Thursday, October 10, 2019

നാം എവിടെ സ്ഥിതി ചെയ്യുന്നുവോ അത് നമുക്ക് ആശ്രയവും ശക്തികേന്ദ്രവും ആധാരവുമാണ്. നാം സ്ഥിതി ചെയ്യുന്നത് ഈ വീട്ടിലാണോ ഈ ശരീരത്തിലാണോ, ഈ മനസ്സിലാണോ, ഈ ബുദ്ധിയിലാണോ, ഈ ഭൂഗോളത്തിലാണോ, ഈ അനന്തമായ ആകാശത്തിലാണോ...

ആധാരം എന്താണെന്നറിയാതെ അതിനുമേലിരുന്ന് നാം ചിന്തിക്കുന്നതെല്ലാം അതിൻറെ മേലുള്ള നാമരൂപങ്ങളെ കുറിച്ചു മാത്രം! സത്യം അതല്ലല്ലോ അതിനപ്പുറമല്ലേ!

ഇവിടെ ചിന്ത  രണ്ടു തരത്തിൽ മായകാട്ടി മനുഷ്യനെ കബളിപ്പിക്കാറുണ്ട്. ഒന്ന് നിരീശ്വരവാദവും രണ്ട് തന്‍റെ മതവും തന്‍റെ ദൈവവും മാത്രമെ സത്യമായുള്ളൂ എന്നതും. നിരീശ്വരവാദത്തെ സംബന്ധിച്ചിടത്തോളം ആദ്യമേ മുന്നിലൊരു വിധി വയ്ക്കുന്നു, "ഈശ്വരൻ ഇല്ല" എന്ന്. എന്നിട്ട് അതിനനുസരിച്ച് ചിന്തിക്കാൻ ശീലിക്കുന്നു. മനുഷ്യമനസ്സിന് ഒരു സിദ്ധിയുണ്ട്, ഒരു കുഴപ്പമുണ്ട്. അത് എന്താണോ ചിന്തിച്ചുകൊണ്ടിരിക്കുന്നത് അതിനനുസരിച്ചുള്ള അനുഭവങ്ങളും സാഹചര്യങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കും. ജീവിതാനുഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ അത് അനുഭവപ്പെടും.  മനസ്സും അതു സൃഷ്ടിക്കുന്ന ലോകവുമാണോ നമ്മുടെ അന്വേഷണവിഷയം. അപ്പോൾ മനസ്സ് ഏതാധാരത്തിൽ സ്ഥിതിചെയ്യുന്നു!

തൻറെ ഈശ്വരൻ മാത്രമേ സത്യമായിട്ടുള്ളൂ എന്നോ ഈശ്വരൻ തൻറെ കൂടെ നടക്കുന്നുവെന്നോ നാം ചിന്തിക്കുകയാണെങ്കിലോ? അവിടെയും മനസ്സ് മുന്നിൽ വന്ന് മായ കാട്ടിക്കൊണ്ടിരിക്കുകയാണ്! അതാണ് ഭേദചിന്ത എന്ന അജ്ഞത!

മനസ്സുകൊണ്ടും ചിന്തകൊണ്ടും നാം രണ്ടാകുന്നു, പലതാകുന്നു.  ഈശ്വരനിൽ നിന്ന് അകലുന്നതും മനുഷ്യർ തമ്മിൽ അകലുന്നതും ചിന്തകൊണ്ടാണ്. ഇവിടെ ഇടയ്ക്ക് നിൽക്കുന്ന പ്രശ്നം നമ്മുടെ ഉപാധിക്കാണ്.  നാം ഉപാധിയായി സ്വീകരിച്ചിരിക്കുന്ന ശരീരത്തെയും ബുദ്ധിയേയും മനസ്സിനേയും ചിന്തകളെയും വിട്ട് അതിനുമപ്പുറം എന്തുണ്ടെന്ന് അനുഭവിക്കേണ്ടിയിരിക്കുന്നു.  കാരണം നമ്മുടെ അന്വേഷണ ഉപകരണങ്ങൾക്ക് എന്തെങ്കിലും കുഴപ്പമോ കുറവോ ഉണ്ടെങ്കിൽ അതിലൂടെ അറിയപ്പെടുന്നവയും അപൂർണ്ണമോ മായയോ ആയിരിക്കുമല്ലോ!

 "ഇത്രും നാൾ  എൻറെ ആത്മാവിനെ അപഹരിച്ച കള്ളനെ ഞാൻ കണ്ടെത്തി. ആ കള്ളൻ മനസ്സാണ്! ഇത്രയും നാൾ അവൻ എന്നെ പറ്റിച്ചു, ഇനി ഞാൻ അവനെ പറ്റിക്കും..." എന്ന് ശ്രീരാമൻ ഗുരുവിനോട് പറയുന്നു.
ഓം

No comments: