സര്വാഭീഷ്ടപ്രദായകനാണ് പഞ്ചമുഖ ഹനുമാന്‍. രാവണ സഹോദരനായ അഹിരാവണനെ വധിക്കാന്‍ ഹനുമാന്‍ അഞ്ചുമുഖങ്ങളില്‍ രൂപം മാറി പഞ്ചമുഖനായത് രാമായണത്തിലെ ഉപകഥകളിലൊന്നാണ്. രാമരാവണയുദ്ധത്തിന്റെ അനുബന്ധം.
മകന്‍ ഇന്ദ്രജിത്ത് യുദ്ധത്തില്‍ കൊല്ലപ്പെട്ടതറിഞ്ഞ് രാവണന്‍, സഹോദരനും പാതാള രാജാവുമായിരുന്ന അഹിരാവണനെ വിളിച്ചു വരുത്തി. അഹിരാവണന്‍ രാമലക്ഷ്മണന്മാരെ അപഹരിച്ച് മഹാമായയ്ക്ക് ബലി നല്‍കാന്‍ പാതാളത്തിലേക്കു കൊണ്ടു പോയി. വിഭീഷണനായി വേഷം മാറിയാണ് അഹിരാവണനെത്തിയത്. രാത്രിയില്‍ നടന്ന ഈ അപഹരണ കഥ രാമന്റെ സൈന്യത്തെ അറിയിച്ചത് അഗസ്ത്യമുനിയാണ്. ഞൊടിയിടയ്ക്കുള്ളില്‍, ഭക്തോത്തമനായ ഹനുമാന്‍ ശ്രീരാമദേവനെത്തിരഞ്ഞ് പാതാളത്തിലെത്തി.
അവിടെ പലയിടങ്ങളിലായി കത്തിച്ചു വെച്ച അഞ്ച് ദീപങ്ങളിലാണ് അഹിരാവണന്‍ തന്റെ പ്രാണന്‍ ഒളിച്ചു വെച്ചിരുന്നത്. അഞ്ചു വിളക്കുകളും ഒരേ നേരം ഊതിക്കെടുത്തിയാലേ അഹിരാവണനെ വധിക്കാനാവൂ എന്ന് ഹനുമാന് ബോധ്യമായി. അതിനൊരു ഉപായവും കണ്ടെത്തി. ഒരേ സമയം അഞ്ചുദിശകളിലേക്ക് തിരിഞ്ഞ അഞ്ചുമുഖങ്ങളായി ഹനുമാന്‍ രൂപം മാറി. സ്വന്തം മുഖം കൂടാതെ ഹയഗ്രീവന്‍, നരസിംഹം, ഗരുഡന്‍, വരാഹം എന്നിങ്ങനെ അഞ്ചു മുഖങ്ങള്‍. പഞ്ചമുഖിയായി മാറിയ ഹനുമാന്‍ ദീപങ്ങള്‍ ഊതിക്കെടുത്തി അഹിരാവണനെ വധിച്ച് രാമലക്ഷ്ണന്മാരെ രക്ഷിച്ചു. പഞ്ചഗുണങ്ങള്‍ ഭക്തിയിലധിഷ്ഠിതമായ നമനം, സ്മരണം, കീര്‍ത്തനം, യാചനം, അര്‍പ്പണം എന്നീ അഞ്ച് ദിവ്യഗുണങ്ങളുടെ പ്രതീകമാണ് പഞ്ചമുഖ ഹനുമാന്‍. അഭീഷ്ടവരദായകനെന്നും സങ്കല്‍പം. സദാ രാമനെ നമിക്കുന്ന (നമനം), സ്മരിക്കുന്ന (സ്മരണം), രാമനാമം ജപി(കീര്‍ത്തനം) ക്കുന്ന ഹനുമാന്‍. ഭഗവദ്പാദങ്ങളില്‍ ആത്മാര്‍പ്പണം (അര്‍പ്പണം) ചെയ്ത് ഭഗവാന്റെ അനുഗ്രഹങ്ങള്‍ക്കായി യാചിക്കുന്ന(യാചനം) ഭക്തോത്തമന്‍. ശരണം തേടിയെത്തുന്ന ഭക്തനെ സങ്കടമോചകനായ ഹനുമാന്‍ കൈവിടില്ല. പഞ്ചമുഖിയുടെ ശക്തി വിശേഷങ്ങള്‍ഹനുമാന്റെ പഞ്ചമുഖങ്ങളിലൊന്നായ ഹയഗ്രീവന്‍ ഭക്തര്‍ക്ക് സത്‌സന്താനങ്ങളെ നല്‍കി അനുഗ്രഹിക്കുന്നു.
പാപവും ഭയവുമകറ്റി, ദുഷ്ടശക്തികളില്‍ നിന്ന് കാത്തുരക്ഷിക്കുന്ന നരസിംഹമൂര്‍ത്തി. ഗരുഡന്റെ അനുഗ്രഹത്താല്‍ രോഗപീ ഡകളകലും. ദുര്‍മന്ത്രവാദത്തില്‍ നിന്നും രക്ഷനേടാം. വരാഹത്തിന്റെ കടാക്ഷത്താല്‍ സമ്പല്‍സമൃദ്ധി കൈവരും. സ്വരൂപത്തിലുള്ള ഹനുമാനാകട്ടെ മനംനൊന്തു വിളിക്കുന്ന ഭക്തന്റെ അഭീഷ്ടങ്ങളെല്ലാം സാധിച്ചു തരും. കുംഭകോണം, തിരുവള്ളൂര്‍, മന്ത്രാലയം, മുംബൈ, ഹൈദരാബാദ്, പോണ്ടിച്ചേരി എന്നിവിടങ്ങളിങ്ങളിലാണ് ഇന്ത്യയിലെ പ്രമുഖ പഞ്ചമുഖ ആഞ്ജനേയ ക്ഷേത്രങ്ങളുള്ളത്.
uma
No comments:
Post a Comment