Saturday, October 07, 2017

രാഷ്ട്രപതി രാംനാഥ്‌കോവിന്ദിന്റെ സന്ദര്‍ശനത്തിന് അമൃതപുരിയില്‍ കനത്ത സുരക്ഷ. രാഷ്ട്രപതിയായതിന് ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കോവിന്ദിനെ സ്വീകരിക്കാന്‍ പഴുതടച്ച സുരക്ഷയാണ്.
ദക്ഷിണമേഖലാ ഐജി മനോജ്എബ്രഹാമിന്റെ നിയന്ത്രണത്തിലാണ് സുരക്ഷാ ക്രമീകരണങ്ങള്‍. ഇന്റലിജന്‍സ് ഡിജിപി മുഹമ്മദ് യാസിന്‍, ദക്ഷിണമേഖലാ എഡിജിപി ബി. സന്ധ്യ എന്നിവരുടെ നേതൃത്വത്തില്‍ ഇന്നലെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തി.
രാവിലെ 11 മുതല്‍ 12 വരെയാണ് രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങ്. അതിനുശേഷം എന്‍ടിപിസി ഗ്രൗണ്ടിലെത്തുന്ന രാഷ്ട്രപതി തിരുവനന്തപുരത്തേക്ക് മടങ്ങും. കേരളത്തില്‍ മറ്റ് ഔദ്യോഗിക പരിപാടികള്‍ ഇല്ല. രാഷ്ട്രപതിയുടെ യാത്രയ്ക്കായി ബുള്ളറ്റ് പ്രൂഫ്കാര്‍ എന്‍ടിപിസിയില്‍ എത്തിച്ചിട്ടുണ്ട്.
നാളെ പുലര്‍ച്ചെ മഹാഗണപതി ഹോമത്തോടെയാണ് ജന്മദിന ചടങ്ങുകള്‍ തുടങ്ങുന്നത്. ചലച്ചിത്രതാരം ശോഭനയുടെ നൃത്തപരിപാടി. ഒമ്പതിന് സ്വാമി അമൃതസ്വരൂപാനന്ദ പുരിയുടെ നേതൃത്വത്തില്‍ ശിഷ്യര്‍ ഗുരുപാദപൂജ നടത്തും. തുടര്‍ന്ന് അമ്മ ജന്മദിന സന്ദേശം നല്‍കും. അമൃതകീര്‍ത്തി പുരസ്‌കാരം കൊടുങ്ങല്ലൂര്‍ ശ്രീ വിവേകാനന്ദ വേദിക് വിഷന്‍ അദ്ധ്യക്ഷ ഡോ.എം. ലക്ഷ്മികുമാരിക്ക് സമ്മാനിക്കും.
കേന്ദ്രമന്ത്രിമാരായ ഡി.വി. സദാനന്ദ ഗൗഡ, ജുവല്‍ ഓറം, സത്യപാല്‍ സിങ്, എംഎല്‍എമാരായ ഒ. രാജഗോപാല്‍, ആര്‍. രാമചന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി. ജോര്‍ജ്ജ്, വി.എസ്. ശിവകുമാര്‍, ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ ശ്യാം ജെജു, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി ഗുരുരത്‌നം ജ്ഞാന തപസ്വി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.


ജന്മഭൂമി: http://www.janmabhumidaily.com/news716984#ixzz4uro8UN5f

No comments: