Monday, June 18, 2018

മൂന്നരനൂറ്റാണ്ടുമുമ്പ്‌ 1674 ജൂണ്‍ 6നാണ്‌ ശിവാജി മഹാരാജ്‌ ഛത്രപതിയായത്‌. അദ്ദേഹം തന്റെ സാമ്രാജ്യത്തിനെ ഹിന്ദുസാമ്രാജ്യം എന്നാണ്‌ വിളിച്ചത്‌. അസാധാരണ വലുപ്പമുള്ള കുറച്ചുപേരിലൂടെയല്ല, മറിച്ച്‌ സാധാരണക്കാരിലൂടെ, കൃഷിക്കാരിലൂടെ, തൊഴിലാളികളിലൂടെ നേടിയെടുത്ത, ധര്‍മ്മത്തിന്റെ അടിത്തറയില്‍ പടുത്തുയര്‍ത്തിയതായിരുന്നു ശിവാജിയുടെ ഹിന്ദുസാമ്രാജ്യം. ശിവാജിയ്ക്കുമുമ്പും പിമ്പും അദ്ദേഹത്തിന്റെ കാലത്തും ഭാരതത്തില്‍ പല സാമ്രാജ്യങ്ങളും ഉണ്ടായിരുന്നു. ഭൂവിസ്തൃതികൊണ്ട്‌ അവയില്‍ പലതും ശിവാജിയുടെ സാമ്രാജ്യത്തേക്കാള്‍ വലുതുമായിരുന്നു. എന്നിട്ടും ശിവാജിയുടെ ഹിന്ദുസാമ്രാജ്യസ്ഥാപനദിനത്തെ മാത്രം തെരഞ്ഞെടുത്താഘോഷിക്കാന്‍ കാരണമെന്താണ്‌? ശിവാജിയുടെ വീക്ഷണങ്ങള്‍ രാഷ്ട്രത്തിന്റെ അസ്മിതയില്‍ ഉറച്ചവയായിരുന്നു എന്നതുതന്നെ.
ഒരു രാഷ്ട്രത്തിന്റെ തനിമയും ചൈതന്യവും ജനജീവിതത്തില്‍ ആവിഷ്കരിക്കുന്നത്‌ തടയപ്പെടുമ്പോള്‍ രാഷ്ട്ര ജീവിതം ദുസ്സഹമാകും. വൈദേശികഭരണം നമ്മുടെ നാടിനുമേല്‍ അടിച്ചേല്‍പിക്കപ്പെട്ടപ്പോള്‍ അതാണ്‌ സംഭവിച്ചത്‌. ബലപ്രയോഗത്തിലൂടെയാണ്‌ വൈദേശിക ഇസ്ലാമിക ഭരണകൂടങ്ങള്‍ ഇത്‌ സൃഷ്ടിച്ചതെങ്കില്‍ ബ്രിട്ടീഷ്‌ ഭരണം വിദ്യാഭ്യാസപരിഷ്കരണത്തിലൂടെ അത്‌ നേടിയെടുത്തു. നഷ്ടപ്പെട്ട രാഷ്ട്രാത്മാവിന്റെ നൈരന്തര്യം പ്രഖ്യാപിക്കുകയാണ്‌ ഹിന്ദുസാമ്രാജ്യം എന്ന്‌ തന്റെ സാമ്രാജ്യത്തിന്‌ പേരിട്ടുകൊണ്ട്‌ ശിവാജി ചെയ്തത്‌. 
ഭാരതത്തിലേക്കുള്ള ഇസ്ലാമിക കടന്നാക്രമണം കേവലം സൈനികമായ ആധിപത്യമായിരുന്നില്ല. അത്‌ മതപരവും സാമൂഹികവുമായ ആധിപത്യം കൂടിയായിരുന്നു. മുഹമ്മദ്‌ ബിന്‍ കാസിമിന്റെ സിന്ധാക്രമണം മുതല്‍ മുഗളസാമ്രാജ്യത്തിന്റെ അവസാനംവരെയുള്ള ഒരായിരം വര്‍ഷത്തെ കാലഘട്ടത്തില്‍ ഭാരതം അനുഭവിച്ച സാമൂഹികവും മതപരവുമായ യാതനകളും പീഡനങ്ങളും സമാനതകളില്ലാത്തതാണ്‌. എത്രലക്ഷം ഹിന്ദുക്കള്‍ കൊന്നൊടുക്കപ്പെട്ടു? എത്രയെത്ര ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടു? എത്രലക്ഷം പേരെ മതംമാറ്റി? എത്ര കോടി സഹോദരിമാര്‍ മാനഭംഗത്തിനിരയായി? ഹിന്ദുജനത പവിത്രമായി കരുതുന്ന ഗോവിനെ പരസ്യമായി കൊന്നു. എത്ര കോടി ജനങ്ങള്‍ മതനികുതിയായ ജസിയ നല്‍കിക്കൊണ്ട്‌ അടിമകളെപ്പോലെ നരകിച്ചു? ഭാരതീയ മൂല്യങ്ങള്‍ ചവിട്ടിയരയ്ക്കപ്പെട്ടും ദേശീയ ജീവിതം വെല്ലുവിളിക്കപ്പെട്ടും കഴിഞ്ഞ അക്കാലത്ത്‌ രാഷ്ട്രാത്മാവിനെക്കുറിച്ചുള്ള വിഭ്രാന്തി ചിന്തിക്കുന്നവര്‍ക്കിടയില്‍ പരന്നിരുന്നു.
ഈ സാമൂഹ്യപശ്ചാത്തലത്തിലാണ്‌ ശിവാജി ഹിന്ദുസാമ്രാജ്യം സ്ഥാപിക്കുന്നത്‌. കേവലം ഒരു രാഷ്ട്രതന്ത്രജ്ഞന്‍ എന്നതിലുപരി രാഷ്ട്രാത്മാവിന്റെ സ്പന്ദനമറിയുന്ന രാഷ്ട്രമീമാംസകനായിരുന്നു ശിവാജി. അദ്ദേഹത്തിന്‌ വ്യക്തമായ ലക്ഷ്യബോധമുണ്ടായിരുന്നു. ഹിന്ദുസാമ്രാജ്യസ്ഥാപനത്തിലൂടെ രാഷ്ട്രത്തിന്റെ അസ്മിത ഉറപ്പിക്കുകയാണദ്ദേഹം ചെയ്തത്‌. മൗര്യസാമ്രാജ്യം, ഗുപ്തസാമ്രാജ്യം തുടങ്ങിയവയെപോലെ സ്വന്തം വംശത്തിന്റെ പേരില്‍ അദ്ദേഹം സാമ്രാജ്യസ്ഥാപനം നടത്താതിരുന്നത്‌ അതിനാലാണ്‌.
ഈ പ്രവര്‍ത്തനത്തിന്‌ അദ്ദേഹം പങ്കാളിയാക്കിയത്‌ സാധാരണക്കാരെയാണ്‌. അദ്ദേഹം ഹിന്ദു -മുസ്ലീം ഐക്യം എന്ന മുദ്രാവാക്യം വിളിച്ചില്ല. രാഷ്ട്രാത്മാവിനെ പോഷിപ്പിക്കുക എന്ന ജൈവ പ്രക്രിയയില്‍ ജനത ഒന്നായിച്ചേരുമെന്നും അവിടെ മതമോ മറ്റുവേര്‍തിരിവുകളോ തടസ്സമാകില്ല എന്നുമുള്ളതിന്‌ ശിവാജിയുടെ സാമ്രാജ്യം തെളിവാണ്‌. ഇതേ പ്രക്രിയ ഇന്നത്തെ കാലഘട്ടത്തിനനുസരിച്ച്‌ നിര്‍വ്വഹിക്കുകയാണ്‌ ആര്‍എസ്‌എസ്‌ ചെയ്യുന്നത്‌. സംഘം അതിന്റെ വിപുലമായ ശാഖാ ശൃംഖലയിലൂടെ രാഷ്ട്രാത്മാവിനെ ഉണര്‍ത്തുകയാണ്. രാഷ്ട്രത്തിന്റെ സംസ്കാരത്തിലും ചരിത്രത്തിലും നിന്ന്‌ ഉരുത്തിരിഞ്ഞുവന്ന രാഷ്ട്രാത്മാവിനെ പ്രതിഫലിപ്പിക്കുന്ന ഉത്സവങ്ങളാണ്‌ ആര്‍എസ്‌എസ്‌ ആഘോഷിക്കുന്നത്‌. സമാജവുമായി ആശയവിനിമയം നടത്തി സമാജത്തിന്റെ മനസ്സില്‍ ദേശീയജീവിത പ്രേരണയുണ്ടാക്കുക എന്നതാണ്‌ ഈ ഉത്സവങ്ങളുടെ ഉദ്ദേശ്യം. 
ആധുനിക പ്രത്യയശാസ്ത്രങ്ങളെക്കുറിച്ച്‌ കേട്ടുകേള്‍വിപോലുമില്ലാതിരുന്ന കാലത്ത്‌ ഭരണാധികാരി എന്ന നിലയില്‍ വിപ്ലവകരവും പുരോഗമനാത്മകവുമായ നിരവധി പരിഷ്കരണങ്ങള്‍ ശിവാജി നടപ്പാക്കി. പ്രാചീനമായ മൂല്യങ്ങളെ കാലാനുസൃതവും പ്രായോഗികവുമാക്കി, യൂറോപ്യന്‍ രാജ്യങ്ങളിലുണ്ടായ ശാസ്ത്രസാങ്കേതിക പുരോഗതി ഭാരതീയസാഹചര്യത്തില്‍ എങ്ങനെ ഗുണപാഠമായി ഉപയോഗപ്പെടുത്താം എന്നദ്ദേഹം മാതൃകാപരമായി തെളിയിച്ചു. പ്രതിരോധം, വാണിജ്യം, വ്യവസായം, കൃഷി, വിദ്യാഭ്യാസം തുടങ്ങി സമൂഹജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം ധീരമായ പരീക്ഷണങ്ങള്‍ നടത്തി. ആത്മവിസ്മൃതിയിലാണ്ടുപോയ ഹിന്ദുസമൂഹത്തെ ഉദ്ധരിച്ച്‌ ലോകത്തിന്‌ മുമ്പില്‍ കൊണ്ടുവരണമെന്ന്‌ അദ്ദേഹം ആഗ്രഹിച്ചു. ഇനിയുമൊരു വിദേശാധിപത്യത്തിന്‌ അവസരം കൊടുക്കാത്തവിധം രാജ്യസുരക്ഷ കുറ്റമറ്റതാക്കി. അടിമത്തത്തിന്റെ അവശിഷ്ടങ്ങളായിനിന്ന സകലതിനേയും അദ്ദേഹം തിരസ്കരിച്ചു. സാവധാനത്തില്‍ ഭാരതത്തിന്റെ ദേശീയ അസ്മിത വെളിപ്പെട്ടുതുടങ്ങി. 
ദരിദ്രരായ കൃഷിക്കാര്‍ക്ക്‌ ദുരിതാശ്വാസപദ്ധതി ഏര്‍പ്പെടുത്തിയും ധര്‍മ്മശാലകള്‍ സ്ഥാപിച്ചും ക്ഷേത്രങ്ങള്‍ പുനരുദ്ധരിച്ചും ജനങ്ങളുടെ ധാര്‍മ്മികവും സാമൂഹ്യവുമായ അഭിവൃദ്ധി അദ്ദേഹം ലക്ഷ്യം വെച്ചിരുന്നു. ഭരണകാര്യത്തില്‍ ഉത്തമമാതൃക ഏതെന്ന്‌ ചരിത്രത്തില്‍ നിന്നു കാട്ടിത്തരണമെന്നു ആവശ്യപ്പെട്ടാല്‍ ഒരു സംശയവും കൂടാതെ ഛത്രപതി ശിവാജിയുടെ ഭരണകാലഘട്ടത്തെ എടുത്തുകാട്ടാം. ശത്രുവിനോട്‌ ഏതു സമീപനം സ്വീകരിക്കണമെന്നും ജനക്ഷേമം ഏതു വിധം നിര്‍വ്വഹിക്കണമെന്നുമുള്ളതിന്‌ ശിവാജി ആധുനിക ഭരണാധികാരികള്‍ക്ക്‌ മാതൃകയാണ്‌. അഴിമതിയോടും രാജ്യദ്രോഹത്തോടും അദ്ദേഹം വിട്ടുവീഴ്ച ചെയ്തിരുന്നില്ല.
ശിവാജിയുടെ വിജയം മുഴുവന്‍ ഭാരതത്തിനും ആത്മവിശ്വാസം പകര്‍ന്നു. രാജസ്ഥാനിലും അസമിലും ബീഹാറിലും ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ സ്വധര്‍മ്മത്തിന്റെ പതാക ഉയര്‍ന്നു. ശിവാജിയുടെ മാര്‍ഗ്ഗം ആത്മരക്ഷയുടെയും വിജയത്തിന്റേയും മാര്‍ഗമാണെന്ന്‌ ഭാരതം പൊതുവില്‍ അംഗീകരിച്ചു. എതിരാളികള്‍പോലും തലകുനിക്കുന്ന സ്വഭാവഗുണത്തിനുടമയായിരുന്നു ശിവാജി. സാമ്രാജ്യത്തിന്റെ അധികാരകേന്ദ്രവും ജനസമ്മതനും ആയിരുന്നിട്ടും സ്വച്ഛാധിപത്യത്തിന്റെയോ അഹങ്കാരത്തിന്റേയോ അംശംപോലും അദ്ദേഹത്തിലുണ്ടായിരുന്നില്ല. വിനയാന്വിതനും നീതിനിഷ്ഠനും ധൈര്യശാലിയുമായിരുന്നു. ഏതുതരത്തില്‍ നോക്കിയാലും ഹിന്ദുസമാജത്തിന്റെ ആദര്‍ശ പുരുഷനായിരുന്നു ശിവാജി.
ശിവാജിയുടെ കാലത്തെന്നപോലെ ഇന്നും സമാജമനസ്സില്‍ ആത്മവിശ്വാസവും ദേശീയ ബോധവും പരിശ്രമശീലവും വളര്‍ത്തേണ്ടതുണ്ട്‌. ശിവാജിയുടെ ഗുണങ്ങള്‍ ഉള്‍ക്കൊണ്ട്‌ ഹിന്ദു ധര്‍മ്മത്തേയും സംസ്കാരത്തേയും സമാജത്തേയും നിലനിര്‍ത്താന്‍ ഓരോ വ്യക്തിയിലും നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കേണ്ടതാണ്‌; ശിവാജിയെ മാതൃകയാക്കി ജീവിക്കേണ്ടതാണ്‌...janmabhumi

No comments: