Thursday, January 23, 2020

Part 4
ദേവി തത്ത്വം- 67

അംബികയെ ബ്രഹ്മവിദ്യാ സ്വരൂപിണിയായിട്ട് നമ്മൾ ഈ സത്സംഗത്തിൽ ധ്യാനിച്ചു വന്നു.
യാ മുക്തി ഹേതുഃ അവിചിന്ത്യ മഹാ വൃതാ ത്വം അഭ്യസ്യസേ സുനിയതേന്ത്രിയ തത്ത്വ സാരേഹി മോക്ഷാർത്ഥിഭിഃ മുനിരിഭസ്ഥ സമസ്ഥ ദോഷേഹി വിദ്യാസി സാ ഭഗവതി പരമാഹി മായ
എന്ന ശ്ലോകം മുഖ്യമായി എടുത്തു കൊണ്ടാണ് ഇതുവരെയുള്ള സത്സംഗ പ്രഭാഷണം. മഹാമായ വഴിവിട്ട് തന്നാലേ ഈശ്വരനെ കാണാൻ കഴിയുകയുള്ളു.
രാമോ ജഗാമ പുരതഃ
സീതാ മദ്ധ്യേ സുശോഭനാ
ദൃഷ്ടദസ്തു ധനുഷ് പാണിഹി ലക്ഷ്മണോനുജഗാമഃ
എന്ന് വാല്മീകി രാമായണത്തിൽ ദണ്ഡകാരണ്യകത്തിൽ പ്രവേശിക്കുമ്പോൾ ശ്രീരാമചന്ദ്രനും, സീതാ ദേവിയും, ലക്ഷ്മണനും കൂടി യാത്ര ചെയ്യുന്നതിനെ കുറിച്ച് വാല്മീകി വർണ്ണിക്കുന്നു. കാടായത് കൊണ്ട് ഓരോരുത്തർക്കായിട്ടേ നടക്കാൻ വഴിയുള്ളു. പുറകിൽ ലക്ഷ്മണൻ നടുക്ക് സീതാ ദേവി മുമ്പിൽ ശ്രീരാമൻ. ശ്രീരാമകൃഷ്ണൻ ഇതിനെ ഉദഹരണമാക്കി പറയുമായിരുന്നു ലക്ഷ്മണന് ഇടയ്ക്കിടയ്ക്ക് ശ്രീരാമ ജ്യേഷ്ഠനെ കാണണം. പക്ഷേ സീതാ ദേവി നടുക്ക് ഉള്ളതിനാൽ ശ്രീരാമ ദർശനം മറയുന്നു. അപ്പോൾ ലക്ഷ്മണൻ സീതയോട് പറയുകയാണ് ശ്രീരാമ ജ്യേഷ്ഠനെ കാണുന്നതിനായി ഇത്തിരി വഴി മാറി തരൂ അമ്മാ എന്ന്. അങ്ങനെ സീത വഴിമാറുമ്പോഴാണ് ശ്രീരാമനെ കാണുന്നത്. അതുപോലെ നമ്മുടെ വികാര വിചാരങ്ങളും, ഇന്ദ്രിയങ്ങളുടെ പ്രവർത്തനവും, ശരീരവും എല്ലാം മായയ്ക്കുള്ളിലാണ്. അതുപോലെ നമ്മൾ ബുദ്ധി ഉപയോഗിച്ച് എന്ത് ചിന്തിച്ചാലും യാ ദേവി സർവ്വ ഭൂതേഷു ബുദ്ധി രൂപേണ സംസ്ഥിത നമസ്തസ്യേ നമസ്തസ്യേ നമസ്തസ്യേ നമോ നമഃ
ബുദ്ധി രൂപത്തിൽ സ്ഥിതി ചെയ്യുന്ന 'അവൾ' പ്രസന്നമായാലേ എന്തെങ്കിലും ഒക്കെ പിടികിട്ടുകയുള്ളു.

മേധാസി ദേവി വിധിതാഖില ശാസ്ത്ര സാരാ
ദുർഗ്ഗാസി ദുർഗ്ഗ ഭവ സാഗര നൗഹു അസംഘ
ശാസ്ത്ര സാരം ഗ്രഹിക്കാൻ കഴിയുന്ന ബുദ്ധിക്ക് പേരാണ് മേധ.മേധാ സൂക്തം എന്ന് വേദങ്ങളിലുണ്ട്. മേധാ രൂപത്തിൽ നമ്മുടെ ഉള്ളിൽ വിളങ്ങുന്നതും ആ മഹാമായയുടെ ശുദ്ധ സാത്വിക രൂപമാണ്. ത്വംവയി പ്രസന്നാ ഭുവി മുക്തി ഹേതുഃ . എല്ലാ വിദ്യയും ദേവിയുടെ രൂപമാണ്.
വിദ്യാ സമസ്ഥാഹ തവ ദേവി ഭേദഃ സ്ത്രിയ സമസ്ഥാ സകലാ ജഗസ്തു.
എല്ലാ സ്ത്രീകളും അവളുടെ സ്വരൂപമാണ്. പുരുഷൻമാരും അവളുടെ സ്വരൂപം തന്നെയാണ്. എന്നാൽ സ്ത്രീകളിൽ സ്ത്രൈണത കൂടുതൽ പ്രകാശിക്കുന്നത് കൊണ്ട് സ്ത്രിയ സമസ്ഥാഹ തവ ദേവി ഭേദഃ.എന്നാൽ സ്ത്രീകൾ മാത്രം എന്ന് ധരിക്കണ്ട ത്വയിയേകയാ പൂരിതം അംബയേ തത് . ഈ ജഗത്ത് മുഴുവൻ ആ മഹാശക്തിയെ കൊണ്ട് നിറയ്ക്കപ്പെട്ടിരിക്കുന്നു.

ജഗത്തിലെല്ലാം ആ മഹാ ശക്തിയുടെ പ്രകട രൂപമാണ്. ഇച്ഛാ ശക്തി, ജ്ഞാന ശക്തി, ക്രിയാ ശക്തി ജഗത്ത് മുഴുവൻ നാമ രൂപ പ്രപഞ്ചമായിട്ട് നിൽക്കുന്നു.

സർ‍വ്വതഃ പാണിപാദം തത് സർ‍വ്വതോഽക്ഷിശിരോമുഖം
സർ‍വതഃ ശ്രുതിമല്ലോകേ സർ‍വ്വമാവൃത്യ തിഷ്ഠതി
സര്‍വ്വേന്ദ്രിയഗുണാഭാസം സര്‍വ്വേന്ദ്രിയവിവര്‍ജിതം
അസക്തം സര്‍വ്വഭൃച്ചൈവ നിര്‍ഗുണം ഗുണഭോക്തൃ ച
ബഹിരന്തശ്ച ഭൂതാനാമചരം ചരമേവ ച
സൂക്ഷ്മത്വാത്തദവിജ്ഞേയം ദൂരസ്ഥം ചാന്തികേ ച തത്
എന്ന് ഭഗവത് ഗീതയിൽ പറയുന്നത് ഈ ശക്തിയുടെ സ്വഭാവത്തിനെയാണ്. ശക്തി ചലിക്കുകയും ചെയ്യുന്നു, നിശ്ചലമായിട്ടും നിൽക്കുന്നു. നാമ രൂപ പ്രപഞ്ചമായിട്ടും നിൽക്കുന്നു. അകമേയ്ക്ക് ചിത്ശക്തിയായിട്ടും വിളങ്ങുന്നു.

Nochurji 🙏🙏
Malini dipu 

No comments: