Monday, January 20, 2020

Sadhguru Jaggi Vasudev.
ത്മാന്വേഷണത്തിന് അഥവാ സ്വയം അറിയുവാന്‍ സ്വത്വത്തിലേക്ക് ഇറങ്ങിത്തിരിക്കാന്‍ കൊതിക്കുന്നവരുണ്ടാകും. അതിനുനുള്ള പ്രായോഗികമാര്‍ഗത്തെ ആത്മനിഷ്ഠാപരമായ സാങ്കേതിക വിദ്യയായി പരിഗണിക്കുക. വസ്തുനിഷ്ഠവും ആത്മനിഷ്ഠാപരവുമായ സാങ്കേതിക വിദ്യകള്‍ തമ്മില്‍ വ്യത്യാസമുണ്ട്.  
രസതന്ത്ര ലാബില്‍ നിങ്ങള്‍ എന്തെങ്കിലും പരീക്ഷിക്കുകയാണെന്ന് കരുതുക. നിങ്ങളവിടെ  നിശ്ചിത രാസവസ്തുക്കളെ കലര്‍ത്തി രാസമാറ്റം നിരീക്ഷിച്ചറിയുന്നു. എന്നാല്‍ ആത്മനിഷ്ഠാപരമായ സാങ്കേതിക വിദ്യയില്‍  രാസവസ്തുവും രസതന്ത്രജ്ഞനും നിങ്ങള്‍ തന്നെയാണ്. നിങ്ങള്‍ സ്വയം അതില്‍ നിക്ഷേപിച്ച് നിരീക്ഷിക്കണം.  അതിനു വ്യത്യസ്തമായ ഒരു അന്തരീക്ഷം ആവശ്യമാണ്.  പ്രതിബദ്ധതയും ശ്രദ്ധയുമുള്ള അന്തരീക്ഷം. അല്ലെങ്കിലത് പരിഹാസ്യമാവും.
ദൈവവും പിശാചും 
ആത്മാന്വേഷണം യുക്തിയുടെ പരിധിയില്‍ വരുന്നതല്ല. യുക്തിയുടെ അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യുന്നതെന്തിനും വൈരുധ്യമാര്‍ന്ന രണ്ടു വസ്തുതകള്‍ ആവശ്യമാണ്.  എങ്കിലേ യുക്തിക്ക് പ്രസക്തിയുള്ളൂ. അവ ഒന്നായിത്തീര്‍ന്നാല്‍ അവിടെ യുക്തിയില്ല. സഞ്ചരിക്കാനും ജോലി ചെയ്യാനും നിങ്ങള്‍ക്ക് യുക്തി ആവശ്യമാണ്.  എങ്കിലും  സ്വയം  ഉള്ളിലേക്ക് സഞ്ചരിക്കാനത് വേണ്ട. ഭൂരിഭാഗമാളുകളും നേരിടുന്ന പ്രശ്‌നവുമിതാണ്. എന്നാല്‍ ദൈവത്തെ യുക്തിയെ ആധാരമാക്കി അന്വേഷിക്കാന്‍ ശ്രമിച്ചാല്‍ അബദ്ധങ്ങളാകും പരിണതഫലം. 
ദൈവത്തെ യുക്ത്യാധിഷ്ഠിതമായി അന്വേഷിക്കുമ്പോള്‍ നിങ്ങള്‍ കരുതുന്നത് ദൈവം നല്ലതാണെന്ന്. അങ്ങനെയെങ്കില്‍ നല്ലതല്ലാത്തത് എന്താണ്? ദൈവമല്ല അതിന്റെ സ്രഷ്ടാവെങ്കില്‍ ആരാണത് ചെയ്തത്? ചീത്തയെ  സൃഷ്ടിച്ചത് പിശാചായിരിക്കണം. അങ്ങനെയെങ്കില്‍  സൃഷ്ടിയില്‍ ഈശ്വരനും പിശാചിനും തുല്യപങ്കാളിത്തമുണ്ട്. അങ്ങനെയെങ്കില്‍ നന്മയും തിന്മയും  നിങ്ങളുടെ ഉള്ളിലുണ്ട്.  ഇരുവരും പങ്കാളികളെങ്കില്‍ നിങ്ങള്‍ രണ്ടുപേരെയും ആരാധിക്കണം! പക്ഷേ അത് സാധ്യമല്ല. അവിടെ നിങ്ങളുടെ യുക്തി ശരിയാവുകയില്ല. മനസ്സിന്റെ യുക്തിബോധം ജീവിതത്തില്‍ ഭൗതികമായവ കൈകാര്യം ചെയ്യാന്‍ മാത്രമേ ഉപയോഗപ്പെടൂ. 
തീവ്രയുക്തിയും ജീവനൊടുക്കലും 
ജീവിതത്തെയെപ്പോഴും യുക്തിബോധത്തോടെ മാത്രം കാണുമ്പോള്‍ സംഭവിക്കുന്നതെന്തെന്ന് നിരീക്ഷിക്കുക.  അനുഭവവേദ്യമായ ഒന്നിനെ കുറിച്ചും ചിന്തിക്കുകയോ ഓര്‍ക്കുകയോ ചെയ്യരുത്. രാവിലെ എഴുന്നേല്‍ക്കുന്നു. സൂര്യോദയത്തെ കുറിച്ചോ, കുഞ്ഞിന്റെ മുഖമോ, പൂന്തോട്ടത്തിലെ 
പൂക്കളെ കുറിച്ചോ ചിന്തിക്കരുത്.  എല്ലാ ചിന്തകളും യുക്തിയില്‍ അധിഷ്ഠിതമാക്കുക. നിങ്ങള്‍ക്ക് കിടക്കയില്‍ നിന്നെഴുന്നേല്‍ക്കണം അതിനു ശേഷം പ്രഭാതകൃത്യങ്ങള്‍ ചെയ്യണം.  ഭക്ഷണം കഴിക്കണം, ജോലി ചെയ്യണം. വീണ്ടും ഭക്ഷണം, ജോലി, ഭക്ഷണം. തനിയാവര്‍ത്തനങ്ങള്‍. 
ആയുഷ്‌ക്കാലമത്രയും ഇതേ അസംബന്ധത്തിലൂടെ കടന്നു പോകുകയാണെങ്കില്‍, യുക്തിപരമായി ചിന്തിച്ചാല്‍ ജീവിതത്തിന് എന്തര്‍ത്ഥമാണുള്ളത്? അങ്ങേയറ്റത്തെ യുക്തിയുടെ നിമിഷങ്ങള്‍ ആത്മഹത്യാപരവുമായിരിക്കും. ജീവിതത്തെ അനുഭവങ്ങളുടെ വെളിച്ചത്തിലാവണം കാണേണ്ടത്. അപ്പോള്‍ ഈ ലോകം നിങ്ങള്‍ക്ക് അര്‍ത്ഥവത്തായി തോന്നും.  ജീവിതത്തില്‍ യുക്തി മാത്രം പ്രയോഗിച്ചാല്‍, ഒന്നിനും ഒരു അര്‍ത്ഥവുമില്ലാത്തതായിത്തീരും. യുക്തിയില്‍ നിന്ന്, യുക്തിയ്ക്കതീതമായ തലത്തിലേക്കുള്ള മാറ്റം അതിനനുയോജ്യമല്ലാത്ത ഒരു അന്തരീക്ഷത്തില്‍ സാധ്യമല്ല.  യുക്തിക്ക് അതീതമായൊരു അനുഭവത്തിലൂടെയല്ലാതെ നിങ്ങള്‍ക്ക് ഒരിക്കലും അതിനു കഴിയുകയില്ല.  കുറച്ച് ദിവസത്തേക്കെങ്കിലും  തീവ്രമായ ആത്മാന്വേഷണത്തിന് തയ്യാറായാല്‍  'ജീവിതത്തെ അതിന്റെ യഥാര്‍ഥ തലത്തില്‍ അറിയാന്‍ ഞാനാഗ്രഹിക്കുന്നു',  എന്നതുമാത്രമാണ് നിങ്ങളുടെ അടിയുറച്ച  തീരുമാനമെങ്കില്‍, അതെന്താണെന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കി തരാന്‍ എനിക്ക് കഴിയും.

No comments: