വാക്കില്‍ എത്രമാത്രം സത്യം പുലര്‍ത്തുന്നുവോ അത്രമാത്രം നാം ചിന്തിക്കുകയും പറയുകയും ചെയ്യുന്ന കാര്യങ്ങള്‍ ഫലത്തില്‍ വരുന്നു. അതിനാല്‍ വെറും വാക്കുകള്‍ പറയാതിരിക്കുകയോ പറയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ശ്രമിക്കുകയോ വേണ്ടതാണ്. വാക്കില്‍ സത്യനിഷ്ഠയുള്ളയാള്‍ എന്തു പറഞ്ഞാലും ഫലിക്കും! അതിന്‍റെ ഫലത്തെ തടയുവാന്‍ ആര്‍ക്കും ശക്തിയുണ്ടാകില്ല! അനുഗ്രഹവും ശാപവും വാക്കിന്‍റെ ശക്തികൊണ്ട് സംഭവിക്കും. അച്ഛന്‍റെ വാക്ക് സത്യമായി തീരുവാനാണ് ശ്രീരാമന്‍ വനത്തിലേയ്ക്ക് പോകുന്നത്. സത്യനിഷ്ഠ അത്രമാത്രം പ്രധാനമാണ്.
ശരീരത്തിന്‍റെ ശക്തിയെ കുറിച്ച് നമുക്ക് പ്രത്യക്ഷത്തില്‍ ബോദ്ധ്യമുള്ളതിനാല്‍ അതിനുവേണ്ടി നാം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ വാക്കിന്‍റെ ശക്തി സൂക്ഷ്മരൂപത്തില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് അറിയാത്തതുകൊണ്ട് നാം ശരീരത്തെ ശ്രദ്ധിക്കുമ്പോലെ വാക്കുകളെ ശ്രദ്ധിക്കാറില്ല. മറ്റുള്ളവരുടെ ദുഃഖത്തിനും കോപത്തിനും കാരണമാകുന്ന വാക്കുകള്‍ നമ്മില്‍നിന്നും ചിന്തയായ് പോലും ഉണ്ടാകാതിരിക്കട്ടെ. കാരണം 'വാക് ദോഷം' ഏതൊരാളെയും വളരെവേഗം ബാധിക്കുന്നു! നമ്മില്‍ നിന്നും വാക് ദോഷം മറ്റൊരാള്‍ക്ക് ബാധിക്കാതെയും നാം ശ്രദ്ധിക്കണം. നമ്മുടെ വാക്കിലെ സത്യവും ശുദ്ധിയും പ്രസന്നതയും നമ്മെ രക്ഷിക്കുന്നു എന്നതുപോലെ മറ്റുള്ളവരെയും രക്ഷിക്കുന്നു. വാക്കിന്‍റെ നിഗ്രഹാനുഗ്രഹശക്തി നാം അറിഞ്ഞിരിക്കണം. ഉള്ളില്‍നിന്ന് പുറത്തേയ്ക്കു വരുന്ന പ്രാണശക്തി വെറുമൊരു ശബ്ദം ആണെന്നു കരുതി തോന്നിയപോലെ വല്ലതുമൊക്കെ പറയരുത്. പ്രാണശക്തി ശബ്ദരൂപത്തില്‍ പുറത്തേയ്ക്കു വരുമ്പോള്‍ അതിന്‍റെ സ്പന്ദനത്തില്‍ അര്‍ത്ഥവും ഭാവവും കൂടി ഉണ്ട്. ശബ്ദം ആരിൽ നിന്നാണോ ജന്മം കൊള്ളുന്നത് അവരുടെ പരിശുദ്ധിയെ ആശ്രയിച്ച് അതിൻറെ ശക്തിയും വർദ്ധിക്കുന്നു! സത്യനിഷ്ഠയും പരിശുദ്ധിയും നിഷ്ഠയായി നോക്കുന്നതായാൽ വാക്കിന് തപശ്ശക്തിയുണ്ടാകും.
krishnakumar kp
No comments:
Post a Comment