികമാവുക, സ്വാഭാവികമാവുക, സത്യസന്ധമാവുക.
നിങ്ങളുടെ സത്തയിലേക്ക് പ്രവേശിച്ച് അതിന്റെ കേന്ദ്രം കണ്ടെത്തിയാൽ മാത്രമേ ഇത് സാധ്യമാവൂ. അതാകുന്നു ലോകത്തിലെ ഒരേയൊരു വിജയം:

നിങ്ങളുടെ കേന്ദ്രം കണ്ടെത്തുക, അതിനുശേഷം ആ കേന്ദ്രം നിങ്ങളെ നയിക്കട്ടെ.
ആ വെളിച്ചം നിങ്ങളുടെ കേന്ദ്രത്തിൽ നിന്ന് വന്നുകൊള്ളും. നിങ്ങളിൽനിന്ന് അത് പ്രസരിച്ചുകൊണ്ടിരിക്കും.
നിങ്ങൾ ഒരു സ്വാഭാവിക മനുഷ്യനായി വർത്തിക്കും.
ആ സ്വാഭാവിക മനുഷ്യനാണ് ബുദ്ധൻ.

No comments: