ശ്രീമദ്ഭാഗവതമാഹാത്മ്യത്തെ പുരാണങൾകൊണ്ടോ, ഇതിഹാസങൾകൊണ്ടോ, മനസ്സിലാക്കാവുന്നതോ, മനസ്സിലാക്കേണ്ടതോ അല്ല. അത് പരമ്പരാപ്രോക്തമായി പഠിച്ചറിഞ് ഹൃദയത്തിലേറ്റേണ്ട ഒരദ്ധ്യാത്മികാനുഭൂതിയാണ്. എങ്കിലും ഭക്റ്റിജ്ഞാനവൈരാഗ്യാദികളുടെ കഥ കേട്ടുകൊള്ളുക.
കലിയുഗത്തില്‍ ഒരിക്കല്‍ സനത്കുമാരന്മാര്‍ ബദ്രികാശ്രമത്തില്‍ എത്തി. ബ്രഹ്മാവിന്റെ ആദ്യപുത്രന്മാരായ അവര്‍ എന്നും നഗ്നരായ ബലന്മാരാണ്. അതേസമയം തന്നെ വളരെ ദുഖിതനായ നാരദരെ അവര്‍ അവിടെ കണ്ടു. ബാലന്മാര്‍ നാരദരോട് തന്റെ ദുഖത്തിന്റെ കാരണം ആരാഞ്ഞു. ഈ ഭൌതികലോകത്തു താന്‍ ഒരുപാട് കറങ്ങിതിരിഞ്ഞിട്ടും തനിക്ക് ഒരിടത്തും സമാധാനം കിട്ടിയില്ലെന്നും, കലിയുഗം വന്നതാണ് അതിന് കാരണമെന്നും, കലിയുഗം പാപവൃത്തിയുടെ യുഗമാണെന്നു നരദന്‍ ദുഖിതനായി പറഞ്ഞു. മനുഷ്യന്‍ എല്ലായിടവും വളരെ ശത്രുതയിലാണ് കഴിയുന്നതെന്നും, സത്യവും, ധര്‍മ്മവും, ദയയും, തപസ്സും, എല്ലാം തന്നെ മനുഷ്യരില്‍ നഷ്ടപ്പെട്ടിരിക്കുന്നുവെന്നും, എല്ലാ മനുഷ്യരും ആഹാരാദി നാലുകര്‍മ്മങ്ങള്‍ മാത്രം ചെയ്തുനടക്കുന്നുവെന്നും, മന്ദബുദ്ധികളും, നിര്‍ഭാഗ്യരുമായ മനുഷ്യന്‍ മുഴുവനും രോഗികളായിരിക്കുന്നുവെന്നും, കപടസന്ന്യാസിമാര്‍ സ്ത്രീകള്‍ക്കും, ധനത്തിനും പിറകേ പായുന്നുവെന്നും, കൃഷ്ണകഥ അല്‍പം പോലും കേള്‍ക്കാനില്ലെന്നും, എല്ലാ വീട്ടിലും പുരുഷന്മാര്‍ക്ക് പകരം സ്ത്രീകള്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നും, എല്ലാ മനുഷ്യരും അത്യാഗ്രഹികളും വിഷയാസക്തരുകായിരിക്കുന്നുവെന് നും, മാതാപിതാക്കള്‍ പെണ്മക്കളെ വില്‍ക്കുന്നുവെന്നും, കുടുംബാംഗങ്ങള്‍ തമ്മില്‍ പരസ്പരം കലഹിക്കുന്നുവെന്നും, ഓരോരുത്തരും ഞാന്‍ വലുത് ഞാന്‍ വലുത് എന്നഹങ്കരിക്കുന്നുവെന്നും, ആശ്രമങ്ങളും, മറ്റുള്ള പുണ്ണ്യസ്ഥലങ്ങളും, പുണ്ണ്യനദികളും മറ്റും അശുദ്ധമാക്കി ഈ മ്ളേച്ചന്മാര്‍ നശിപ്പിക്കുന്നുവെന്നും, എല്ലാം കലിയുഗമാകുന്ന കാട്ടുതീയില്‍ പെട്ടു വെന്തു വെണ്ണീറാകുന്നുവെന്നും, അത്യാഗ്രഹിയായ മനുഷ്യന്‍ അന്നം വിറ്റ് പണം നേടുന്നുവെന്നും തുടങ്ങി ഒട്ടനവധി ദുഖകരമായ അവസ്ഥകള്‍ താന്‍ അവിടെ കണ്ടതായി സനത്ബാലകന്മാരോട് പറഞ്ഞു.
തുടര്‍ന്ന് താന്‍ വൃന്ദവനത്തില്‍ കണ്ട ഒരു കാഴച്ചയെ പറ്റി നാരദന്‍ അവരോട് വര്‍ണ്ണിക്കുന്നു. "എല്ലായിടവും അലഞ്ഞ് അസംതൃപ്തനായി ഞാന്‍ ഒടുവില്‍ വൃന്ദാവനത്തിലെത്തി. അവിടെ ഞാന്‍ ഒരു ആശ്ചര്യജനകമായ കാഴ്ച കണ്ടു. യമുനയുടെ തീരത്ത് ഒരു സ്ത്രീ ഇരുന്നു ദീനം ദീനം നിലവിളിക്കുന്നത് ഞാന്‍ കണ്ടു. അവള്‍ വളരെ വളരെ അസന്തുഷ്ടയായിരുന്നു. അവളുടെ ഇടതുവശത്തായി ദീര്‍ഘശ്വാസം വലിക്കുന്ന രണ്ടു വൃദ്ധന്മാര്‍ കിടക്കുന്നുണ്ടായിരുന്നു. കരഞ്ഞുകൊണ്ട് ഈ സ്ത്രീ ഇടക്കിടെ അവരെ ആശ്വസിപ്പിക്കുന്നതു ഞാന്‍ ശ്രദ്ധിച്ചു. അവരോടൊപ്പം കുറെ യുവസന്ന്യാസിമാരും ഉണ്ടായിരുന്നു. അവര്‍ ആ സ്ത്രീയോട് ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടു. "അല്ലയോ ദേവീ, കാത്തിരിക്കുക, സൌഭാഗ്യം ഉടനെ വരും, ഭഗവാന്‍ ശ്രീകൃഷ്ണന്‍ തീര്‍ച്ചയായും നമ്മില്‍ കാരുണ്യവാനാകും." അവര്‍ വീണ്ടും വീണ്ടും ഇത് പറഞ്ഞുകൊണ്ടിരുന്നു. എനിക്കാശ്ചര്യം തോന്നി. ഞാന്‍ അവളെ സമീപിച്ചു. എന്നെ കണ്ടതും അവള്‍ നമസ്കരിച്ചുകൊണ്ട് പറഞ്ഞു. "അല്ലയോ നാരദരേ, അങ്ങ് മാഹാൃഷിയാണ്. അങ്ങ് ഞങ്ങളൊടൊപ്പം ഉണ്ടാവുക. അങ്ങയെ കണ്ടതും എനിക്ക് തെല്ല് ആശ്വാസമായതുപോലെ തോന്നുന്നു. ദയവായി എന്റെ ഹൃദയത്തെ അങ്ങ് സമാശ്വസിപ്പിക്കുക. എന്റെ എല്ലാ ദുഖവും തീരാന്‍ പോകുന്നതായി ഞാന്‍ അറിയുന്നു കരണം അങ്ങയെപോലൊരു സന്ന്യാസിക്ക് അത് സാധ്യമാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു".
നാരദന്‍ തുടര്‍ന്നു. "ഞാന്‍ അവളോട് തിരക്കി, ഹേ ദേവി, നീ ആരാണ്?, എന്തുകൊണ്ടാണ് ഈ വൃദ്ധന്മാര്‍ ഇവിടെ കിടക്കുന്നത്?, ഈ യുവതികള്‍ എങ്ങനെയിവിടെയെത്തി?, എന്താണ് നിന്റെ പ്രശ്നം, ദയവായി എന്നോട് പറഞ്ഞാലും". അപ്പോള്‍ അവളെന്നോട് പറഞ്ഞു, ഞാന്‍ ഭക്തി, ഈ വൃദ്ധന്മാര്‍ എന്റെ മക്കളാണ്, ജ്ഞാനവും, വൈരാഗ്യവും. അവര്‍ക്ക് വയസ്സായിരിക്കുന്നു. താങ്കള്‍ ഈ കാണുന്ന യുവതികള്‍ ഗംഗ, യമുനാ തുടങ്ങിയ പുണ്യതീര്‍ത്ഥങ്ങളാണ്. അവര്‍ എന്നെ സഹായിക്കാന്‍ എത്തിയവരാണ്. എന്നാലും ഞാന്‍ അതൃപ്തയാണ്, ദുഖിതയാണ്. ഓ! ഋഷീശ്വരാ, അങ്ങ് എന്റെ ദുഖാവസ്ഥയെ കേട്ടുകൊണ്ടാലും. ഞാന്‍ ഇത് അങ്ങയോട് പറഞ്ഞില്ലെങ്കില്‍ എന്റെ ദുഖം ഒരിക്കലും തീരില്ല.
ഭക്തിദേവി |
ഭക്തിദേവി തുടര്‍ന്നു.: "എന്റെ ജന്മദേശം ദക്ഷിണഭാരതത്തിലുള്ള ദ്രാവിഡഭൂമിയാണ്. ഞാന്‍ വളര്‍ന്നത് കര്‍ണ്ണാടകത്തിലും. പിന്നീട് ഗുജറാത്ത് ദേശത്തിലെത്തിയതും, ഞാന്‍ വൃദ്ധയായി തീര്‍ന്നു. അവിടെ ഗുജറാത്ത് ദേശത്ത് കലിയ്ക്കാണ് രാജ്യഭരണം. അവര്‍ എന്റെ ശരീരത്തില്‍ പരുക്കേല്‍പ്പിച്ചു, അങ്ങനെ ഞാന്‍ വൃദ്ധയായി. എല്ലാ ഓജസ്സുകളും നശിച്ച് എന്റെ മക്കള്‍ ദുഃസ്ഥരും വൃദ്ധരും ആയി മാറി. ഇന്നിവര്‍ക്ക് ആരോഗ്യമില്ല. ഈവിധം ഇന്നു ഞാന്‍ വൃന്ദാവനത്തിലെത്തി. ഇവിടെയെത്തിയപ്പോള്‍ എനിക്ക് യുവത്വം തിരിച്ചുകിട്ടി. പക്ഷേ എന്റെ മക്കള്‍,... അവരിപ്പോഴും വൃദ്ധരാണ്. എന്തിനാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്?. ഞാന്‍ മറ്റൊരു ദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നു. പക്ഷേ എന്റെ മക്കള്‍ക്കാവതില്ലാത്തതിനാല്‍ ഞാന്‍ അതീവ ദുഃഖിതയാണ്. അമ്മ യുവതിയും, മക്കള്‍ വൃദ്ധരുമായി അങ്ങ് എപ്പോഴെങ്കിലും, എവിടെയെങ്കിലും കേട്ടിട്ടുണ്ടോ?. ഇത് തികച്ചും നേര്‍ വിപരീതമായിരിക്കുന്നു.
അപ്പോള്‍ നാരദന്‍ പറഞ്ഞു. : "അല്ലയോ ദേവി, ഇങ്ങനെ സംഭവിച്ചുവെങ്കിലും നീ ദുഃഖിതയാകാതിരിക്കുക. നീ ഇപ്പോഴും യശ്ശസ്സുള്ള ഭക്തിദേവി തന്നെയാണ്. തീര്‍ച്ചയായും ഭഗവാന്‍ ഹരി നിന്നില്‍ കാരുണ്യവര്‍ഷം പൊഴിക്കും. നീ സന്തോഷവതിയാകും."
സൂതന്‍ വീണ്ടും ശൌനകാദികളോട് ആ കഥ തുടര്‍ന്ന് പറഞ്ഞു. "അല്ലയോ ഋഷിവര്യരേ, ഇതിനക നാരദമഹര്‍ഷിക്ക് കാര്യങ്ങളെല്ലാം പിടികിട്ടിയിരുന്നു. അദ്ദേഹം ഭക്തിയോട് പറഞ്ഞു. "ഹേ ഭക്തിദേവീ, ഞാന്‍ പറയുന്നത് നീ കേട്ടാലും. ഇത് കലിയുഗത്തിന്റെ ഭീകരദശയാണ്. ഇവിടെ എല്ലാ സത്കര്‍മ്മങ്ങളും തീര്‍ത്തും നശിച്ച്, യോഗമാര്‍ഗ്ഗം നഷ്ടപ്പെട്ടിരിക്കുന്നു. കലിയുഗത്തില്‍ എല്ലാവരും പാപിക്കളായിരിക്കുന്നു. പാപികള്‍ ക്ഷാരന്മാരും, വഞ്ചകരുമായിരിക്കുന്നു. അവരുടെ എണ്ണവും പെരുകുന്നു. അവരെല്ലാം പാപം ചെയ്ത് രാക്ഷസരെപോലെ പെരുമാറുന്നു. കലിയുഗത്തില്‍ പാപികള്‍ സന്തോഷവതികളും, സാധുക്കള്‍ പീഡിതരുമാകുന്നു. പക്ഷേ നിന്നില്‍ ക്ഷമയുണ്ടാകണം. ക്ഷമാശാലികള്‍ ധീരന്മാരാണ്. ധീരന്മാര്‍ മോഹിക്കുന്നില്ല. ഈ രാക്ഷസവര്‍ഗ്ഗത്തെകൊണ്ട് കലിയുഗത്തില്‍ ഭൂഭാരം കൂടുന്നു. ശുഭമായി ഒന്നും തന്നെ കലിയുഗത്തില്‍ ഇല്ല, അതാണ് കലിയുഗത്തിന്റെ പ്രത്യേകത."
നാരദന്‍ തുടര്‍ന്നു. : "അല്ലയോ ദേവീ, നിന്റെ മക്കളെ ആരും സംരക്ഷിക്കുന്നില്ല. അവരെ എല്ലാവരും തള്ളിക്കളഞ്ഞിരിക്കുന്നു. കാരണം ഈ ദൈത്യവംശം മുഴുവനും വിഷയാസക്തരാണ്. ആര്‍ക്ക് വേണം ജ്ഞാനവും വൈരാഗ്യവും? നീ വൃന്ദാവനത്തിലേക്ക് വന്നതെന്തുകൊണ്ടും നിന്റെ സൌഭാഗ്യമായി. അതിനാല്‍ യുവത്വം നിനക്ക് തിരിച്ച് ലഭിച്ചിരിക്കുന്നു. പക്ഷേ നിന്റെ മക്കള്‍ക്ക് വാര്‍ദ്ധക്യം ഉപേക്ഷിക്കാന്‍ കഴിയുന്നില്ല. എന്തുകൊണ്ടെന്നാല്‍ ഇവിടെയും ജ്ഞാനവൈരഗ്യങ്ങളെ ആരും ഗൌനിക്കുന്നില്ല. എങ്കിലും, അവര്‍ക്കും നല്ലകാലം വന്നിരിക്കുന്നു. അതിനാലത്രേ അവരും ഇത്ര സുഖമായി ഉറങ്ങുന്നത്."
അപ്പോള്‍ ഭക്തി പറഞ്ഞു: "ഞാന്‍ അങ്ങയോടൊന്നു ചോദിക്കുന്നു, എന്തുകൊണ്ടീ പരീക്ഷിത്ത് രാജാവ് കലിയെ കൊന്നില്ല?. എങ്ങനെ കാരുണ്യവാനായ ഭഗവാന്‍ ശ്രീഹരി എതെല്ലാം സഹിക്കുന്നു?. എങ്ങനെയാണീ അതിക്രമം ഇവിടെ സംഭവിക്കുന്നത്?. എന്റെ ഈ സംശയങ്ങള്‍ അങ്ങ് തീര്‍ത്തുതരണം."
നാരദമുനി ഭക്തീദേവിയെ സ്വാന്തനിപ്പിക്കുന്നു |
അതിനുമറുപടിയായി നാരദര്‍ പറഞ്ഞു: "അല്ലയോ ദേവീ, ഞാന്‍ നിന്നോടൊരു കഥ പറയാം. അത് കേട്ടാല്‍ നിന്റെ സകല സംശയങ്ങളും അകന്നു നിനക്ക് അല്‍പ്പം ആശ്വാസം ലഭിക്കും. അന്ന് പരീക്ഷിത്ത് മഹരാജാവ് പ്രജാക്ഷേമതല്‍പ്പരനായി നാട്ടിലിറങ്ങിയപ്പോള്‍ വഴിയില്‍ കലിയെ കണ്ടു. തന്നെ കൊല്ലാന്‍ തുനിഞ്ഞ രാജാവിന്റെ മുന്നില്‍ കലി കീഴടങ്ങി. അടിപ്പെടുന്നവര്‍ക്ക് അഭയം നല്‍ക്കുന്നത് ഒരു ക്ഷത്രിയന്റെ ധര്‍മ്മമായതുകൊണ്ട് കലിയെ അദ്ദേഹം വധിച്ചില്ല. മാത്രമല്ല, കലിയുഗം പാപസമുദ്രമാണെങ്കിലും, ഇതിനൊരു സത്ഗുണമുണ്ട്. ഹരികീര്‍ത്തന ജപം ഒന്നുകൊണ്ട് മാത്രം ഒരുവന്‍ കര്‍മ്മബന്ധത്തില്‍നിന്നും മുക്തനായി പരമമായ ഗതിയെ പ്രാപിക്കുന്നു. ഈയൊരു ഗുണം മറ്റൊരു യുഗത്തിനുമില്ല തന്നെ. മനുഷ്യന്‍ അന്ന്യയുഗത്തില്‍ തപം കൊണ്ടും, യോഗസാധനകള്‍ കൊണ്ടും നേടുന്ന അതേ ഫലം തന്നെ കലിയുഗത്തില്‍ നാമസങ്കീര്‍ത്തനം കൊണ്ട് നേടുന്നു. പരീക്ഷിത്ത് രാജന്‍ ഇത് മനസ്സിലാക്കിയിരുന്നു. അതിനാലദ്ദേഹം കലിയെ വര്‍ത്തിക്കാന്‍ പ്രത്യേക സ്ഥാനങ്ങള്‍ നല്‍കി വെറുതേവിട്ടു. നേരേമറിച്ച് അദ്ദേഹം കലിയെ വധിച്ചിരുന്നുവെങ്കില്‍, ഈ ഗുണം കലിയുഗത്തില്‍ നമുക്കുണ്ടാകുമായിരുന്നില്ല.
ഇത്രയും കേട്ടയുടനെ ഭക്തിദേവി പറഞ്ഞു: "അല്ലയോ ദേവര്‍ഷേ, അങ്ങ് പൂജ്യനാണ്. അങ്ങ് ഇവിടെ വന്നതും, അങ്ങയെ കാണാന്‍ കഴിഞ്ഞതും എന്റെ സൌഭാഗ്യമായി ഈയുള്ളവള്‍ കരുതുന്നു. പൂജ്യനായ ഒരു സാധുവിന്റെ ദര്‍ശനം ഇന്ന് വളരെ അപൂര്‍വ്വമാണ്."
തുടര്‍ന്ന് നാരദന്‍ പറഞ്ഞു: "ഹേ ദേവീ, ഒരിക്കല്‍ നീ ഹസ്താഞ്ജലിയോടെ ശ്രീകൃഷ്ണഭഗവാനോട് നിന്റെ ദൌത്യത്തെ കുറിച്ച് ചോദിച്ചു. അവിടുന്ന് മറുപടിയായി നിന്നോട് പറഞ്ഞു ആ ഭഗവാന്റെ ഭക്തരെ പാലിച്ചുകൊള്ളൂ എന്ന്. ആ കാരുണ്യവാന്‍ നിന്നില്‍ സന്തുഷ്ടനായി മുക്തിയെ നിന്റെ സേവകയായും നല്‍കി നിന്നെ അനുഗ്രഹിച്ചു."
തുടര്‍ന്ന് നാരദന്‍ ഭക്തിക്കൊരു വാക്ക് കൊടുത്തു: "ഹേ ഭക്തീദേവീ, നിന്നെ പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, പിന്നെ ഞാന്‍ ഹരിദാസനായി ഈ ലോകത്തില്‍ വര്‍ത്തിക്കുകയില്ല, ഇത് സത്യം."
സൂതന്‍ ശൌനകാദികളോട് തുടര്‍ന്ന്: "നാരദന്‍ ജ്ഞാനവൈരഗ്യാദികളെ ഉണര്‍ത്താന്‍ കണക്കറ്റ് പരിശ്രമിച്ചു. അവരുടെ കാതിനരികില്‍ ചെന്ന് ഉച്ചത്തില്‍ വിളിച്ച് - ഹേ! ജ്ഞാനം, ഹേ! വൈരാഗ്യം എഴുന്നേല്‍ക്കൂ, എഴുന്നേല്‍ക്കൂ. പക്ഷേ ഫലമുണ്ടായില്ല. ഇങ്ങനെ ഇവര്‍ ഊണരില്ല എന്ന് മനസ്സിലാക്കിയ നാരദന്‍ അവരുടെ കാതുകളില്‍ ഭഗവത്ഗീതയും ഉപനിഷത്തുക്കളും വീണ്ടും വീണ്ടും ഉരുവിട്ട്. പെട്ടെന്ന് അവര്‍ തല അല്‍പ്പം ഉയര്‍ത്തി വീണ്ടും ഉറക്കത്തിലേക്ക് വീണു. അവര്‍ വളരെയധികം ക്ഷീണിതരായിരുന്നു. ഇതുകണ്ട് നാരദന്‍ ദുഃഖിതനും ചിന്താധീനനുമായി. തന്റെ നിസ്സഹായാവസ്ഥയോര്‍ത്ത് നാരദമുനി വിഷമിച്ചിരുന്നു. പെട്ടെന്നതാ ഒരു വ്യോമവാണി. - ദേവര്‍ഷി നാരദരേ, താങ്കള്‍ വിഷമിക്കരുത്, തളരുകയുമരുത്. അങ്ങയുടെ ശ്രമം വിഫലമാകില്ല. അതിന് സന്ദേഹമില്ല, അങ്ങയെ പോലുള്ള സന്ന്യാസിമാര്‍ ലോകത്തിന് ഭൂഷണമാണ്. താങ്കള്‍ക്ക് ഒരു സത്കര്‍മ്മമനുഷ്ഠിക്കേണ്ടതുണ്ട് . ആയതിനുവേണ്ടി അങ്ങ് കുറെ നല്ല സന്ന്യാസിവര്യന്മാരെ കാണുക. അവര്‍ താങ്കള്‍ക്ക് പറഞ്ഞുതരും ആ സത്കര്‍മ്മമെന്താണെന്ന്. ആ സത്ക്കര്മ്മമനുഷ്ഠിക്കപ്പെടുമ് പോള്‍ ഇവര്‍ക്ക് തങ്ങളുടെ യുവത്വം തിരിച്ചുകിട്ടും. ഇവര്‍ ഉണരും, അങ്ങനെ ഭക്തിദേവി അനുഗ്രഹീതയാകും. അവള്‍ എല്ലായിടവും നൃത്തം ചെയ്യാന്‍ തുടങ്ങും. "
സൂതന്‍ തുടര്‍ന്നു: "ദേവര്‍ഷി വീണ്ടും ചിന്താധീനനായി.- എന്താണാസത്കര്‍മ്മം?. എവിടെയാണ് ഞാന്‍ ആ ഋഷീശ്വരന്മാരെ കാണുന്നത്?. - അങ്ങനെയാണ് നാരദമുനി ബദ്രികാശ്രമത്തിലെത്തിയതും സനത്കുമാരന്മാരെ കാണുന്നതും, നടന്ന വൃത്തന്തങ്ങളെല്ലാം അവരോടറിയിക്കുന്നതും. കഥകള്‍ കേട്ട് സനകാദികള്‍ നാരദരോട് പറഞ്ഞു: "അല്ലയോ നാരദരേ, അങ്ങ് പുണ്ണ്യവാനായിരിക്കുന്നു. അങ്ങ് നാരായണഭക്തന്മാരില്‍ മുഖ്യനാണ്. അങ്ങേയ്ക്ക് മാത്രമേ ഭക്തിയെ പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളൂ. ഇത്യര്‍ത്ഥമുള്ള സത്കര്‍മ്മസാധനകള്‍ അങ്ങേയ്ക്ക് ഞങ്ങള്‍ പറഞ്ഞുതരാം. അങ്ങ് ദയാവായി കേട്ടാലും. ജ്ഞാനയജ്ഞമാണ് ആ സത്കര്‍മ്മമെന്ന് ബുധജനം ഘോഷിക്കുന്നു. ഭാഗവതകഥയാണ് ആ ജ്ഞാനയജ്ഞം, താങ്കള്‍ ഭാഗവതകഥാപാരായണംവും, പ്രവചനവും ചെയ്യുമ്പോള്‍ ഭക്തിക്കും, ജ്ഞാനത്തിനും, വൈരാഗ്യത്തിനും അവരുടെ ശക്തിയും തേജസ്സും തിരിച്ചുകിട്ടിന്നു. തദ്വാരാ ഭക്തിദേവി അനുഗ്രഹീതയാകുകയും, അവളുടെ മക്കള്‍ ജ്ഞാനവും, വൈരാഗ്യവും യുവാക്കളുമാകുന്നു. സിംഹത്തിന്റെ അലര്‍ച്ചകേട്ട് പുലികള്‍ പേടിച്ചോടിയൊളിക്കുന്നതുപോലെ, ഒരു ശുദ്ധഭക്തന്റെ ഭാഗവതാലാപം കൊണ്ട് കലിയുഗത്തിന്റെ സകല കെടുതികളും നശിക്കുന്നു. ഭക്തിയോടൊപ്പം ജ്ഞാനവൈരാഗാദികള്‍ ശക്തരാകുകയും, അവിടെ ഭഗവത്പ്രേമം കുത്തിയൊഴുകുകയും ചെയ്യുന്നു. ഭാഗവതാലാപജന്യമായ ഈ പ്രേമത്തിന്റെ ഒഴുക്കില്‍ ഓരോ ഗൃഹവും ആറാടുന്നു.
ഇത്രയും കേട്ട് നാരദന്‍ സനകാദികളോട് ചോദിച്ചു: "ഞാന്‍ ഗീതയും, ഉപനിഷത്തുക്കളും പലവുരു ജ്ഞാനവൈരാഗ്യാദികളുടെ ചെവിയില്‍ ഓതിനോക്കി. പക്ഷേ അവര്‍ കണ്ണ് തുറന്നില്ല. അവിടുന്ന് ഭാഗവതകഥയുടെ മാഹാത്മ്യത്തെ പറ്റി പറയുന്നുവല്ലോ, എന്നിട്ടെന്തേ ഞാന്‍ ഗീതയും, ഉപനിഷത്തുക്കളും അവരുടെ ചെവിയില്‍ ഓതിയിട്ടും അവര്‍ ഉണരാഞ്ഞത്?. സകലവേദാന്തങ്ങളുടേയും കാതല്‍ മാത്രമാണല്ലോ ശ്രീമദ് ഭാഗവതം?. സര്‍വ്വ വേദാന്തങ്ങള്‍ക്കും കഴിയാത്തത് ഭാഗവതത്തിനെങ്ങനെ കഴിയും?."
"അതിന് മറുപടിയായി കുമാരന്മാര്‍ പറഞ്ഞു: " അതേ മഹര്‍ഷേ, അതു സത്യമാണ്. ഭാഗവതം എല്ല വേദങ്ങളുടേയും വേദാന്തങ്ങളുടേയും സാരം മാത്രമാണ്. അതേസമയം തന്നെ ശ്രീമദ് ഭാഗവതം നിഗമകല്‍പ്പത്തിലെ ഫലമാണ്. വേദമാകുന്ന മരത്തിലെ പഴുത്ത് തേനൂറുന്ന, അമൃതത്തിന്റെ മാധുര്യമേറുന്ന പഴമാണ്. ഉദാഹരണത്തിന് പാലില്‍ നെയ്യുണ്ട്, പക്ഷേ പാല്‍ കുടിച്ചാല്‍ നെയ്യ് രുചിക്കില്ല. പകരം പാല്‍ കടഞ്ഞ് അതിലെ വെണ്ണയെടുത്ത് അതുരുക്കി നെയ്യുണ്ടാക്കേണ്ടിയിരിക്കുന്നു . അതുപോലെ നാല് വേദങ്ങള്‍ കട്ടിത്തൈരാണ് ശുകദേവനത് കടഞ്ഞെടുക്കുകയും പരീക്ഷിത്ത് അത് സേവിക്കുകയും ചെയ്തു. തത്വിധം കരിമ്പില്‍ നൈസര്‍ഗ്ഗികമാണ് പഞ്ചസാര. കരിമ്പിന്‍ രസം തിളപ്പിച്ച് പിന്നീട് അത് ഉറയുമ്പോള്‍ അതില്‍ന്നിന്നും പഞ്ചസാരയുടെ മാധുര്യം ആസ്വാദ്യമാകുന്നു. അതുപോലെ അമൃതദ്രവസംയുതമായി, ശുകമുഖത്തുനിന്നും ഊര്‍ന്നിറങ്ങിയ, നിഗമകല്‍പ്പതരുവിന്റെ പഴുത്ത ഫലമാണ് ശ്രീമദ് ഭാഗവതം."
"ഭാഗവതാമൃതം എവിടെയൂറുന്നുവോ, അവിടെ ഭക്തി തന്റെ ഇരുമക്കളോടൊപ്പം എത്തുന്നു. അവര്‍ വീണ്ടും വീണ്ടും യുവത്വം നേടുന്നു. മുക്തി ഭക്തിയുടെ സേവകയായി അവരോടൊപ്പം ചേരുന്നു. ഇതാണ് ശ്രീമദ് ഭാഗവതത്തിന്റെ മാഹാത്മ്യം. - അതേ, സദ്യോ ഹൃദ്യവരുദ്യതേ - ഹൃദയകമലത്തിലിരിക്കുന്ന ശ്രീഹരി അപ്പോള്‍ ഭക്തപരായണനാകുന്നു. അതാണ് ഭാഗവതത്തിന്റെ മേന്മ. നമ്മുടെ സകല ദിനചര്യകള്‍ക്കുമപ്പുറത്ത് പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് ശ്രീമദ് ഭാഗവതപാരായണം. ഒരുദിവസം പോലും മുടങ്ങാതെ ചെയ്യേണ്ട ഒരു സത്കര്‍മ്മം. ഇത് ചെയ്യാത്തവര്‍ നിത്യാന്തകാരത്തിലുഴറുന്നു. ഏതൊരു ഗൃഹത്തിലാണോ, ഏതൊരു ദേശത്താണോ, ശ്രീമദ് ഭാഗവതാലാപനം നടക്കുന്നത്, ആ ഗൃഹം, ആ ദേശം തീര്‍ത്ഥസ്ഥാനമായി മാറുന്നു. ഝടുതിയില്‍ പാപം അവിടുത്തെ ജനങ്ങളെ വിട്ടൊഴിയുന്നു. അവര്‍ക്ക് ആയിരക്കണക്കിന് യജ്ഞത്തെ ചെയ്ത പുണ്യം ലഭിക്കുന്നു. ഭാഗവതശ്രവണത്തിന്റെ പതിനാറിലൊന്ന് ഫലമേ ആയിരം അശ്വമേധയാഗം കൊണ്ട് ഒരുവന്‍ നേടുന്നുള്ളൂ. അന്ത്യകാലത്ത് ഭാഗവതശ്രവണത്താല്‍ ഒരുവന് വൈകുണ്ഠപ്രാപ്തിയുണ്ടാകുന്നു."
സൂതന്‍ തുടര്‍ന്നു: "ഇങ്ങനെ സനകാദി കുമാരന്മാര്‍ ശ്രീമദ് ഭാഗവതത്തെ പ്രശംസിച്ചു. പെട്ടെന്നവിടൊരു ആശ്ചര്യജനകമായ സംഭവമുണ്ടായി. ഭക്തീദേവി തന്റെ രണ്ടു മക്കളോടും, സേവകയായ മുക്തിയോടുമൊപ്പം ബദ്രികാശ്രമത്തിലെത്തി. അവരെല്ലാം വളരെയധികം സന്തുഷ്ടരും, ഓജസ്സുറ്റവരും, യുവത്വം തുളുമ്പുന്നവരുമായിരുന്നു. ഭക്തി സനത്കുമാരന്മാരോട് പറഞ്ഞു: - അല്ലയോ കുമാരന്മാരേ, അവിടുത്തേക്ക് നമസ്ക്കാരം. അവിടുത്തെ തിരുവായ്മൊഴിയായി ഭാഗവതമാഹാത്മ്യം കേട്ടയുടന്‍ തന്നെ ഞാന്‍ തേജസ്സുള്ളവളായി. എന്റെ മക്കളും യുവാക്കളായി. ഇനി ഞങ്ങള്‍ എവിടെയാണ് വാഴേണ്ടതെന്നും ദയവായി അവിടുന്ന് പറഞ്ഞുതന്നാലും."
സനകാദികള്‍ പറഞ്ഞു: "ഭവതീ അവിടുന്ന് ഭക്തീദേവിയാണ്. പോയി ശ്രീഹരിയുടെ ഭക്തരോടൊപ്പം വാണാലും. അവരെ സംരക്ഷിച്ചുനിലനിര്‍ത്തിയാലും. അതുവഴി അവരില്‍ കൃഷ്ണപ്രേമമുദിക്കട്ടെ! അവരുടെ ഭവരോഗവും, ജന്മമൃത്യുജരാവ്യാധികള്‍ മുഴുവന്‍ തീര്‍ന്നുകൊള്ളട്ടെ! അതാണ് ഭവതിയുടെ വാസസ്ഥലം. എന്നും ക്ഷമയോടെ വിഷ്ണുഭക്തന്മാരുടെ ഹൃദയത്തില്‍ വാണുകൊള്ളുക.!"
No comments:
Post a Comment