പശു പാശം പതി .
എല്ലാത്തിന്റെയും പതി ശിവനാണ്
Thursday 20 September 2018 2:52 am IST
സിദ്ധി ലഭിച്ചവന്റെ പ്രവൃത്തി മൂന്നു തരത്തിലാണത്രേ. മനോജവിത്വം (എന്തും ഉടനടി നടപ്പാക്കാനുള്ള കഴിവ്), കാമരൂപിത്വം (ആഗ്രഹിക്കുന്ന രൂപം കൈക്കൊള്ളാനുള്ള ശേഷി), വിക്രമണധര്‍മിത്വം (ഇന്ദ്രിയങ്ങളുടെ അപേക്ഷ ഇല്ലാതെതന്നെ പ്രവര്‍ത്തിക്കാനുള്ള സാമര്‍ഥ്യം) എന്നിവയാണവ. അപ്രകാരം സുദീര്‍ഘമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും ഒടുവില്‍ ജ്ഞാനപരവും പ്രവൃത്തിപരവും ആയ സിദ്ധിവിശേഷങ്ങള്‍ പാശുപതസാധകനു കൈവരുന്നു.
ശൈവസമ്പ്രദായങ്ങള്‍- ദുഃഖാന്തവും രണ്ടു തരം- ദുരിതത്തിന്റെ പൂര്‍ണനാശം ആണ് ഒന്ന്. അറിയാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവ് കൂടിയ ഉയര്‍ന്ന നില (സിദ്ധപദം) രണ്ടാമത്തേത്. അറിയാനുള്ള കഴിവ് അഞ്ചു തരം- ദര്‍ശനം (അണുമാത്രമോ, മറഞ്ഞിരിക്കുന്നതോ, ദൂരത്തുള്ളതോ ആയ വസ്തുക്കളെ അറിയാനും സ്പര്‍ശിക്കാനും
ഉള്ള ശേഷി), ശ്രവണം (എല്ലാതരം ശബ്ദങ്ങളും കേള്‍ക്കാന്‍ കഴിയല്‍), മനനം (എല്ലാ ചിന്തകളേയും അറിയാനുള്ള കഴിവ്), വിജ്ഞാനം (എല്ലാ ശാസ്ത്രങ്ങളേയും ശാസ്ത്രഗ്രന്ഥങ്ങളേയും അവയുടെ ഉള്ളടക്കത്തേയും അറിയാന്‍ ഉള്ള ശേഷി), സര്‍വജ്ഞത്വം (ലോകത്തുള്ള സകലവസ്തുക്കളെയും അറിവുകളെയും തരംതരിച്ചു മനസ്സിലാക്കാനുള്ള ശേഷി).
മറ്റു വിശ്വാസപദ്ധതികളില്‍ നിന്നും ഇതിനെ വേര്‍തിരിക്കുന്ന പ്രത്യേകതകളെ ഭണ്ഡാര്‍ക്കര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ദുഃഖനിവൃത്തിയോടെ മറ്റു സിദ്ധാന്തങ്ങള്‍ അവസാനിക്കുമ്പോള്‍ ഇതില്‍ അസാധാരണങ്ങളായ സിദ്ധികളുടെ നേട്ടവും അന്തിമലക്ഷ്യത്തില്‍ പെടുത്തിയിരിക്കുന്നു. മറ്റുള്ളവയില്‍ ഇല്ലായ്മയില്‍ നിന്നും ഉണ്ടാകുന്നതെല്ലാം കാര്യമാണ്; പക്ഷെ ഈ സിദ്ധാന്തത്തില്‍ പശു അഥവാ വ്യക്തിഗതആത്മാവ് നിത്യമാണ്. മറ്റു പദ്ധതികളില്‍ പ്രധാനകാരണം മറ്റുചില ഉപകാരണങ്ങളെ ആശ്രയിച്ചാണ് സൃഷ്ടി നിര്‍വഹിക്കുന്നതെങ്കില്‍ ഇതനുസരിച്ച് മഹേശ്വരന്‍ പൂര്‍ണസ്വതന്ത്രനാണ്. മറ്റ് ദര്‍ശനപദ്ധതികളില്‍ വിധി അനുഷ്ഠിക്കുന്നതു വഴി സ്വര്‍ഗം മുതലായ തലങ്ങളില്‍ എത്തിച്ചേരലാണ്. തിരിച്ചുവരവുണ്ടു താനും. ഈ തത്ത്വചിന്താപദ്ധതിയിലാകട്ടെ ഈശ്വരനുമായിട്ടുള്ള സാന്നിധ്യം മുതലായവയുടെ നിത്യലബ്ധി ആണ് ഉണ്ടാകുന്നത്.
സിദ്ധി ലഭിച്ചവന്റെ പ്രവൃത്തി മൂന്നു തരത്തിലാണത്രേ. മനോജവിത്വം (എന്തും ഉടനടി നടപ്പാക്കാനുള്ള കഴിവ്), കാമരൂപി
ത്വം (ആഗ്രഹിക്കുന്ന രൂപം കൈക്കൊള്ളാനുള്ള ശേഷി), വിക്രമണധര്‍മിത്വം (ഇന്ദ്രിയങ്ങളുടെ അപേക്ഷ ഇല്ലാതെതന്നെ പ്രവര്‍ത്തിക്കാനുള്ള സാമര്‍ഥ്യം) എന്നിവയാണവ. അപ്രകാരം സുദീര്‍ഘമായ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടേയും ഒടുവില്‍ ജ്ഞാനപരവും പ്രവൃത്തിപരവും ആയ സിദ്ധിവിശേഷങ്ങള്‍ പാശുപതസാധകനു കൈവരുന്നു.
ശൈവം അഥവാ സിദ്ധാന്തമാര്‍ഗം- പതി, പശു, പാശം എന്ന മൂന്നു തത്വങ്ങളും വിദ്യാ, ക്രിയാ, യോഗം, ചര്യാ എന്ന നാലു പാദങ്ങളും ഈ മാര്‍ഗത്തില്‍ പറഞ്ഞുകാണുന്നു. ആദ്യത്തെ പാദത്തില്‍ പതി, പശു, പാശം, മന്ത്രം, മന്ത്രേശ്വരന്‍, ദീക്ഷ എന്നിവയെ വിശദമാക്കുന്നു. രണ്ടാം പാദത്തില്‍ ദീക്ഷാവിധി (വിവിധതരം ദീക്ഷകളും അവയുമായി ബന്ധപ്പെട്ട ചടങ്ങുകളും) വര്‍ണിക്കുന്നു. മൂന്നാമത്തേതില്‍ ധ്യാനവിധിയും അനുബന്ധവിഷയങ്ങളും അവതരിപ്പിക്കുന്നു. നാലാമത്തെ പാദത്തില്‍ വിധിനിഷേധങ്ങളെ പറയുന്നു ഈ പഥ്യാപഥ്യങ്ങള്‍ ആചരിച്ചില്ലെങ്കില്‍ യോഗം നിഷ്ഫലമാകും.
എല്ലാത്തിന്റെയും പതി ശിവനാണ്. ജീവാത്മാക്കളുടെ കര്‍മഫലങ്ങളാണ് ശിവനെ സൃഷ്ടിക്കു പ്രേരിപ്പിക്കുന്നത്. എങ്ങും നിറഞ്ഞു നി
ല്‍ക്കുന്ന എല്ലാം ചെയ്യുന്ന ഈ ശിവന് മനുഷ്യരെപ്പോലെ നശ്വരമായ ശരീരമില്ല. സദ്യോജാതന്‍, വാമദേവന്‍, അഘോരന്‍, തത്പുരുഷന്‍, ഈശാനന്‍ എന്ന അഞ്ച് ഭാവങ്ങളുണ്ട്. സൃഷ്ടി, സ്ഥിതി, സംഹാരം, തിരോധാനം, അനുഗ്രഹം എന്നീ പഞ്ചകൃത്യങ്ങളാണ് ശിവന്‍ നടത്തുന്നത്. മന്ത്രങ്ങള്‍, മന്ത്രേശ്വരര്‍, മഹേശ്വരന്‍, മുക്തി ലഭിച്ച ആത്മാക്കള്‍ എന്നിവരില്‍ ശിവതത്ത്വം പ്രകാശിക്കുന്നു.
പശു വ്യക്തിഗത ആത്മാവാണ്. ഇതിനെ അണു എന്നു വിളിക്കുന്നു. ക്ഷേത്രജ്ഞന്‍ മുതലായ പേരുകളിലും ഇത് അറിയപ്പെടുന്നു. അണു നിത്യനും സര്‍വവ്യാപിയുമാണ്. അനേകം ആത്മാക്കളുണ്ട്. മുക്തി ലഭിച്ചാല്‍ ആത്മാവ് ശിവതുല്യനാകുന്നു. സര്‍വജ്ഞത്വം, സര്‍വകര്‍ത്തൃത്വം മുതലായ കഴിവുകള്‍ കൈവരുന്നു. എങ്കിലും ശിവനെ ആശ്രയിച്ചാണ് അതിന്റെ സ്ഥിതി. മൂന്നു തരം പശുക്കള്‍ ഉണ്ട്- വിജ്ഞാനാകലന്‍ (മലപാശം മാത്രമുള്ള പശു), പ്രളയാകലന്‍ (മലം, കര്‍മം എന്നീ രണ്ടു തരം പാ
ശങ്ങളുള്ള ആത്മാവ്), സകലന്‍ (മൂന്നു തരം പാശങ്ങളാലും ബദ്ധന്‍).
വിജ്ഞാനാകലന്‍ വിദ്യേശ്വരന്‍, മന്ത്രേശ്വരന്‍ എന്നു രണ്ടു തരം. വിദ്യേശ്വരന്മാര്‍ എട്ടു തരം. പ്രളയാകലന്മാരും രണ്ടു തരം- സമാപ്തകലുഷന്മാരും അസമാപ്തകലുഷന്മാരും. ഇവരില്‍ ആദ്യവിഭാഗത്തിനു മോക്ഷം ലഭിക്കുന്നു. രണ്ടാമത്തേ തരക്കാര്‍ക്ക് പുര്യഷ്ടകം (പഞ്ചതന്മാത്രകള്‍, മനസ്സ്, ബുദ്ധി, അഹങ്കാരം എന്നീ എട്ടെണ്ണം ചേര്‍ന്ന സൂക്ഷ്മശരീരം) നിലനില്‍ക്കുന്നതിനാ
ല്‍ കര്‍മമനുസരിച്ച് പല ജന്മങ്ങള്‍ എടുക്കേണ്ടിവരും. സകളന്മാരും മേല്‍പ്പറഞ്ഞതു പോലെ രണ്ടു തരം. ഇവരില്‍ കാലുഷ്യം കുറഞ്ഞവര്‍ക്ക് പരമശിവന്‍ ഗുരുവായി പ്രത്യക്ഷപ്പെട്ട് ദീക്ഷ നല്‍കി സാധന ചെയ്യിച്ച് മോക്ഷത്തെ നല്‍കുന്നു. കാലുഷ്യത്തിന്റെ ഗൗരവം കുറയാത്ത, മലപാകം വരാത്ത അണുക്കള്‍ക്ക് താന്താങ്ങളുടെ കര്‍മം അനുസരിച്ച് ജനനമരണചക്രത്തില്‍ പെട്ടു സന്താപസന്തോഷങ്ങള്‍ അനുഭവിക്കേണ്ടി വരും.
പാശങ്ങള്‍ നാലു തരം- മലം, കര്‍മം, മായാ, രോധശക്തി. അറിയാനും പ്രവര്‍ത്തിക്കാനുമുള്ള കഴിവിനെ, സിദ്ധിയെ ധാന്യത്തിന്റെ പുറംതോടുപോലെ മറച്ചു വെക്കുന്നതാണ് മലം. ഫലത്തിനു വേണ്ടി ചെയ്യുന്ന കര്‍മങ്ങളുടെ മുദ്രണം ആണ് കര്‍മം. അത് സത്തും അസത്തും എന്നു രണ്ടു തരമുണ്ട്. ഇത് വിത്തിന് ഉമിപോലെ അനാദി ആണ്. മുഴുവന്‍ സൃഷ്ടിയും പ്രളയത്തില്‍ ഏതൊന്നിലാണോ ലയിക്കുന്നത് പുനഃസൃഷ്ടിയില്‍ ഏതൊന്നില്‍ നിന്നാണോ പു
റത്തുവരുന്നത് അതാണ് മായാ. രോധശക്തി ശിവന്റെ ശക്തി ആണ്. മറ്റു മൂന്നു പാശങ്ങളേയും ഇതു നിയന്ത്രിക്കുന്നതു മൂലവും ആത്മാവിന്റെ യഥാര്‍ഥസ്വരൂപം മറയ്ക്കുന്നതുകൊണ്ടും ഇതിനെയും പാശമായി എണ്ണുന്നു. ഇത് വാക്ശക്തിയാണെന്നും പ്രപഞ്ചത്തിലെ ഓരോ വസ്തുവിനും നാമം നല്‍കി അവയെ ഇത് പരിമിതപ്പെടുത്തുന്നു എന്നും ശംഭുദേവന്റെ ശൈവസിദ്ധാന്തദീപികയില്‍ പറയുന്നു. താത്വികമായ ഇത്രയും വിഷയങ്ങള്‍ വിദ്യാപാദത്തില്‍ പെടുന്നു. ക്രിയാപാദത്തില്‍ ദീക്ഷ, സന്ധ്യാവന്ദനം, പൂജ, ജപം, ഹോമം, നൈമിത്തികകര്‍മങ്ങള്‍, മന്ത്രസിദ്ധി മുതലായവ വിവരിക്കുന്നു. യോഗപാ
ദത്തില്‍ ശിവന്‍, ശക്തി, സദാശിവന്‍ തടങ്ങിയ മുപ്പത്തിയാറു തത്ത്വങ്ങള്‍, അവയുടെയും വിവിധ ലോകങ്ങളുടെയും ദേവതകള്‍, ആത്മാവ്, പരമാത്മാവ്, മായാ, മഹാമായാ, അണിമാദി അഷ്ടസിദ്ധികള്‍, പ്രാണായാമം, ധ്യാനം, സമാധി, മൂലാധാരാദി ചക്രങ്ങള്‍ എന്നിവയെ വിവരിക്കുന്നു. ചര്യാപാദത്തില്‍ പവിത്രാരോപണം, പ്രതിഷ്ഠ, ശിവലിംഗ വിശേഷങ്ങള്‍, സ്‌കന്ദന്‍, നന്ദി, ജപമാല, ശൈവശ്രാദ്ധവിധി തുടങ്ങിയവ വര്‍ണിക്കുന്നു. മറ്റൊരു ദേവതയ്ക്കു നിവേദിച്ചതു ഭക്ഷിക്കല്‍, ശിവന്‍, ശിവഭക്തര്‍, ശൈവവിശ്വാസപദ്ധതി എന്നിവയെ നിന്ദിക്കല്‍, പ്രാണിഹിംസ തുടങ്ങിയ അപരാധങ്ങളും മറ്റും ഇവിടെ വിവരിച്ചിരിക്കുന്നു.
ഈ സിദ്ധാന്തശൈവം പാശുപതത്തേക്കാള്‍ കാര്‍ക്കശ്യം കുറഞ്ഞതും യുക്തിബദ്ധവും ആണെന്നു ഭണ്ഡാര്‍ക്കര്‍ അഭിപ്രായപ്പെടുന്നു. ഈ ശൈവസിദ്ധാന്തപദ്ധതിയില്‍ സിദ്ധാന്തപരമായും തന്മൂലം സാധനാപരമായും പല ഉള്‍പ്പിരിവുകളുമുണ്ട്. ശിവപുരാണം, വായവീയസംഹിത, മെയ്ക്കണ്ടദേവന്റെ ശിവജ്ഞാനബോധം, മതംഗപരമേശ്വര തന്ത്രം, പൗഷ്‌കരാഗമം, വാതൂലാഗമം, വാതൂലതന്ത്രം, മായീദേവന്റെ അനുഭവസൂത്രം (വീരശൈവം), മാണിക്കവാചകരുടെ തിരുവാചകം (തമിഴ്‌ശൈവപഥം), ഭോജരാജന്‍, ശ്രീകണ്ഠാചാര്യര്‍, ശ്രീപതിപണ്ഡിതന്‍ തുടങ്ങിയവരുടെ വീക്ഷണങ്ങള്‍ എന്നിവയിലെ ആശയപരമായ സാജാത്യവൈജാത്യങ്ങളെ സംബന്ധിച്ച് ദാസ്ഗുപ്ത വളരെ ശ്രദ്ധേയമായി തന്റെ ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ ഫിലോസഫി, ഇന്ത്യന്‍ ഐഡിയലിസം എന്നീ പുസ്തകങ്ങളില്‍ ചര്‍ച്ച ചെയ്തിരിക്കുന്നു.
No comments:
Post a Comment