ആയിരംവര്ഷത്തെ തപസ്സു കഴിഞ്ഞപ്പോള്‍ ഒരുനാള്‍ ബ്രഹ്മാവ് വിശ്വാമിത്രന്റെയടുത്തെത്തി അദ്ദേഹം ഋഷി ആയിരിക്കുന്നുവെന്ന് പറയുകയുണ്ടായി. കുറേനാളുകള്‍ക്കു ശേഷം ഒരുദിവസം അപ്സരസ്സായ മേനക പുഷ്കരത്തിലുള്ള ജലാശയങ്ങളില്‍ സ്നാനംചെയ്യുവാനെത്തി. അനുപമ സൗന്ദര്യത്തിന്നുടമയും മിന്നല്പ്പിണര്പോലെ ജ്വലിക്കുന്ന തേജസ്സുള്ളവളുമായ മേനകയെ തന്റെ ആശ്രമത്തിലേക്ക് സ്വാഗതം ചെയ്ത വിശ്വാമിത്രന്‍ തന്നോടൊപ്പം കഴിയുവാന്‍ അവളെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച മേനക വിശ്വാമിത്രനോടൊപ്പം പത്തുവര്ഷം ജീവിച്ചു.
കാലംപോയതേതുമേ അറിയാതെയിരുന്ന വിശ്വാമിത്രന്‍ മേനകയുടെ സന്ദര്ശനവും തുടര്ന്നുള്ള സംഭവങ്ങളും നേരത്തേ രചിക്കപ്പെട്ട ഒരു പദ്ധതിയാണെന്നും അത് തന്റെ തപസ്സില്ലാതെയാക്കുവാനുള്ള ദേവന്മാരുടെ അടവാണെന്നും മനസ്സിലാക്കി. തന്റെ മുമ്പില്‍ പേടിച്ചുവിറച്ച് തൊഴുതുകൊണ്ടു നിന്ന മേനകയെ മടങ്ങിപ്പോകാന്‍ അനുവദിച്ചശേഷം വിശ്വാമിത്രന്‍ ഹിമാലയത്തില്‍ തപസ്സുചെയ്യുവാനായി ഉത്തരദിക്കിലേക്കുപോയി. അവിടെ പൂര്ണ്ണബ്രഹ്മചര്യത്തോടെ തപസ്സുചെയ്ത വിശ്വാമിത്രന് മഹര്ഷി എന്നപദവി ബ്രഹ്മാവില്നിന്നും ലഭിച്ചു. ഇതില്‍ തൃപ്തനാകാതെ, തന്നെ ബ്രഹ്മര്ഷി എന്ന് ബ്രഹ്മാവ് അഭിസംബോധന ചെയ്തിരുന്നുവെങ്കില്‍ താന്‍ ഇന്ദ്രിയങ്ങളെ ജയിച്ചവന്‍ എന്ന സംതൃപ്തിയുണ്ടാകുമായിരുന്നു എന്ന് അദ്ദഹം പറഞ്ഞു.
നീ ഇതുവരെ ഇന്ദ്രിയങ്ങളെ ജയിച്ചില്ലല്ലോയെന്ന് ബ്രഹ്മാവ് മറുപടി നല്കി. ഇനിയും ശ്രമിക്കൂയെന്നും ബ്രഹ്മാവ് ഉപദേശിച്ചു.വിശ്വാമിത്രന്‍ അതികഠിനമായ തപസ്സ് പുനരാരംഭിച്ചു. ഇത് ഇന്ദ്രനെ അസ്വസ്ഥനാക്കുകയുണ്ടായി. തപസ്സു മുടക്കുവാനായി ഇന്ദ്രന്‍ രംഭയെ നിയോഗിച്ചു. വിശ്വാമിത്രസന്നിധിയില് പോകുവാന്‍ രംഭയ്ക്കുഭയമായിരുന്നു. എങ്കിലും ഇന്ദ്രന്റെ വാഗ്ദാനങ്ങളിലൂടെ മോഹിതയായ രംഭ വിശ്വാമിത്രനെ വശീകരിക്കുവാന്‍ ശ്രമിച്ചപ്പോള്‍ സത്യം മനസ്സിലാക്കിയ ഋഷി രംഭയെ ഒരു കല്പ്രതിമയായി മാറട്ടേയെന്നു ശപിച്ചു. ശാപമോക്ഷം വസിഷ്ഠനിലൂടെ ലഭിക്കുമെന്നും പറഞ്ഞു. നേടിയ തപശ്ശക്തി ക്രോധം കാരണം വീണ്ടും വിശ്വാമിത്രന് നഷ്ടമായി. ഇനി ഞാന്‍ ക്രോധത്തിന് അടിമയാവുകയില്ലായെന്ന് അദ്ദേഹം നിശ്ചയിച്ചു
hindupuranam
No comments:
Post a Comment