ബ്രഹ്മത്തെ ആത്മാവായി ഉപാസിക്കുക
Monday 18 November 2019 3:48 am IST
നാലാം അദ്ധ്യായം ഒന്നാം പാദം
ആത്മത്വോപാസനാധികരണം
ഇതില്‍ ഒരു സൂത്രമേ ഉള്ളൂ
സൂത്രം - ആത്‌മേതി തൂപഗച്ഛന്തി, ഗ്രാഹയന്തി ച
ശാസ്തത്തില്‍ പറയുന്ന പരമാത്മാവ് സ്വന്തം ആത്മാവ് തന്നെയാണ് എന്ന് ജ്ഞാനികള്‍ അറിയുന്നു. അത് മറ്റുള്ളവരെ അറിയിക്കുകയും (മനസ്സിലാക്കി കൊടുക്കുകയും) ചെയ്യുന്നു.
ശാസ്ത്രങ്ങളില്‍ പറയുന്ന അപഹത പാപ്മാ മുതലായ ഗുണങ്ങളോട് കൂടിയ പരമാത്മാവിനെ സ്വന്തം ആത്മാവ് എന്ന നിലയില്‍ ഉപാസിക്കണോ അതോ തന്നില്‍ നിന്നു അന്യനായ ഈശ്വരനായി ഉപാസിക്കണോ എന്നതിനെ ചര്‍ച്ച ചെയ്യുന്നു.
സ്വന്തം ആത്മാവായി ഞാന്‍ എന്ന നിലയില്‍ ഉപാസിക്കണമെന്ന് സിദ്ധാന്ത പക്ഷം പറയുന്നു. അതിനെ സാധൂകരിക്കുന്ന ശ്രുതി വാക്യങ്ങള്‍ പലതുണ്ട്. തത്വമസി, അഹം ബ്രഹ്മാസ്മി തുടങ്ങിയ ശ്രുതി വാക്യങ്ങള്‍ അതിനെ കാണിക്കുന്നു. ജ്ഞാനികള്‍ ഇക്കാര്യങ്ങളെ മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നു.
ബൃഹദാരണ്യകത്തിലെ ഏഷ ത ആത്മാ സര്‍വ്വാന്തരഃ ഏഷത ആത്മാന്തര്യാമ്യമൃ തഃ എന്നതും ഛാന്ദോഗ്യത്തിലെ തത് സത്യം സ ആത്മാ തത്ത്വമസി മുതലായ വാക്യങ്ങളും അതിനെ കാട്ടുന്നു. അതിനാല്‍ സാധകന്‍ ബ്രഹ്മത്തെ തന്റെ ആത്മാവായി ഉപാസിക്കണം. തന്നില്‍ നിന്ന് അന്യമായി കണ്ട് ഉപാസിക്കുന്നതിനെ ശ്രുതി നിഷേധിക്കുന്നു.
മൃത്യോഃ സ മൃത്യു മാപ്‌നോതിയ ഇഹ നാനേവ പശ്യതി തുടങ്ങിയ ശ്രുതി വാക്യങ്ങള്‍ തന്നില്‍ നിന്നും അന്യമായുള്ള ഉപാസനയെ നിഷേധിക്കുന്നു. അതിനാല്‍ അഹം ബ്രഹ്മാസ്മി എന്നത് ഉപാസനാ വിഷയമാക്കണം.
സാധകന്‍ ബ്രഹ്മത്തെ അന്തര്യാമിയായി കണ്ട് ഉപാസിക്കുന്നതാണ് നല്ലത്. ജ്ഞാനികള്‍ അങ്ങനെ ചെയ്യുകയും മറ്റുള്ളവര്‍ക്ക് ബോധിപ്പിച്ച് കൊടുക്കുകയും ചെയ്യും.
പ്രതീകാധികരണം
സൂത്രം - ന പ്രതീകേ ന ഹി സഃ
ആദിത്യന്‍ മുതലായ പ്രതീകങ്ങളില്‍ ആത്മത്വ ബുദ്ധി പാടില്ല എന്തെന്നാല്‍ അത് ഉപാസകന്റെ ആത്മാവല്ല.
ചാന്ദോഗ്യത്തില്‍ മനസ്സിനേയും ആകാശത്തേയും ആദിത്യനേയും നാമത്തേയും ബ്രഹ്മമായി ഉപാസിക്കാന്‍ പറയുന്ന പ്രതീക ഉപാസനകളില്‍ ആത്മത്വ ബുദ്ധി വെയ്ക്കണോ എന്ന് സംശയം ഉന്നയിക്കുന്നു.
ആത്മത്വബുദ്ധി വെയ്‌ക്കേണ്ടതില്ല എന്ന് സൂത്രം വ്യക്തമാക്കുന്നു. എന്തെന്നാല്‍ പ്രതീകങ്ങളില്‍ ആത്മത്വദൃഷ്ടി ചെയ്യുന്നത് പ്രായോഗികമല്ല. അവ ഉപാസനാ സൗകര്യത്തിന് വേണ്ടി കല്‍പ്പിക്കുന്നവയാണ്. അവയൊന്നും വാസ്തവത്തില്‍ ബ്രഹ്മമോ ആത്മാവോ അല്ല. ബ്രഹ്മവികാരങ്ങളായ പ്രതീകങ്ങളില്‍ ബ്രഹ്മത്വബുദ്ധി വെയ്ക്കുമ്പോള്‍ വികാര വസ്തുക്കള്‍ ഇല്ലാതായിത്തീരണം. അതിനാല്‍ പ്രതികോപാസന ആത് മോ പാസനയെ സഹായിക്കുമെന്ന് മാത്രമേയുള്ളൂ, പ്രതീകവും ഉപാസനയും വേറെ തന്നെയിരിക്കും. വിഗ്രഹങ്ങളില്‍ ഈശ്വരോപാസന ചെയ്യും പോലെയാണ് പ്രതീക വസ്തുക്കളിലെ ബ്രഹ്മോപാസന.
പ്രതീകം ഉപാസകനോ, ഉപാസകന്‍ പ്രതീകമോ ആയിത്തീരില്ല. പ്രതീകം ഒരിക്കലും ഉപാസകന്റെ ആത്മാവായിത്തീരുന്നില്ല എന്ന് സൂത്രം സമര്‍ത്ഥിക്കുന്നു.
No comments:
Post a Comment