Friday, April 17, 2020

ദേവീതത്വം.
❣️❣️❣️❣️

“മനസ്ത്വം വ്യോമ ത്വം മരുദസി മരുത് സാരഥിരസി
ത്വമാപസ്ത്വം ഭൂമിസ്ത്വയി പരിണതായാം നഹി പരം
ത്വമേവ സ്വാത്മാനാം  പരിണമയിതും വിശ്വവപുഷാ
ചിദാനന്ദാകാരം  ശിവയുവതി ഭാവേന  ബിഭൃഷേ.

എന്നാണ് സൗന്ദര്യലഹരി. ❣️

‘മനസ്ത്വം’  നിശ്ചലമായ ശിവനിൽ നിന്നും അംബിക ദേവി ആദ്യം ആവിർഭവിയ്ക്കുന്നത് മനസ്സിന്റെ രൂപത്തിലാണ്. പിന്നെ time space. മനസ്സ് അടുത്ത step ആയിട്ട് വിരിയണത് ആകാശമായിട്ടാണ്. പിന്നെ കാറ്റ്, പിന്നെ അഗ്നി ((കാറ്റും ആകാശവും കൂടിയുള്ള Frictionalൽ ഉണ്ടാവണ അഗ്നി.)) പിന്നെ അഗ്നിയും കാറ്റും കൂടിയുള്ള സമ്പർക്കത്തിൽ പതുക്കെ ജലം. ജലം ബാക്കിയുള്ള ഭൂതങ്ങളുമായുള്ള സമ്പർക്കത്തിൽ പൃഥ്വി. ഇങ്ങനെ പ്രപഞ്ചം മുഴുവനുമായി പരിണമിയ്ക്കുന്നത് ശുദ്ധമായ നിർഗ്ഗുണമായ തത്വം തന്നെയാണ് പ്രപഞ്ചാകാരം പൂണ്ട് നമ്മൾടെ മുൻപില് നിക്കണത്.

ഇതറിഞ്ഞ് കഴിഞ്ഞാൽ ഇപ്പൊ ഇത്രയും നേരം ഞാൻ പ്രസംഗിച്ച കാര്യങ്ങളൊക്കെ മറന്ന് കളഞ്ഞിട്ട്, ഇവിടെനിന്ന് ഇറങ്ങി പോവുമ്പൊ ഈ കാണുന്ന പ്രപഞ്ചം മഹാമായയുടെ പ്രത്യക്ഷ സ്വരൂപമാണ്, ശക്തിയുടെ സ്വരൂപമാണ്. അവളാണ് നമ്മൾടെ ഉള്ളിലിരുന്ന് ശരീരത്തില് ഓരോ വികാരങ്ങളായിട്ടും ചിന്തകളായിട്ടും അഭിമാനവൃത്തി ആയിട്ടും ഒക്കെ പ്രവര്‍ത്തിയ്ക്കണത്. അവളാണ് ഈശ്വരനായി ഹൃദയസ്ഥാനത്തിലിരുന്ന് നമ്മളെ നിയന്ത്രിയ്ക്കണതും.

ഈശ്വരഃ സർവ്വഭൂതാനാം ഹൃദ്ദേശേ അർജ്ജുന തിഷ്ഠതി
ഭ്രാമയൻ സർവ്വഭൂതാനി യന്ത്രാരൂഢാനി മായയാ
തമേവ ശരണം ഗച്ഛ സർവ്വഭാവേന ഭാരത.

ആ അന്തർയാമി ആയിട്ടുള്ള ആ ഈശ്വരന് അഥവാ ശക്തിയുടെ ശുദ്ധസാത്വികരൂപത്തിന് ശരണാഗതി ചെയ്താൽ ; ‘പരാം ശാന്തീം സ്ഥാനം പ്രാപ്സ്യസി ശാശ്വതം.’

പരമമായ ശാന്തി, നിർവൃതി ഉണ്ടാവും.
ഇതാണ് അദ്ധ്യാത്മസാധനയുടെ അവസാന വാക്ക്.

നമ്മള് ധ്യാനത്തിൽ ആത്മവിചാരം കൊണ്ട് അകമേയ്ക്ക് അഹങ്കാരത്തിന്റെ മൂലാന്വേഷണം ചെയ്ത് നിത്യശുദ്ധബുദ്ധമുക്ത സ്വഭാവമായ പ്രജ്ഞയെ ((ബോധത്തിനെ)) അകമേയ്ക്ക് തെളിച്ച് കണ്ടു കഴിഞ്ഞാലും വീണ്ടും ശരീരത്തിന്റെ മണ്ഡലത്തില് വരുമ്പോ നാമരൂപാത്മകമായ പ്രപഞ്ചം കാണപ്പെടും. ഇത് കാണപ്പെടുമ്പൊ രണ്ട് സൊലൂഷൻ ആണ് നമുക്ക് ഉള്ളത്.

ഒന്ന് സമ്പ്രദായ ശാസ്ത്രീയ വേദാന്തത്തിൽ പറയണത് ;
മരുഭൂമിയില് കാണുന്ന വെള്ളം പോലെയാണ് എന്നറിഞ്ഞു കൊള്ളുക. അങ്ങനെ ആവുമ്പോ അതിനെ ശ്രദ്ധിയ്ക്കാതെ ഇരിയ്ക്കാം. ആ വെള്ളം കുടിച്ച് ദാഹം തീരില്ല. അത് ഒരു വശം. മൃഗതൃഷ്ണിക.

മറ്റൊരു വശം എന്താ?
ഇത് ജഗദംബിക തന്നെയാണ്. ജഗദീശ്വരി തന്നെയാണ്. ആ ശിവനിൽ നിന്ന് ഉദിയ്ക്കുന്ന ഈ നാമരൂപാത്മക പ്രപഞ്ചം ആ ശിവൻ തന്നെയാണ്. ശിവന്റെ തന്നെ മാതൃഭാവമാണ്. എന്ന് അറിഞ്ഞു കഴിയുമ്പോ നമുക്ക് എല്ലാത്തിനോടും ഉള്ള ഒരു പ്രിയവും, എല്ലാവരുടേയും ഹൃദയത്തിൽ ഇരിയ്ക്കുന്ന ആ ഈശ്വരനോട് ഉള്ള ഒരു ഭക്തിയും ഉണ്ടാവുകയും…

((അപ്പഴാണ് നമുക്ക് ഭക്തി ഉണ്ടാവുന്നത്. അക്ഷരജ്ഞാനത്തിന് ശേഷമാണ് ഭക്തി. ❣️))

ഗീതയിൽ ;

ബ്രഹ്മഭൂതഃ പ്രസന്നാത്മാ ന ശോചതി ന കാംക്ഷതി
സമഃ സർവേഷു ഭൂതേഷു മദ്ഭക്തിം ലഭതേ പരാം.

ബ്രഹ്മഭൂതനായ ശേഷമാണ് പരാഭക്തിയെ പറയണത്. ❣️

ഉള്ളിൽ തത്വം തെളിഞ്ഞ് കഴിഞ്ഞ ശേഷം നാമരൂപാത്മക പ്രപഞ്ചത്തിൽ ശരീരം ധരിച്ച് ഇരിയ്ക്കുമ്പൊ, പലതും കാണുമ്പൊ ഇതൊക്കെ തന്നെ ആ അംബിക തന്നെയാണ് പലേ രൂപം ധരിച്ച് നമ്മൾടെ മുൻപില് നിക്കണത്. നല്ല ആളുകളായിട്ടും ചീത്ത ആളുകളായിട്ടും എല്ലാം അവൾ തന്നെയാണ് വേഷം കെട്ടിയിരിയ്ക്കണത്.

അപ്പൊ നമുക്ക് ആരോടും രാഗം ഉണ്ടാവില്ലാ, ദ്വേഷവും ഉണ്ടാവില്ലാ.

രാഗദ്വേഷം കൊണ്ടാണ് നമ്മള് കുടുങ്ങുന്നത്. നമ്മൾക്കും.. നമ്മളെ സംബന്ധിച്ചിടത്തോളം നമുക്ക് കർതൃത്വവും ഭോക്തൃത്വവും ഉണ്ടാവില്ലാ. ഈ നാലും പോയാൽ നിത്യനിരന്തര സമാധിയാണ്.

കർതൃത്വഭോക്തൃത്വ രാഗദ്വേഷരൂപം ജഗത്. ആചാര്യസ്വാമികൾ ഭാഷ്യത്തില് ഒരിടത്ത് പറയാണ്..

ജഗത് എന്താണ്?
സംസാരം എന്ന് വച്ചാൽ എന്താണ് എന്ന് വച്ചാൽ.. എന്നിൽ എനിയ്ക്ക് കർതൃത്വം. ഞാനാണ് എല്ലാം ചെയ്യണത് എന്നുള്ള ഭാവം. അതിന്റെ after effect ആയിട്ട് വരുന്ന സുഖദുഃഖങ്ങളെ ഞാൻ അനുഭവിയ്ക്കുന്നു എന്നുള്ള ഭോക്തൃത്വം. നിങ്ങളെ സംബന്ധിച്ചിടത്തോളം എനിയ്ക്ക് നിങ്ങളോട് രാഗമോ ദ്വേഷമോ ഇത് നാലും എന്നിൽ നിന്നും നീങ്ങിയാൽ..

അത് എപ്പോ നീങ്ങും?

ഇത് മുഴുവൻ ഒരേ ശക്തിയുടെ ചലനമാണെന്ന് കാണുമ്പൊ എന്നിൽ ഞാൻ എന്നുള്ള ഒരു വ്യക്തിയേ ഇല്ലാ.

പുറമേയ്ക്ക് ഉള്ള ഈ interactionനിൽ ഏർപ്പെടുന്നതും രാഗദ്വേഷത്തിന് ആസ്പദമല്ലാ. ഒരേ ഒരു ഈശ്വരൻ തന്നെയാണ് പലേ നാമരൂപങ്ങളിൽ കളിയ്ക്കണത് എന്നറിഞ്ഞു കഴിയുമ്പൊ കണ്ണുതുറന്നിരുന്ന് കൊണ്ട് തന്നെ നമുക്ക് സമാധിയാണ്. എത്ര വിചാരങ്ങള് വന്നാലും സമാധിയ്ക്ക് ഭംഗമില്ലാ. എത്ര വ്യവഹരിച്ചാലും ആ നിത്യബോധത്തിന് ഭംഗമില്ലാ.

ഇത് യോഗമല്ലാ ഇത് ബോധമാണ്. ❣️

യോഗം എന്ന് വച്ചാൽ ചിത്തത്തിനെ നിശ്ചലമായി നിർത്തുമ്പഴേ ഉള്ളൂ. ബോധം അങ്ങനെയല്ലാ ചിത്തം ചലിച്ചാലും നിശ്ചലമായിരുന്നാലും ബോധത്തിന് ചലനമില്ലാ.

ബോധം പ്രത്യഭിജ്ഞ കൊണ്ട് ഉണ്ടാവണതാണ്. യോഗം സാധന കൊണ്ട് ഉണ്ടാവണതാണ്.

യോഗം സാധന ചെയ്തിട്ട് പിടിച്ചു നിർത്തലാണ്. ബോധം പ്രത്യഭിജ്ഞ കൊണ്ട് എല്ലാ പിടിച്ചു നിർത്തലിന്റെയും പുറകെയുള്ള ((പിടിച്ചു നിർത്താനൊന്നുമില്ലാ.)) എല്ലാ ചലനങ്ങൾക്കും പുറകിലുള്ള നിശ്ചലമായ അധിഷ്ഠാനത്തിനെ അറിയലാണ് ബോധം.

അറിഞ്ഞ് കഴിഞ്ഞ് ചലനം ഉണ്ടായാലും കുഴപ്പമില്ലാ.. വെള്ളത്തിലെ അലയും കുമിളയും ഒക്കെ വെള്ളം തന്നെ.

‘സലില ഏകോ ദൃഷ്ടാ അദ്വൈതോ ഭവതി’ എന്നാണ്. വസ്തു ഒന്നാണെന്ന് കണ്ടു കഴിയുമ്പൊ അയാൾക്ക് എന്തൊക്കെ തന്നെ കണ്ടാലു അത് തന്നെ. ഈ സ്ഥിതിയാണ് സഹജസമാധി എന്ന് പറയണത്. ഇതാണ് നമ്മൾടെ സകല ബന്ധങ്ങളിൽ നിന്നുമുള്ള വിമുക്തിയ്ക്കുള്ള മാർഗ്ഗം. നമ്മൾടെ ലക്ഷ്യസ്ഥാനം. ❣️

ഈ ലക്ഷ്യസ്ഥാനത്തിലേയ്ക്കാണ് പോവുമ്പോ ശ്രീവിദ്യ ഒന്നും അഭ്യസിച്ചിട്ടില്ലെങ്കിൽ പോലും, പഠിച്ചിട്ടില്ലെങ്കിൽ പോലും ശുദ്ധമായി വേദാന്തവിചാരം ചെയ്തു പോവുന്ന ഒരാള്‍ക്ക് വഴിയിൽ ശ്രീവിദ്യയെ കാണും. 🥰 ആത്മവിചാരം ചെയ്ത് സത്യത്തിലേയ്ക്ക് അടുക്കും തോറും നമ്മളീ ശ്രീവിദ്യയെ തെളിഞ്ഞ് കാണും. ❣️

നമുക്ക് ശ്രീവിദ്യ പ്രത്യേകം ഒരു ശാസ്ത്രമായി പഠിയ്ക്കേണ്ട ആവശ്യമൊന്നും ഇല്ലാ. പഠിച്ചാൽ ഒട്ട് മനസ്സിലാവുകയും ഇല്ലാ. ശ്രീവിദ്യ ശ്രീവിദ്യ ആയിട്ട് പഠിച്ചാൽ മനസിലാവില്ലാ ബ്രഹ്മവിദ്യയുടെ തന്നെ ഒരു ഭാവമാണത്. ❣️

സത്യത്തിലേയ്ക്ക് അടുക്കും തോറും നമുക്കീ ശ്രീവിദ്യയെ നമ്മള് കാണും.

ആ സചലാശക്തിയെ കാണും നമ്മള്.

നിശ്ചലത്തിൽ നിന്നും പൊന്തി വരുന്ന അനിർവചനീയമായ ശക്തിയെ കാണും,
ആ ശക്തിയ്ക്ക് നമ്മള് ശരണാഗതി ചെയ്യുകയും ചെയ്യും. ❣️

ശരണാഗതി ചെയ്ത് അത് നമ്മളിൽ പ്രവർത്തിച്ചു കഴിയുമ്പൊ, പ്രവർത്തിയ്ക്കണത് കാണുമ്പൊ നമുക്ക് ഒരു ആനന്ദമുണ്ടാവും. ആ ആനന്ദമാണ് നമുക്ക് പിന്നെ ജീവിയ്ക്കുമ്പൊ കിട്ടാനുള്ളത് ആകപ്പാടെ. 🥰

ആ നിശ്ചലത്തില് എപ്പോഴും ഇരിയ്ക്കാൻ പറ്റില്ലാ. നിശ്ചലം കഴിഞ്ഞ് സചലമായ ശരീരമണ്ഡലത്തിലേയ്ക്ക് വന്നു കഴിയുമ്പൊ നമുക്ക് ഉണ്ടാവുന്ന ഒരാനന്ദം ഈ ശക്തി ഉള്ളിൽ കിടന്ന് കളിപ്പിയ്ക്കുമ്പൊ ഉള്ളതാണത്. അതിന്റെ കൈയ്യിൽ നമ്മുടെ ശരീരം ഒരു വെറുമൊരു ഉണക്കപ്പുല്ല് പോലെ. ശ്രീരാമകൃഷ്ണദേവൻ പറയണ ഒരു വാക്കാണ്. നല്ല കാറ്റിൽ പറക്കുന്ന ഉണക്കപ്പുല്ല് പോലെ നമ്മൾടെ ശരീരം ഒരു സ്വേച്ഛയുമില്ലാതെ ആ മഹാശക്തിയുടെ കൈയ്യില് ഒരു യന്ത്രമായിട്ട് പ്രവർത്തിയ്ക്കുമ്പൊ നമുക്ക് ഒരാനന്ദം ഉണ്ടാവും.”

               ((നൊച്ചൂർ ജി 🥰🙏))

No comments: