ഞാന്‍ ആരുടെയും ശിഷ്യനല്ല, ഗുരുവുമല്ല...
ശ്രീ രമണമഹര്‍ഷി
നവംബര്‍, 15 1936
ശ്രീ രമണമഹര്‍ഷി
നവംബര്‍, 15 1936
മഹര്‍ഷിയുടെ ഭക്തന്മാരില് ഒരാള്‍ തനിക്കു നഷ്ടപ്പെട്ടുപോയ ആശ്രമ ഭരണാധികാര സ്ഥാനം വീണ്ടുകിട്ടാന്‍ കോടതിയില്‍ പരാതി കൊടുത്തു. അതു സംബന്ധിച്ച് മഹര്‍ഷിയുടെ മൊഴി രേഖപ്പെടുത്താന്‍ ആശ്രമത്തിലെത്തിയ കമ്മിഷന്:
ചോദ്യം: ഇതെന്താശ്രമം?
രമണ മഹര്‍ഷി: അത്യാശ്രമം. വേദങ്ങളില്‍ പറയുന്ന വര്ണാശ്രമങ്ങള്ക്കുമതീതം.
ചോദ്യം: അതു ശാസ്ത്രസമ്മതമുള്ളതാണോ?
മഹര്‍ഷി: ആഹാ; ഉപനിഷത്തുകളിലും സ്കന്ദപുരാണം, ഭാരതം, ഭാഗവതം എന്നിവയിലും മറ്റും പറയപ്പെട്ടിട്ടുണ്ട്.
ചോദ്യം: മറ്റാരെങ്കിലും ഇതുപോലെ മുമ്പ് അത്യാശ്രമിയായിരുന്നിട്ടുണ്ടോ?
മഹര്‍ഷി: ഉണ്ട്. ശുകബ്രഹ്മര്‍ഷി, ഋഷഭയോഗി, ജഡഭരതന് മുതലായവര്‍.
ചോദ്യം: ഒന്നുംകൂടാതെ ഇവിടെ വന്ന നിങ്ങള്‍ ഇപ്പോള്‍ വലിയ സ്വത്തുകാരനായിരിക്കുന്നതിനെപ്പറ്റി എന്തു പറയുന്നു.
മഹര്‍ഷി: എനിക്കപേക്ഷയില്ല, ഉപേക്ഷയുമില്ല. ആരാരോ എന്തൊക്കെയോ ഇവിടെ സമര്‍പ്പിക്കുന്നു. എനിക്കവയില്‍ ആഗ്രഹവുമില്ല. വെറുപ്പുമില്ല.
ചോദ്യം: താങ്കള്‍ക്കു തരുന്നതല്ലേ?
ഭഗവാന്: സ്വാമിക്കെന്നു പറഞ്ഞു കൊടുക്കുന്നു. സ്വാമി ആരോ? ഈ ജഡത്തെ അവര്‍ സ്വാമിയെന്നു പറയുന്നു. വ്യവഹാരത്തില്‍ എനിക്കാണെന്നവര് സങ്കല്‍പ്പിക്കുന്നു.
ചോദ്യം: ആ കണക്കിന് താങ്കള്‍ക്കു പിന്നീടു സ്വത്തില്‍ ആഗ്രഹമുണ്ടായിട്ടുണ്ടെന്നു തന്നല്ലോ പറയണം?
മഹര്‍ഷി: എനിക്കതില്‍ ആഗ്രഹമോ വെറുപ്പോ ഇല്ലെന്നു പറഞ്ഞു കഴിഞ്ഞല്ലോ.
ചോദ്യം: താങ്കള്‍ ശിഷ്യന്മാര്ക്കു ഉപദേശം കൊടുക്കുന്നുണ്ടോ?
മഹര്‍ഷി: ഇവിടെ ആരെങ്കിലും വന്നുചോദിച്ചാല്‍ എനിക്കറിയാവുന്നത് പറഞ്ഞു കൊടുക്കും. അതവര് എങ്ങനെ വേണമോ അങ്ങനെ എടുത്തുകൊള്ളട്ടെ.
ചോദ്യം: താങ്കള്‍ക്കു ശിഷ്യന്മാരുണ്ടോ?
മഹര്‍ഷി: ഞാന്‍ ആരില്‍ നിന്നും ഉപദേശം വാങ്ങിയിട്ടില്ല. ആര്‍ക്കും ഉപദേശം കൊടുക്കുന്നുമില്ല. ഞാന്‍ ആരുടെയും ശിഷ്യനല്ല, ഗുരുവുമല്ല.
ചോദ്യം: തിരുവണ്ണാമല ദേവസ്ഥാനം ഭൂമിയില്‍ താങ്കള്‍ സ്കന്ദാശ്രമം കെട്ടാന്‍ അനുവദിച്ചതെങ്ങനെ?
മഹര്‍ഷി: ഞാന്‍ തിരുവണ്ണാമല മലകളില്‍ തിരുവരുളാല്‍ എങ്ങനെ വസിക്കാനിടയായോ അതുപോലെയാണ് സ്കന്ദാശ്രമം കെട്ടാനിടയയതും.
ചോദ്യം: താങ്കള്‍ സര്വ്വസംഗ പരിത്യാഗിയാണ്. പണം തൊടുകയില്ല, പിന്നെ സംഭാവനകള്‍ സ്വീകരിക്കുന്നതെങ്ങനെ?
മഹര്‍ഷി: ആശ്രമം നടത്തുന്നവര്‍ താനേ വരുന്ന സംഭാവനകള്‍ സ്വീകരിക്കുന്നു. അതുപയോഗിച്ചു ഇവിടെ വരുന്ന സന്ദര്‍ശകര്‍ക്കു കഴിയുന്നതായ സൗകര്യങ്ങളുണ്ടാക്കിക്കൊടുക്കുന്നു. അക്കാര്യങ്ങളില്‍ ഞാനിടപെടാറില്ല.
ചോദ്യം: താങ്കള്‍ എന്തുകൊണ്ട് ഒപ്പിടുന്നില്ല.
മഹര്‍ഷി: എന്റെ പേരെന്തെന്ന് എനിക്കുതന്നെ അറിയാത്തതു കൊണ്ടാണ്. മധുരയില്‍ നിന്നും വരുമ്പോള്‍ എഴുതിവെച്ച കുറുപ്പില്കൂടിയും ഞാന്‍ ഒപ്പിട്ടിട്ടില്ല. ഇവിടെ വന്നതിനുശേഷം ജനങ്ങള്‍ എന്തെല്ലാമോ പേരുകള്‍ എനിക്കു പറയുന്നു. ഞാനേതെങ്കിലും പേരില്‍ ഒപ്പിട്ടാല്‍ തന്നെയും എന്നെ അറിയാമെന്നുള്ളവര്‍ അതു വിശ്വസിക്കുകയില്ല.
ചോദ്യം: സന്ദര്‍ശകര്‍ ആശ്രമത്തില്‍ വരുന്നതെന്തിന്?
മഹര്‍ഷി: അതു വരുന്നവരോടു തന്നെ ചോദിക്കണം
ചോദ്യം: വരുന്നവര്‍ ഇവിടെ താമസിക്കുന്നതിനെപ്പറ്റി താങ്കളുടെ അഭിപ്രായമെന്ത്?
മഹര്‍ഷി: എനിക്കതുകൊണ്ടു ബുദ്ധിമുട്ടൊന്നുമില്ല. വരുന്നവര്‍ ഇവിടത്തെ അധികാരികളുടെ അനുവാദത്തോടുകൂടി താമസിക്കാറുണ്ട്. എനിക്കതുമായി ബന്ധമൊന്നുമില്ല.
അത്യാശ്രമികള്‍ക്കു ഒരു ബന്ധവും ഒന്നിനോടുമില്ല...
ചോദ്യം: അത്യാശ്രമികള്‍ക്കു സമ്പാദ്യം ഉണ്ടായിരിക്കാമോ?
രമണ മഹര്‍ഷി: അവര്‍ക്കു ഒരു ബന്ധവും ഒന്നിനോടുമില്ല. അവര്‍ക്കു തോന്നിയതുപോലെയിരിക്കാം. ശുകബ്രഹ്മര്‍ഷി ഗൃഹസ്ഥനായിരുന്നു. അദ്ദേഹത്തിനു ഭാര്യയും കുഞ്ഞുങ്ങളുമുണ്ട്.
ചോദ്യം: അപ്പോള്‍ അവരും ഗൃഹസ്ഥന്മാര് തന്നെ.
മഹര്‍ഷി: നിങ്ങള്‍ എന്തഭിപ്രായപ്പെട്ടാലും അവര്‍ക്കൊരു കുറവുമില്ല.
ചോദ്യം: അവര്‍ക്കു സ്വത്തു കൈമാറ്റം ചെയ്യാമോ?
മഹര്‍ഷി: അതവരുടെ പ്രാരബ്ധമനുസരിച്ചിരിക്കും.
ചോദ്യം: അവര്‍ക്കെന്തെങ്കിലും അനുഷ്ഠാനങ്ങളുണ്ടോ?
മഹര്‍ഷി: അവര്‍ വിധിനിഷേധങ്ങളില്ലാത്തവരാണ്.
ചോദ്യം: സന്ദര്‍ശകര്‍ക്ക് ഇവിടെത്തങ്ങാന് താങ്കളുടെ അനുമതി വേണമോ?
മഹര്‍ഷി: ആശ്രമ നിര്‍വ്വാഹകരുടെ അനുമതി തന്നെ എന്റെ അനുമതി.
വിചാരണ ചെയ്തവര്‍ ഭഗവാനെ ഒരു കടലാസു കാണിച്ചു. അതില്‍ ഭഗവാനെ സുബ്രഹ്മണ്യനായി സ്തുതിക്കുന്ന ഒരു പദ്യം ഭഗവാന്റെ കയ്പടയില്‍ എഴുതിയിരിക്കുന്നു. അതു തന്റെ കൈയ്യെഴുത്തു തന്നെ എന്നു ഭഗവാന് സമ്മതിച്ചു.
ചോദ്യം: ഇതിനെപ്പറ്റി എന്തുപറയുന്നു?
മഹര്‍ഷി: എഴുത്ത് എന്റേത്. ആശയം പെരുമാള്‍സ്വാമി എന്ന ഭക്തന്റേത്. എല്ലാം പരംപൊരുളിന്റെ സ്വരൂപമാണെന്ന ആ പദ്യത്തിന്റെ ആശയത്തില്‍ കുഴപ്പമൊന്നുമില്ല.
No comments:
Post a Comment