Thursday, October 10, 2019

ഗവത്ഗീതയിലെ 'ഗുണാതീതന്‍ '

Wednesday 9 October 2019 1:09 am IST
ഗവത്ഗീതയില്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഗുണാതീതനെപ്പറ്റി പറയുന്നത് ഗുണത്രയവിഭാഗയോഗമെന്ന പതിനാലാം അധ്യായത്തിലാണ്. പതിമൂന്നാം അധ്യായത്തില്‍ പുരുഷനായ ആത്മാവ് അകര്‍ത്താവും സാക്ഷിയും മാത്രമാണെന്നും സകലകര്‍മവ്യാപാരങ്ങളും പ്രകൃതിയുടേതാണെന്നും ഭഗവാന്‍ വിവരിച്ചു. പ്രകൃതിയുടെ ഈ കര്‍മവ്യാപാരം എങ്ങനെ നടക്കുന്നുവെന്ന് പതിനാലാം അധ്യായത്തില്‍ തുടരുകയാണ്. പ്രകൃതി ത്രിഗുണാത്മികയാണ്. ത്രിഗുണങ്ങളായ സത്വരജസ്‌മോഗുണങ്ങള്‍ പ്രകൃതിയില്‍ എല്ലായിടത്തും വ്യാപിച്ചിരിക്കുന്നു. ഇതിന്റെ ഏറ്റക്കുറച്ചില്‍ എല്ലാ ചരാചരങ്ങളിലും കാണാം. ഗുണാതീതന്‍ ആരാണെന്ന് വ്യക്തമാക്കുന്നതിന് ഭഗവാന്‍ ത്രിഗുണങ്ങളെക്കുറിച്ച് പറയുന്നു. ആത്മാവിനെ ദേഹത്തില്‍നിന്നും വേര്‍തിരിക്കാനുള്ള ഏകമാര്‍ഗം ത്രിഗുണങ്ങളെ അറിഞ്ഞ് അവയെ ജയിക്കുകയാകുന്നു. 
സത്വഗുണത്തിന്റെ  സ്വരൂപം അറിവും പ്രകാശവുമാണ്. എന്നാല്‍ അതില്‍ അഹംഭാവം പൂര്‍ണമായും നശിക്കുന്നില്ല. 'ഞാന്‍ സുഖിയാണ്, ജ്ഞാനിയാണ്'  എന്നുള്ള അഭിമാനത്തില്‍ ആത്മാവിനെ ദേഹത്തോട് ബന്ധിക്കുന്നു. രജോഗുണത്തിന്റെ പ്രധാനലക്ഷണം നാനാപ്രകാരത്തിലുള്ള പ്രവൃത്തികള്‍ ചെയ്യുവാനുള്ള ഉത്സാഹമാണ്. 
കര്‍മത്തില്‍ വലുതായ സംഗം ഉണ്ടാകുന്നു. കര്‍മങ്ങളിലുള്ള ആസക്തിയാല്‍ ആത്മാവിനെ അത് ബന്ധിക്കുന്നു. തമോഗുണമാകട്ടെ അജ്ഞാനത്തില്‍നിന്ന് ഉണ്ടാകുന്നു. അത് ആലസ്യം, പ്രമാദം, നിദ്ര ഇവയെക്കൊണ്ട് ആത്മാവിനെ ബന്ധിക്കുന്നു. ത്രിഗുണങ്ങളെ കടക്കുന്നതിന് ആദ്യം രജോഗുണംകൊണ്ട് തമോഗുണത്തേയും പിന്നീട് സത്വഗുണംകൊണ്ട് രജോഗുണത്തേയും ജയിക്കണം. രജസ്തമോഗുണങ്ങളെ ജയിച്ച് സത്വഗുണി എല്ലാ ഫലത്തേയും ഈശ്വരങ്കല്‍ സമര്‍പ്പിക്കണം. അതിലുള്ള ആസക്തിയേയും ഉപേക്ഷിക്കണം. ഇങ്ങനെ സാത്വികനിഷ്ഠയില്‍ ഉറച്ച് സത്വഗുണത്തേയും ജയിച്ചവനേയാണ് ഗുണാതീതന്‍ എന്നുപറയുന്നത്. അയാള്‍ ജീവന്മുക്താവസ്ഥയെ പ്രാപിക്കുന്നു. ഈ സ്ഥിതിയില്‍ എത്തിച്ചേരുന്ന ആത്മനിഷ്ഠന്‍ ജനനമരണജരാദുഃഖാദികളില്‍നിന്നും മോചിക്കപ്പെട്ടവനായി അമൃതസ്വരൂപമായ ബ്രഹ്മാനന്ദത്തെ പ്രാപിക്കുന്നു.
 ഇരുപത്തി ഒന്നാമത്തെ ശ്ലോകത്തില്‍ (14 - 21) അര്‍ജുനനന്‍ ഭഗവാനോട് ഈ ഗുണാതീതന്‍ എന്തു ലക്ഷണങ്ങളോടു കൂടിയിരിക്കുന്നു, അവന്റെ ആചാരം എന്ത്, എങ്ങനെയാണ് അവന്‍ ഈ മൂന്നുഗുണങ്ങളേയും അതിക്രമിക്കുന്നത് എന്ന് ചോദിക്കുന്നു. അതിനുള്ള ഭഗവാന്റെ ഉത്തരമാണ് 22 മുതല്‍ 25 വരെയുള്ള ശ്ലോകങ്ങള്‍. 
ശ്രീ ഭഗവാന്‍ ഉവാച:
പ്രകാശം ച പ്രവൃത്തിം ച
മോഹമേവ ച പാണ്ഡവ!
നദ്വേഷ്ടി സമ്പ്രവൃത്താനി
ന നിവൃത്താനി കാംക്ഷതി  22
ഉദാസീന വ ദാസീനോ
ഗുണൈര്‍യോ ന വിചാല്യതേ
ഗുണാവര്‍ത്തന്ത ഇത്യേവ 
യോളവതിഷ്ഠതി നേംഗതേ   23
സമദുഃഖസുഖഃ സ്വസ്ഥഃ
സമലോഷ്ടാശ്മ കാഞ്ചനഃ
തുല്യപ്രിയാ പ്രിയോ ധീര-
സ്തുല്യ നിന്ദാത്മ സംസ്തുതിഃ  24
മാനാപമാനയോസ്തുല്യ-
സ്തുല്യോ മിത്രാരിപക്ഷയോഃ
സര്‍വാരംഭപരിത്യാഗീ
ഗുണാതീതഃ സ ഉച്യതേ  25 
യാതൊരുവന്‍ സത്വഗുണ ധര്‍മമായ പ്രകാശത്തേയും അതായത് അറിവിനേയും രജോഗുണകാര്യമായ പ്രവൃത്തിയേയും തമോഗുണകാര്യമായ മോഹത്തേയും അതായത് മിഥ്യാബോധത്തേയും വന്നുചേരുമ്പോള്‍ ദ്വേഷിക്കുന്നില്ലയോ,  ഇവ ഇല്ലാതായാല്‍ അവയെ കാംക്ഷിക്കുന്നില്ലയോ, യാതൊരുവന്‍ ഉദാസീനനെപ്പോലെ ഇരുന്നുകൊണ്ട് ഗുണകാര്യങ്ങളായ സുഖദുഃഖാദികളില്‍ ചലിക്കപ്പെടുന്നില്ലയോ, ഗുണങ്ങള്‍ അവയുടെ ധര്‍മം കാട്ടുന്നുവെന്നല്ലാതെ താന്‍ ഒന്നും ചെയ്യുന്നില്ലെന്ന് വിവേകജ്ഞാനത്തോടെ യാതൊരുവന്‍ സ്ഥിരചിത്തനായി സ്വസ്വരൂപത്തില്‍നിന്ന് ചലിക്കുന്നില്ലയോ, യാതൊരുവന്‍ സുഖദുഃഖാദികളില്‍ സമനായും സ്വസ്വരൂപമായ ആത്മാവില്‍ തന്നെ സ്ഥിതിചെയ്യുന്നവനായും മണ്‍കട്ട, കല്ല്, ഇവയെ സമമായി വിചാരിക്കുന്നവനായും ഇഷ്ടാനിഷ്ടങ്ങളില്‍ സമബുദ്ധിയുള്ളവനായും ധീരനായും തന്നെ നിന്ദിച്ചാലും സ്തുതിച്ചാലും അവയെ സമമായി കരുതുന്നവനായും മാനാപമാനങ്ങളില്‍ സമനായും ശത്രുക്കളേയും മിത്രങ്ങളേയും സമഭാവത്തോടെ കാണുന്നവനായും സകലവിധ ഉദ്യമങ്ങളിലും പ്രത്യേക താത്പര്യമില്ലാത്തവനായും ഇരിക്കുന്നുവോ അവനെ ഗുണാതീതന്‍ എന്നുപറയുന്നു. ഈ പറഞ്ഞ ലക്ഷണങ്ങളോടെ ഗുണാതീതന്‍ സമൂഹത്തില്‍ വര്‍ത്തിക്കുന്നു. 
ഇരുപത്തി ആറാമത്തെ ശ്ലോകത്തില്‍ ഉറച്ച മനസ്സോടെ എപ്പോഴും ഭഗവത് ഭജനം ചെയ്യുന്ന സുകൃതിയായ ഭക്തന് ത്രിഗുണങ്ങളേയും കീഴടക്കാന്‍ കഴിയുമെന്നും അയാള്‍ മോക്ഷത്തിന് യോഗ്യനായി ഭവിക്കുമെന്നും ഭഗവാന്‍ പറയുന്നുണ്ട്. 
ഗുണാതീതന്‍, സ്ഥിതപ്രജ്ഞന്‍, ഭഗവല്‍ഭക്തന്‍, ബ്രഹ്മഭൂതന്‍ എന്നിവരുടെ ലക്ഷണങ്ങള്‍ മിക്കവാറും ഒന്നുതന്നെയാണ്.  എല്ലാവരും അവസാനത്തില്‍ ഒരേ സിദ്ധാവസ്ഥയെ അഥവാ ജീവന്‍മുക്താവസ്ഥയെ പ്രാപിക്കുന്നവരാണ്. അവര്‍ക്ക് പ്രപഞ്ചം 'വസുധൈവ കുടുംബക'മാകുന്നു. 

No comments: