Friday, March 13, 2020

വിവേകചൂഡാമണി - 89
വ്യാഖ്യാനം - സ്വാമി അഭയാനന്ദ
******************************

അരൂപിയായ ആത്മചൈതന്യം

ആത്മസ്വരൂപത്തെക്കുറിച്ചുള്ള വിവരണം തുടരുന്നു;

ശ്ലോകം 133
ജ്ഞാതാ മനോ/ഹങ്കൃതി വിക്രിയാണാം
ദേഹേന്ദ്രിയപ്രാണകൃത ക്രിയാണാം
അയോ/ഗ്‌നിവത്താനനുവർത്തമാനോ
ന ചേഷ്ടതേ നോ വികരോതി കിഞ്ചന

മനസ്സ്, അഹങ്കാരം എന്നിവയുടെ വികാരങ്ങളേയും ദേഹം, ഇന്ദ്രിയങ്ങൾ, പ്രാണന്മാർ എന്നിവയുടെ ക്രിയകളേയും അറിയുന്നവനാണ് ആത്മാവ്. എന്നാൽ അഗ്നി ഇരുമ്പുഗോളത്തിലെന്നപോലെ അതിലെല്ലാം വ്യാപിച്ച്  രൂപങ്ങളിൽ ഇരിക്കുന്നവനുമായ ആത്മാവ് ഒന്നും ചെയ്യുന്നില്ല, ഒരുതരത്തിലുള്ള മാറ്റവും അതിനുണ്ടാകുന്നില്ല.

മനസ്സിന്റെയും ബുദ്ധിയുടെയും ധർമ്മങ്ങളായ സുഖദുഃഖങ്ങളെ അറിയുന്നവനാണ് ആത്മാവ്.  ജ്ഞാനസ്വരൂപമായ ആത്മാവിന്റെ സാന്നിധ്യത്തിലാണ് എല്ലാം അറിയുന്നത്.  അല്ലെങ്കിൽ ഒന്നുമറിയാനാകില്ല.

ഞാൻ ചെയ്യുന്നു, ഞാൻ അനുഭവിക്കുന്നു എന്ന അഭിമാനം അഹങ്കാരമാണ്. ഉള്ളിലെ സംഭവങ്ങളെ അറിയുന്നതും പുറമെയുള്ള കർമ്മങ്ങൾ ചെയ്യുന്നതും അഹങ്കാരംകൊണ്ടാണ്. കർതൃത്വഭോക്‌തൃത്വ അഹങ്കാരത്തെത്തന്നെയാണ് ജീവൻ എന്നു വിളിക്കുന്നത്.

പരമാത്മാവ് ശരീരം മുതലായ ഉപാധികളുമായി ചേർന്നിരിക്കുമ്പോൾ 'ജീവൻ' എന്ന് അറിയപ്പെടുന്നു.  വാസ്തവത്തിൽ അതിന് ചെയ്യുന്നവനെന്നോ അനുഭവിക്കുന്നവനെന്നോ ഭാവമില്ല.

പല തരത്തിലും രൂപത്തിലുമുള്ള ഇരുമ്പുകഷ്ണങ്ങൾ തീയിലിട്ട് ചുട്ടുപഴുപ്പിച്ചാൽ അവയുടെ ആകൃതിയിൽ അഗ്നിയെ കാണാൻ  കഴിയും. വട്ടത്തിലും ചതുരത്തിലും പന്ത് പോലെയുമൊക്കെ അവയെ കാണാം.  അഗ്നിയ്ക്ക് സ്വന്തമായ  രൂപമില്ല; എങ്കിലും, അഗ്നി  ഇരുമ്പുകഷ്ണങ്ങളുടെ രൂപത്തിലാകുന്നു.

അതുപോലെ ഉപാധികളുടേയും പ്രവർത്തനങ്ങളുടേയും ഭേദമനുസരിച്ച് ആത്മചൈതന്യം അതുപോലെയിരിക്കുന്നതോ പ്രവർത്തിക്കുന്നതോ ആയി തോന്നും. ഓരോന്നിനോടും ചേർന്നു നിൽക്കുമ്പോൾ അതിനെ വേണ്ടപോലെയാക്കുന്നു.  വൈദ്യുതിക്ക് പ്രത്യേകിച്ച് രൂപമൊന്നുമില്ല; എന്നാൽ അത് പലതരത്തിലുള്ള ബൾബുകളിലും മറ്റും അതാതിന്റെ പ്രകാശമായും, മറ്റ് വൈദ്യുതോപകരണങ്ങളിൽ അവയുടെ പ്രവർത്തനമായും കാണാം.  ഫാനിൽ കാറ്റായും ഹീറ്ററിൽ ചൂടായും ഫ്രിഡ്ജിലും എയർകണ്ടീഷണറിലും തണുപ്പായും മൈക്കിലും മറ്റും ശബ്ദമായും അത് പ്രകടമാകും.  വൈദ്യുതിയില്ലെങ്കിൽ ഇവയൊക്കെ വെറും കാഴ്ചവസ്തുക്കൾ മാത്രം; അല്ലെങ്കിൽ ഒന്നിനും കൊള്ളാത്തവയായിരിക്കും.

സൂര്യപ്രകാശം ഓരോന്നിലും പതിക്കുമ്പോൾ അവയുടെ ആകൃതി കൈക്കൊള്ളുന്നതുപോലെ തോന്നും. എന്നാൽ സൂര്യപ്രകാശം ഇന്ന ആകൃതിയിലെന്ന് പറയാനാവില്ല. അത് വന്നുതട്ടുന്ന വസ്തുവിനെ ആശ്രയിച്ചിരിക്കും. ഉള്ളിലെ അനുഭവങ്ങളെ പ്രകാശിപ്പിക്കുമ്പോൾ ആത്മചൈതന്യത്തെ ഭോക്താവ്‌ അഥവാ അനുഭവിക്കുന്നയാൾ എന്ന അഭിമാനത്തെ പറയാം.  പുറമെയുള്ള കർമ്മങ്ങളെ പ്രകാശിപ്പിക്കുമ്പോൾ കർത്താവ് എന്ന അഭിമാനത്തെയും കാണാം.  യഥാർത്ഥത്തിൽ ആത്മാവ് കർത്താവോ ഭോക്താവോ അല്ല.  അങ്ങനെയുണ്ടെന്ന് തോന്നുന്നെങ്കിൽ അത് ഭ്രമം മാത്രമാണ്.
Sudha Bharath 

No comments: