Wednesday, October 16, 2019

 തന്ത്രശാസ്ത്രം

സാധന, മന്ത്രോപാസന തുടങ്ങിയ ആചരണങ്ങള്‍ അലൗകിക ശക്തിയും ആത്മസാക്ഷാത്കാരവും നേടുന്നതിനുതകുമെന്നു കരുതിപ്പോരുന്ന ശാസ്ത്രശാഖ. വൈദികാനുഷ്ഠാനങ്ങളുടെ വിശദീകരണഗ്രന്ഥങ്ങളായ ബ്രാഹ്മണങ്ങളാണ് ഈ ശാസ്ത്രശാഖയുടെ ആധാരം. വൈദികമായ യജ്ഞാനുഷ്ഠാനങ്ങളില്‍ നിന്നു വ്യത്യസ്തമായി വിഷ്ണു, ശിവന്‍, ശക്തി, ഗണപതി, സൂര്യദേവന്‍ തുടങ്ങിയ ദേവന്മാരെ പൂജിച്ച് സാധനയുടെ സമഷ്ടിയിലെത്തുന്നതിനുള്ള അനുഷ്ഠാനങ്ങളും തന്ത്രഗ്രന്ഥങ്ങളില്‍ വിശദീകരിക്കുന്നുണ്ട്. ആഗമം, സംഹിത, തന്ത്രം എന്നീ പേരുകളിലറിയപ്പെടുന്ന ഈ ശാസ്ത്രശാഖ ഭാരതത്തില്‍ സാമൂഹിക ക്രമത്തിന്റെ അന്തര്‍ധാരയായി വളര്‍ച്ച നേടി.
ഗ്രീസ്, ചൈന തുടങ്ങിയ വിദേശരാജ്യങ്ങളിലും തന്ത്രശാസ് ത്രത്തിനു സമാനമായ ശാസ്ത്രങ്ങള്‍ നിലനിന്നിരുന്നതായി കാണാം. സാധനയിലൂടെ കൈവരിക്കാവുന്ന സാമാന്യാതീത ശക്തി യെക്കുറിച്ച് പ്രാചീന ഗ്രീസിലെ ചിന്തകരായ ഹെരാക്ളിയസ്, ഡെ മോക്രിറ്റസ്, പ്ളേറ്റോ തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിരുന്നു. ഭാരതീയമായ സാംഖ്യശാസ്ത്രത്തിലെ പ്രകൃതി പുരുഷ തത്ത്വത്തിനു സമാനമായയിന്‍, യാങ് തത്ത്വങ്ങള്‍ പ്രാചീന ചൈനീസ് വിശ്വാസങ്ങളില്‍ പ്രധാനപ്പെട്ടവയായിരുന്നു. പൂര്‍ണമായി വൈദികങ്ങളെന്നു കരുതപ്പെട്ടിട്ടില്ലാത്ത സാംഖ്യ വൈശേഷിക ദര്‍ശനങ്ങളും തന്ത്രശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് ഉപയുക്തങ്ങളായിട്ടുണ്ട്. ബുദ്ധമതാനുയായികളും തന്ത്രാചാരം സ്വീകരിച്ചിരുന്നു. വൈദിക കാലത്തിനുശേഷം സവര്‍ണ അവര്‍ണ ഭേദചിന്ത ഭാരതീയ സമൂഹത്തില്‍ സ്വാധീനമുള്ള ശക്തിയായി മാറിയപ്പോഴും തന്ത്രാചാരങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗക്കാരും സ്വന്തമെന്ന രീതിയില്‍ അനുഷ്ഠിച്ചുവന്നു. സ്ത്രീകളും തന്ത്രാചാരങ്ങള്‍ സ്വീകരിച്ചിരുന്നു.
തന്ത്രം എന്ന വാക്കിന് പല ഘടകങ്ങള്‍ ചേര്‍ന്നുള്ള സംരംഭം എന്ന വാച്യാര്‍ഥമായിരുന്നു ആദ്യമുണ്ടായിരുന്നത്. വേദത്തിലാ കട്ടെ, തുണിനെയ്യുന്ന പ്രക്രിയയെ വ്യവഹരിക്കാന്‍ തന്ത്രം എന്ന പദം ഉപയോഗിച്ചിട്ടുണ്ട്. മഹാഭാഷ്യത്തില്‍ ഒരു പ്രത്യേക വിജ്ഞാനശാഖ എന്ന അര്‍ഥത്തിലാണ് തന്ത്രം എന്ന പദം പ്രയോഗിച്ചുകാണുന്നത്. ശങ്കരാചാര്യര്‍, സാംഖ്യദര്‍ശനത്തെ കപിലന്റെ തന്ത്രം എന്നു വിളിച്ചിരുന്നു. ബുദ്ധമതത്തെ വൈനാസിക തന്ത്രം എന്ന പേരിലായിരുന്നു വിശേഷിപ്പിച്ചിരുന്നത്. അറിവിനെ വ്യാപിപ്പിക്കുന്നത് (തന്യതേ വിസ്താര്യതേ അനേന ഇതി തന്ത്രം) എന്ന അര്‍ഥത്തില്‍ ‘തന്’ ശബ്ദത്തിന്റെ നിഷ്പന്നരൂപമാണ് തന്ത്രം എന്ന പദം. തൃ എന്ന ശബ്ദത്തിന്റെ രക്ഷിക്കുക എന്ന അര്‍ഥത്തില്‍ നിന്ന് (ത്രാണനം) തന്ത്രപദം രൂപപ്പെട്ടതായും പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ലൌകിക കഷ്ടതകളില്‍ നിന്നു രക്ഷിച്ച് ആത്മസാക്ഷാത്കാരത്തിനു പ്രാപ്തരാക്കുന്ന വിദ്യ എന്ന നിലയില്‍ തന്ത്രപദത്തിനും തന്ത്രശാസ്ത്രത്തിനും സ്വീകാര്യത ലഭിച്ചു. തത്ത്വവും മന്ത്രവും ചേര്‍ന്ന ഗ്രന്ഥസമാഹാരം എന്ന അര്‍ഥത്തിലും തന്ത്രപദത്തിന് നിഷ്പത്തി കല്പിക്കുന്നവരുണ്ട് (തനോതി വിപുലാ നര്‍ഥാന്‍ തത്ത്വമന്ത്ര സമന്വിതം).
ശിവതത്ത്വത്തിനു പ്രാധാന്യം നല്കുന്ന തന്ത്രഗ്രന്ഥങ്ങള്‍ ആഗമങ്ങള്‍ എന്ന പേരിലും വൈഷ്ണവമായവ സംഹിതകള്‍ എന്ന പേരിലുമാണ് പ്രസിദ്ധി നേടിയത്. ശാക്തഗ്രന്ഥങ്ങള്‍ തന്ത്രങ്ങള്‍ എന്ന പേരിലും അറിയപ്പെട്ടു. എന്നാല്‍ പ്രാദേശികഭേദമനുസരിച്ച് തന്ത്രപദം ഈ മൂന്ന് വിഭാഗങ്ങളില്‍പ്പെടുന്ന എല്ലാ ഗ്രന്ഥങ്ങളെയും പരാമര്‍ശിക്കുന്നതായും കാണുന്നുണ്ട്. കേരളത്തില്‍ ശൈവ, വൈഷ്ണവ, ശാക്ത പൂജകള്‍ വിവരിക്കുന്ന ഗ്രന്ഥങ്ങള്‍ മിക്കതും തന്ത്രഗ്രന്ഥങ്ങള്‍ എന്ന പേരില്‍ത്തന്നെയാണു പ്രസിദ്ധമായിട്ടുള്ളത്. ശിവപാര്‍വതിമാരുടെ സംഭാഷണ രൂപത്തില്‍ തന്ത്ര വിഷയങ്ങള്‍ അവതരിപ്പിക്കുന്ന രീതി പല തന്ത്രഗ്രന്ഥങ്ങളിലും സ്വീകരിച്ചിട്ടുണ്ട്. ശിവന്‍ പാര്‍വതിക്കുപദേശിക്കുന്നവയ്ക്ക് ആഗമങ്ങള്‍ എന്നും പാര്‍വതി ശിവനോടു പറയുന്നവയ്ക്ക് നിഗമങ്ങള്‍ എന്നുമാണ് പേര്. ശൈവ, വൈഷ്ണവ, ഗാണപത്യ, സൌര, ശാക്തതന്ത്രങ്ങളിലേതെങ്കിലും നിഷ്ഠയോടുകൂടി അനുഷ്ഠിക്കുന്ന വരെ പഞ്ചോപാസകര്‍ എന്നു വിളിക്കുന്നു. മന്ത്രാക്ഷരങ്ങളുടേയും യന്ത്രങ്ങളുടേയും മറ്റും ശക്തി വിശദീകരിക്കുന്ന ‘ജ്ഞാനം’, മനസ്സിനെ ഏകാഗ്രമാക്കുന്ന സിദ്ധികള്‍ വിശദീകരിക്കുന്ന ‘യോഗം’, തന്ത്രാനുഷ്ഠാനത്തിനുവേണ്ട ക്ഷേത്ര ശില്പ നിര്‍മാണം തുടങ്ങിയവ വിവരിക്കുന്ന ‘ക്രിയ’, തന്ത്രാനുഷ്ഠാനങ്ങളെല്ലാം വിവരിക്കുന്ന ‘ചര്യ’ ഈ നാല് വിഷയങ്ങളാണ് തന്ത്രഗ്രന്ഥങ്ങളില്‍ പ്രധാനമായി വിശദീകരിച്ചിരിക്കുന്നത്. പുരാണ ഗ്രന്ഥങ്ങള്‍ക്ക് പഞ്ച ലക്ഷണം (സര്‍ഗം, പ്രതിസര്‍ഗം, വംശം, മന്വന്തരം, വംശാനുചരിതം ഇവയുടെ വര്‍ണനം) ഉണ്ടെന്നു പറയുന്നതുപോലെ തന്ത്ര ഗ്രന്ഥങ്ങള്‍ക്കും ഈ നാല് ഘടകങ്ങള്‍ ഉണ്ടാകണം എന്നാണ് സങ്കല്പം. എന്നാല്‍ ഗ്രന്ഥത്തിലെ വിഷയത്തിനു നല്കുന്ന പ്രാധാന്യമനുസരിച്ച് ഈ നാല് വിഷയങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്കിയിട്ടില്ലാത്ത തന്ത്രഗ്രന്ഥങ്ങളുമുണ്ട്.
മന്ത്രാക്ഷര സംയുക്തമായ തന്ത്രാനുഷ്ഠാനത്തിലൂടെ ഈശ്വര ചൈതന്യത്തെ ആവാഹിച്ച് സപരിവാര പൂജയിലൂടെ അഭീഷ്ട സിദ്ധിനേടുന്ന ശാസ്ത്രമാണ് തന്ത്രശാസ്ത്രം. വേദകാലത്തിനുശേഷമാണ് ഈ ശാസ്ത്രശാഖയ്ക്കു പ്രചാരം സിദ്ധിച്ചത്. ശ്രീ ശങ്കരന്റെ കാലമായപ്പോഴേക്കും തന്ത്രശാസ്ത്രത്തിന് വിപുലമായ പ്രചാരം ലഭിച്ചതായി കാണാം. ഗുപ്ത രാജവംശ കാലഘട്ടത്തില്‍ത്തന്നെ തന്ത്രശാസ്ത്രം പ്രചരിച്ചിരുന്നതിനു തെളിവാണ് കുബ്ജികാമതം എന്ന തന്ത്രഗ്രന്ഥത്തിന് ഗുപ്ത ലിപിയിലുള്ള രേഖകള്‍ ലഭ്യമായിട്ടുള്ളത്. തെന്നിന്ത്യന്‍ തന്ത്രങ്ങളെപ്പറ്റി കൈലാസനാഥ ക്ഷേത്രത്തിലെ ശിലാലേഖനങ്ങളില്‍ 6-ാം ശ.-ത്തില്‍ രാജസിംഹവര്‍മന്‍ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകള്‍ അക്കാലത്തു തന്നെ തെക്കേ ഇന്ത്യയിലും തന്ത്രശാസ്ത്രം വികാസം പ്രാപിച്ചിരുന്നു എന്ന ദിശയിലേക്കുള്ള ചൂണ്ടുപലകയായി കരുതാം. അനുഷ്ഠാനങ്ങളും സംസ്കൃതത്തിലുള്ള മന്ത്രങ്ങളും അവയുടെ അര്‍ഥവും വിശദീകരിച്ചുകൊണ്ട് പ്രാദേശിക ഭാഷകളില്‍ ആധുനിക കാലത്തും തന്ത്രഗ്രന്ഥങ്ങള്‍ രചിക്കപ്പെടുന്നുണ്ട്.
പ്രപഞ്ചശക്തികളെ ശരീരസാധനയിലൂടെ കണ്ടെത്തുന്ന പൂജാവിധികള്‍ തന്ത്രശാസ്ത്രത്തില്‍ വിവരിക്കുന്നു. ധ്യാനം, യോഗസാധന ഇവയിലൂടെ ശരീരത്തില്‍ അന്തര്‍ലീനമായുള്ള ശക്തിയെ ഉണര്‍ത്തി, പ്രപഞ്ചശക്തിയെ കണ്ടെത്തി, ലൌകിക രീതിയിലുള്ള പൂജാസമര്‍പ്പണമാണ് അനുഷ്ഠാനങ്ങളില്‍ പ്രധാനം. സാധനയിലൂടെ കുണ്ഡലിനീശക്തിയെ ഉണര്‍ത്തി സുഷുമ്ന വഴി ശിരസ്സിലെത്തിച്ച് സഹസ്രാരവിന്ദവുമായി സംയോജിപ്പിക്കുന്നതാണ് യോഗസാധനയിലെ പരമമായ കര്‍മം. അപ്പോള്‍ ധ്യാനമൂര്‍ത്തി മനസ്സില്‍ തെളിയുകയും ഈ മൂര്‍ത്തിയെ മുന്‍പിലുള്ള വിഗ്രഹത്തില്‍ സങ്കല്പിച്ച് പൂജ സമര്‍പ്പിക്കുകയും ചെയ്യുന്നു. മന്ത്രാക്ഷര സംയുക്തമായ പൂജ പര്യവസാനിച്ച് വിഗ്രഹമൂര്‍ത്തിയെ ഉദ്വസിക്കുന്നതുവരെയും ഈ മൂര്‍ത്തിയെ സ്വന്തം മനസ്സിലും വിഗ്രഹത്തിലും ദര്‍ശിക്കുവാന്‍ സാധകനു കഴിയുന്നു. താന്ത്രിക വിധിയിലൂടെയുള്ള ഈ ചൈതന്യദര്‍ശനം വേദാന്തത്തിലെയും മറ്റും ആത്മസാക്ഷാത്കാരത്തിനു തുല്യമാണത്രേ. വേദാന്തത്തില്‍ ജ്ഞാന മാര്‍ഗത്തിലൂടെ ആത്മസാക്ഷാത്കാരം ലഭ്യമാക്കുമ്പോള്‍ തന്ത്രശാസ്ത്രത്തില്‍ വിശ്വാസപൂര്‍വമുള്ള തന്ത്രാനുഷ്ഠാനത്തിലൂടെ ആത്മസാക്ഷാത്കാരം നേടാന്‍ കഴിയുന്നു. അദ്വൈതാചാര്യനായിരുന്ന ശങ്കരാചാര്യര്‍ തന്ത്രശാസ്ത്രപ്രകാരമുള്ള ദേവ്യുപാസകന്‍ കൂടിയായിരുന്നു എന്നത് ഈ രണ്ട് മാര്‍ഗങ്ങളും പരസ്പരപൂരകങ്ങളാണെന്നതിനു തെളിവാണ്.
തന്ത്രശാസ്ത്രത്തില്‍ പൂജാവിധികള്‍ പ്രധാനമാണ്. അതിനോ ടനുബന്ധിച്ചാണ് പ്രശ്നം, ശില്പശാസ്ത്രം, താന്ത്രികവിധികള്‍ ഇവ ഉണ്ടാകുന്നത്. വൈദികം, താന്ത്രികം, മിശ്രം (രണ്ടും കൂടിച്ചേര്‍ന്നത്) എന്ന് മൂന്ന് വിഭാഗങ്ങള്‍ തന്ത്രശാസ്ത്രത്തിലുണ്ട്. പൂജയോടൊപ്പം ഹോമാദികര്‍മങ്ങളും നടത്താറുണ്ട്. വേദത്തില്‍ നിന്നുതന്നെയാണ് തന്ത്രശാസ്ത്രം രൂപപ്പെട്ടിട്ടുള്ളത്. ഈശ്വരന് നിഷ്കളമെന്നും സകളമെന്നും രണ്ട് രൂപങ്ങള്‍ വേദത്തിലുണ്ട്. ഇതിനെ നിഷ്കളബ്രഹ്മമെന്നും സകളബ്രഹ്മമെന്നും പറയുന്നു. സകളോപാസനയില്‍ക്കൂടിയാണ് നിഷ്കളോപാസനയിലേക്കു കടക്കുന്നത്. ഇത് പൂരുഷസൂക്തത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. നിഷ്കളബ്രഹ്മം തന്നെ പ്രപഞ്ചസൃഷ്ടിക്കുവേണ്ടി സകളസ്വരൂപം സ്വീകരിക്കുന്നു. ആദ്യം ബ്രഹ്മാണ്ഡമുണ്ടായിട്ട് അതുവിരിഞ്ഞ് വിരാട് സ്വരൂപം ഉണ്ടാകുന്നു. ആ വിരാട് പുരുഷനെയാണ് ‘സഹസ്രശീര്‍ഷാ പുരുഷഃ’ എന്നു തുടങ്ങുന്ന മന്ത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. സൂക്ഷ്മമായ വിരാട് സ്വരൂപത്തില്‍ നിന്ന് വിശ്വരൂപം ഉണ്ടാകുന്നു. ഇത് ദൃശ്യപ്രപഞ്ചമാണ്. താന്ത്രികവിധിയില്‍ വിശ്വരൂപധ്യാനവും വിഗ്രഹധ്യാനവും ഉണ്ട്. ഇതു രണ്ടില്‍ക്കൂടിയും നിഷ്കളബ്രഹ്മത്തെ പ്രാപിക്കാവുന്നതാണ്. വിശ്വരൂപത്തെയാണ് മഹര്‍ഷീശ്വരന്മാര്‍ പൂജാവിധിയിലുള്ള വിഗ്രഹരൂപമായി കല്പിക്കുന്നത്. വിശ്വരൂപത്തെത്തന്നെ ത്രിഗുണ ഭേദമനുസരിച്ച് ശൈവം, ശാക്തേയം, വൈഷ്ണവം എന്നു മൂന്നായി തിരിച്ചിരിക്കുന്നു. പ്രധാനപ്പെട്ട ഏഴ് ദേവതാപൂജകളാണ് തന്ത്രസമുച്ചയത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്. ശേഷസമുച്ചയത്തില്‍ ഇതിനോടനുബന്ധിച്ച വേറെയും ദേവതാപൂജകള്‍ വിധിച്ചിരിക്കുന്നു. ‘വിശേഷേണ ഗൃഹ്യതേ ഇതിവിഗ്രഹഃ’ എന്നാണ് ‘വിഗ്രഹ’ശബ്ദത്തിന്റെ വ്യുത്പത്തി. ആത്മചൈതന്യത്തിന്റെ ഉപാധിയായ ശരീരമാണ് വിഗ്രഹം. വിശ്വരൂപത്തില്‍ ആത്മചൈതന്യമാണ് ഈശ്വരന്‍. ദൃശ്യപ്രപഞ്ചം ഈശ്വരന്റെ ശരീരവുമാണ്. ഈ തത്ത്വത്തിന്റെ ചെറിയ രൂപമായിട്ടാണ് വിഗ്രഹത്തില്‍ ഈശ്വരചൈതന്യമുണ്ടാകുന്നത്.
എട്ടുവിധത്തിലുള്ള വിഗ്രഹമാണുള്ളത്-ശില, ദാരു, ലോഹം, പദ്മം, ചിത്രം, മണ്ണ്, മനസ്സ്, രത്നം എന്നിങ്ങനെ (ശൈലീ ദാരു മയീ ലൌഹീ ലേപ്യാ ലേഖ്യാച സൈകതീ മനോമയീ മണിമയീ പ്രതിമാഷ്ടവിധാ സ്മൃതാ). ഇവയില്‍ പ്രധാനമായി ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കുന്നത് ലോഹംകൊണ്ടും ശിലകൊണ്ടുമുള്ള വിഗ്രഹങ്ങളാണ്. ക്ഷേത്രനിര്‍മാണത്തില്‍ വിഗ്രഹത്തെ ആത്മാവായി കരുതുകയും ആ ആത്മാവിന്റെ ശരീരമായി ശ്രീകോവില്‍, മുഖമണ്ഡപം മുതലായ ക്ഷേത്രഭാഗങ്ങള്‍ കല്പിക്കപ്പെടുകയും ചെയ്യുന്നു. അളവുകളെല്ലാം ഈ ശാസ്ത്രതത്ത്വത്തില്‍ നിന്നുണ്ടായിട്ടുള്ളവയാണ്. ഈ തത്ത്വത്തെ ‘ഇദം ശരീരം കൌന്തേയ ക്ഷേത്രമിത്യഭിധീയതേ’എന്ന് ഭഗവദ്ഗീതയില്‍ പ്രതിപാദിക്കുന്നു. ക്ഷേത്രചൈതന്യ രഹസ്യം എന്ന ഗ്രന്ഥത്തില്‍ ഇത് വിശദീകരിക്കുന്നുണ്ട്. അഷ്ടമാതൃക്കളുടേയും ക്ഷേത്രപാലകന്‍മാരുടേയുമെല്ലാം സ്ഥാനങ്ങളും വിശ്വരൂപസങ്കല്പത്തില്‍നിന്നുണ്ടായിട്ടുള്ളതാണ്.
വൈഷ്ണവമായ ആരാധനയില്‍ വിഷ്ണുവിന്റെ വിഗ്രഹത്തിന്റെ സങ്കല്പം ആഗമത്തില്‍ പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്-വിഗ്രഹം പുരുഷരൂപമാണ്. കൌസ്തുഭ രത്നം ആത്മജ്യോതിസ്സാണ്. അതിന്റെ പ്രഭ വ്യാപിക്കുന്നതാണ് മാറിടത്തിലുള്ള ശ്രീവത്സം. വനമാല മായയാണ്. പീതവസ്ത്രം ഛന്ദസ്സാണ് (വേദം). മകരകുണ്ഡലങ്ങള്‍ സാംഖ്യ യോഗങ്ങളാണ്. ശിരസ്സ് പരമപദമാണ്. ധര്‍മജ്ഞാന വൈര്യാഗ്യൈശ്വര്യങ്ങളോടുകൂടിയ സത്വഗുണമാണ് താമര. ജലതത്ത്വമാണ് ശംഖ്. സുദര്‍ശനം തേജസ്തത്ത്വമാണ് (കാലതത്ത്വമാണെന്നും പറയുന്നു). ഓജസ്സോടും ബലത്തോടും കൂടിയ മുഖ്യ തത്ത്വമാണ് ഗദ. ഈ രീതിയില്‍ എല്ലാ അവയവങ്ങളും ആയുധങ്ങളും കല്പിക്കപ്പെട്ടിരിക്കുന്നു.
താന്ത്രികവിധിയനുസരിച്ച് തന്ത്രി തപഃശക്തിയോടും ഉപാസനാശക്തിയോടും കൂടി ഉദ്ദീപ്തമായ കുണ്ഡലിനീശക്തിയെ ഓംകാരം കൊണ്ടു ചലിപ്പിച്ച് സംഗ്രഹിച്ച് ഉയര്‍ത്തുന്നു. അത് മൂലാധാരത്തില്‍ നിന്ന് ഉണര്‍ത്തി സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി എന്നീ നാല് ചക്രങ്ങള്‍ കടന്ന് നാസിക യില്‍ കൊണ്ടുവന്ന് പ്രാണനില്‍ക്കൂടി വെളിയിലേക്ക് ജലഗന്ധ പുഷ്പാക്ഷതങ്ങളിലേക്കു പകര്‍ന്ന് വെളിയിലുള്ള അനന്തമായ ഈശ്വരശക്തിയില്‍ ലയിപ്പിച്ച് വിഗ്രഹത്തിലേക്കു സമര്‍പ്പിക്കുന്ന വിധിയാണ് ‘ആവാഹനം’ എന്നു പറയുന്നത്. ആധാരശക്തി, മൂലപ്രകൃതി, ആദികൂര്‍മം, അനന്തന്‍, പൃഥിവി, പദ്മം എന്നീ ഷഡാധാരങ്ങളില്‍ വിധിയാംവണ്ണം പ്രതിഷ്ഠിച്ചിരിക്കുന്ന വിഗ്രഹത്തിലേക്കാണ് ചൈതന്യം പകരുന്നത്. പീഠപൂജയില്‍ ഈ ഷഡാധാരങ്ങളെ ജലഗന്ധപുഷ്പധൂപദീപങ്ങളെക്കൊണ്ടു പൂജിച്ച് ഈശ്വര ന്റെ ഇരിപ്പിടമാക്കി തയ്യാറാക്കുകയാണു ചെയ്യുന്നത്. മൂര്‍ത്തിപൂജയില്‍ ഭഗവാനെ സ്വാഗതം ചെയ്ത് അര്‍ഘ്യപാദ്യാദികള്‍ കൊടുത്ത് (അതിഥി സത്കാരം പോലെ) സ്നാനം ചെയ്യിച്ച് ഷോഡശോപചാരങ്ങളെക്കൊണ്ട് പൂജിക്കുന്നു. ജലം, ഗന്ധം, പുഷ്പം, ധൂപം, ദീപം, നിവേദ്യം ഇവ നടത്തി നൃത്തഗീതാദികളെക്കൊണ്ട് സന്തോഷിപ്പിച്ച് മന്ത്രങ്ങളെക്കൊണ്ടു പുഷ്പാഞ്ജലി നടത്തി ബ്രഹ്മാര്‍പണം ചെയ്ത് പാദതീര്‍ഥമെടുത്തു തളിച്ച് വീണ്ടും തന്നിലേക്കു തന്നെ ചൈതന്യത്തെ ഉദ്വസിക്കുന്നു.
മനുഷ്യശരീരത്തിലെ 32 ജീവഗ്രന്ഥികളും ഇഡ, പിങ്ഗല, സുഷുമ്ന, യശസ്വിനി, അലംബുഷ, ശംഖിനി തുടങ്ങിയ നാഡി കളും യോഗസാധന വഴി പ്രേരിതമാകുമ്പോള്‍ കുണ്ഡലിനീശ ക്തി സ്വതന്ത്രമായി സുഷുമ്ന വഴി മൂര്‍ധാവിലെ സഹസ്രാരവിന്ദ ത്തിലെത്തുമ്പോഴുള്ള അനുഭവമാണ് സാധകനെ പ്രപഞ്ചസത്യമായ ഈശ്വരനെ സാക്ഷാത്കരിക്കാന്‍ പ്രാപ്തനാക്കുന്നത്. ഇതിന് സാധകന്റെ സാധനയെ സഹായിക്കുന്ന ഘടകങ്ങളാണ് പ്രണവ മൂലകമായ മന്ത്രങ്ങള്‍, യന്ത്രങ്ങള്‍, താന്ത്രികചിത്രങ്ങള്‍, താന്ത്രികാനുഷ്ഠാനങ്ങള്‍ തുടങ്ങിയവ. സാധകന്റെ ഈ അനുഭവവും ആത്മസാക്ഷാത്കാരവും സമീപത്തുള്ള മറ്റുള്ളവരിലും പ്രഭാവം ചെലുത്താന്‍ ശക്തിയുള്ളതാകും. ഈ അനുഭവത്തോടെ തന്ത്രി ഉദ്ദിഷ്ട ദേവതയെ മനസ്സില്‍ സങ്കല്പ്പിക്കുകയും ആ ശക്തിയെ വിഗ്രഹത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യുന്നു എന്നതാണ് ക്ഷേ ത്രാരാധനയുടെ പ്രധാന സവിശേഷത. അവിടെ വിഗ്രഹത്തില്‍ തന്ത്രിക്കു ലഭിച്ച സാക്ഷാത്കാരത്തിന്റെ ശക്തി നിലനില്ക്കുന്നതിനാല്‍ സാധാരണ ഭക്തനും അലൌകിക ശക്തിയുടെ പ്രഭാവത്തിന്റെ അനുഭവം ലഭിക്കുവാന്‍ കാരണമാകുന്നതായി താന്ത്രിക ഗ്രന്ഥങ്ങളില്‍ നിരൂപണം ചെയ്തിട്ടുണ്ട്.
ശൈവ ആഗമങ്ങള്‍ക്ക് കാശ്മീരിലും വൈഷ്ണവ സംഹിത കള്‍ക്ക് ബംഗാളിലും ശാക്തതന്ത്രങ്ങള്‍ക്ക് വ. കിഴക്കന്‍ സംസ്ഥാനങ്ങളിലുമായിരുന്നു കൂടുതല്‍ പ്രചാരം സിദ്ധിച്ചിരുന്നത്. കാശ്മീരില്‍ ശൈവ ആഗമങ്ങള്‍ക്കു സമാനമായി പ്രത്യഭിജ്ഞാദര്‍ശനം പ്രചാരം നേടി. ശിവദൃഷ്ടി, സ്പന്ദാമൃതം, ഈശ്വരപ്രത്യഭിജ്ഞാനം, തന്ത്രാലോകം, മാലിനീവിജയം, സ്വച്ഛന്ദം, നൈശ്വാസം, വിജ്ഞാനഭൈരവം, ഉച്ഛുഷ്മഭൈരവം, ആനന്ദഭൈരവം, നേത്രം, രുദ്രയാമലം ഇവ ഈശ്വരപ്രത്യഭിജ്ഞാ ദര്‍ശനവുമായി ബന്ധപ്പെട്ട ശാസ്ത്രങ്ങളാണ്. അഭിനവഗുപ്തന്‍ തന്ത്രാലോകത്തില്‍ 92 ശൈവതന്ത്രങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്. ശക്തിസംഗമതന്ത്രത്തില്‍ വൈഷ്ണവം, ഗാണപത്യം, ശൈവം, സ്വായംഭുവം, ചാന്ദ്രം, പാശുപതം, ചീനം, ജൈനം, കാലാമുഖം, വൈദികം ഈ വിഭാഗങ്ങളിലെ തന്ത്രങ്ങളെപ്പറ്റി പ്രത്യേകം വിവരണമുണ്ട്. സമ്മോഹ (സമ്മോഹന) തന്ത്രത്തില്‍ 402 ശൈവതന്ത്രങ്ങളേയും 339 വൈഷ്ണവതന്ത്രങ്ങളേയും 180 സൗരതന്ത്രങ്ങളേയും 122 ഗാണപത്യ തന്ത്രങ്ങളേയും 39 ബൗദ്ധതന്ത്രങ്ങളേയും ചൈനയിലെ 107 തന്ത്രങ്ങളേയും ദ്രാവിഡത്തിലെ 40 തന്ത്രങ്ങളേയും ഗൗഡത്തിലെ 43 തന്ത്രങ്ങളേയും പരാമര്‍ശിക്കുന്നു. നിത്യഷോഡശികാര്‍ണവം എന്ന ഗ്രന്ഥത്തില്‍ 64 കൗളതന്ത്രങ്ങളുടെ വിവരണം നല്കുന്നു. തന്ത്രം, ഉപതന്ത്രം, ആഗമം, സംഹിത, യാമലം, ഡാമരം, തത്ത്വം, കല്പം, അര്‍ണവം (അര്‍ണവകം), ഉഡ്ഡാലം, ഉഡ്ഡിശം, ഉപസംഖ്യ, ചൂഡാമണി, വിമര്‍ശിനി, ചിന്താമണി, പുരാണം, ഉപസംജ്ഞ, കക്ഷപടി, കല്പദ്രുമം, കാമധേനു, സഭാവ, അവതരണകം, സൂക്തം, അമൃതം, തര്‍പണം, ദര്‍പണം, സാഗരം തുടങ്ങിയ വ്യത്യസ്തമായ ശീര്‍ഷകങ്ങളില്‍ തന്ത്ര ഗ്രന്ഥങ്ങള്‍ അറിയപ്പെടുന്നു.
ശാക്തതന്ത്രങ്ങള്‍ ബ്രഹ്മത്തെ ശക്തിതത്ത്വമായി പ്രതിപാദിക്കുന്നു. വേദാന്ത, സാംഖ്യ തത്ത്വങ്ങളെ ശാക്തതന്ത്രങ്ങള്‍ പ്രമാണമായി സ്വീകരിച്ചിട്ടുണ്ട്. മഹാനിര്‍വാണതന്ത്രം, കുലാര്‍ണവതന്ത്രം, കുലചൂഡാമണീതന്ത്രം, പ്രപഞ്ചസാരതന്ത്രം, താരാരഹസ്യം, തന്ത്രരാജതന്ത്രം, കാളീവിലാസതന്ത്രം, ജ്ഞാനാര്‍ണ്ണവതന്ത്രം, ശാരദാതിലകതന്ത്രം തുടങ്ങിയവ പ്രധാന ശാക്തേയതന്ത്രങ്ങളാണ്. മഹാനിര്‍വാണതന്ത്രത്തില്‍ ഉപനിഷത്തിലെ വിവരണരീതിയനുസരിച്ച് ബ്രഹ്മസങ്കല്പം അവതരിപ്പിക്കുന്നു. ശക്തി തന്നെയാണ് ഈ ബ്രഹ്മമെന്നും മാതാവില്‍ നിന്നു കുഞ്ഞുങ്ങളെന്നപോലെ ഈ ശക്തിയില്‍ നിന്നുമാണ് പ്രപഞ്ചത്തിന്റെ ഉത്പത്തിയെന്നും പറയുന്നു. ഈ ശക്തിയെ ദുര്‍ഗ, കാളി എന്നിങ്ങനെ ഉഗ്രരൂപിണികളായും ഉമ, ഗൗരി, ലക്ഷ്മി, രാധ എന്നിങ്ങനെ ശാന്തസ്വരൂപിണികളായും വര്‍ണിക്കുന്നു. സ്ത്രീകളെ ശക്തിയുടെ പ്രതീകമായി കണക്കാക്കുന്നു. ഗാര്‍ഹസ്ഥ്യം, സന്ന്യാസം എന്നീ ആശ്രമങ്ങള്‍ ക്കുള്ള പ്രാധാന്യം അംഗീകരിക്കുകയും ബ്രഹ്മചര്യം, വാനപ്രസ്ഥം എന്നീ ആശ്രമങ്ങള്‍ക്ക് പ്രാധാന്യം നല്കാതിരിക്കുകയും ചെയ്യുന്നു. മദ്യം, മാംസം, മത്സ്യം, മുദ്ര, മൈഥുനം എന്നിവയെ ചിലര്‍ തന്ത്രാംഗങ്ങളായി അംഗീകരിക്കുന്നു. പഞ്ചമകാരം എന്നറിയപ്പെടുന്ന ഈ അഞ്ച് കാര്യങ്ങളുടെ പരാമര്‍ശം ശാക്തേയ തന്ത്രങ്ങള്‍ക്കുള്ള അംഗീകാരം കുറയുന്നതിനു കാരണമായിട്ടുണ്ട്.
ശങ്കരാചാര്യരുടേതെന്നറിയപ്പെടുന്ന പ്രപഞ്ചസാരതന്ത്രത്തില്‍ ശാക്തേയ സങ്കല്പത്തിനും ആചാരക്രമങ്ങള്‍ക്കുമൊപ്പം ലോക ത്തിന്റെ സത്തയെക്കുറിച്ചുള്ള നിരൂപണവും ശ്രദ്ധേയമാണ്. തന്ത്ര രാജതന്ത്രത്തില്‍ സ്ത്രീയന്ത്രത്തിന്റെ വിശദീകരണമാണ് പ്രത്യേകത. പ്രപഞ്ചത്തിന്റെ അടിസ്ഥാനം ദേവിയാണ് എന്ന് ഇതില്‍ വിവരിച്ചിരിക്കുന്നു. കാളീവിലാസതന്ത്രത്തില്‍ രാധയുടെ കാമുകനായി കൃഷ്ണനെയും രാധയെ കാളിയായും പ്രകീര്‍ത്തിക്കുന്നു. ജ്ഞാ നാര്‍ണ്ണവതന്ത്രത്തില്‍ യൌവന യുക്തകളായ കന്യകകളെ ഏറ്റവും ഉന്നതമായ ശക്തിപ്രതീകമായി പൂജിക്കുന്നു. 11-ാം ശ.-ത്തില്‍ ലക്ഷണദേശികന്‍ രചിച്ച ശാരദാതിലകതന്ത്രത്തില്‍ മന്ത്രം, യന്ത്രം ഇവയുടെ സാധനയാല്‍ ലഭിക്കുന്ന സിദ്ധികളെപ്പറ്റി വിവരിക്കുന്നു. തന്ത്രങ്ങളുടെ ഉദ്ഭവം, സ്വഭാവം, പ്രപഞ്ച വ്യാപ്തി, ശിവശക്തി തത്ത്വം, ശരീരശാസ്ത്രം, മനുഷ്യതത്ത്വം, അനുഷ്ഠാനങ്ങള്‍, ക്രിയ കള്‍, മനഃശക്തി, പഞ്ചതത്ത്വങ്ങള്‍, സിദ്ധികള്‍, മന്ത്രം, യോഗം, പഠനം, ശിഷ്യത്വം സ്വീകരിക്കുന്നതിന്റെ വിവിധ ഘട്ടങ്ങള്‍ തുടങ്ങിയവ തന്ത്രഗ്രന്ഥങ്ങളില്‍ വിവരിക്കുന്നു.
ശക്തിയുടെ വിവിധ സങ്കല്പങ്ങളായ കാളി, താര, ദുര്‍ഗ, ചാമു ണ്ഡ, ശ്യാമ, നീലസരസ്വതി, ത്രിപുരസുന്ദരി, ശ്രീവിദ്യ, ലളിത തുടങ്ങിയ മൂര്‍ത്തിഭേദങ്ങള്‍ വ്യത്യസ്ത തന്ത്രങ്ങള്‍ക്കു നിദാനമായിട്ടുണ്ട്. ശക്തിയുടെ വ്യത്യസ്ത ഭാവങ്ങളുടെ ഏകത്വഭാവമാണ് ത്രിപുരസുന്ദരി, ശ്രീവിദ്യ, ലളിത തുടങ്ങിയ സങ്കല്പങ്ങള്‍. സംസാര ബന്ധങ്ങളില്‍ നിന്നു കരകയറ്റുന്നവള്‍ എന്ന സങ്കല്പത്തിലുള്ള (തരണം ചെയ്യുന്നതിന്-കടക്കുന്നതിനു സഹായിക്കുന്നവള്‍) താരാസങ്കല്പം ബുദ്ധമതക്കാര്‍ക്കു കൂടുതല്‍ സ്വീകാര്യമായി. പ്രജ്ഞാപാരമിത മൂര്‍ത്തിയുടെ സങ്കല്പത്തോടുകൂടിയ ഈ തന്ത്രഭേദം നേപ്പാള്‍, ചൈന, മംഗോളിയ, ജപ്പാന്‍, ഇന്തോനേഷ്യ, ശ്രീലങ്ക, മ്യാന്‍മര്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലും പ്രചാരം നേടിയിരുന്നു. വാരാഹീതന്ത്രത്തില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ശാക്തതന്ത്രങ്ങളാണ് നീലപതാക, വാമകേശ്വരതന്ത്രം, മൃത്യുഞ്ജയതന്ത്രം, യോഗാര്‍ണവം, മായാ(മഹാ)തന്ത്രം, ദക്ഷിണാമൂര്‍ത്തി തന്ത്രം, കാലികാതന്ത്രം, കാമേശ്വരീതന്ത്രം, കുബ്ജികാതന്ത്രം, കാത്യായനീ തന്ത്രം, പ്രത്യംഗിരാതന്ത്രം, മഹാലക്ഷ്മീതന്ത്രം, ത്രിപുരാര്‍ണ്ണവം, സരസ്വതീതന്ത്രം, യോഗിനീതന്ത്രം, വാരാഹീതന്ത്രം, ഗവാക്ഷീതന്ത്രം, നാരായണീയതന്ത്രം, മൃഡാനീതന്ത്രം എന്നിവ. പുരാണ ങ്ങളുടെ രീതിപോലെ തന്നെ വ്യത്യസ്ത തന്ത്രഗ്രന്ഥങ്ങള്‍ വ്യത്യ സ്ത രീതിയിലുള്ള പട്ടികയാണ് നല്കിക്കാണുന്നത്. മറ്റു ഗ്രന്ഥങ്ങളില്‍ നല്കിയിട്ടുള്ള പേരുകളില്‍ പ്രധാനപ്പെട്ടവയാണ് ഭൂതഡാമരതന്ത്രം, ജയദ്രഥയാമലം, ഗ്രഹയാമലം, ദേവീയാമലം, നിത്യാതന്ത്രം, നിരുത്തരതന്ത്രം, ഗുപ്തസാധനാതന്ത്രം, ചാമുണ്ഡാതന്ത്രം, മുണ്ഡമാലാതന്ത്രം, മാലിനീവിജയതന്ത്രം, ഭൂതശുദ്ധിതന്ത്രം, മന്ത്രമഹോദധി, ത്രിപുരാസാരം, ത്രിപുരാരഹസ്യം, കുലാര്‍ണവം, ജ്ഞാനാര്‍ണവം, മഹാകൌളജ്ഞാനവിനിര്‍ണയം, പ്രപഞ്ചസാരം, ശാരദാതിലകം, മത്സ്യസൂക്തം, മഹാനിര്‍വാണതന്ത്രം എന്നിവ. പല തന്ത്രഗ്രന്ഥങ്ങള്‍ക്കും അനേകം പാഠഭേദങ്ങള്‍ വന്നിട്ടുണ്ട്. ഉദാഹരണമായി കുലാര്‍ണവതന്ത്രത്തിന്റെ വ്യത്യസ്ത പ്രസിദ്ധീകരണങ്ങളില്‍ 12 മുതല്‍ 17 വരെ ഭാഗങ്ങളുള്ളതായി കാണപ്പെടുന്നു.
സഹജീയമതക്കാര്‍, കാപാലികമതക്കാര്‍, നാഥമതക്കാര്‍, ലോകായതര്‍, ഔല്‍, ബൗല്‍ എന്നീ പേരുകളിലുള്ള വിഭാഗക്കാര്‍ തുടങ്ങിയവരും തന്ത്രാചാരം അനുഷ്ഠിക്കുന്നവരാണ്. ഇവരില്‍ ചിലര്‍ തന്ത്രാചാരങ്ങളെ വാമ മാര്‍ഗത്തില്‍ നിരൂപണം ചെയ്യുകയും അതനുസരിച്ചുള്ള അനുഷ്ഠാനങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നുണ്ട്. ലൗകിക സുഖങ്ങള്‍ക്കതീതമായ ആത്മസാക്ഷാത്കാരം എന്ന പരമമായ ലക്ഷ്യത്തെ പലപ്പോഴും വിസ്മരിക്കുവാന്‍ വാമമാര്‍ഗാചാരങ്ങള്‍ കാരണമാകുന്നു. മദ്യം, മാംസം, മൈഥുനം തുടങ്ങിയ മകാര പഞ്ചകങ്ങളെ പ്രതീകാത്മകങ്ങളായി കാണാന്‍ ശ്രമിക്കേണ്ടതാണെന്ന് പല തന്ത്രശാസ്ത്രങ്ങളിലും പറയുന്നുണ്ട്. കുണ്ഡലിനീ സഹസ്രാര ശക്തികളുടെ സംയോഗത്താലുള്ള അമൃതാനുഭവത്തെ മദ്യം എന്ന വാക്കു പ്രതിനിധീകരിക്കുന്നതായും ശരീരത്തേയും വ്യക്തിത്വത്തേയും ഇല്ലായ്മ ചെയ്യുന്ന തത്ത്വത്തെ മാംസം എന്ന വാക്കു പ്രതിനിധീകരിക്കുന്നതായും ജീവാത്മപരമാത്മൈക്യത്തെ മൈഥുനം എന്ന വാക്കു പ്രതിനിധീകരിക്കുന്നതായും ഇവര്‍ കണക്കാക്കുന്നു. ഇങ്ങനെയല്ലാതെയുള്ള ചിന്താഗതിയോടെ ചെയ്യുന്ന അനുഷ്ഠാനങ്ങള്‍ക്ക് ലക്ഷ്യപ്രാപ്തി കൈവരില്ല എന്നും വ്യക്തമാക്കുന്നു. നോ: ആഗമങ്ങള്‍, സംഹിതകള്‍

No comments: