Wednesday, January 01, 2020

ഒരാള്‍ക്ക് എത്ര ഭൂമി വേണം?
--------------------------------------------------
വിശ്വവിഖ്യാതനായ റഷ്യന്‍ സാഹിത്യകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ (War and Peace) എന്ന ചെറുകഥാ സമാഹാരത്തില്‍ മനോഹരമായ ഒരു കഥയുണ്ട്. ‘ഒരാള്‍ക്ക് എത്ര ഭൂമി വേണം?’ എന്നാണ് കഥയുടെ പേര്.

രാജാവ് സൗജന്യമായി ഭൂമി വിതരണം ചെയ്യുന്ന വാര്‍ത്ത നാട്ടിലൊക്കെ വിളംബരം ചെയ്തു. തികച്ചും സൗജന്യമായി വസ്തു സ്വന്തമാക്കാന്‍ ചെറിയ ഒരു നിബന്ധന പാലിച്ചാല്‍ മതി. ഒരു ദിവസം ഒരാള്‍ എത്ര ഭൂമി നടന്നു പൂര്‍ത്തിയാക്കുന്നുവോ അത്രയും സ്ഥലം അയാള്‍ക്ക് അവകാശമാക്കാം.

ഭൂമി മോഹിച്ചെത്തിയവരുടെ കൂട്ടത്തില്‍ പാവപ്പെട്ട പാഹമെന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. രാവിലെ തന്നെ കൊട്ടാരത്തിലെത്തിയ പാഹമിന് രാജസേവകന്‍ സ്വന്തമാക്കാനുള്ള ഭൂമി കാട്ടിക്കൊടുത്തു. അത്യുത്സാഹത്തോടെ അയാള്‍ നടപ്പാരംഭിച്ചു. നടന്നാല്‍ കുറച്ചു ഭൂമിയേ സ്വന്തമാക്കാന്‍ കഴിയൂ എന്ന് ചിന്തിച്ച് അയാള്‍ വേഗം ഓടാന്‍ തുടങ്ങി. ഇടയ്ക്ക് കലശലായി ദാഹിച്ചെങ്കിലും വെള്ളം കുടിക്കാന്‍ നിന്നാല്‍ സ്ഥലം നഷ്ടപ്പെടുന്നതോര്‍ത്ത് അതിന് തുനിഞ്ഞില്ല.

ഭക്ഷിക്കാന്‍ സമയം കളയാതെ കൂടുതല്‍ ഭൂമിയ്ക്കായി ഓട്ടം തുടര്‍ന്നു. ഇടയ്ക്ക് കുഴഞ്ഞു വീണെങ്കിലും ഇഴഞ്ഞും വലിഞ്ഞുമൊക്കെ പാഹം ഭൂമി കൈവശമാക്കല്‍ അനസ്യൂതം തുടര്‍ന്നു.
ഒടുവില്‍ സന്ധ്യയായപ്പോള്‍ രാജാവ് പാഹമിനെ അനുഗമിച്ച രാജസേവകനോട് പാഹം എത്ര ഭൂമി സ്വന്തമാക്കി എന്ന് ചോദിച്ചു.
“ആറടി മണ്ണ്” സേവകന്‍ ഉത്തരം പറഞ്ഞു.
യഥാര്‍ത്ഥത്തില്‍ എന്താണ് പാഹമിന് സംഭവിച്ചത്?

വെള്ളം കുടിക്കാതെയും ഭക്ഷണം ആസ്വദിക്കാതെയും ക്ഷീണിച്ചവശനായ പാഹം തളര്‍ന്നു വീണു മരിച്ചു. ആറടി മണ്ണില്‍ കുഴിച്ച കുഴിയില്‍ അയാളെ അടക്കം ചെയ്തു.
ടോള്‍സ്റ്റോയി എഴുതിയ ഈ കഥയ്ക്ക് നാമുമായി എന്തെങ്കിലും ബന്ധമുണ്ടോ? മനസ്സിരുത്തി ചിന്തിച്ചാല്‍, നാമും ഈ പാഹമിനെപ്പോലെയല്ലെ?

വെട്ടിപ്പിടിക്കാനും സ്വന്തമാക്കാനുമുള്ള പരക്കം പാച്ചിലില്ലേ നാമോരുത്തരും! ശരിക്കൊന്നു വിശ്രമിക്കാനാകാതെ, നന്നായി ഒന്നുറങ്ങാന്‍ കഴിയാതെ, കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവഴിക്കാനാകാതെ മക്കളുടെ കളികളും കുസൃതികളും ആസ്വദിക്കാന്‍ സാധിക്കാതെ എവിടേയ്ക്കാണീ ദ്രുത ഗമനം?

വിദേശ രാജ്യങ്ങളില്‍ ജീവിക്കുന്ന കുടുംബങ്ങളുടെ അവസ്ഥ ഏറെ ദയനീയമാണ്. ഭര്‍ത്താവ് ജോലിയില്‍ നിന്നു വരുമ്പോഴേയ്ക്കും ഭാര്യ ജോലിയ്ക്ക് പോകാന്‍ ഇറങ്ങിയിരിക്കും. ഇതിനിടയില്‍ കുട്ടികള്‍ സ്‌കൂളില്‍ പോയി വരുമ്പോഴേയ്ക്കും ഒരാള്‍ ഉറക്കത്തിലും മറ്റൊരാള്‍ ജോലിയിലുമായിരിക്കും.

കുടുംബാംഗങ്ങള്‍ ഒരുമിച്ചുള്ള സമയങ്ങള്‍ അപൂര്‍വ്വമായിരിക്കും. ആരാധനയ്ക്കും കുട്ടായ്മയ്ക്കൂമൊക്കെ പോയി എന്നു വരുത്തിത്തീര്‍ക്കും. എല്ലാം ബാങ്ക് ബാലന്‍സില്‍ കുറെ നമ്പറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍  വേണ്ടി മാത്രം.
ആരോഗ്യമുള്ളപ്പോള്‍ അല്‍പ്പം സമ്പാദിച്ചു കൂട്ടാമെന്നു കരുതിയാണ് ഓവര്‍ടൈംമൊക്കെ ധാരാളം ചെയ്യുന്നത്.

പിന്നീട് അല്‍പ്പം വിശ്രമിക്കാമെന്ന ചിന്തയും മനക്കോട്ടയിലുണ്ട്. എന്നാല്‍ ജോലിയിലെ ടെന്‍ഷനും അസമയങ്ങളിലുള്ള ആഹാരശീലവുമൊക്കെ ചേര്‍ന്ന് ഒരു രോഗിയായി മാറുകയാണവര്‍ എന്നറിയുന്നില്ല.

ഡയബെറ്റിസ് ആയതുകൊണ്ട് മധുരം കഴിക്കാനാകുന്നില്ല; പ്രഷര്‍ കൂടി നില്‍ക്കുന്നതുകൊണ്ട് ഉപ്പിനും വിലക്ക്; അള്‍സര്‍ കുടലില്‍ ബാധിച്ചതിനാല്‍ എരിവും പറ്റില്ല. മധുരവും ഉപ്പും എരിവുമൊന്നുമില്ലാതെ ജീവിതത്തിന് എന്ത് രുചി?

ഒരു സന്നിഗ്ദ ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ മനഃസാക്ഷി നമ്മോട് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. എല്ലാം മറന്ന് ഓടിയതുകൊണ്ട് എന്തു നേടി? വിവിധ ഡോക്‌ടേഴ്‌സിന്റെ മുറികളില്‍ കയറിയിറങ്ങാനോ? സുന്ദര സൗധങ്ങള്‍ പണിതുയര്‍ത്തിയിട്ട് ആശുപത്രിയിലെ മനം മടുപ്പിക്കുന്ന ഗന്ധങ്ങളുടെ ഇടയില്‍ ചികിത്‌സ തേടി കിടക്കാനോ? വലിയ വീട്ടിലെ പാറ്റയുടെയും പല്ലിയുടെയും കണക്കെടുത്ത് ജീവിതം തള്ളിനീക്കാനോ?

കഷ്ടപ്പെട്ട് പഠിപ്പിച്ച മക്കളെ കണികാണാന്‍ പോലും കിട്ടുന്നില്ല. അവരൊക്കെ നല്ല ജോലി തേടി വിദേശങ്ങളില്‍ സ്ഥിരതാമസമായിരിക്കുകയല്ലേ?
പാഹമിനെപ്പോലെ ഒടുവില്‍ ആറടിമണ്ണില്‍ വിലയം പ്രാപിക്കും. നേട്ടമെന്നു ഗണിക്കാന്‍ അതുമാത്രം ഫലം.
സ്വയത്തെയും ഈശ്വരനെയും തിരിച്ചറിയുമ്പോൾ ആത്മാവിൽ ശ്രേഷ്ഠസംസ്കാരം രൂപാന്തരപ്പെടും..അതെന്നും കൂടെയുണ്ടാകും....

No comments: